INTERVIEW: A K Lohithadas

"താരപരിവേഷങ്ങളുടെ പിടിയിലാണ് ഇന്നത്തെ മലയാള സിനിമ. ഞാന്‍ ഒരിക്കലും താരപരിവേഷം ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. മമ്മൂട്ടിയുടെ താരപ്രഭ ഉപയോഗപ്പെടുത്തിയല്ല ഞങ്ങള്‍ തനിയാവര്‍ത്തനം ചെയ്‌തത്. ഹീറോയിസത്തിന്റെ ലോകത്ത് വിഹരിക്കാത്ത പരാജിതരായവരായിരുന്നു എന്റെ കഥാപാത്രങ്ങള്‍...." ലോഹിതദാസ് പറയുന്നു. താരപ്രഭകള്‍ക്കു പിന്നാലെ പോകാതെ കഥാപാത്രങ്ങളുടെ ജീവിതവഴി അന്വേഷിക്കുന്ന ഈ ഫിലിം മേക്കറുമായി ബൈജു പി സെന്‍ ചിത്രഭൂമിക്കു വേണ്ടി സംസാരിച്ചപ്പോള്‍:
“താരപരിവേഷം തമിഴരുടെ വൈകൃതമായി നമ്മള്‍ ആക്ഷേപിച്ചിരുന്നു. അത് ഇന്നു നമ്മള്‍ ഏറ്റെടുത്തിരിക്കുന്നു. ഇന്നു നമ്മുടെ താരാരാധന അതിരു കടന്ന രാഷ്ട്രീയവൈരം പോലെയായിട്ടുണ്ട്. ആ രീതി ഒരിക്കലും തമിഴകത്ത് കടന്നുവന്നിട്ടില്ല. തമിഴ്‌നാട്ടില്‍ രജനീകാന്തിന്റെ ചിത്രം വരുമ്പോള്‍ ആരാധകര്‍ ആഘോഷിക്കാറുണ്ട്. ഈ ആഘോഷത്തില്‍ എല്ലാ സിനിമാപ്രേക്ഷകരും പങ്കെടുക്കും. ഒരിക്കലും കമലഹാസന്റെ ആരാധകര്‍ വന്ന് രജനീകാന്തിന്റെ ചിത്രങ്ങളെ കൂവിത്തോല്പിക്കാറില്ല.
താരാരാധന എല്ലായിടത്തും ഉണ്ട്. പക്ഷേ, ആരാധന അതിരു കടക്കുമ്പോള്‍ മറ്റെന്തൊക്കെയോ ആയിപ്പോകുന്നു. ഇതിന് അറുതി വരുത്താന്‍ ‘നേതാക്കള്‍’ ചിന്തിക്കേണ്ട കാലം കടന്നെന്നു തോന്നുന്നു.”
സൂപ്പര്‍ താരങ്ങളെല്ലാം കൈവിട്ടുപോയെന്നു തോന്നുന്നുണ്ടോ?
താരങ്ങളെ അതേപടി ഉപയോഗിക്കാന്‍ പറ്റുന്നില്ല്ല. നമുക്ക് അതിനുള്ള ശേഷി ഇല്ല. എനിക്കു വേണ്ടതു നടനെയാണ്. ഇമേജുകള്‍ വിട്ട് ജീവിക്കുകയും സ്നേഹിക്കുകയും സന്തോഷിക്കുകയും പ്രതിഷേധിക്കുകയും പരാജയപ്പെടേണ്ടയിടത്ത് പരാജയപ്പെടുകയും ചെയ്യുന്ന സാധാരണ മനുഷ്യരെയാണ്. ഇതൊന്നും ഇന്നത്തെ താരങ്ങളെ വച്ച് ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
പണ്ടൊക്കെ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും ഏതവസ്ഥയിലേക്കു വേണമെങ്കിലും മാറ്റാം. ഇന്നതിനു കഴിയുന്നില്ല. ചില കഥാപാത്രങ്ങള്‍ വരുമ്പോള്‍ മോഹന്‍ലാല്‍ അങ്ങനെ ചെയ്യരുതെന്നാണ് ആരാധകരുടെ പ്രതികരണം. താരമല്ല, കഥാപാത്രങ്ങളാണ് അങ്ങനെ ചെയ്യുന്നതെന്നു മനസ്സിലാക്കാന്‍ കഴിയുന്നില്ല.
താരപരിവേഷത്തിനു വേണ്ടി എഴുതുമ്പോള്‍ എഴുത്തുകാരന്റെ ക്രിയേറ്റിവിറ്റിയും നഷ്ടമാകുന്നു. അവര്‍ക്ക് ഒപ്പിച്ച കുപ്പായങ്ങളായി തിരക്കഥ മാറും. വൈവിധ്യങ്ങളില്ലാത്ത് ഈ അവസ്ഥയില്‍ സൂപ്പര്‍ താരങ്ങാള്‍ക്കിടയിലെ ‘നടന്മാര്‍’ നഷ്ടമാകുന്നു. സൂപ്പര്‍ താരങ്ങള്‍ ഒഴുക്കില്ലാത്ത നദി പോലെ കെട്ടിക്കിടക്കും.
നല്ല കഥ കടന്നുവരാത്ത അന്തരീക്ഷത്തെയാണ് താരങ്ങള്‍ കുറ്റപ്പെടുത്തുന്നത്?
