Sreeja: Dubbing Stories
courtesy: chithrabhumi

ഞാന്‍ ശ്രീജ. സിനിമയിലൂടെ നിങ്ങളുടെ മനസില്‍ പ്രതിഷ്‌ഠ നേടിയ കുഞ്ഞുശബ്ദങ്ങളും നായികാസ്വരങ്ങളുമൊക്കെയായി ഞാന്‍ നിങ്ങളുടെ കാതിലെത്തിയിട്ടുണ്ട്. പക്ഷേ, നിങ്ങള്‍ക്കെന്നെ അറിയില്ല. ഇപ്പോഴിതാ ചിത്രഭൂമിയിലൂടെ ഞാന്‍ നിങ്ങളുടെ മുന്നില്‍. ഇതു നിങ്ങള്‍ കേള്‍ക്കാത്ത ശബ്ദമാണ്. ഒരു ഡബ്ബിങ് ആര്‍ടിസ്റ്റ് എന്ന നിലയിലുള്ള എന്റെ തുടക്കം, വളര്‍ച്ച, അവഗണനയുടെ കയ്പു നിറഞ്ഞ സങ്കടങ്ങള്‍.. എല്ലാം ഞാന്‍ നിങ്ങളോടു പങ്കു വയ്ക്കട്ടെ.
നമുക്കു അവഗണനയില്‍ നിന്നു തന്നെ തുടങ്ങാം. പത്മപ്രിയയുടെ മാപ്പുപറച്ചിലും കാവ്യയുടെ പരാമര്‍ശവും വിവാദമായിരിക്കുകയാണല്ലോ?
കാവ്യ അതിനു വിശദീകരണവും നല്‍കിയല്ലോ. പക്ഷേ, പൊതുവേ ഡബ്ബിങ് ആര്‍ടിസ്റ്റുകളോടുള്ള അവഗണന ഒരു സത്യമാണ്. മീശമാധവന്റെ ആഘോഷവേളയില്‍ തന്നെ ഞാനത് ശ്രദ്ധിച്ചിരുന്നു. സ്റ്റേജില്‍ കയറി ലൈറ്റ് ബോയ്സിനു വരെ നന്ദി പറയുമ്പോള്‍ കാവ്യ എന്നെ വിട്ടുപോയിരുന്നു. വളരെ വിഷമം തോന്നി.
ഇനി കാവ്യയ്ക്കു ശബ്ദം നല്‍കില്ലെന്നാണോ?
സംവിധായകര്‍ ആവശ്യപ്പെട്ടാല്‍ ആര്‍ക്കും ഞാന്‍ ശബ്ദം നല്‍കും. കാരണം, അതെന്റെ തൊഴിലാണ്. അവിടെ കാവ്യയാണോ, ഗോപികയാണോ എന്നൊന്നും നോക്കേണ്ടതില്ല. സവിധായകര്‍ തൃപ്തരാവുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. പിന്നെ, കാവ്യ പറഞ്ഞത്തില്‍ തന്നെ ഒരു കാര്യമുണ്ട്; പ്രേക്ഷകര്‍ക്ക് വ്യത്യാസം തോന്നിക്കാണില്ലെന്നത്. അങ്ങന്നെ തോന്നാത്തിടത്തു തന്നെയാണ് ഞങ്ങളുടെ വിജയം... അത് ആര്‍ടിസ്റ്റുകള്‍ കൂടി മനസ്സിലാക്കിയാല്‍ മതി.
ഇതിനൊരു മറുവശമില്ലേ? അഭിനയിക്കുന്നവര്‍ തന്നെ ശബ്ദം നല്‍കുന്നതല്ലേ ഉത്തമം?
അങ്ങനെ ഞാന്‍ പറയില്ല. എല്ലാ ശബ്ദങ്ങളും നല്ലതായിക്കൊള്ളണമെന്നില്ല. ശങ്കര്‍ സ്വയം ശബ്ദം കൊടുത്തതും പിന്നീട് ചന്ദ്രമോഹന്‍ ശബ്ദം കൊടുത്തതും ശ്രദ്ധിച്ചാല്‍ മതി... നല്ല ശബ്ദവും രൂപവും കൂടിച്ചേരുമ്പോഴേ പൂര്‍ണത കൈവരൂ. ഈയടുത്ത കാലത്ത്, അഞ്ചില്‍ ഒരാള്‍ അര്‍ജുനനില്‍ സംവൃതയ്ക്ക് ഞാന്‍ ശബ്ദം കൊടുത്തു. ആ കുട്ടി സ്വന്തമായി ശബ്ദം കൊടുക്കുന്നതാണ്. നന്നായി അഭിനയിച്ചിട്ടുമുണ്ട്. പക്ഷേ, സംവിധായകന് അല്പം ഒതുക്കമുള്ള ശബ്ദം വേണം. അങ്ങനെയാണ് എന്നെ വിളിക്കുന്നത്... പിന്നെ, പല സിനിമാക്കാരുടെയും കരച്ചില്‍ ‘പാച്ച് ’ ചെയ്യാന്‍ ഞങ്ങളെ വിളിക്കാറുണ്ട്. നന്ദനത്തില്‍ നവ്യയ്ക്കങ്ങനെ കൊടുത്തിട്ടുണ്ട്. അതു നല്ലതാണോ ചീത്തയാണോ എന്നു തീരുമാനികേണ്ടതു തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്.
പ്രേക്ഷകരും നിങ്ങളെ അവഗണിക്കാറാണോ?
അല്ല, അവര്‍ അറിയുന്നില്ലല്ലോ. യാത്രയ്ക്കിടയിലൊക്കെ നമ്മള്‍ ഓരോരുത്തരെ പരിചയപ്പെടും. തൊഴില്‍ പറയുമ്പോള്‍, ‘ആര്‍ക്കൊക്കെ’ എന്ന് സ്വാഭാവികമായി ചോദിക്കും. കാവ്യയുടെ പേരു പറയുമ്പോള്‍, ‘ങേ.. ആ കുട്ടിക്ക് സ്വന്തം ശബ്ദമല്ലേ’ എന്നു ചോദിക്കും. അതൊരു അംഗീകാരമാണ്.
അവഗണന കൊണ്ടു വിഷമം തോന്നിയ മറ്റേതെങ്കിലും സന്ദര്‍ഭം?
നിറത്തില്‍ ശാലിനിക്ക് ശബ്ദം കൊടുത്തു. ശാലിനിക്ക് മാമാട്ടുക്കുട്ടിയമ്മയൊഴികെ എല്ലാ കഥാപാത്രങ്ങള്‍ക്കും ശബ്ദം നല്‍കിയത് ഞാനാണ്. നിറത്തില്‍ 70 സീനില്‍ 65-ലും ശാലിനിയുണ്ട്. വളരെ ബുദ്ധിമുട്ടിയാണ് ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. പക്ഷേ, അതിന്റെ നൂറാം ദിവസം ആഘോഷിച്ചതു കണ്ടത് ടിവിയിലാണ്. വളരെ കളര്‍ഫുള്ളായിത്തന്നെ അവരത് ആഘോഷിച്ചു. എന്നെ ഓര്‍ത്തതേയില്ല.
നടികളില്‍ നിന്നു നല്ല വാക്ക്?
തമിഴില്‍ ധാരാളം കിട്ടിയിട്ടുണ്ട്. ദേവയാനിയും ലൈലയുമൊക്കെ വിളിച്ച് അഭിനന്ദിക്കും. നോട്ബുക്കില്‍ റോമയും വിളിച്ച് നന്ദി പറഞ്ഞു. ജനാധിപത്യം കണ്ട് വാണിയും.
മീരാ ജാസ്മിന്, തെലുങ്കില്‍ നിന്ന് മലയാളത്തിലേക്കു മൊഴി മാറ്റിയ മഞ്ഞു പെയ്യുമ്പോഴിനു ഞാനണ് ശബ്ദം നല്‍കിയത്. രാത്രിമഴയിലേക്കും എന്നെ വിളിച്ചു. പക്ഷേ, ഞാന്‍ മീരയെ വിളിച്ച് ചോദിച്ചു. ‘അയ്യോ ചേച്ചീ, ഞാന്‍ തന്നെ ശബ്ദം കൊടുത്തോളാം’ എന്ന് അവര്‍ പറഞ്ഞു. അവര്‍ ശബ്ദം കൊടുക്കുകയും ചെയ്തു. തിരിച്ചൊരു കമ്യൂണിക്കേഷന്‍ അവരുടെ ഭാഗത്തു നിന്നുമുണ്ടാവാറില്ല.
ഡബ്ബിങ്ങിനെക്കുറിച്ച് മനസിലാക്കാന്‍ നമ്മുടെ പെണ്‍താരങ്ങള്‍ ശ്രദ്ധിക്കാറില്ലേ?
മഞ്ജു ശ്രമിക്കുമായിരുന്നു, സംശയങ്ങളും ചോദിക്കും. ഈ പുഴയും കടന്ന് ചെയ്യുമ്പോള്‍ ഞാന്‍ കൂടെ ഇരുന്നിട്ടുണ്ട്. സല്ലാപത്തില്‍ മഞ്ജുവിന് ശബ്ദം കൊടുത്തത് ഞാനായിരുന്നു.
ഒരു സിനിമയില്‍ തന്നെ പലര്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ടോ?
വടക്കുംനാഥനില്‍ പദ്മപ്രിയയ്ക്കും കാവ്യയ്ക്കും കൊടുത്തിട്ടുണ്ട്. നീലഗിരിയില്‍ ബേബി ശാലിനിയ്ക്കും സുനിതയ്ക്കും ശബ്ദം കൊടുത്തു. ബല്‍റാമില്‍ കത്രിന കൈഫിനും മറ്റൊരു നടിക്കും നല്‍കിയിട്ടുണ്ട്.
ഇങ്ങനെ വരുമ്പോള്‍ മിമിക്രി ആവില്ലേ?
ഓരോരുത്തരുടെയും ബോഡി ലാംഗ്വേജ്, കഥാപാത്രത്തിന്റെ സ്വഭാവം എന്നിവയനുസരിച്ച് ശബ്ദം സ്വാഭാവികമായി മാറും. വാണി വിശ്വനാഥിന് ശബ്ദം കൊടുക്കുമ്പോള്‍ അറിയാതെ ബാസ് വരും. അതുകൊണ്ട്, ഒരേ സ്വരമാണെന്ന് ഒരിക്കലും സാധാരണ പ്രേക്ഷകര്‍ക്ക് തോന്നില്ല.
(തയാറാക്കിയത്: ജി. ജ്യോതിലാല്‍)

കലാഭവന്‍ മണിയും നായികമാരും
മണിയുടെ കൂടെ അഭിനയിക്കാന്‍ നായികമാരില്‍ പലര്‍ക്കും മടിയാണത്രെ. പണ്ട് ദിവ്യ ഉണ്ണി അഭിനയിക്കാന്‍ വിസമ്മതിച്ചത് മണി തന്നെ പറഞ്ഞിട്ടുണ്ട്. നന്മ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാട് മറ്റൊരു കഥ പറയുന്നു..
“നന്മയുടെ കഥ ഞാന്‍ കാവ്യ മാധവനോടു പറഞ്ഞു. കാവ്യ എന്റെ ‘അന്നൊരിക്കല്‍’ എന്ന ചിത്രത്തില്‍ പ്രതിഭലം വാങ്ങാതെ അഭിനയിച്ച നടിയാണ്. പക്ഷേ, ഇതില്‍ മണിയാണ് നായകനെന്നറിഞ്ഞപ്പോള്‍ കാവ്യ പിന്മാറി. പിന്നെ, പദ്മപ്രിയയെ സമീപിച്ചു. ‘റൊമ്പ അരുമയാന സബ്ജക്‍റ്റാണെന്ന് ’ പറഞ്ഞു. നായകന്‍ മണിയാണെന്ന് അറിഞ്ഞപ്പോ അരുമ പോയി. പിന്നെ മീന. അവരും പിന്മാറി. ഒടുക്കം രണ്ടു പുതുമുഖങ്ങളെ അവതരിപ്പിക്കുകയാണ്. ”
RELATED PAGES
» Kavya Madhavan on Dubbing
» Beyond The Screen
» Search Movie Index




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME