INTERVIEW: Lakshmi Roy

MORE Lakshmi Roy
@ EDITOR'S CHOICE
“നിങ്ങളുടെ മീരാജാസ്മിന്റെ ഫാനാണ് ഞാന്‍! മീര.... കാണുമ്പോള്‍ തന്നെ നോട്ടിയാണ്. ആ മുഖത്ത് വ്യത്യസ്‌ത വികാരങ്ങള്‍ പൂ പോലെ വിരിഞ്ഞ് മറയുന്നത് കാണാം. അഭിനയത്തിന്റെ അനുകരണീയമല്ലാത്ത റേഞ്ചാണ് ആ നടിക്കുള്ളത്.
റോക്ക് ആന്‍ഡ് റോള്‍ എന്ന പുതിയ രഞ്‌ജിത് ചിത്രത്തിലെ നായിക ലക്ഷ്മി റോയ് ആണ് മീര ജാസ്‌മിന്റെ ആ ആരാധിക. ചിത്രഭൂമിയുടെ ബൈജു പി സെന്‍ ലക്ഷ്‌മിയുമായി സംസാരിച്ചപ്പോള്‍.
‘എന്റെ സിനിമാപ്രവേശം ഒരു നിയോഗം പോലെയായിരുന്നു. ബാംഗ്ലൂരിലായിരുന്നു ജനിച്ചതും പഠിച്ചതുമെല്ലാം. അച്ഛന്റെ ബിസിനസിനായി ഞങ്ങള്‍ ബാംഗ്ലൂരില്‍ നിന്ന് ബല്‍ഗാമിലേക്ക് താമസം മാറ്റി. മോഡലിങ്ങില്‍ നിന്നാണ് ഞാന്‍ സിനിമയില്‍ എത്തിയത്. രണ്ടു തവണ മിസ് കര്‍ണാടകയായും ഒരു തവണ മിസ് ബല്‍ഗാം പട്ടവും കിട്ടി. ’
ആദ്യ ചിത്രം ഏതു ഭാഷയിലായിരുന്നു?
കന്നടഫിലിം വാല്‍മീകി. അന്ന് കൊച്ചുകുട്ടിയായിരുന്നു.
പഠനം ഉപേക്ഷിക്കേണ്ടി വന്നോ?
സത്യം പറഞ്ഞാല്‍ ആ കാര്യത്തില്‍ അല്പം ബ്രേക്കാണ്. പത്താം ക്ലാസിനു ശേഷം മോഡലിങ്. പിന്നെ പ്ലസ് ടു. തുടര്‍ന്നു സിനിമയും.
കന്നടത്തില്‍ നിന്ന് തമിഴിലേക്ക് വന്നത്?
ആദ്യ ചിത്രത്തില്‍ ശ്രദ്ധേയയായതോടെ നിരവധി അവസരങ്ങളായി. തമിഴിലേക്കും ക്ഷണം കിട്ടി. അങ്ങനെയാണ് ആര്‍. ബി. ഉദയകുമാര്‍ സംവിധാനം ചെയ്ത ‘കര്‍ക്കസ കസട’യില്‍ നായികയായത്. തുടര്‍ന്ന് ‘ധര്‍മപുരി’, ‘ഗുണ്ടക മണ്ടക’, പുതിയ തമിഴ് ചിത്രമായ വിജയം രവിയുടെ ധാം ധൂം.
ധാം ധൂമില്‍ മലയാളത്തിലെ ജയറാമും ഉണ്ടല്ലോ?
ഉവ്വ്. ജയറാം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ചിരി അടക്കാനാവുന്നില്ല. ജയറാം സെറ്റിലുണ്ടെങ്കില്‍ രാവിലെ മുതല്‍ വൈകുന്നേരം പാക്കപ്പ് വരെ സമയം പോകുന്നത് അറിയാറില്ല. Such a funny artist!
മലയാള സിനിമയെക്കുറിച്ച് കേട്ടിട്ടുണ്ടോ?
ഏറെ വ്യത്യസ്തത നിറഞ്ഞ ഇന്‍ഡസ്‌ട്രിയാണ് മലയാളം. നല്ല കഥാകൃത്തുക്കളും സംവിധായകരും അഭിനേതാക്കളും ഇവിടെയുണ്ട്. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് വിലയേറിയ അനുഭവപരിചയമാണ് മലയാളം സമ്മാനിക്കുക. മലയാളത്തില്‍ അഭിനയിച്ചാല്‍ ഏതു ഭാഷയിലെ അഭിനയവും എളുപ്പമാണ്. സൌത്ത് ഇന്ത്യയില്‍ അറിയപ്പെടുന്ന നായികനിര ശ്രദ്ധിച്ചാല്‍ മതി. അസിന്‍, നയന്‍താര, ഭാവന, ഗോപിക എല്ലാവരും ഇവിടെ പയറ്റിത്തെളിഞ്ഞവരല്ലേ. മലയാളത്തില്‍ ലാല്‍സാറിന്റെ നരസിംഹവും മിസ്റ്റര്‍ ബ്രഹ്മചാരിയും ഞാന്‍ കണ്ടിട്ടുണ്ട്.
ഞങ്ങളുടെ ലാലേട്ടന്‍ എങ്ങനെ?
അനുഗൃഹീത കലാകാരനല്ലേ. ആദ്യം അല്പം പേടി ഉണ്ടായിരുന്നു. പക്ഷേ, ഇത്രയും സപ്പോര്‍ട്ടീവായ താരത്തെ ഞാന്‍ പരിചയപ്പെട്ടിട്ടില്ല. Really Lovely.

കേരളത്തില്‍ മുന്‍പ് വന്നിട്ടുണ്ടോ?
ഒരു കന്നട ചിത്രത്തിന്റെ വര്‍ക്കിനു വേണ്ടി പാലക്കാട് വന്നിട്ടുണ്ട്. ബല്‍ഗാം പോലെ സുന്ദരമായ സ്ഥലം. ഈ തിരക്കു മാറിയാല്‍ ഞാന്‍ ഒരു മാസം കേരളത്തില്‍ താമസിക്കാന്‍ വരും.
മമ്മൂട്ടിയെ പരിചയമുണ്ടോ?
കേട്ടിട്ടുണ്ട്. മമ്മൂക്കയുടെ ഒന്നു രണ്ടു ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നു. പക്ഷേ, ഒരു മാസത്തില്‍ കൂടുതല്‍ ഡേറ്റ് ആവശ്യപ്പെട്ടതുകൊണ്ട് ഉപേക്ഷിക്കേണ്ടി വന്നു.
മലയാളം ഡയലോഗുകള്‍ വഴക്കിയെടുക്കാന്‍ കഴിഞ്ഞോ?
എനിക്കു തോന്നുന്നത് നാവ് ഏറെ വളച്ച് സംസാരിക്കേണ്ട ഭാഷയാണ് മലയാളം. നിരവധി മലയാളി സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവരെല്ലാം മലയാളം ചടപടാ പറയുന്നത് ഞാന്‍ വിസ്മയത്തോടെ നോക്കി നിന്നിട്ടുണ്ട്. ഷോട്ടിനു വേണ്ടി ഞാന്‍ മലയാളം പറയുന്നുണ്ട്. എന്നാലും എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, എങ്ങനെയാണ് ഞാന്‍ മലയാളം സംസാരിക്കുന്നതെന്ന്.
ഒരു താരമെന്ന നിലയില്‍ ആരൊക്കെയാണ് ഏറെ സപ്പോര്‍ട്ട് ചെയ്യുന്നത് ?
അച്ഛന്‍, അമ്മ..... പിന്നെ എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍. ഓരോ ചിത്രത്തിലേയും തെറ്റുകള്‍ തിരുത്താന്‍ അച്ഛന്‍ തരുന്ന നിര്‍ദേശങ്ങള്‍ സഹായകമാകാറുണ്ട്.
ഹോബീസ് ?
ഡാന്‍സ്, സ്വിമ്മിങ്, ചാറ്റിങ്
ഡാന്‍സ് പഠിച്ചിട്ടുണ്ടോ?
ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിട്ടില്ല. പക്ഷേ നിരവധി സ്റ്റേജ് ഷോകളില്‍ ഡാന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. പ്രസിദ്ധ കോറിയോഗ്രാഫര്‍ വൃന്ദ എന്റെ അടുത്ത സുഹൃത്താണ്. ആ സൌഹൃദത്തിന്റെ മാജിക്കിലാണ് എന്റെ ചിത്രങ്ങളിലെ ഡാന്‍സുകള്‍ ഞാന്‍ മറികടക്കുന്നത്.
ഐശ്വര്യാ റായിയുമായി എന്തെങ്കിലും ബന്ധമുണ്ടോ?
ആരാധികയാണ്. പേരിലെ സാമ്യം കൊണ്ട് പലരും ചോദിക്കും. നോ കണക്ഷന്‍. I am coming from the 'Roy' family.
RELATED PAGES
» Ranjith on Rock N Roll
» Beyond The Screen
» Movie Index




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME