SPiCE most viewed videos in indulekha
 

Padmarajan Did It!

movie director Padmarajanപദ്മരാജന്‍ മേഘമാലകളില്‍ മറഞ്ഞിട്ട് പതിനാറു വര്‍ഷങ്ങള്‍. ചിത്രഭൂമിയുടെ അസിസ്റ്റന്റ് എഡിറ്റര്‍ പ്രേംചന്ദ് അദ്ദേഹത്തേക്കുറിച്ച് നോയ്‌സ് എന്ന പംക്തിയില്‍ എഴുതുന്നു. തിരക്കഥാകൃത്തുക്കള്‍ സംവിധായരാകുന്നതിനേക്കുറിച്ച് സിബി മലയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്.

“ഇന്നും ഇന്നലെയും തുടങ്ങിയ പ്രവണതയല്ല ഇത്. പദ്മരാജന്റെ കാര്യം നോക്കൂ. അദ്ദേഹത്തിന്റെ എത്ര നല്ല സ്ക്രിപ്റ്റുകളാണ് മറ്റു സംവിധായകര്‍ സൂപ്പര്‍ സിനിമകളാക്കിയത്. അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രങ്ങളേക്കാള്‍ എത്ര നല്ല ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ സ്ക്രിപ്റ്റില്‍ മറ്റുള്ളവര്‍ സംവിധാനം ചെയ്തത്. ഒരു സിനിമയുടെ ഏറ്റവും പ്രധാന വ്യക്തി സംവിധായകനാണ്. ആ സ്ഥാനത്തേക്കുള്ള ആകര്‍ഷണവും തിരക്കഥാകൃത്തുകളെ ഭ്രമിപ്പിക്കുന്നുണ്ടാകണം.”
- സിബി മലയില്‍

മണ്‍‌മറഞ്ഞു പോകുന്ന തരം സിനിമകളുണ്ട്. പുരസ്കാരങ്ങളിലൂടെ മാത്രം ജീവന്‍ നിലനിര്‍ത്താന്‍ ശേഷിയുള്ളവ. അല്ലെങ്കില്‍, വ്യാഖ്യാനലീലകളുടെ അകമ്പടിയോടെ മാത്രം പൊലിപ്പിക്കപ്പെടുന്നവ. ജനിച്ച വര്‍ഷം തന്നെ ആര്‍ക്കൈവുകളിലേക്ക് കുടിയേറുന്ന തരം ചിത്രങ്ങള്‍.

പദ്മരാജന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ പുറത്തിറങ്ങിയ അതേ വര്‍ഷം മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ മറ്റു ചിത്രങ്ങളെ നോക്കുക. എത്ര ചിത്രങ്ങള്‍ ഇന്നും ജനം ആവര്‍ത്തിച്ചു കാണും? എത്ര ചിത്രങ്ങള്‍ ഇന്നും തിയറ്ററിലെത്തും? എത്ര ചിത്രങ്ങള്‍ ടെലിവിഷന്‍ ചാനലുകളില്‍ ഇന്നും ആവര്‍ത്തിക്കുന്നു?

1979. പെരുവഴിയമ്പലം ഇറങ്ങിയ വര്‍ഷം മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയത് ജി. അരവിന്ദന്റെ എസ്തപ്പാനായിരുന്നു. 1981-ല്‍ ഒരിടത്തൊരു ഫയല്‍‌വാനും കള്ളന്‍ പവിത്രനും ഇറങ്ങിയപ്പോള്‍ മികച്ച ചിത്രം അടൂര്‍ ഗോപലകൃഷ്ണന്റെ എലിപ്പത്തായം. 1982-ല്‍ നവംബറിന്റെ നഷ്‌ടം ഇറങ്ങിയപ്പോള്‍ മികച്ച ചിത്രം ഭരതന്റെ മര്‍മരവും കെ. ജി. ജോര്‍ജിന്റെ യവനികയും പങ്കു വച്ചു. 1983-ല്‍ കൂടെവിടെ ഇറങ്ങിയപ്പോള്‍ മികച്ച ചിത്രമായത് ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ആയിരുന്നു. 1984-ല്‍ പറന്നു പറന്നു പറന്ന് ഇറങ്ങിയപ്പോള്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം അടൂരിന്റെ മുഖാമുഖം നേടി.

1985-ല്‍ തിങ്കളാഴ്‌ച നല്ല ദിവസം ഇറങ്ങിയപ്പോള്‍ മികച്ച ചിത്രമായത് - സംസ്ഥാനത്തു മാത്രമല്ല, കേന്ദ്രത്തിലും - അരവിന്ദന്റെ ചിദംബരമായിരുന്നു. 1986-ല്‍ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ദേശാടനക്കിളി കരയാറില്ല, കരിയിലക്കാറ്റു പോലെ എന്നിവ വന്നപ്പോള്‍ മികച്ച ചിത്രമായി ജി. അരവിന്ദന്റെ ഒരിടത്ത് തിരഞ്ഞെടുക്കപ്പെട്ടു.

1987-ല്‍ നൊമ്പരത്തിപ്പൂവും തൂവാനത്തുമ്പികളും ഇറങ്ങിയപ്പോള്‍ മികച്ച ചിത്രമായത് കെ. ആര്‍. മോഹനന്റെ പുരുഷാര്‍ഥം. 1988-ല്‍ അപരനും മൂന്നാം‌പക്കവും ഇറങ്ങിയപ്പോള്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് രവീന്ദ്രന്റെ ഒരേ തൂവല്‍ പക്ഷികള്‍ നേടി. 1989-ല്‍ സീസണും ഇന്നലെയും വന്നപ്പോള്‍ മികച്ച ചിത്രമായത് വടക്കുനോക്കിയന്ത്രമായിരുന്നു. 1991-ല്‍ അവസാനമായി പദ്മരാജന്റെ ഞാന്‍ ഗന്ധര്‍വന്‍ ഇറങ്ങിയപ്പോള്‍ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് എം ടിയുടെ കടവ് കൊണ്ടുപോയി.

ഒരു പദ്മരാജന്‍ ചിത്രവും സംസ്ഥാനത്തോ കേന്ദ്രത്തിലോ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയിട്ടില്ല. എങ്കിലെന്ത്? ഈ പട്ടിക തന്നെ ഉറപ്പു നല്‍കുന്നു, പദ്മരാജന്‍ എന്ന എഴുത്തുകാരനായ സംവിധായകന്റെ മഹത്വം. ജനഹൃദയങ്ങളില്‍ ഇടം കണ്ടെത്തിയ ചലച്ചിത്രങ്ങളാണ് അവ. പദ്മരാജന്റെ സംവിധായകനാകാനുള്ള ഭ്രമത്തിന്റെ സന്തതികളല്ല ഈ ചിത്രങ്ങളെന്നതിന് മറ്റെന്തു തെളിവാണ് സിബി മലയിലിന് വേണ്ടി വരിക!

READ MORE in chithrabhumi film magazine dated 2007 January 21. Premchand writes on the late movie director P Padmarajan
മംമ്തയേക്കുറിച്ച്...
“എനിക്ക് ഭയങ്കരമായ അസൂയ തോന്നിയിട്ടുണ്ട്. എന്റെ കൂടെ ആദ്യത്തെ കോമ്പിനേഷന്‍ സീന്‍ അഭിനയിച്ചപ്പോഴേ അവളുടെ ടാലന്റ് ഞാന്‍ അടുത്തറിഞ്ഞിട്ടുണ്ട്. ഡയറക്ടര്‍ പറഞ്ഞു തരുന്ന സിറ്റ്വേഷന്‍ പെട്ടെന്നു പിടിച്ചെടുക്കാനും പെര്‍ഫോം ചെയ്യാനും അവള്‍ ശ്രമിച്ചിരുന്നു...
എന്നെങ്കിലും ഒരു ദിവസം അവളുടെ ചിത്രത്തില്‍ ഹീറോ ആയോ വില്ലനായോ അഭിനയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. പ്രതീക്ഷിക്കുന്നതില്‍ തെറ്റൊന്നുമില്ലല്ലോ!”
-ശ്രീജിത് രവി

RELATED PAGES
» P Padmarajan Collection
» Beyond The Screen
» Mamta Mohandas Gallery
© 2008 indulekha media network | powered by blogger