SPiCE most viewed videos in indulekha
 

Interview With Makeup Man M O Devasia

പ്രഗത്ഭ മേക്കപ്‌ മാന്‍ എം ഒ ദേവസ്യയുമായി ചിത്രഭൂമിക്കു വേണ്ടി ടി എസ് പ്രതീഷ് സംസാരിക്കുന്നു.

ചെന്നൈ. വത്സരവാക്കത്തിലെ അണ്ണാതെരേസാ സ്‌ട്രീറ്റിലൂടെ ദേവസ്യയുടെ വീട് അന്വേഷിക്കുമ്പോള്‍ മനസില്‍ അച്ചായന്റെ പൊട്ടിച്ചിരിക്കുന്ന മുഖമായിരുന്നു. ഇന്ദിരാ നഗറിലെ വീടിന്റെ ഗോവണി കയറിച്ചെന്ന് ദേവസ്യാച്ചായനെ കണ്ടപ്പോള്‍ ഒരു നിമിഷം അച്ചായന്‍ തന്നെയോയെന്ന് സംശയിച്ചു പോയി. അത്രയേറെ മാറിയിരിക്കുന്നു. 2007 ജനുവരിയില്‍ എറണാകുളത്തു കണ്ട ഊര്‍ജസ്വലനായ ആളേയല്ല. ചിരിയെല്ലാം മാഞ്ഞ്, കണ്ണുകളില്‍ വിഷാദച്‌ഛായ നിറഞ്ഞ ഒരു ശോഷിച്ച ശരീരം. പ്രമേഹം അദ്ദേഹത്തിന്റെ ശരീ‍രത്തെ ഒന്നാകെ തളര്‍ത്തിയിരിക്കുകയാണ്. പരസഹായമില്ലാതെ അച്ചായന് കട്ടിലില്‍ നിന്ന് അനങ്ങാന്‍ പോലും കഴിയില്ല.

മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് ദേവസ്യയുടെ ഭാര്യ കുട്ടിയമ്മ ഈ ലോകത്തോട് യാത്ര പറഞ്ഞത്. പ്രമേഹം മൂര്‍ച്‌ഛിച്ചപ്പോള്‍ അവരെ മരണം കവര്‍ന്നെടുക്കുകയായിരുന്നു. ദേവസ്യാച്ചായനും അവരും ഒരേ ആശുപത്രിയില്‍ പ്രമേഹത്തിന് ചികിത്സ തേടുമ്പോഴാണ് അത്. അച്ചായന്‍ ആശുപത്രി വിട്ട് വീട്ടിലെത്തിയിട്ട് അധികനാളായിട്ടില്ല.

‘ആശുപത്രിയില്‍ മമ്മൂട്ടിയൊക്കെ വന്നിരുന്നു. സിനിമാരംഗത്തെ പലരും വിളിച്ചിരുന്നു.’ പതിഞ്ഞ സ്വരത്തില്‍ അച്ചായന്‍ പറഞ്ഞു.

മമ്മൂട്ടിയിപ്പോള്‍ പഴശിരാജായുടെ ഷൂട്ടിങിന് ചെന്നൈയിലെത്തിയിട്ടുണ്ടല്ലോ?
ഉവ്വ്. വിളിച്ചിരുന്നു. കുറച്ചു ദിവസം ഇവിടെയുണ്ടെന്ന് പറഞ്ഞു.

ജോര്‍ജ് വന്നില്ലേ?
അവനിപ്പോ എറണാകുളത്തല്ലേ താമസിക്കുന്നത്. ഷൂട്ടിങ്ങിന്റെ തിരക്കിനിടെ വല്ലപ്പോഴും മാത്രമേ ചെന്നൈയിലേക്ക് വരാറുള്ളൂ. കുറച്ചു ദിവസം മുമ്പ് വന്നിരുന്നു. ഞാനൊക്കെ സെറ്റില്‍ പോകുന്ന സമയത്തും വല്ലപ്പോഴുമാണ് വീടെത്താന്‍ കഴിഞ്ഞിരുന്നത്. ഒരു സിനിമ കഴിഞ്ഞ് അടുത്ത സെറ്റിലേക്ക് പോവുകയല്ലേ?
(
എം ഒ ദേവസ്യയുടെ മകന്‍ ജോര്‍ജ് മമ്മൂട്ടിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാനാണ്.)

40 വര്‍ഷത്തിലേറെ സിനിമാരംഗത്ത് പ്രവര്‍ത്തിച്ചില്ലേ. ഇപ്പോള്‍ റിട്ടയര്‍മെന്റ് ലൈഫായി തോന്നുന്നുണ്ടോ?
1200ലേറെ സിനിമ ചെയ്തു കാണും. എനിക്ക് ഇനിയും വര്‍ക്ക് ചെയ്യണമെന്നുണ്ട്. മരണം വരെ മേക്കപ്പ്മാന്റെ ജോലി ചെയ്യാന്‍ കഴിയണമെന്നൊരു പ്രാര്‍ഥനയേയുള്ളൂ.

മണിയുടെ ‘പായും
പുലി ’യല്ലേ ഒടുവില്‍ ചെയ്‌തത്?
അതെ. അപ്പോഴാണ് നമ്മള്‍ എറണാകുളത്തു കണ്ടത്. അതിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് ചെന്നൈയിലെത്തി കുറച്ചു കഴിഞ്ഞപ്പോഴാണ് ഷുഗര്‍ കൂടുതലായത്.

മുമ്പ് സെറ്റിലൊക്കെ എന്തും തുറന്നു പറയാനുള്ള ധൈര്യം കാണിച്ചിരുന്നില്ലേ?
കുറച്ച് കഴിഞ്ഞപ്പോള്‍ അതൊക്കെ ഞാന്‍ മാറ്റി. ആളും തരവും നോക്കിയായി സംസാരം. പലതും തുറന്നു പറയുന്നതു കൊണ്ട് ചില്ലറ ദോഷങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്.

കുറെ ആളുകള്‍ക്ക് മെയ്‌ക്കപ്പിട്ട ആളല്ലേ. അവരുടെയൊക്കെ ഇപ്പോഴത്തെ സമീപനം.
സീമയുമായി ഇപ്പോഴും നല്ല സൌഹൃദമാണ്. അവരോട് എല്ലാം തുറന്നു പറയും. സീമ വെറും സിനിമാക്കാരിയല്ല. വ്യക്തിബന്ധങ്ങള്‍ക്ക് ഒരുപാട് പ്രാധാന്യം കൊടുക്കും. ഐ. വി ശശി -സീമ വിവാഹത്തിന് എല്ലാ സപ്പോര്‍ട്ടും നല്‍കിയത് ഞാ‍നായിരുന്നു.

ഐ. വി. ശശി ചിത്രങ്ങള്‍ക്കല്ലേ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത്?
ശശിയുടെ പടത്തില്‍ ഡിസ്‌ക്കഷനു വരെ ഞാന്‍ ഇരിക്കാറുണ്ടായിരുന്നു. മേക്കപ്പ് മാന് ഒരുപാട് സ്വാതന്ത്ര്യം നല്‍കുമായിരുന്നു. അദ്ദേഹത്തിന്റെ 90ലേറെ ചിത്രങ്ങള്‍ക്ക് മേക്കപ്പ് ചെയ്‌തിട്ടുണ്ട്. ഞാന്‍ ഹോസ്‌പിറ്റലില്‍ കിടന്നപ്പോള്‍ സീമയും ശശിയും വന്നിരുന്നു.

സിനിമാലോകത്ത് എത്തിയതെങ്ങനെ?
കുഞ്ഞിലെ സിനിമ ഇഷ്‌ടമാണ്. ഒരിക്കല്‍ സിനിമ കാണാന്‍ പോയതിന് അച്‌ഛന്‍ തൂണില്‍ കെട്ടിയിട്ട് തല്ലി. ഓരോ അടി കൊള്ളുമ്പോഴും സിനിമാക്കാരനാകാനുള്ള മോഹമേറി വന്നു. അങ്ങനെ ഒരു ദിവസം ഒളിച്ചോടി. രണ്ടു ദിവസത്തെ ശ്രമത്തിനൊടുവില്‍ ഉദയാ സ്റ്റുഡിയോയുടെ അകത്തു കയറിപ്പറ്റി. അപ്പച്ചന്‍ നിനക്ക് എന്തു പഠിക്കണമെന്നു ചോദിച്ചു. ഉടനെ മേക്കപ്പ് എന്നു പറഞ്ഞു. അവിടെ പിന്നെ ഒരു ജോലി ചെയ്‌താല്‍ പോരാ, എല്ലാ കാര്യങ്ങളും ചെയ്യണം.

ആരുടെ അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം?
വേലപ്പന്‍ നായരുടെ. അങ്ങേര്‍ അന്നു പ്രശസ്‌തനാണ്. അപ്പച്ചന്‍ എന്നെ പരിചയപ്പെടുത്തി കൊടുത്തപ്പോള്‍ തന്നെ ആശാന്‍ നയാപൈസ പ്രതീക്ഷിക്കേണ്ടന്നു പറഞ്ഞു. ശമ്പളമില്ലാത്ത ജോലി. വീട്ടിലെത്തിയാല്‍ അടിച്ചോടിക്കും. അന്നു ഞാന്‍ കല്യാണം കഴിച്ചിരുന്നു. രാത്രി വളരെയിരുട്ടി വീട്ടിലെത്തി ഭാര്യയെ വിളിച്ചുണര്‍ത്തും. എന്തെങ്കിലുമുണ്ടെങ്കില്‍ കഴിക്കും. അവളുടെ കാലു പിടിച്ച് വളയോ മോതിരമോ തരപ്പെടുത്തി വരും. പിന്നീട് 3 കൊല്ലം കഴിഞ്ഞപ്പോഴാണ് 30 രൂപ ശമ്പളക്കാരനാ‍യത്.

എന്നെ സഹിച്ചതിന് അവള്‍ക്ക് ഗോള്‍ഡ് മെഡല്‍ കൊടുക്കണം. ഞാനൊളിച്ചു പോയ കാലത്ത് ഇനി വരില്ലെന്നും വേറെ കെട്ടെന്നുമൊക്കെ പലരും പറഞ്ഞു. അവള്‍ സഹിച്ചിരുന്നു. ഒരിക്കലും ഒരു പരിഭവവുമുണ്ടായിരുന്നില്ല.

ആദ്യമായി ആര്‍ക്കാണ് മേയ്‌ക്കപ്പിട്ടത്?
തിക്കുറിശിക്ക്. കഴുവേറീടെ മോനെ നീ നന്നായി വരട്ടെയെന്ന് അദ്ദേഹം അനുഗ്രഹിച്ചു. ആ അനുഗ്രഹം ഒട്ടും മോശമായില്ല.

പ്രൊഡ്യൂസര്‍ വരെ ആയല്ലോ?
ആറു സിനിമ നിര്‍മിച്ചു. നാത്തൂന്‍, പടക്കുതിര, മകരവിളക്ക്, ജന്മശത്രു തുടങ്ങി 6 ചിത്രങ്ങള്‍ സ്വന്തമായി പ്രൊഡ്യൂസ് ചെയ്‌തു. മൂത്തമകന്‍ തങ്കച്ചനുമായി ചേര്‍ന്ന് ഗാന്ധാരി, നെപ്പോളിയന്‍, രാജകീയം എന്നീ ചിത്രങ്ങളുടെ
പ്രൊഡ്യൂസറായി.

മകന്‍ ജോര്‍ജിനെ മേയ്‌ക്കപ്പ് രംഗത്തേക്ക് കൊണ്ടു വരാന്‍ കാരണം?
അവന്‍ പഠിപ്പു നിര്‍ത്തി വീട്ടിലിരുന്നപ്പോള്‍ ഭാര്യ പറഞ്ഞു ഇവനെയും കൂടെ കൊണ്ടു പോകാന്‍. ഒരു സെറ്റില്‍ വച്ച് അവനെ കൂടെ അയക്കാമോയെന്ന് മമ്മൂട്ടി ചോദിച്ചപ്പോള്‍ സമ്മതിച്ചു. അന്ന് അയച്ചില്ലായിരുന്നെങ്കില്‍ മണ്ടത്തരമായേനെ. ഇന്നൊരു സഹോദരനെ പോലെയാണ് മമ്മൂട്ടിക്ക് അവന്‍. ഞാന്‍ ഒരിക്കല്‍ ആശുപത്രിയിലായപ്പോള്‍ അവന്‍ മുംബൈയില്‍ അംബേദ്‌കറിന്റെ സെറ്റിലായിരുന്നു. 200 കി.മി അകലെയുള്ള സെറ്റില്‍ നിന്ന് മമ്മൂട്ടി അവനെ കാറില്‍ മുംബൈയിലെത്തിച്ച് വിമാനത്തില്‍ കയറ്റിയാണ് ഇവിടെ എത്തിച്ചത്.

ഏതെങ്കിലും സിനിമാതാരത്തെ ആരാധിച്ചിരുന്നോ?
സത്യന്‍ മാഷോട് വലിയ ആരാധനയായിരുന്നു. അദ്ദേഹം സിനിമാക്കാരനല്ല. നമ്മള്‍ റോഡിലൂടെ നടന്നു പോവുകയാണെങ്കില്‍ വിളിച്ച് കാറില്‍ കയറ്റും. ഭക്ഷണം കഴിച്ചിട്ടുണ്ടെന്നു പറഞ്ഞാലും വീട്ടില്‍ കൊണ്ടുപോയി നല്ല ശാപ്പാട് തരും. തിരികെ വരുമ്പോള്‍ 5 രൂപയും തരും. അന്നത്തെ 5 രൂപ ഇന്നത്തെ വലിയ തുകയാണ്. എല്ലാ കാര്യത്തിലും കൃത്യനിഷ്‌ഠ വേണം, അച്ചടക്കം വേണം എന്നൊക്കെ ഉപദേശിക്കുമായിരുന്നു.

ജീവിതം ഒരു ഹൈറേഞ്ച് റൂട്ടാണ്. നന്നായി ഡ്രൈവ് ചെയ്‌താല്‍ മാത്രമേ അങ്ങോട്ട് ഓടിച്ചു കയറാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. അങ്ങനെയൊരാള്‍ മലയാള സിനിമയില്‍ പിന്നീട് ഉണ്ടായിട്ടില്ല. പുള്ളി അധ്യാ‍പകനായിരുന്നു, പോലീസായിരുന്നു, എല്ലാമെല്ലാമായിരുന്നു.

രജനീകാന്തിന്റെ പേഴ്‌സണല്‍ മേക്കപ്പ്മാനായിരുന്നില്ലേ?
കുറേക്കാലം അദ്ദേഹത്തിന്റെ കൂടെ നിന്നു. വിനയമാണ് രജനിയെ മറ്റു നടന്മാരില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. എല്ലാവരേയും ബഹുമാനിക്കുന്ന പ്രകൃതം. സേതുമാധവന്‍ സാറിന്റെ സെറ്റിലാണ് പേടിയോടെ വര്‍ക്ക് ചെയ്‌തത്. ഒരു ക്ലാസ് റൂമിന്റെ പ്രതീതിയാണ് സെറ്റിന്. താരങ്ങളും ടെക്‌നീഷ്യന്മാരും വളരെ അച്ചടക്കത്തോടെയെ പ്രവര്‍ത്തിക്കൂ.

മമ്മൂട്ടി, മോഹന്‍ ലാല്‍ എന്നിവരെ അവരുടെ തുടക്കം മുതല്‍ അറിയാമല്ലോ. അവരെ കുറിച്ചുള്ള അഭിപ്രായം?
താരങ്ങളാകുന്നതിനു മുമ്പും ഇപ്പോഴും എന്നോട് ഇരുവരും ഒരേ പോലെയാണ് പെരുമാറുന്നത്.
ഞാന്‍ ഹോസ്‌പിറ്റലില്‍ കിടന്നപ്പോള്‍ ലാലും വിളിച്ചിരുന്നു. മമ്മൂട്ടി ഇഷ്‌ടമില്ലാത്ത കാര്യങ്ങള്‍ കണ്ടാല്‍ അപ്പോള്‍ പ്രതികരിക്കും. ലാല്‍ എല്ലാം മനസില്‍ വെക്കും.

സിനിമയില്‍ എത്തിയില്ലെങ്കില്‍ എന്താകുമായിരുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ?
കുട്ടനാട്ടിലെ വള്ളമൂന്നുകാരനോ, കോഴിമുട്ടക്കച്ചവടക്കാരനോ. അതിനു മുകളിലേക്ക് എന്തായാലും വരില്ലെന്ന് തോന്നാറുണ്ട്.

ചെന്നൈ നഗരം വിട്ടുപോകാന്‍ എപ്പോഴെങ്കിലും തോന്നിയിരുന്നോ?
ഒരിക്കലുമില്ല. കാരണം സിനിമയില്ലെങ്കിലും ജോലിയില്ലെങ്കിലും ഇവിടെ കഴിയാം. ആരും നമ്മുടെ കാര്യത്തില്‍ ഇടപെടില്ല. 10 രൂപയുണ്ടെങ്കിലും 1000 രൂപയുണ്ടെങ്കിലും സുഖമായി കഴിയാം. നാട്ടില്‍ അതു നടക്കില്ല.
ചെന്നൈ നഗരത്തോട് വല്ലാത്തൊരു അടുപ്പമാണ്.

പഴയ സിനിമാരംഗവും പുതിയ
സിനിമാരംഗവും താരതമ്യം ചെയ്യുമ്പോള്‍?
അന്ന് നടന്മാര്‍ പ്രതിഫലം മോഹിച്ചല്ല അഭിനയിച്ചത്. പ്രതിഫലത്തിലൊന്നും കര്‍ക്കശബുദ്‌ധിയില്ല. ഇന്ന് നടന്മാര്‍ ആദ്യം ആവശ്യപ്പെടുന്നത് പണമാണ്. അന്നത്തെ സെറ്റപ്പാണ് നല്ലത്.

(സംസാരത്തിനിടെ ക്ഷീണം കാരണം അച്ചായന്‍ ചെറിയൊരു മയക്കത്തിലേക്ക് വഴുതി വീഴുന്നു.
) ‘അടുത്ത ഏതെങ്കിലും സെറ്റില്‍ നമ്മുക്ക് കാണാം. ഞാന്‍ ഇവിടെ നിന്ന് എഴുന്നേറ്റ് വരും ’ അച്ചായന്‍ ഉറപ്പു നല്‍കി. അച്ചായന്റെ ദൃഡനിശ്ചയം അദ്ദേഹത്തെ വീണ്ടും സിനിമാസെറ്റുകളില്‍ എത്തിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

READ MORE in chithrabhumi film magazine. Makeup man M O Devasya interviewed. there are film industry news, movie location reports,exclusive photoshoots, top 10 cinema, theatre graph, industry rating, talkies, film songs, news updates, newly released movies, tributes to movie masters, news features, discussions, open forum, film bazar, quotes of the movie people, history of malayalam cinema, cartoons,reporters' diary, noice column by premchand and more.


RELATED PAGES
» Beyond The Screen
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger