Jayasurya Speaks

Jayasurya with Radhika and Remya Nambeesan
ഒരു നല്ല നടനായി പ്രേക്ഷകരുടെ മനസില്‍ കയറിപ്പറ്റണം. അതിനുള്ള ശ്രമത്തിലാണ് ഞാന്‍. അതിനു വേണ്ടി ഹീറോ കണ്‍സെപ്‌റ്റ് വിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. ഒരു ചെറിയ കഥാപാത്രമാണെങ്കില്‍ കൂടി എന്തെങ്കിലും ചെയ്യാനുള്ള ഒരു കഥാപാത്രത്തെയാണ് ഞാന്‍ അന്വേഷിക്കുന്നത്. എങ്ങനെയെങ്കിലും സൂപ്പര്‍താരമായാല്‍ അതിന് ആയുസു കാണില്ല. കഴിവു തെളിയിച്ചു വേണം പിടിച്ചു കയറാന്‍. കമേഴ്‌സ്യല്‍ ചിത്രം മാത്രമല്ല ചില ആര്‍ട്ട് ചിത്രങ്ങളിലും അഭിനയിക്കാന്‍ പരിപാടിയുണ്ട്. പ്രദീപ് നായര്‍ ഒരിടത്തിനു ശേഷം ഒരുക്കുന്ന പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പരിപാടിയുണ്ട്.
എന്റെ കഴിഞ്ഞ ചിത്രമായ ‘അറബിക്കഥ’യിലും പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ദുബായില്‍ പണമിടപാടും കുറിയും തട്ടിപ്പും വെട്ടിപ്പുമായി ജീവിക്കുന്ന ഒരാള്‍ ... അപ്രതീക്ഷിതമായ ബില്‍ഡപ്പാണ് ഈ കഥാപാത്രത്തിനുള്ളത്. അറബിക്കഥയുടെ ചിത്രീകരണത്തിനായി ഒന്നര മാസത്തോളം ദുബായിലായിരുന്നു. കൂടെ ഭാര്യ സരിതയും മകന്‍ അദ്വൈതും ഉണ്ടായിരുന്നതിനാല്‍ ബോറടി തോന്നിയില്ല.
ഷൂട്ടിംഗ് ലൊക്കേഷനില്‍, മലയാളമറിയാത്ത ചാങ്‌ഷുമിനെ കളിയാക്കുകയാണ് പരിപാടി. നായികയ്ക്ക് ഉച്ചയ്ക്ക് മൂന്നു ബ്രെഡാണ് ഭക്ഷണം. മറ്റൊരു പ്രധാന ഇഷ്ടവിഭവം കോഴിയുടെ ‘വിരലുകള്‍!’ കാല് കഴിക്കില്ല. എന്റെ ഭാര്യയും അവളുടെ കൂടെ കൂടി. വൈകുന്നേരം റൂമിലെത്തിയപ്പോള്‍ ശക്തിയായ ഛര്‍ദി.. ഞാന്‍ സരിതയെ എടുത്തുയര്‍ത്തി. (ഞാന്‍ എന്തൊക്കെയോ തെറ്റിദ്ധരിച്ചു പോയി.) പിന്നീടാണ്, ചൈനീസ് ഭക്ഷണത്തിന്റെ റിയാക്ഷനായിരുന്നു അതെന്ന് മനസ്സിലായത്.
‘ചേട്ടാ’ എന്നു വിളിക്കാന്‍ ഞാന്‍ ചാങ്‌ഷുമിനെ പഠിപ്പിച്ചിട്ടുണ്ടെങ്കിലും അവള്‍ ചെറ്റേ.... എന്നേ വിളിക്കൂ. അവളുടെ സ്‌നേഹത്തിന്റെ ദുരിതം സെറ്റിലുള്ളവരെല്ലാം അനുഭവിച്ചു.
ദുബായില്‍ നിന്നു നാട്ടില്‍ വന്നപ്പോള്‍ എയര്‍പോര്‍ട്ടില്‍ സരിതയ്ക്ക് പകരം ഒരു ഫുള്‍ ലോഡ് ട്രോളി മാത്രം നീങ്ങിവരുന്നതാണ് എന്റെ ബന്ധുക്കള്‍ കണ്ടത്. ഷര്‍ട്ടും പാന്റും ചുരിദാറും ചുരിദാറും മകന് ടോയ്‌സും ബന്ധുക്കള്‍ക്ക് സമ്മാനങ്ങളുമായി വലിയൊരു പര്‍ച്ചേസ് ദുബായില്‍ നിന്ന് നടത്തേണ്ടി വന്നു. സരിത വാങ്ങിയത് ഒന്നു രണ്ട് സ്‌പ്രേയും നെയില്‍പോളീഷും മാത്രം.
മലയാളത്തിലും തമിഴിലും ഒരു പോലെ അഭിനയിക്കാനാണ് പ്ലാന്‍. തമിഴ് പ്രേക്ഷകരുടെ ഇടയില്‍ എനിക്കൊരു സ്‌ഥാനം കിട്ടിയിട്ടുണ്ട്. അത് നഷ്‌ടമാകാതെ സൂക്ഷിക്കാനുള്ള ശ്രമമുണ്ട്. കമലഹാസനൊപ്പം വസൂല്‍രാജയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതു തന്നെ വലിയ മൈലേജായിരുന്നു.
പുതിയ തമിഴ് ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറായിട്ടാണ് വേഷം. എന്റെ പോലീസ് വേഷം ഓര്‍ത്ത് ഞാന്‍ പലപ്പോഴും ചിരിച്ചു പോയിട്ടുണ്ട്. ആ ചിരിയുടെ അകമ്പടിയില്‍ സീരിയസ്സായ മുന്നേറ്റം, അതാണ് ആഗ്രഹിക്കുന്നത്.

നോട്ട് റീച്ചബിളില്‍ നിന്ന്....
.. റഹ്‌മാന്: ഒരു പാഠം ..
മലയാള സിനിമയില്‍ റഹ്‌മാന്‍ നായകനായി വിലസുന്ന കാലം. ഐ.വി ശശി- ടി ദാമോദരന്‍ ടീമിന്റെ ‘വാര്‍ത്ത ’ യില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്‌മാന്‍ എന്നീ മൂന്നു താരങ്ങള്‍ക്കും പ്രധാന കഥാപാത്രങ്ങളായിരുന്നു. അതില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കഥാപാത്രങ്ങള്‍ ചിത്രത്തില്‍ മരിക്കുന്നു. അതറിഞ്ഞ് റഹ്‌മാനും വാശിയായി മരിക്കണമെന്ന്. ക്ലൈമാക്‌സ് സീന്‍ ചിത്രീകരിക്കാന്‍ ഏറെ തടസമായി നിന്നത് റഹ്‌മാന്റെ ഈ പിടിവാശിയായിരുന്നു. ഗത്യന്തരമില്ലാതെ റഹ്‌മാനു വേണ്ടി പല സീനുകളും കോംപ്രമൈസ് ചെയ്‌ത് ചിത്രീകരിക്കേണ്ടി വന്നു.അത്തരം പിടിവാശി മുതലാണ് റഹ്‌മാന്റെ കരിയറില്‍ മങ്ങലേല്‍ക്കുന്നത്. പല സംവിധായകരെയും വിവിധ രീതിയില്‍ ബുദ്‌ധിമുട്ടിച്ചതിന്റെ ഫലമാണ് ഏറെക്കാലം മലയാളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ട അവസ്‌ഥയുണ്ടാക്കിയത്. പിന്നീട് തമിഴകത്തും വേണ്ട രീതിയില്‍ ശ്രദ്ധ നേടാന്‍ കഴിഞ്ഞില്ല. ഇതൊക്കെ യുവതാരങ്ങള്‍ മനസിലാക്കേണ്ട വസ്‌തുതയാണ്. റഹ്‌മാന്റെ കരിയര്‍ ഗ്രാഫ് യുവതാരങ്ങള്‍ക്ക് ഒരു പാഠമാണ്. പക്ഷേ, ഇപ്പോള്‍ രണ്ടാം വരവില്‍ അദ്ദേഹം ഏറെ മാറിയിരിക്കുന്നു.
RELATED PAGES
» Other Interviews
» Movie Index




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME