Interview with Thilakan

Thilakan in the movie Chinthamani Kolacase
MORE PICS @ MOVIE GALLERY
“എന്റെ മരണം എന്റെ ആസ്വാദകരുടെ മുന്നിലാവുക എന്നത് ഏറ്റവും വലിയ സൌഭാഗ്യമായി ഞാന്‍ കരുതുന്നു. കാരണം, എന്നെ അറിഞ്ഞതും അംഗീകരിച്ചതും അവര്‍ മാത്രമാണ്.”
“എന്തു സംഭവിച്ചാലും ഞാന്‍ മുന്നോട്ടു പോകും. അത് ഏതച്ഛന്റെ മകന്‍ പാര വച്ചാലും ശരി. കളി, ഈ സുരേന്ദ്രനാഥ തിലകനോടോ?”
“ഇതിലും വലുതൊക്കെ ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളവനാണ് ഞാന്‍. നീതിക്കു നിരക്കാത്ത കാര്യങ്ങള്‍ ആരു ചെയ്താലും അതു മുഖത്തു നോക്കി പറയുക എന്റെ സ്വഭാവമാണ്. അതു കുട്ടിക്കാലത്തേ ഞാന്‍ ശീലിച്ചതാണ്. പക്ഷേ, ഞാനാരുടെയും ചോറില്‍ മണ്ണു വാരിയിട്ടിട്ടില്ല. അങ്ങനെ ചെയ്യുന്നത് ഏറ്റവും വലിയ ദ്രോഹമാണെന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. പക്ഷേ, സിനിമയിലെ പലരും എന്നോട് ചെയ്തത് അതാണ്. അതുകൊണ്ട്, എന്റെ ചോറില്‍ മണ്ണു വാരിയിട്ടവനെയും ഇനിയും അതിനു ശ്രമികുന്നവനെയും ഞാന്‍ കുത്തും. അതു പിറകില്‍ നിന്നാകില്ല, നേര്‍ക്കു നേരെ നിന്നാകും.”
മലയാളത്തിന്റെ മഹാനടന്മാരില്‍ ഒരാളെന്ന് ധൈര്യമായി പറയാവുന്ന തിലകന്റെ വാക്കുകളാണിത്. 71 വര്‍ഷത്തെ ജീവിതാനുഭവങ്ങളും 50 വര്‍ഷത്തെ അഭിനയാനുഭവങ്ങളും പിന്നിടുമ്പോഴും കുനിയാത്ത ശിരസും വളയാത്ത നട്ടെല്ലുമായി ഈ നടന്‍ സംസാരിക്കുന്നു. ചിത്രഭൂമിക്കു വേണ്ടി ഭാനുപ്രക്കാശ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്ന്..
71 വര്‍ഷത്തെ ജീവിതാനുഭവങ്ങള്‍ തിലകന്‍ചേട്ടനെ പഠിപ്പിച്ചതെന്താണ്?
എന്റെ വ്യക്തിജീവിതം ശരിക്കും ഒരു ട്രാജഡിയാണ്. അലച്ചിലിന്റെയും കഷ്‌ടപ്പാടിന്റെയും വേദനയുടെയും അവഗണനയുടെയും പൊള്ളുന്ന ചിത്രങ്ങളാണ് എന്റെ ജീവിതം നിറയെ. സന്തോഷം വളരെ കുറവായിരുന്നു. മനസ് വേദനിക്കുമ്പോഴും പുറമേ ചിരിക്കുകയാണ് ഞാന്‍. ജീവിതം എന്നെ പലവഴിക്കും കൊണ്ടു പോകുകയായിരുന്നു. അല്ല്ലെങ്കില്‍ ജീവിതത്തെ പല രീതിയിലേക്ക് ഞാന്‍ നടത്തിക്കുകയായിരുന്നു. എന്റെ രൂപവും ഭാവവും വച്ച് ഞാനൊരു പരുക്കനാണെന്ന് പലര്‍ക്കും തോന്നാം. എന്റെ കഥാപാത്രങ്ങളില്‍ പലപ്പോഴും നന്മയും ക്രൂരതയും കടന്നുവരും. പക്ഷേ, ജീവിതത്തില്‍ നന്മ മാത്രമേ ഞാന്‍ ചെയ്യാറുള്ളൂ. മറ്റുള്ളവരില്‍ നിന്ന് അതു മാത്രമേ ഞാന്‍ പ്രതീക്ഷിക്കുന്നുള്ളൂ. പലപ്പോഴും തിരിച്ചു കിട്ടിയത് നന്ദികേടും അവഗണനയും മാത്രമാണ്.
വ്യക്തിജീവിതം ഒരു ട്രാജഡിയായിരുന്നുവെന്നു പറഞ്ഞല്ലോ, ഇതിനെ അതിജീവിക്കാന്‍ അഭിനയം എത്രത്തോളം സഹായകമായി?
അഭിനയം എന്ന കല എന്നിലില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, ഞാന്‍ എന്നേ തകര്‍ന്നു പോകുമായിരുന്നു. കഥാപാത്രങ്ങളിലൂടെ ഒരുപാട് ജീവിതങ്ങള്‍ കയറിയിറങ്ങി പോയതു കൊണ്ട് തകര്‍ന്നു പോയ എന്റെ വ്യക്തിജീവിതത്തെ കുറിച്ച് ഞാന്‍ വ്യാകുലപ്പെടാറില്ല. കെട്ടിയാടിയ വേഷങ്ങള്‍ക്കു പിറകില്‍ പലപ്പോഴും ഞാനെന്റെ ജീവിതം കണ്ടിട്ടുണ്ട്. സത്യത്തില്‍ അഭിനയം മാറ്റിനിര്‍ത്തി എനിക്കൊരു ജീവിതമില്ല.
നന്നായി മദ്യപിക്കാറുണ്ടല്ലോ? മറവിയുടെ മരുന്ന് എപ്പോഴെങ്കിലും ഗുണകരമായി തോന്നിയിട്ടുണ്ടോ?
മദ്യം ഒരു പരിഹാരമല്ല. ചെറുപ്പത്തിലേ ശീലിച്ചതാണ്. ഇപ്പോഴും തുടരുന്നു. അസുഖവും ഓപ്പറേഷനും വന്നപ്പോള്‍ നിര്‍ത്തി. അല്ലാതെ പറ്റില്ലല്ലോ. പക്ഷേ, കുടിച്ച് മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന ഒരവസ്ഥയിലേക്ക് ഞാന്‍ ഇന്നു വരെ പോയിട്ടില്ല. അങ്ങനെയുള്ള മഹാന്മാരെയൊക്കെ ഞാനെന്റെ ജീവിതത്തില്‍ എത്രയോ കണ്ടിട്ടുണ്ട്. പിന്നെ, നിങ്ങള്‍ ചോദിച്ച പോലെ മനസിലെ വിഷമം തീര്‍ക്കാന്‍ മദ്യം പരിഹാരമല്ല. അതു നേരിടുക തന്നെ വേണം.
50 വര്‍ഷത്തിലേറെയായല്ലോ കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്കുള്ള ഈ സഞ്ചാരം തുടങ്ങിയിട്ട്. എപ്പോഴെങ്കിലും ഒരു റിട്ടയര്‍മെന്റ് വേണമെന്ന് തോന്നിയിട്ടുണ്ടോ?
എന്റെ അഭയവും ആശ്വാസവും അഭിനയമാണ്. എന്നെ ജനത്തിന് ആവശ്യമുള്ളിടത്തോളം കാലം ഞാനഭിനയിക്കും. ‘ഇനി തിലകന്‍ വേണ്ട’ എന്ന് എപ്പോള്‍ പ്രേക്ഷകര്‍ പറയുന്നോ അപ്പോള്‍ ഞാനെന്റെ അഭിനയജീവിതം അവസാനിപ്പിക്കും. ഇതു പറയാനുള്ള അവകാശം ഇവിടുത്തെ പ്രേക്ഷകര്‍ക്കാണ്. കാരണം, എന്നെ അറിഞ്ഞതും അംഗീകരിച്ചതും അവരാണ്.

അമ്പതാണ്ടിന്റെ അഭിനയസപര്യയ്ക്ക് അര്‍ഹിക്കുന്ന ആദരം ലഭിച്ചില്ല എന്ന എന്നെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
അതു ഞാന്‍ പറയുന്നതല്ല ശരി. എനിക്കങ്ങനെ തോന്നിയിട്ടുമില്ല. അവാര്‍ഡുകളോ പ്രശംസകളോ ഒരിക്കലും എന്നെ പ്രലോഭിപ്പിച്ചിട്ടില്ല. എന്റെ കര്‍മം നടനമായിരുന്നു. അതു എന്റേതായ രീതിയില്‍ രൂപം കൊടുത്ത് സത്യസന്ധമായിത്തന്നെ അവതരിപ്പിച്ചു. അതിനുള്ള അംഗീകാരം പല വട്ടം എനിക്കു ലഭിക്കുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും എനിക്കു ലഭിക്കേണ്ട അവാര്‍ഡുകള്‍ തട്ടിത്തെറിപ്പിച്ചപ്പോഴും ഞാന്‍ വേദനിച്ചിട്ടില്ല. എന്റെ കലാജീവിതത്തിന്റെ നിറവായി ഞാന്‍ കാണുന്നത് എന്റെ കഥാപാത്രങ്ങളാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് കടന്നു വന്ന എനിക്ക് ഇവിടെ വരെ എത്താനായില്ലേ? അതു മതി.
ഈശ്വരവിശ്വാസിയല്ല എന്നു കേട്ടിട്ടുണ്ട്. കടുത്ത ജീവിതാനുഭവങ്ങളുണ്ടായിട്ടും ദൈവചിന്ത മനസ്സിലേക്കു കടന്നു വന്നിട്ടില്ലേ?
ഞാന്‍ വിശ്വസിക്കുന്നത് മനുഷ്യനന്മയിലാണ്. മനുഷ്യന്റെ കഷ്ടപ്പാടുകള്‍ കാണാനും പരിഹരിക്കാനും കഴിയുക നല്ല മനുഷ്യര്‍ക്കാണ്. അവരിലെപ്പോഴും ദൈവമുണ്ടാകും. ഞാന്‍ പട്ടിണി കിടന്നപ്പോള്‍ ഭക്ഷണം തന്നവര്‍ എനിക്കു ദൈവങ്ങളാണ്. നമ്മുടെ മുന്നിലുള്ള കഷ്ടപ്പാടുകള്‍ക്കും ദുരിതങ്ങള്‍ക്കും മുന്നില്‍ കണ്ണടയ്ക്കുന്നവരില്‍ നല്ല മനുഷ്യരുണ്ടാകില്ല, സ്വാര്‍ഥന്മാരേ ഉണ്ടാവുകയുള്ളു. എന്റെ ദൈവം എന്റെ മനസ്സാണ്. മനസാക്ഷിയെ വഞ്ചിച്ചുള്ള ഒരു പ്രവൃത്തിയും ഞാന്‍ ചെയ്യാറില്ല.
ജീവിതത്തില്‍ ഒരിക്കലും അമ്പലത്തില്‍ പോയി പ്രാര്‍ഥിച്ചിട്ടില്ലേ?
സിനിമയ്ക്കു വേണ്ടി അമ്പലത്തിലും പള്ളിയിലുമൊക്കെ കയറി പ്രാര്‍ഥിക്കുന്നതായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ, ജീവിതത്തില്‍ ഉണ്ടായിട്ടില്ല. പിന്നെ, കുട്ടിക്കാലത്ത് വല്യച്ഛനൊപ്പം അമ്പലത്തില്‍ പോയ ഒരു ഓര്‍മയുണ്ട്. വല്യച്ഛന്‍ നിര്‍ബന്ധിച്ച് കൊണ്ടുപോയി പ്രാര്‍ത്ഥിപ്പിച്ചതാണ്. ‘പരീക്ഷയ്ക്ക് ജയിക്കണമെന്ന് പ്രാര്‍ത്ഥിക്കെടാ’ എന്ന് പറയും. അന്നേ എനിക്കതില്‍ വിശ്വാസമില്ല. ദൈവം പരീക്ഷ ജയിപ്പിക്കുമെങ്കില്‍ പിന്നെ ഞാന്‍ പഠിക്കേണ്ട കാര്യമുണ്ടോ? ആ വര്‍ഷം ഭംഗിയായി തോറ്റു. പിന്നീട് സങ്കടങ്ങള്‍ പറയാന്‍ ഞാന്‍ അമ്പലത്തില്‍ പോയിട്ടില്ല.
ഇന്ന് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് ഭക്തിയുടെ പേരിലാണ്. ആള്‍ദൈവങ്ങളുറ്റെ കൂത്തരങ്ങായി നമ്മുടെ കേരളം മാറിയില്ലേ? എത്രയെത്ര അമ്മമാരും സ്വാമിമാരുമാണ് കേരളത്തിലുള്ളത്. നിങ്ങള്‍ക്കറിയാമോ, എനിക്ക് ഒരു ലക്ഷം രൂപ തരാനുള്ള ഒരു സംവിധായകന്‍ ഇന്ന് ആള്‍ദൈവമാണ്. 6 വണ്ടിച്ചെക്കുകള്‍ തന്ന് എന്നെ പറ്റിച്ചവനാണ്. ഇങ്ങനെയുള്ളവരെ പൂജിക്കാനാണ് കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ ഓടുന്നത്.
ഒരര്‍ത്ഥത്തില്‍, സിനിമയിലെ താരാരാധനയും ഇതില്‍ നിന്നു വ്യത്യസ്തമല്ലല്ലോ?
വലിയ വ്യത്യാസമൊന്നുമില്ല. തമിഴ്‌നാട്ടിലേക്കാള്‍ കേരളത്തില്‍ ഇതു കുറവാണെന്നു മാത്രം. ഞാന്‍ ചോദിക്കട്ടെ, എന്തിനാണ് ഈ താരവിഗ്രഹങ്ങള്‍? നല സിനിമ ഉണ്ടാകാന്‍ നല്ല ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായാല്‍ മതി. താരങ്ങളോ സൂപ്പര്‍ താരങ്ങളോ ആവശ്യമില്ല. കഴിഞ്ഞ പത്തു മുപ്പതു വര്‍ഷമായി മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന താരവിഗ്രഹങ്ങളുണ്ടല്ലോ, അതാണ് ആദ്യം തകരേണ്ടത്. നമ്മുടെ സിനിമയ്ക്കുണ്ടാകുന്ന യഥാര്‍ഥ പ്രതിസന്ധി പോലും ഈ താരവിഗ്രഹങ്ങളാണ്.
RELATED PAGES
» Thilakan Gallery
» Other Interviews
» Movie Page Index




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME