Kamal on GOAL
Kamal on the sets of 'Karutha Pakshikal'

പുതിയ ചിത്രമായ ‘ഗോളി’നേക്കുറിച്ച് സംവിധായകന്‍ കമലുമായി ചിത്രഭൂമിയുടെ ജി. ജ്യോതിലാല്‍ സംസാരിക്കുന്നു.
കാമ്പസ് സിനിമയാണോ ഇത്?
അങ്ങനെ വിളിക്കാന്‍ പറ്റില്ല. എല്ലാവര്‍ക്കും ഐഡന്റിഫൈ ചെയ്യാന്‍ പറ്റുന്ന ഒരു വിഷയം ഇതിലുണ്ട്. ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പശ്‌ചാത്തലത്തില്‍ വരുന്നുണ്ടെങ്കിലും ഇത് ഇത്തരം സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ പ്രശ്നങ്ങളിലല്ല ഫോക്കസ് ചെയ്യുന്നത്. ഫുട്‌ബോളാണ് ഇവിടെ മുഖ്യവിഷയം. അതിലൂടെ ജീവിതത്തിന്റെ തന്നെ ഒരു ക്യാന്‍വാസാണ് കാണുന്നത്. അതില്‍ പ്രണയവും കുടുംബവും ആട്ടവും പാട്ടും എല്ലാമുണ്ടാകും.
ഫുട്‌ബോള്‍ കേരളീയര്‍ക്ക് പ്രിയപ്പെട്ട കളിയാണ്. ഇവിടെ ബ്ലാക് ആന്‍ഡ് വൈറ്റ് കാലത്തെങ്ങാനേ ഫുട്‌ബോള്‍ അടിസ്ഥാനമാക്കി ചിത്രം വന്നിട്ടുള്ളു. ഇതെല്ലാം കണക്കിലെടുത്താണ് ഇത്തരമൊരു വിഷയത്തിലേക്ക് ലാന്‍ഡ് ചെയ്തത്. മൊത്തത്തില്‍ ഒരു ഫുട്‌ബോള്‍ മാച്ചിന്റെ എനര്‍ജെറ്റിക് സ്പിരിറ്റ് കിട്ടുന്ന ചിത്രമായിരിക്കും ഇത്.
‘കറുത്ത പക്ഷികളുടെ’ ബോക്സ് ഓഫീസ് ക്ഷീണമാണോ മാറി ചിന്തിക്കാന്‍ കാരണം?
‘കറുത്ത പക്ഷികള്‍’ എനിക്കൊരു ക്ഷീണമായി തോന്നിയിട്ടില്ല. അത്തരം സിനിമകളില്‍ നിന്ന് അത്രയേ പ്രതീക്ഷിച്ചു കൂടൂ. സീരിയസ് സിനിമകള്‍ കാണാനുള്ള മനസ് നമുക്ക് കൈമോശം വന്നിട്ടുണ്ടെന്ന് തോന്നുന്നു. അത്തരം സിനിമകള്‍ തിയറ്ററില്‍ പോയി കാണണ്ട, ടി വി യില്‍ വരുമ്പോള്‍ കാണാം എന്നൊരു മനോഭാവം. സിനിമ രസിക്കാനുള്ള മാധ്യമം മാത്രമാണെന്ന ചിന്താഗതിയാണ് വളര്‍ന്നിരിക്കുന്നത്.
ഇനി അത്തരം സിനിമകളിലേക്ക് ഇല്ലെന്നാണോ?
താല്‍ക്കാലികമായി മാറുന്നു. വീണ്ടുമൊരു സീരിയസായ സിനിമ പെട്ടെന്നില്ല. സിനിമ നിലനില്‍പ്പിന്റെ കൂടി പ്രശ്നമാണല്ലോ. വിജയമാണെങ്കിലേ പ്രൊഡ്യൂസര്‍മാരുണ്ടാകൂ.
‘ഗോളി’ലേക്ക് പുതുമുഖങ്ങളെ തിരഞ്ഞെടുക്കാനുള്ള കാരണം?
സ്കൂള്‍ പശ്‌ചാത്തലമുള്ള സിനിമയാണെന്നു പറഞ്ഞല്ലോ. അതുകൊണ്ടു തന്നെ നിലവിലുള്ള താരങ്ങള്‍ യോജിക്കില്ല. നായകനാകുന്ന രജിത് തികച്ചും യാദൃശ്‌ചികമായി വന്നതാണ്. നിഷ്‌കളങ്കമായൊരു ചിരിയുണ്ടവന്. അതീ കഥാപാത്രത്തിനു യോജിക്കുന്നുണ്ട്.
നായികമാര്‍ രണ്ട്. മുംബൈയില്‍ നിന്നുള്ള അക്ഷയാണ് ഒന്ന്. നീതു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു മോഡേണ്‍ ഗേള്‍ വേണമായിരുന്നു. ഒരു ആഷ് പുഷ് ക്യാരക്റ്റര്‍. നീതുവില്‍ അതുണ്ട്. മുക്തയാണ് മറ്റൊരു നായിക. ‘അച്ഛനുറങ്ങാത്ത വീടി’ലെ അഭിനയം കണ്ടാണ് മുക്തയെ തിരഞ്ഞെടുത്തത്. കാന്റീന്‍ ഗേളാണവള്‍- മറിയ. ഒരുപാട് സ്വപ്നങ്ങള്‍ ഉള്ള ഒരു കുട്ടി. മലയാളിത്തം വേണം. അതുകൊണ്ടാണ് പുതുമുഖമല്ലാതിരുന്നിട്ടും മുക്ത മതിയെന്നു വച്ചത്.
മറ്റു കഥാപാത്രങ്ങള്‍?
റഹ്‌മാന്‍ ഫുട്‌ബോള്‍ കോച്ചാണ്. കേന്ദ്രകഥാപാത്രം തന്നെയാണിതില്‍. വ്യത്യസ്ത ധ്രുവങ്ങളിലുള്ള വിദ്യാര്‍ഥികളെ ടീം സ്പിരിറ്റിലൂടെ വിജയത്തിലേക്കു നയിക്കുന്ന കോച്ച്. റഹ്‌മാന് ഫുട്‌ബോള്‍ അറിയുകയും ചെയ്യാം.
മുകേഷിന്റെ വ്യത്യസ്തമായൊരു കഥാപാത്രമായിരിക്കും ഇതില്‍. ജീവിതത്തില്‍ ഒരുപാട് തിരിച്ചടികള്‍ ഏറ്റിട്ടുള്ള എവിടെയോ സ്വയം നഷ്ടപ്പെട്ടു പോയ ഒരു മനുഷ്യന്‍.
സലിം കുമാറിനെ മൊത്തത്തില്‍ ചിത്രം സജീവമാക്കാന്‍ വേണ്ടി കൊണ്ടുവന്നിട്ടുള്ളതാണ്. സ്കൂളിന്റെ അഡ്‌മിനിസ്‌ട്രേറ്ററാണ്.
പാട്ടെടുക്കാന്‍ വിദേശത്ത്? അങ്ങനെ ചെയ്യുന്നത് ചെലവു കൂട്ടില്ലേ?
ആലോചിക്കുന്നുണ്ട്. ചെലവു കൂടുമെന്നതു തെറ്റിദ്ധാരണയാണ്. ഇവിടെ സെറ്റിട്ട് പാട്ടെടുക്കുന്നതിനേക്കാള്‍ ലാഭമാണ് വിദേശത്ത് ഗാനം ചിത്രീകരിക്കുന്നത്. കൂടുതല്‍ സമയം ചിത്രീകരിക്കാം. യൂണിറ്റ് അംഗങ്ങള്‍ കുറവായിരിക്കും. അങ്ങനെ പല മെച്ചങ്ങളുമുണ്ട്.
‘പച്ചക്കുതിര’യെ എങ്ങനെയാണ് വിലയിരുത്തുന്നത്?
നമ്മുടേതല്ലാതായിപ്പോവുന്ന സിനിമകള്‍ ഇടയ്ക്കൊക്കെ ഉണ്ടായിപ്പോകും. അതു എല്ലാ സംവിധായകര്‍ക്കും ഉണ്ടാവാം. പച്ചക്കുതിരയും അങ്ങനെയൊരു ചിത്രമാണെന്നാണ് ഞാന്‍ വിലയിരുത്തുന്നത്. ചില സിനിമകളില്‍ സംവിധായകന് ഒരു സംഘാടകന്റെ റോളേ കാണൂ. വിജയഘടകങ്ങളൊക്കെ കൂട്ടിയിണക്കി ഷോട്ടെടുക്കുക. സ്വന്തമായി എഴുതി, അതില്‍ ഇന്‍വോള്‍വ് ചെയ്തു സിനിമയെടുക്കുമ്പോള്‍ അതിലാണ് ക്രിയേറ്റിവിറ്റി. മേഘമല്‍ഹാര്‍, കറുത്ത പക്ഷികള്‍.. ഇതിലൊക്കെ അതു കിട്ടിയിട്ടുണ്ട്.

