Malayalam News, Saudi Arabia (2007 July 1)

ഇന്റര്‍നെറ്റിലെ indulekha
-ജസ്റ്റിന്‍ ജോസഫ്
ഇന്ദുലേഖയ്ക്ക് ഇപ്പോള്‍ ആകെ 125 രാജ്യങ്ങളില്‍ നിന്നായി പ്രതിമാസം ശരാശരി മൂന്നു ലക്ഷം പേജ് വ്യൂ ഉണ്ടെന്നാണ് ഗൂഗിള്‍ അനലിറ്റിക്സിന്റെ കണക്ക്. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവുമധികം സന്ദര്‍ശകര്‍ ഗള്‍ഫ് രാജ്യങ്ങളിലാണെന്ന് സ്വപ്ന പറയുന്നു.
മലയാളിയുടെ പുസ്തകവായനാശീലത്തില്‍ ഇടപെടല്‍ നടത്തുന്ന ഒരു വെബ്‌സൈറ്റ് - പത്തു വര്‍ഷത്തിനു ശേഷം പത്രപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നപ്പോള്‍ സ്വപ്ന ടോം മുന്നില്‍ കണ്ട പുതിയ വഴി അതായിരുന്നു. ഉചിതമായ പേരിനു വേണ്ടിയുള്ള അന്വേഷണം എത്തിച്ചേര്‍ന്നത് മലയാളത്തിലെ രണ്ടാമത്തെ നോവലായ ഇന്ദുലേഖയിലാണ്.
പുസ്തക, ചലച്ചിത്രനിരൂപണങ്ങള്‍ ഉള്‍പ്പെടുത്തി എളിയ രീതിയില്‍ തുടങ്ങിയ ബ്ലോഗ് ജനപ്രിയ വെബ്‌സൈറ്റായി വളര്‍ന്നു. ഒ. ചന്തുമേനോന്റെ വിഖ്യാതരചനയ്ക്കു ശേഷം മറ്റൊരു ഇന്ദുലേഖ മലയാളസാഹിത്യലോകത്ത് ചര്‍ച്ചാവിഷയമാകാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. ലോകമെമ്പാടുമുള്ള മലയാളിസമൂഹം നിറമനസ്സോടെയാണ് ഇന്ദുലേഖ ഡോട് കോമിനെ വരവേറ്റത്. പുസ്തകപരിചയം, സിനിമാനിരൂപണം, വീഡിയോ ക്ലിപ്പിങ്ങുകള്‍, പാചകക്കുറിപ്പുകള്‍, തുടങ്ങി വിവരങ്ങള്‍ വിപുലമായതിനൊപ്പം സന്ദര്‍ശകരുടെ എണ്ണവും വര്‍ദ്ധിച്ചു.
ഒന്നാം വാര്‍ഷികത്തിനു തൊട്ടുപിന്നാലെ ഇന്ദുലേഖ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. 2006 ഏപ്രില്‍ 18 മുതല്‍ മേയ് 19 വരെ എം ടി വാസുദേവന്‍ നായരുടെ എല്ലാ പുസ്തകങ്ങളും വെബ്‌സൈറ്റില്‍ അവതരിപ്പിച്ചുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ഒരു ഇന്ത്യന്‍ എഴുത്തുകാരന്റെ എല്ലാ കൃതികളും ഇന്റര്‍നെറ്റില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച വെബ്‌സൈറ്റ് എന്ന മേല്‍വിലാസമാണ് ലിംകാ ബുക്കിലെ സാഹിത്യവിഭാഗത്തില്‍ ഇന്ദുലേഖയ്ക്കുള്ളതെന്ന് ലിംക ബുക്ക് സീനിയര്‍ എഡിറ്റര്‍ ആരതി സിംഗ് മലയാളം ന്യൂസിനോടു പറഞ്ഞു. അപൂര്‍വതകളുടെ ഈ പുസ്തകത്തില്‍ കേരളത്തില്‍ നിന്ന് ഇടം നേടുന്ന ആദ്യ വെബ്‌സൈറ്റ് കൂടിയാണിത്.
ഒരു പുസ്തകക്കടയില്‍ പോയി പുസ്തകങ്ങളുടെ ഏതാനും താളുകള്‍ മറിച്ചുനോക്കി, വാങ്ങണോ എന്നു തീരുമാനിക്കുന്ന രീതി ഇന്റര്‍നെറ്റിലേക്ക് പറിച്ചു നട്ടതാണ് ഇന്ദുലേഖയുടെ വിജയത്തിന്റെ പ്രധാന കാരണം. വിഖ്യാതപുസ്തകങ്ങളുടെയും പുതിയ കൃതികളുടെയും ഏതാനും പേജികള്‍ സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. ലോകത്തിന്റെ ഏതു കോണിലുള്ള മലയാളിക്കും പുസ്തകക്കടയിലെന്ന പോലെ ഈ പേജുകള്‍ വായിച്ചു നോക്കാം. ഓര്‍ഡര്‍ നല്‍കിയാല്‍ പുസ്തകം എത്തിക്കാനും ഇന്ദുലേഖ തയാര്‍. വെബ്‌സൈറ്റില്‍ സന്ദര്‍ശകര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനും കഴിയും.
എം ടി പുസ്തകങ്ങളുടെ പ്രദര്‍ശനത്തിന് ഇപ്പോഴും സന്ദര്‍ശകര്‍ ഏറെയുണ്ട്. എം ടിയുടെ സാഹിത്യസൃഷ്ടികളെ ആധാരമാക്കിയുള്ള ചിത്രങ്ങളും അദ്ദേഹത്തിന്റെ സിനിമകളി നിന്നുള്ള ദൃശ്യങ്ങളും ഇതോടനുബന്ധിച്ചു പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് നടത്തിയ ഫുട്‌ബോള്‍ പുസ്തകങ്ങളുടെ പ്രദര്‍ശനവും മഴയുമായി ബന്ധപ്പെട്ട രചനകളും ചിത്രങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള റെയ്‌ന്‍ രാഗയും ശ്രദ്ധ പിടിച്ചു പറ്റി.
എല്ലാ ദിവസവും ഓരോ പുതിയ പുസ്തകമെങ്കിലും കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഈ ശേഖരത്തില്‍ നിന്ന് കാറ്റലോഗ് നോക്കിയോ സേര്‍ച്ച് സൌകര്യമുപയോഗിച്ചോ പുസ്തകങ്ങള്‍ കണ്ടെത്താം. വായനക്കാരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന ടോപ് ടെന്നും മറ്റും സന്ദര്‍ശകര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു.
മലയാളപുസ്തകങ്ങള്‍ക്കു പുറമേ കേരളവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് പുസ്തകങ്ങളും വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പുതിയതായി ചേര്‍ത്തിരിക്കുന്ന പുസ്തകങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി എല്ലാ ആഴ്ചയും ന്യൂസ് ലെറ്ററും പ്രസിദ്ധീകരിക്കുന്നു. സൈറ്റില്‍ ഇ-മെയില്‍ വിലാസം നല്‍കുന്നവര്‍ക്ക് ഇതിന്റെ വരിക്കാരാകാം.
സിനിമാവിഭാഗത്തില്‍ പുതിയ സിനിമകളേക്കുറിച്ചുള്ള അവലോകനങ്ങള്‍, മലയാളത്തിലെ പ്രമുഖ ചലച്ചിത്രമാസികകളില്‍ നിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങള്‍, അഭിമുഖങ്ങള്‍, സിനിമകളുടെ വീഡിയോ ക്ലിപ്പിങ്ങുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. രാജാ രവിവര്‍മ മുതല്‍ പുതിയ തലമുറക്കാര്‍ വരെയുള്ളവരുടെ സൃഷ്ടികളാണ് ചിത്രകലാവിഭാഗത്തിന്റെ സവിശേഷത.
ഇന്ദുലേഖയ്ക്ക് ഇപ്പോള്‍ ആകെ 125 രാജ്യങ്ങളില്‍ നിന്നായി പ്രതിമാസം ശരാശരി മൂന്നു ലക്ഷം പേജ് വ്യൂ ഉണ്ടെന്നാണ് ഗൂഗിള്‍ അനലിറ്റിക്സിന്റെ കണക്ക്. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവുമധികം സന്ദര്‍ശകര്‍ ഗള്‍ഫ് രാജ്യങ്ങളിലാണെന്ന് സ്വപ്ന പറയുന്നു. ഈ വര്‍ഷം മേയില്‍ സൌദി അറേബ്യയില്‍ നിന്നു മാത്രം 19724 പേജ് വ്യൂ ആണുള്ളത്. യൂറോപ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ള മലയാളികളും ഇന്ദുലേഖയുടെ വായനക്കാരിലുണ്ട്.
“എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും പുസ്തകങ്ങള്‍ അയക്കാറുണ്ട്. വിദേശത്തേക്ക് അയക്കുന്നതിനുള്ള ചെലവ് കൂടുതലായതിനാല്‍ വീട്ടിലെ വിലാസത്തിലേക്കോ നാട്ടില്‍ അവധിക്കു വരുന്ന സുഹൃത്തുക്കളുടെ പേരിലോ പുസ്തകം അയച്ചുകൊടുക്കാനാണ് ഭൂരിഭാഗം ഗള്‍ഫ് മലയാളികളും ആവശ്യപ്പെടുക. പ്രവാസികള്‍ക്കു വേണ്ടി പ്രത്യേക ബുക് ക്ലബ് പദ്ധതിയും ഉണ്ട്.” - സ്വപ്ന പറഞ്ഞു.
പത്രപ്രവര്‍ത്തനം വിട്ട ശേഷം കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നതിനൊപ്പം കോട്ടയത്തെ വീട്ടിലിരുന്ന് നടപ്പാക്കാന്‍ കഴിയുന്ന സംരംഭമെന്ന നിലയിലാണ് ഇന്ദുലേഖ തുടങ്ങിയതെന്ന് ഒരു മലയാളദിനപത്രത്തിലും അതിന്റെ ഇന്റര്‍നെറ്റ് പതിപ്പിലും പ്രവര്‍ത്തിച്ചിരുന്ന സ്വപ്ന പറയുന്നു. അതിനായി ഒരു മാസത്തോളം വെബ് ഡിസൈനിങ്ങില്‍ പരിശീലനം നേടി. ചെറുകിട പ്രസാധകരുടെ പുസ്തകങ്ങളുമായി തുടക്കമിട്ട വെബ്‌സൈറ്റിന് ഇപ്പോള്‍ ഡി സി ബുക്‍സും മാതൃഭൂമിയും ഉള്‍പ്പടെയുള്ള പ്രസാധകര്‍ കൃത്യമായി പുസ്തകങ്ങള്‍ എത്തിക്കുന്നു.
മലയാളത്തിലെ വാര്‍ത്തേതര വെബ്‌സൈറ്റുകളില്‍ മുന്‍പന്തിയിലെത്തിയ ഇന്ദുലേഖയില്‍ പരസ്യങ്ങള്‍ ഉള്ളതിനാല്‍ ഭേദപ്പെട്ട വരുമാനവും ലഭിക്കുന്നുണ്ടെന്ന് സ്വപ്ന പറയുന്നു.
“ഓണ്‍ലൈന്‍ പുസ്തകപ്രദര്‍ശനങ്ങള്‍ തുടരുന്നതിനൊപ്പം വീഡിയോ വിഭാഗം വിപുലമാക്കാനും ഉദ്ദേശ്യമുണ്ട്. അതോടെ ഇന്ദുലേഖ കൂടുതല്‍ സജീവമാകും. അടുത്ത ജനുവരിയില്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സൈറ്റിനെ മലയാളസാഹിത്യത്തിന്റെയും സിനിമയുടെയും സമ്പൂര്‍ണ ഉത്സവമാക്കി മാറ്റുകയാണ് ഉദ്ദേശ്യം”- സ്വപ്ന വിശദീകരിച്ചു.
സ്വപ്നയുടെ സ്വപ്നവിജയം സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് കംപ്യൂട്ടര്‍ പരിജ്‌ഞാനമുള്ളവര്‍ക്ക് മാതൃകയാക്കാവുന്നതാണ്. ഇ-പ്രസിദ്ധീകരണങ്ങള്‍, വിവര്‍ത്തനജോലികള്‍, ഓണ്‍ലൈന്‍ ഓഹരിവ്യാപാരം, ഇ-കൊമേഴ്സ് തുടങ്ങിയ മേഖലകളില്‍ സ്ത്രീകള്‍ക്ക് ഏറെ സാധ്യതയുണ്ടെന്ന് സ്വപ്ന ചൂണ്ടിക്കാട്ടുന്നു.
(Malayalam News Sunday Plus, Saudi Arabia, 2007 July 1)



>> CHANNEL HOME >> INDULEKHA HOME