INTERVIEW: Siddique ( minus Lal! )
കഴിവുറ്റ സംവിധായകരുടെ ഇടയില്‍ സിദ്ധിഖും വഴിമാറി ചവിട്ടുകയാണ്. അന്യഭാഷ തേടിപ്പോയ പ്രതിഭകളുടെ അതേ അനുഭവങ്ങളാണ് സിദ്ധിഖിനെയും മാറ്റി ചിന്തിപ്പിച്ചത്. ഇവിടെ തോറ്റു പോകുന്നത് മലയാള സിനിമാ വ്യവസായമാണോ? ആരാണ് സിനിമാ ലോകത്തെ നിയന്ത്രിക്കുന്നത്? കഥാകാരന്മാരോ .....പുത്തന്‍ പണക്കാരുടെ ലോബിയോ.... മലയാളത്തില്‍ നീണ്ട ഇടവേളകള്‍ പിന്നിട്ട സിദ്ധിഖ് അന്യഭാഷകളിലാണ് പ്രതീക്ഷ കാണുന്നത്. എന്തു കൊണ്ട് ഈ മാറ്റം? ചിത്രഭൂമിക്കു വേണ്ടി ബൈജു പി സെന്‍ അന്വേഷിക്കുന്നു.‘നായകനും വില്ലനും മാത്രം പ്രാധാന്യമുള്ള കഥകള്‍ക്കായിരുന്നു തമിഴകം പ്രാധാന്യം കൊടുത്തിരുന്നത്. അടുത്ത കാലത്തായി ആ നിലയില്‍ അല്‍പ്പം മാറ്റം വന്നു; നായികയ്ക്കും പ്രാധാന്യം കിട്ടാന്‍ തുടങ്ങി. ആ നിലയില്‍ കഴിവുള്ള നായികയെ ചിന്തിച്ചപ്പോഴാണ് കാവ്യയെ ഓര്‍മ വന്നത്. തമിഴില്‍ നേരത്തെ തുടക്കം കുറിച്ചെങ്കിലും തമിഴകം കാര്യമായി ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത നായികയാണ് കാവ്യ.
തികച്ചും വ്യത്യസ്‌തമായ രസങ്ങള്‍ ചേര്‍ന്ന ചിത്രമായിരിക്കും സാധുമിരണ്ടാന്‍. കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രമായിരിക്കും ഇത്. ....’
തമിഴകത്ത് സിദ്ധിക്കിന്റെ സ്ഥാനം ശ്രദ്ധിച്ചിട്ടുണ്ടോ?
എന്റെ സ്റ്റൈല്‍ ഫ്രണ്ട്സായാലും, ഹിറ്റ്‌ലറിന്റെ തമിഴായ എങ്കള്‍ അണ്ണ ആയാലും ഹ്യൂമര്‍ ടച്ച് തന്നെയായിരുന്നു. ഈ രീതിയില്‍ സിനിമ എടുക്കുന്ന സംവിധായകര്‍ ഇപ്പോള്‍ തമിഴില്‍ ഇല്ല. പണ്ട് ഭാഗ്യരാജ് ഇങ്ങനെ സിനിമ എടുത്തിരുന്നു. അതു കൊണ്ട് എന്റെ എന്‍ട്രന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫ്രണ്ട്സ് തിയേറ്ററില്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ അത് വേണ്ട പോലെ ഉള്‍കൊണ്ടിരുന്നില്ല. ചിത്രം ടിവിയില്‍ വന്നപ്പോഴാണ് അതിന്റെ ആഴം അവര്‍ മനസിലാക്കിയത്. എപ്പോള്‍ കണ്ടാലും ചിരി വരുന്നല്ലോ എന്ന കാര്യം മനസിലാക്കിയത്.
മലയാളത്തിലെ ഹാസ്യതാരങ്ങള്‍ക്ക് പകരം വെക്കാന്‍ അന്യഭാഷകളില്‍ താരങ്ങളുണ്ടോ? അതിന്റെ സംതൃപ്‌തി എങ്ങനെയാണ്?
നല്ല ആര്‍ട്ടിസ്റ്റുകള്‍ എവിടെ ഉണ്ടെങ്കിലും നമുക്ക് സുഖമാണ്. ഫ്രണ്ട്സ് തമിഴില്‍ ചെയ്‌തപ്പോള്‍ വേറെ ഔട്ട് പുട്ടാണ് കിട്ടിയത്. തമിഴില്‍ ചെയ്‌തവര്‍ മലയാളത്തെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. അതാണ് തമിഴ് താരങ്ങള്‍ക്ക് ഐഡന്റിറ്റി ഉണ്ടായത്. ഒരു സബ്‌ജക്റ്റ് തന്നെ ഭാഷ മാറി അവതരിപ്പിക്കുമ്പോള്‍ വ്യത്യസ്‌ത അനുഭൂതി ഉണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. മലയാളത്തില്‍ നിരവധി കോമഡി ഡയലോഗുകള്‍ ചേര്‍ത്തിരുന്നു. ഭാഷ മാറിയപ്പോള്‍ അത് പാടെ ഉപേക്ഷിക്കാന്‍ തയാറായതും ഈ മാറ്റം ആഗ്രഹിച്ചതു കൊണ്ടു മാത്രമാണ്.
എന്തുകൊണ്ടാണ് ഒരു മലയാളചിത്രം സംവിധാനം ചെയ്യണമെന്ന് തോന്നാത്തത്?
മലയാളസിനിമാ അന്തരീക്ഷം അല്‍പ്പം മാറണമെന്നു തോന്നി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ സിനിമാരംഗം ഭയങ്കരമായി മാറിയിട്ടുണ്ട്. മാര്‍ക്കറ്റിങ് ഫീല്‍ഡ് വരെ. വോളിയം ഓഫ് ബിസിനസ് പോലും കൂടി. ഉദാഹരണത്തിന് നമ്മള്‍ക്ക് 3 കോടി വരെ ബിസിനസ് ഉണ്ടായിരുന്ന സമയത്ത് കന്നടയ്ക്ക് ഒന്നര, രണ്ട് കോടി വരെയാണ് മാര്‍ക്കറ്റ് വോളിയം. ഇന്ന് അത് 12 കോടിയായി.
മറ്റു സംസ്ഥാനങ്ങളില്‍ മാര്‍ക്കറ്റ് വലുതായപ്പോള്‍ നമ്മള്‍ ഓരോ ദിവസം കൂടുമ്പോഴും ചെറുതായി വരികയാണ്. സിനിമ ഓടണമെങ്കില്‍ അതു നന്നായാല്‍ മാത്രം പോരാ, പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ അനുയോജ്യമായ വിധം തിയേറ്ററുകളും വേണം. ഇവിടെ ഒരു സൂപ്പര്‍ ഹിറ്റ് ചിത്രം 50 ദിവസം വരെ ‘എ’ സെന്ററില്‍ നിന്നു ഷിഫ്‌റ്റ് ചെയ്യില്ല. പിന്നീട് ‘ബി’ സെന്ററിലേക്ക് പോകുമ്പോഴേക്കും അവിടെ വ്യാജ സി ഡി ഇറങ്ങിയിട്ടുണ്ടാകും. ‘ബി’ സെന്ററുകളില്‍ റിലീസ് വര്‍ദ്ധിപ്പിച്ചാല്‍ ‘എ’ സെന്ററുകളില്‍ കളക്ഷന്‍ കുറയും എന്നാണ് പറയുന്നത്. ‘എ’ സെന്ററുകളിലെ അതേ ടിക്കറ്റ് ‘ബി’ സെന്ററുകളിലും വെക്ക്. പക്ഷേ‘എ’ സെന്ററുകളിലെ അതേ ഫെസിലിറ്റീസ് ‘ബി’ സെന്ററുകളിലും കൊടുക്കണം. ഒരേ സമയം എല്ലാ തിയേറ്ററുകളിലും സിനിമ ഒരു പോലെ ഓടണം. അല്ലാതെ സിനിമയുടെ ബഹുഭൂരിപക്ഷം കളക്ഷനും കള്ളക്കാശുകാര്‍ കൊണ്ടു പോകുകയാണ്.
ശിവാജി ഒരുമിച്ച് കേരളത്തില്‍ റിലീസ് ചെയ്തിരുന്നില്ലെങ്കില്‍ വിതരണക്കാരന് വന്‍ നഷ്‌ടം വന്നേനെ. കോടികള്‍ മുതല്‍മുടക്കി ചിത്രം ഒരുക്കുന്നവര്‍ ചിത്രത്തിന്റെ മാര്‍ക്കറ്റിങ് സൈസ് നന്നായി പഠിക്കേണ്ടതുണ്ട്. കേരളത്തില്‍ ഭൂരിഭാഗവും 40 വര്‍ഷമെങ്കിലും പഴക്കമുള്ള തിയേറ്ററുകളാണ്. 40 വര്‍ഷം മുമ്പ് നിര്‍മിച്ച ഏതെങ്കിലും തുണിക്കട കേരളത്തില്‍ കാണാന്‍ കഴിയുമോ. സിനിമ ഭ്രാന്തായിരുന്ന കാലം ഉണ്ടായിരുന്നു. അതെല്ലാം മാറി. ‘കസ്റ്റമര്‍ കെയര്‍ ’ ഇവിടെയും അത്യാവശ്യമായി മാറിയിരിക്കുകയാണ്. കള്ളുഷാപ് സംസ്‌കാരമാണ് ഇന്ന് തിയേറ്ററില്‍ കാണുന്നത്.

ഇങ്ങനെ ഒരാള്‍ മാറി നില്‍ക്കുന്നതു കൊണ്ട് എല്ലാം മാറുമെന്ന് തോന്നുന്നുണ്ടോ?
എല്ലാം മാറണം. ഞാന്‍ മാറി നിന്നതു കൊണ്ട് ഇവിടെ നല്ല സിനിമകള്‍ ഉണ്ടാകാതെ വരില്ല. ഈ അന്തരീക്ഷത്തില്‍ അസംതൃപ്‌തിയുണ്ട്. ബജറ്റ് ചുരുക്കി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ആ പരിമിതിയില്‍ നിന്ന് ഉണ്ടാക്കുന്ന ചിത്രങ്ങളെ താരത്മ്യപ്പെടുത്തുന്നത് കോടികള്‍ മുടക്കുന്ന തമിഴ് ചിത്രത്തോടും ഡബ്ബ് ചെയ്തു കൊണ്ടു വരുന്ന കന്നട ചിത്രങ്ങളോടുമാണ്. ഒരു കോടി രൂപയ്ക്ക് ഒരുക്കുന്ന ചിത്രങ്ങളെയാണ് 30, 40 കോടി മുടക്കിയ ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്നത്.
പണ്ട് നമ്മള്‍ ആസ്വദിച്ചതും കണ്ടതും കൊച്ചു സിനിമകളായിരുന്നു. ഇന്ന് അതിന്റെ സ്ഥാനം ടി വി സീരിയലുകള്‍ കയ്യടക്കി. അത്തരം ചിത്രങ്ങള്‍ ഇനി തിയേറ്ററില്‍ പോയി പ്രേക്ഷകര്‍ കാണില്ല. വിഷ്വലുകളുടെ പൊലിമയുള്ളതും , പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തുന്നതുമായ ചിത്രങ്ങളിലേക്കാണ് ചിന്തിക്കണ്ടത്. അതിനുള്ള ബജറ്റ് മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയില്‍ ഇല്ല. ഈ ഗുണമേന്മ കണക്കാക്കി പണമിറക്കാനുള്ള നിര്‍മാതാക്കള്‍ നമുക്കുണ്ട്. പക്ഷേ, അതു തിരിച്ചു കിട്ടുമോ എന്ന കാര്യത്തില്‍ പേടിയാണ്. ചിത്രം കളക്‌ട് ചെയ്യും. പക്ഷേ കിട്ടുന്നത് നിര്‍മാതാക്കള്‍ക്ക് അല്ല. ലാഭം പാതിവഴിയില്‍ മോഷ്‌ടിക്കപ്പെടും. അത് ആരും കാണുന്നില്ല.ശക്തരായ ലോബിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഈ ഗവണ്മെന്റ് ആ ശക്തികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഈ നില നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഭാഗ്യമായി.
ഇങ്ങനെ സിനിമയിലെ ‘കോമഡി ’ സംസ്‌കാരത്തോട് യോജിക്കാന്‍ കഴിയുന്നുണ്ടോ?
മലയാള സിനിമയില്‍ ഹ്യൂമറിന്റെ വിവിധ ഭാവങ്ങള്‍ അവതരിപ്പിച്ച സംവിധായകര്‍ ഉണ്ടായിരുന്നു. ശശികുമാര്‍ സാര്‍, ഹരിഹരന്‍ സാര്‍, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍...അതു കഴിഞ്ഞ് ഞങ്ങളും. വളരെ സീരിയസ് ട്രാക്കില്‍ സിനിമ എടുത്തവര്‍ ഹ്യൂമര്‍ ട്രാക്കിലുള്ള ചിത്രങ്ങളേ ഓടൂ എന്നറിഞ്ഞ് ആ നിലയില്‍ സിനിമ എടുക്കാന്‍ തുടങ്ങി. ഞങ്ങളുടെ സിനിമകള്‍ ഞങ്ങളുടെ രീതിയായിരുന്നു. പ്രേക്ഷകര്‍ക്ക് ഇഷ്‌ടമായ രീതി ഞങ്ങള്‍ തെരഞ്ഞെടുത്തതല്ല. തമാശയ്ക്കു വേണ്ടി ഒന്നും ഞങ്ങള്‍ സൃഷ്‌ടിച്ചിട്ടില്ല.
കഥാപാത്രങ്ങളുടെ ക്യാരക്‌ടറൈസേഷനും സിറ്റ്‌വേഷനുമായിരുന്നു പ്രേക്ഷകരെ ചിരിപ്പിച്ചത്. ആ ചിരിയാണ് സിനിമയുടെ വിജയം എന്നു തെറ്റിദ്ധരിച്ച് എല്ലാവരും ചിരിയുടെ പുറകേ പോയി. എന്തും കാണിച്ച് ചിരിപ്പിക്കും എന്ന സ്ഥിതിയായി. ഇങ്ങനെ കാണുമ്പോള്‍ പ്രേക്ഷകര്‍ ഒരു പ്രാവശ്യം ചിരിച്ചെന്നിരിക്കും. വീണ്ടും ചിരിക്കണമെങ്കില്‍ അതു വളരെ നാച്വറല്‍ ആയിരിക്കണം.
ആത്മാര്‍ഥമായ സിനിമാ സമീപനത്തെ തകര്‍ക്കുന്നത് എന്താണ്?
ഇവിടെ സ്ഥായിയായ ചിന്തകള്‍ക്ക് സ്ഥാനമില്ല. എന്റെ ക്രോണിക് ബാച്ചിലറും തിളക്കവും റിലീസ് ചെയ്യാനിരുന്നപ്പോള്‍ തിളക്കത്തിനു വേണ്ടിയാണ് തിയേറ്ററുകാര്‍ പരക്കം പാഞ്ഞത്. ക്രോണിക് ബാച്ചിലറെ പലരും മൈന്‍ഡ് ചെയ്‌തില്ല. മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളെടുത്തയാളാണ് സിദ്ധിഖ് എന്ന് ആരും ഓര്‍ത്തില്ല. മലയാളത്തെ വെറുപ്പിച്ച സംഭവമായിരുന്നു ഇത്. നന്ദിയുടെയും ആത്മാര്‍ഥതയുടെയും കാര്യം ഇവിടെ സംസാരിക്കാത്തതാണ് നല്ലത്.
RELATED PAGES
» Other Interviews
» Movie Index







0 Comments:
Post a Comment
>> CHANNEL HOME >> INDULEKHA HOME