നിര്‍മാതാവിന് എന്തു വില? ചര്‍ച്ചയില്‍ നിന്ന്..
“കഴിഞ്ഞ വര്‍ഷം തിയറ്ററിലെത്തിയ അറുപതോളം ചിത്രങ്ങളില്‍ എത്ര വിജയിച്ചിട്ടുണ്ട്? ലാഭമാണ് മാനദണ്ഡമെങ്കില്‍, എന്റെ അറിവില്‍ നാലു ചിത്രങ്ങള്‍ മാത്രം: രസതന്ത്രം, ക്ലാസ്‌മേറ്റ്‌സ്, തുറുപ്പുഗുലാന്‍, ചിന്താമണി കൊലക്കേസ്. അത്ര മാത്രം.”
-ലിബര്‍ട്ടി ബഷീര്‍
“പല ചിത്രങ്ങളുടെയും കഥയും തിരക്കഥയും ടെക്‍നീഷ്യന്മാരെയും തീരുമാനിക്കുന്നത് താരങ്ങളാണ്. ചിത്രങ്ങള്‍ വിജയിച്ചാല്‍, താരങ്ങള്‍ക്കും സംവിധായകനും; പരാജയപ്പെട്ടാല്‍ അതിന്റെ പഴി പാവം നിര്‍മാതാവിന്റെ തലയിലും. ”-മിലന്‍ ജലീല്‍
RELATED PAGES
» Other Interviews
» KAMAL Collection







0 Comments:
Post a Comment
>> CHANNEL HOME >> INDULEKHA HOME