നല്ല കഥ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, മുന്‍പ് വിജയിച്ച ഒരു ചിത്രം പോലുള്ള കഥ എന്നതാണെന്നു തോന്നുന്നു. അഭിനയശേഷി പ്രകടിപ്പിക്കാനുള്ള കഥ ആര്‍ക്കും ഇഷ്ടമല്ല. ശക്തമായ കഥാപാത്രമെന്നാല്‍ ആറു പേരെ ഒരുമിച്ച് തല്ലിയിടുന്ന കഥാപാത്രമാണെന്നാണ് ചിലരുടെ ധാരണ. അത്തരം ചിത്രങ്ങള്‍ ഒരുക്കാന്‍ നല്ലൊരു ഫൈറ്റ് മാസ്റ്റര്‍ മതി. ജീവിതാനുഭവങ്ങളുടെ ശക്തി ആര്‍ക്കും വേണ്ട. ഇന്ന് കൊച്ചിയും ക്വട്ടേഷനുമാണ് എല്ലാവര്‍ക്കും വിഷയം. ക്വട്ടേഷന്‍ ഉദാത്തമായ പോംവഴിയായി കണക്കാക്കപ്പെടുകയാണ്.
മറ്റൊരു വിപത്ത് എല്ലാവരെയും മണ്ടന്മാരായി കണക്കാക്കി നിര്‍മ്മിക്കുന്ന കോമഡി ചിത്രങ്ങളാണ്. ഹ്യൂമര്‍ ജീവിതത്തിലെ നിമിഷങ്ങളാണെന്ന് മനസ്സിലാക്കാതെ, തലയില്‍ തേങ്ങ വീഴ്ത്താനും പൊടി വീഴ്ത്താനും അതു കണ്ടു ചിരിക്കാനും തുടങ്ങിയിട്ട് കാലം കുറെയായി. അതില്‍ നിന്ന് മോചനം വേണം.
സിനിമ ജീവിതത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും അകന്നുപോകുന്നതിന്റെ പ്രശ്നവും ഈ കലയെ ബാധിക്കുന്നില്ലേ?
തീര്‍ച്ചയായും. ഞാനൊക്കെ കമ്യുണിസ്റ്റ് മനോഭാവത്തിലേക്ക് വന്നത് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ’ എന്ന നാടകം കണ്ടാണ്. കുഷ്‌ഠരോഗത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ ‘അശ്വമേധ’ത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ അഭിനയരൂപങ്ങള്‍ പ്രേക്ഷകരില്‍ രോമാഞ്ചമുണ്ടാക്കുന്ന ഒരു പാട് ചിന്തകള്‍ സൃഷ്‌ടിക്കും. അത്തരമൊരു ശ്രമത്തിലാണ് ഞാന്‍. കാലത്തോട് ഏതെങ്കിലും തരത്തില്‍ പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്ന കല. അതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിലുപരി സമൂഹത്തിന് എന്തെങ്കിലും നന്മ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും തിന്മ ചെയ്യരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ചെമ്പട്ട് മാറിയാണോ നിവേദ്യമായത്?
അല്ല. അത് മറ്റൊരു ചിത്രമാണ്. തികച്ചും വ്യത്യസ്തമായ സബ്‌ജെക്‌ടാണ് ‘ചെമ്പട്ടി’ ല്‍ അവതരിപ്പിക്കുന്നത്. മീരയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ അനുയോജ്യനായ നായകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അങ്ങനെ പ്രൊജക്‌ട് നീണ്ടു പോയി.
ലോഹി- സിബി മലയില്‍ ചിത്രം പ്രേക്ഷകര്‍ ഏറെ ആഗ്രഹിക്കുന്ന കൂട്ടായ്മയാണ്. അതിന് എന്താണ് തടസമാകുന്നത്?
സമയമാണ് തടസം. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഫ്രീയായ സമയം ഒത്തു വന്നില്ല. അങ്ങനെ നീങ്ങിപ്പോകുന്നതാണ്. ഏതായാലും അടുത്ത വര്‍ഷം ഞങ്ങള്‍ ഒരു ചിത്രം ചെയ്യും. അതിന്റെ ഡിസ്‌കഷന്‍ ഉണ്ട്. കഥയിലേക്കും താരങ്ങളിലേക്കും ലാന്‍ഡ് ചെയ്‌തിട്ടില്ല.

RELATED PAGES
» Nivedyam Review
» Lohithadas Colection
» Other Interviews
» Movie Index







0 Comments:
Post a Comment
>> CHANNEL HOME >> INDULEKHA HOME