INTERVIEW: Simran

'കേരളമെന്നു കേട്ടാല്‍ എന്റെ നാവില്‍ വെള്ളമൂറും. കേരളത്തിലെ ആലപ്പുഴയാണ് എന്റെ ഇഷ്‌ടലൊക്കേഷന്‍. ആലപ്പുഴയിലെ കായലില്‍ നിന്നു പിടിച്ച മീനും.... നിങ്ങളുടെ കേരളാ സ്റ്റൈല്‍ ഫിഷ്‌കറിയും. ഷൂട്ടിങ് ഇല്ലെങ്കിലും ഞാന്‍ ഇടയ്ക്കിടെ കേരളത്തില്‍ വരാറുണ്ട്. ആലപ്പുഴയിലും കോവളത്തും വന്ന് താമസിക്കും. നിങ്ങള്‍ ശരിക്കും ഭാഗ്യം ചെയ്‌തവരാണ്. ഇന്ത്യയിലെ 10 സുന്ദരമായ സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും ഉണ്ടല്ലോ. '
സിമ്രാന്‍ കേരളത്തിന്റെ രുചികളെ കുറിച്ചും സുന്ദരമായ കാഴ്‌ചകളെ കുറിച്ചും വാചാലയാകുന്നു. നീണ്ട ഇടവേള പിന്നിട്ട് ഹാര്‍ട്ട്ബീറ്റ്സ് എന്ന മലയാളചിത്രത്തില്‍ അഭിനയിക്കാന്‍ കൊച്ചിയിലെത്തിയതാണ്. കൂടെ ഭര്‍ത്താവ് ദീപക്കും ഒരു വയസുകാരനായ മകനും. സിമ്രാനുമായി സംസാരിച്ച ബൈജു പി സെന്‍, ചിത്രഭൂമിക്കു വേണ്ടി തയാറാക്കിയ അഭിമുഖം.
റിഷിബാല എന്ന പഞ്ചാബി പെണ്‍കുട്ടിയാണ് പിന്നീട് സിമ്രാനായി അറിയപ്പെടുന്നത്. ‘തേരെ മേരെ സപ്‌നേ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ ഈ താരത്തിന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്തിയത് സൌത്തിന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയാണ് . സൌത്തിന്ത്യയില്‍ സിമ്രാന്റെ തുടക്കം മലയാളത്തിലായിരുന്നു. ‘ഇന്ദ്രപ്രസ്‌ഥ’ത്തില്‍ നായികയായതിനു ശേഷമാണ് സിമ്രാന്‍ തമിഴകതാരമായി മാറിയത്. 1996-ല്‍ മലയാളത്തിലും തമിഴകത്തും തുടക്കം കുറിച്ച സിമ്രാന്‍ 11 വര്‍ഷത്തിനു ശേഷമാണ് വീണ്ടും മലയാളത്തിലെത്തുന്നത്. വിനു ആനന്ദ് സംവിധാനം ചെയ്‌ത ‘ഹാര്‍ട്ട്ബീറ്റ്സി‘ല്‍ അഭിനയിക്കാന്‍.
നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലെ ‘ഹാര്‍ട്ട്ബീറ്റ്സി‘ല്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്താണ്?
ഈ ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ വല്ലാത്തൊരടുപ്പം തോന്നി. ഈ ചിത്രത്തിലെ കഥാപാത്രത്തിന് എന്തെങ്കിലും ചെയ്യാന്‍ ഉള്ളതാണെന്ന തോന്നല്‍. സിനിമയെ സ്നേഹിക്കുന്ന ഒരു കൂട്ടായ്മ ഈ ചിത്രത്തിനു പിന്നില്‍ കണ്ടു. കൂടാതെ എന്നെ എന്നും പ്രോത്സാഹിപ്പിക്കുന്ന യൂത്തിനു വേണ്ടിയാണ് ഈ ചിത്രം.
സിമ്രാന്റെ സഹോദരന്‍ സുമിത്ത് ബിഗ്‌ബിയിലൂടെ മലയാളത്തിന്റെ താരമായി. അല്ലേ?
കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് ഞാന്‍ ബിഗ് ബി കണ്ടു. തിയേറ്ററില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വല്ലാത്തൊരു രസമായിരുന്നു. ആരും തിരിച്ചറിഞ്ഞില്ല. ബിഗ് ബിയില്‍ സുമിത്ത് നവാല്‍ നന്നായിട്ടുണ്ട്. അതിന്റെ ക്രെഡിറ്റ് മുഴുവന്‍ ഡയറക്‌ടര്‍ക്കാണ് കേട്ടോ. സത്യത്തില്‍ അവന് മലയാളത്തിലെ ഒരക്ഷരം പോലും അറിയില്ല. എന്നാല്‍ ചിത്രം കണ്ടാല്‍ മലയാളം നന്നായി സംസാരിക്കാന്‍ അറിയുന്നവനാണ് എന്നു തോന്നും.
സിമ്രാന്റെ ആദ്യനായകന്‍ മമ്മൂട്ടിയാണ് ബിഗ്‌ബിയിലെയും നായകന്‍.
അതെ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പ്രതിഭയുള്ള ഒരു താരം പിറന്നിട്ടില്ല. ബിഗ്‌ബിയില്‍ മമ്മൂട്ടിയെ കണ്ടപ്പോള്‍ അത്ഭുതം തോന്നി. അദ്ദേഹം ഏറെ ചെറുപ്പമായതു പോലെ. പടം റിലീസ് ചെയ്ത് നാലുവാരം കഴിഞ്ഞിട്ടും തിയേറ്റര്‍ ഹൌസ് ഫുള്ളായിരുന്നു. ഓരോ പത്തുമിനിട്ടു കഴിയുമ്പോഴും തിയേറ്ററില്‍ കയ്യടി ഉയരുന്നുണ്ടായിരുന്നു. രസകരമായ അനുഭവം.

മലയാള സിനിമയിലെ മാറ്റങ്ങളെക്കുറിച്ച് ശ്രദ്ധിക്കാറുണ്ടോ?
കഥയിലും അവതരണത്തിലും ടെക്‌നിക്കല്‍ സൈഡിലും ഏറെ പരീക്ഷണം നടക്കുന്ന സ്‌ഥലമാണ് മലയാളം. ബോളിവുഡില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് രാംഗോപാല്‍ വര്‍മയാണ്. സൌത്തിന്ത്യയില്‍ മലയാളവും.
പോപ്‌കോണില്‍ മോഹന്‍ലാലിനൊപ്പവും അഭിനയിച്ചില്ലേ?
അതെ. ഞാന്‍ മോഹന്‍ലാലിനെ കുറിച്ച് കേട്ടിരുന്നു. ഒന്നിച്ച് അഭിനയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മഹത്ത്വം നേരിട്ടു കണ്ടു. അത്ഭുതകരമായ അഭിനയചാതുര്യമുള്ള നടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ ഡയലോഗ് പ്രസന്റേഷനിലും ഒരു താളം കാണാം. ഉന്നതങ്ങളില്‍ എത്തിയിട്ടും സ്റ്റാര്‍ഡം കാണിക്കാതെ കൂടെ അഭിനയിക്കുന്നവരെ ഒരുപാട് സഹായിക്കുന്ന താരം. അതിലുപരി വെരി ഫ്രെന്‍ഡ്‌ലി ഗൈ.
മലയാളം എങ്ങനെ വഴക്കിയെടുക്കുന്നു.?
‘ചേട്ടാ... എത്ര നേരമായി ഞാന്‍....എവിടെയാണ്.... നീ...’ ഇതാണ് മലയാളം ശരിയല്ലേ. (നീണ്ട പൊട്ടിച്ചിരി) 8 വര്‍ഷമായി ഞാന്‍ തെലുങ്കിലും മലയാളത്തിലുമായി ചുറ്റിത്തിരിയുന്നു. ആ ബന്ധം കൊണ്ട് മലയാളം വേഗം പിക്കപ്പ് ചെയ്യാന്‍ കഴിയുന്നുണ്ട്.
മറ്റേതെല്ലാം ഭാഷ വഴങ്ങും?
ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, പഞ്ചാബി, ഫ്രഞ്ച് ഇപ്പോള്‍ ദേ മലയാളവും.
ഒരു നടി എന്ന നിലയില്‍ സംതൃപ്തയാണോ?
എന്തെങ്കിലും പ്രത്യേകതയുള്ള കഥാപാത്രങ്ങളെയാണ് ഞാന്‍ സെലക്ട് ചെയ്യാറുള്ളത്. ഓരോ ദിവസം കഴിയുന്തോറും ഓരോ ചിത്രങ്ങള്‍ പിന്നിടുമ്പോഴും എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ഞാന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. എനിക്ക് ഡ്രീം ക്യാരക്‌ടര്‍ എന്നൊന്നും ഇല്ല. എന്റെ സ്വപ്‌നങ്ങളെല്ലാം ചെറുതാണ്. അതെല്ലാം സഫലീകരിക്കുകയും ചെയ്‌തു.
സിമ്രാന്‍ ഒരു സിനിമ നിര്‍മിക്കുന്നു എന്നു കേട്ടു.
ആ കേട്ടത് ഞാന്‍ ചിന്തിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാത്ത കാര്യമാണ്. തികച്ചും ഊഹാപോഹങ്ങള്‍. അത്തരം വലിയ കാര്യങ്ങളൊന്നും ചിന്തിക്കുന്നില്ല. ഇന്ന് അഭിനയം മാത്രമാണ് എന്റെ മുന്നില്‍.
RELATED PAGES
» Simran Collection
» Other Interviews
» Music Zone
» Movie Index




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME