SPiCE most viewed videos in indulekha
 

INTERVIEW: Jaison J. Nair


Song from Mission 90 Days
Mizhineeru Pozhiyumbozhum

ആനച്ചന്തം, മിഷന്‍ 90 ഡെയ്‌സ് എന്നീ ചലച്ചിത്രങ്ങളുടെയും ശ്രാവണമുകിലേ, മണ്‍സൂണ്‍: റാപ്‌സൊഡി ഓഫ് ദ് റെയിന്‍സ്, കാവ്യഗീതികതുടങ്ങിയ പ്രശസ്തമായ ആല്‍ബങ്ങളുടെയും സംഗീത സംവിധായകനായ ജയ്‌സണ്‍ ജെ. നായരുമായി സുരേഷ് നായര്‍ സംസാരിക്കുന്നു.

പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു സായാഹ്നം. എറണാകുളം ഫൈനാര്‍ട്‌സ് ഹാളില്‍ നിന്ന് സംഗീതക്കച്ചേരി കഴിഞ്ഞ് ഇറങ്ങുകയാണ് കുറേ ആസ്വാദകര്‍. പ്രസിദ്ധനായൊരു ഗായകന്റേതായിരുന്നു കച്ചേരി. ആള്‍ക്കൂട്ടത്തില്‍ ആര്‍. എല്‍. വി.യിലെ ഒരു സംഗീതവിദ്യാര്‍ഥിയുമുണ്ട്.

വിദ്യാര്‍ഥിയുടെ തൊട്ടുമുന്‍പില്‍ നടക്കുന്നയാള്‍ ഒരു കീര്‍ത്തനം മൂളുന്നുണ്ട്; കുറച്ചുമുന്‍പ് വേദിയില്‍ ഗായകന്‍ പാടിയ കീര്‍ത്തനങ്ങളിലൊന്ന്. പക്ഷേ, ഒരു വ്യത്യാസം: ‘ഗായകന്റെ’ ആലാപനത്തേക്കാള്‍ മനോഹരമാണ് ‘കേള്‍വിക്കാരന്റെ’ മൂളല്‍. അദ്ഭുതത്തോടെ ഒരാള്‍ അതു തിരിച്ചറിഞ്ഞു; ‘മൂളക്കക്കാരനു’ പിന്നാലെ വന്ന ആര്‍. എല്‍. വി.ക്കാരന്‍.

സംഗീതത്തെ പിന്തുടര്‍ന്ന ആ യാത്ര അടുത്ത ബസ് സ്റ്റോപ്പു വരെ നീണ്ടു. തന്നെ അമ്പരപ്പിച്ച ആ മൂളക്കക്കാരനെ പരിചയപ്പെടാതിരിക്കാന്‍ സംഗീതവിദ്യാര്‍ഥിക്ക് കഴിഞ്ഞില്ല. ഇത്രയധികം കഴിവുണ്ടായിട്ടും ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാത്രം കഴിഞ്ഞു കൂടാന്‍ വിധിക്കപ്പെട്ട ആ സാധാരണക്കാരനെ എങ്ങനെ പരിചയപ്പെടാതിരിക്കും! മടിച്ചു മടിച്ച് പേരു ചോദിച്ചു. പേരു കേട്ടപ്പോള്‍ പക്ഷേ പിന്നീടൊന്നും ചോദിക്കേണ്ടി വന്നില്ല. മുഴുവന്‍ മേല്‍‌വിലാസവും ആ പേരില്‍ ഉണ്ടായിരുന്നു: “ഹൈദരാലി. കഥകളിക്കു പാടാറുണ്ട്.” പിന്നെ, രണ്ടു പേരും അവരവരുടെ വഴിയേ യാത്ര തുടര്‍ന്നു.

പത്തിരുപത് വര്‍ഷങ്ങള്‍ക്കു ശേഷം: കഥകളി സംഗീതത്തിന്റെ മറുവാക്കായി സ്വന്തം പേര് ചരിത്രത്തിലെഴുത്തിച്ചേര്‍ത്ത് ഹൈദരാലി മറ്റൊരു ലോകത്തേക്ക് യാത്രയായി. അന്നത്തെ ആര്‍. എല്‍. വി. വിദ്യാര്‍ഥി മലയാളത്തിലെ യുവസംഗീതസംവിധായകരുടെ നിരയിലും എത്തി. ആനച്ചന്തം, മിഷന്‍ 90 ഡെയ്‌സ് എന്നീ ചലച്ചിത്രങ്ങളിലൂടെ പ്രതിഭ തെളിയിച്ച ജയ്‌സണ്‍ ജെ. നായര്‍.

യാത്രയും സംഗീതവുമാണ് ജയ്‌സന്റെ ജീവിതത്തിന്റെ ശ്രുതിയും താളവും. സപ്തസ്വരങ്ങളിലൂടെയുള്ള നിത്യസഞ്ചാരത്തിനൊപ്പം ലോകസഞ്ചാരവും. അതു ചിലപ്പോള്‍ അഗസ്ത്യകൂടം മുതല്‍ തലക്കാവേരി വരെ നീളാം. ഊരും പേരും കൃത്യമായി അറിയാത്ത തമിഴകത്തെ ഗ്രാമച്ചന്തകളിലൂടെയാവാം. കര്‍ണാടകത്തിലെ കുഗ്രാമങ്ങളിലൂടെയാവാം. അഗ്രഹാരങ്ങള്‍ തംബുരു മീട്ടുന്ന പാലക്കാടന്‍ ഗ്രാമങ്ങളിലൂടെയാകാം. മാങ്കുളത്തെ, മനുഷ്യരുപേക്ഷിച്ച വഴിത്താരകളിലൂടെയാവാം. അല്ലെങ്കില്‍, വാഗമണ്‍ കുന്നുകളുടെ പ്രശാന്തതയിലൂടെയാവാം.. ജയ്‌സണ്‍ യാത്ര തുടരുന്നു.

സംഗീതത്തില്‍ ഗാനപ്രവീണ്‍ ബിരുദവും നേടി കോളജില്‍ നിന്നു പുറത്തിറങ്ങിയ കാലം. ഇനിയെന്തു ചെയ്യും? സംഗീതമോ? അതോ, ജീവിതമോ? എന്തെങ്കിലുമൊന്ന് തിരഞ്ഞെടുത്തേ മതിയാവൂ. സംഗീതത്തിലൂടെ ജീവിതം നമ്മുടെ നാട്ടില്‍ ചിന്തിക്കാനേ കഴിയാത്ത കാര്യം. വല്ലപ്പോഴും വീണു കിട്ടുന്ന വിരലിലെണ്ണാവുന്ന കച്ചേരികള്‍. അതും, പ്രതിഫലം നല്‍കുന്ന സംഘാടകര്‍ക്ക് പുതുമുഖങ്ങളെ വേണ്ട. അവര്‍ക്കു പ്രസിദ്ധരെ മതി. ഭക്ഷണം ദക്ഷിണയായി കരുതി കച്ചേരിയുമായി നടന്ന കാലം.

അക്കാലത്താണ് ഒരു സംഗീതവിദ്യാലയം എന്ന ആലോചന. പതിനേഴു വര്‍ഷമായി കോട്ടയത്തിനടുത്ത് ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന ‘മോക്ഷ’യുടെ കഥ അവിടെ തുടങ്ങുന്നു. ഇന്നിപ്പോള്‍ സ്കൂള്‍ കലോത്സവങ്ങളില്‍ സംസ്ഥാനതലത്തില്‍ ‘മോക്ഷ’യുടെ കുട്ടികള്‍ തുടര്‍ച്ചയായി സമ്മാനാര്‍ഹരാകുന്നു. കൈരളി ടി വിയിലെ ഗന്ധര്‍വസംഗീതത്തില്‍ വിജയിയായ അനഘയും ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ അവസാ‍ന റൌണ്ടിലെത്തിയ ബിനീതയും മോക്ഷയുടെ പ്രസിദ്ധി കേരളത്തിലെങ്ങുമെത്തിച്ചു.

പ്രസിദ്ധരായ പല സംഗീതസംവിധായകരെയും പോലെ ഗായകനായിട്ടാണ് ജയ്‌സന്റെയും തുടക്കം; തപസ്യ എന്ന കാസറ്റില്‍. ‘പ്രസാദം’ എന്ന കാസറ്റില്‍ സംഗീതസംവിധായകന്റെ കുപ്പായമണിഞ്ഞു; അതോടെ വഴി തെളിഞ്ഞു. അന്‍പതിലേറെ ഓഡിയോ ആല്‍ബങ്ങള്‍ ഈ യുവസംഗീതജ്ഞന് സ്വന്തം. അതില്‍ത്തന്നെ, ‘ഇന്‍‌വിസി’നു വേണ്ടി തയാറാക്കിയ മലബാര്‍ മിസ്റ്റ്, മണ്‍സൂണ്‍ തുടങ്ങിയ സി. ഡി. കള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മലബാര്‍ മിസ്റ്റിന്റെ സംഗീതത്തിന് ദേശീയപുരസ്കാരവും ലഭിച്ചു. കാവ്യഗീതികളായിരുന്നു അടുത്ത നാഴികക്കല്ല്. മലയാളത്തിലെ പ്രസിദ്ധരായ കവികളുടെ ശ്രദ്ധേയമായ കവിതകള്‍ക്ക് സംഗീതം പകര്‍ന്ന ആ ആല്‍ബം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.

കാവ്യഗീതികളുടെ ശ്രോതാ‍ക്കളില്‍ ചലച്ചിത്രസംവിധായകന്‍ ജയരാജുണ്ടായത് ജയ്‌സന്‍ ഭാഗ്യമായി. പുതിയ പ്രതിഭകളെ കണ്ടെത്തുന്നതില്‍ പ്രതിഭ തെളിയിച്ച ജയരാജ് ‘ആനച്ചന്ത’ത്തിന് മലയാളത്തിന്റെ മധുരമുള്ള ഈണങ്ങളൊരുക്കാന്‍ ജയ്‌സനെ ക്ഷണിച്ചു. ഗ്രാമീണഭംഗിയും ഉത്സവച്ഛായയും കലര്‍ന്ന ആ ഗാനങ്ങള്‍ സിനിമയേക്കാളും ശ്രദ്ധേയമായി. ഇപ്പോഴിതാ ജയ്‌സന്‍ വീണ്ടും ഈണം പകരുന്നു. ഇക്കുറി ദേശാഭിമാനത്തിന്റെ സ്പന്ദനങ്ങളുമായി മിഷന്‍ 90 ഡെയ്‌സ്.. ഈ സംഗീതപ്രതിഭ യാത്ര തുടരുക തന്നെയാണ്; ഉറച്ച കാല്‍‌വയ്പുകളോടെ...

RELATED PAGES
» Other Interviews
» Music Zone
» Mission 90 Days
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger