Favourite Films: Sathyan Anthikad
Photo Courtesy: Vijay George
ഗ്രാമീണചിത്രങ്ങളുടെ സംവിധായകന്‍ എന്ന് മാധ്യമങ്ങള്‍ സത്യന്‍ അന്തിക്കാടിനെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ കണ്ണില്‍ കേരളത്തിന്റെ ഗ്രാമീണചിഹ്നങ്ങള്‍ ഏറ്റവും നന്നായി പകര്‍ത്തിയ മലയാള സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണനാണ്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മലയാള സിനിമകളില്‍ ഒന്നാമതു വരുന്നതും അടൂരിന്റെ ചിത്രം തന്നെ. ഇതാ സത്യന്‍ അന്തിക്കാടിന്റെ പ്രിയപ്പെട്ട 10 മലയാള സിനിമകള്‍.1. കൊടിയേറ്റം: അടൂര്‍ ഗോപാലകൃഷ്‌ണന്‍
കേരളത്തിലെ ഗ്രാമീണതയെ ഏറ്റവും നന്നായി നിരീക്ഷിച്ചിട്ടുള്ള സംവിധായകനാണ് അടൂര്‍. അദ്ദേഹത്തിന്റെ ഈ നിരീക്ഷണങ്ങള്‍ ഏറ്റവും മനോഹരമായി അവതരിപ്പിച്ചിട്ടുള്ള ചിത്രമാണിത്. ഗോപിച്ചേട്ടന് ലളിതച്ചേച്ചി ചോറു കൊടുക്കുന്ന സീന്‍ ഒരിക്കലും മറക്കാനാവില്ല.
2. ചെമ്മീന്‍: രാമു കാര്യാട്ട്
കണ്ണിന് വിസ്മയകരമായ കാഴ്‌ചകള്‍ തന്ന സിനിമ. മലയാളസിനിമയ്ക്ക് തീരെ അപരിചിതമായ മേഖലയായിരുന്നു അക്കാലത്ത് കടലും അതിനെ ചുറ്റിപ്പറ്റിയുള്ള ജീവിതവും. അങ്ങനെ പുതിയൊരു ജീവിതത്തെ വളരെ റിയലിസ്റ്റിക്കായി രാമു കാര്യാട്ട് പ്രസന്റ് ചെയ്‌തു. സിനിമ നാടകീയതയുടെ പിടിയിലായിരുന്ന അക്കാലത്ത് ഈയൊരു സൌന്ദര്യം മലയാളസിനിമയ്ക്ക് അന്യമായിരുന്നു.
3. വൈശാലി: ഭരതന്‍
സാധാരണ ഗതിയില്‍ സിനിമയാക്കാന്‍ പ്രയാസമുള്ള സ്ക്രിപ്റ്റാണ് വൈശാലി എന്ന സുന്ദരചിത്രമായി മാറിയത്. വളരെ സൂക്ഷ്‌മമായ കാര്യങ്ങളില്‍ പോലും അദ്ദേഹം ശ്രദ്ധിച്ചിരിക്കുന്നത് കാണാം. ഉദാഹരണത്തിന്, മാനിന്റെയും മറ്റു വന്യമൃഗങ്ങളുടെയും ഒപ്പം കഴിയുന്ന ഋശ്യശൃംഗന്റെ ബോഡി ലാംഗ്വേജ് പോലും അവയുടേതു പോലെയാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരിക്കുന്നു.
4. യവനിക: കെ ജി ജോര്‍ജ്
ഒരു ഫിലിം മേക്കറുടെ ഭാഗത്തു നിന്നുകൊണ്ടാണ് ഞാന്‍ ഈ ചിത്രത്തെ ഇഷ്‌ടപ്പെടുന്നത്. 100 ശതമാനം പെര്‍ഫക്‍റ്റ് ആയ സിനിമയാണ് യവനിക. തിരക്കഥ, മേക്കിങ്, കാസ്റ്റിങ്, അഭിനേതാക്കളുടെ പെര്‍ഫോമന്‍സ്.. എല്ലാം പെര്‍ഫക്റ്റ്. ഭരത് ഗോപിയുടെ അഭിനയം എടുത്തു പറയണം. മലയാളത്തില്‍ അദ്ദേഹത്തിനു പോലും ആ പ്രകടനത്തെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ല.
5. ഇരകള്‍: കെ ജി ജോര്‍ജ്
സ്ക്രിപ്റ്റിന്റെ ഗതിയാണ് ഈ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം. ഭീതിയുടെ എലമെന്റ് അതില്‍ ഉടനീളമുണ്ട്. ആ ക്രിസ്ത്യന്‍ കുടുംബത്തിന്റെ പശ്ചാത്തലം സിനിമയില്‍ പുതുമയായിരുന്നു. അങ്ങനെയൊരു കുടുംബം എവിടെയോ ഉള്ളതുപോലെ നമുക്കു തോന്നും.
6. നിര്‍മാല്യം: എം ടി വാസുദേവന്‍ നായര്‍
സൊസൈറ്റിയെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന ഒരു കാലത്തിന്റെ അടയാളമായ ചിത്രം. (ഇന്ന് ഇങ്ങനെയൊരു സിനിമ എടുക്കാനെളുപ്പമല്ല.) അന്നത്തെ ദാരിദ്ര്യവും ദുരഭിമാനവും ഒക്കെച്ചേര്‍ന്ന് നീറിപ്പിടയുന്ന ജീവിതത്തെ ചിത്രീകരിച്ച സിനിമ.
7. ചിന്താവിഷ്‌ടയായ ശ്യാമള: ശ്രീനിവാസന്‍
ശ്രീനിവാസന്‍ ഒരിക്കല്‍ പറഞ്ഞതു സത്യമാണ്; “ഞാന്‍ ആ കഥ മോഷ്‌ടിച്ചതാണ്, നിങ്ങളില്‍ നിന്ന്!” ചിന്താവിഷ്‌ടയായ ശ്യാമളയെ ഇഷ്‌ടപ്പെടാനുള്ള കാരണവും അതു തന്നെ. സൊസൈറ്റിയുടെ പരിഛേദമാണ് അത്.
8. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍: പി പദ്മരാജന്‍
മനോഹരമായ സ്ക്രിപ്റ്റ്, മനോഹരമായ സിനിമ.
9. ചട്ടക്കാരി: കെ എസ് സേതുമാധവന്‍
വിഷ്വലി അമ്പരപ്പിച്ച ആദ്യത്തെ സിനിമ. വാക്കുകള്‍ക്കപ്പുറത്ത് ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ട ഈ ചിത്രത്തെ സമ്പന്നമാക്കിയതില്‍ ബാലു മഹേന്ദ്രയുടെ നീണ്ട ഷോട്ടുകള്‍ക്ക് വലിയ പങ്കുണ്ട്. അപാരമായ പ്രണയത്തിന്റെ വേദന ചട്ടക്കാരി പകര്‍ന്നു തരുന്നു.
10. പൊന്‍മുട്ടയിടുന്ന താറാവ്: സത്യന്‍ അന്തിക്കാട്
കുറെ കൊല്ലങ്ങളുടെ ദൂരത്തു നിന്നു നോക്കുമ്പോള്‍ വേറൊരാളുടെ ചിത്രം പോലെ കാണാന്‍ കഴിയുന്നതുകൊണ്ടാണ് അവസാനത്തേതായി ഈ ചിത്രത്തെ ഉള്‍പ്പെടുത്തുന്നത്. അതിലെ പച്ചയായ നാട്ടിന്‍പുറത്തിന്റെ ഭംഗിയും കഥാപാത്രങ്ങളുടെ ഹൃദയശുദ്ധിയും കൌതുകകരമായ റിവഞ്ചും ഒക്കെ എന്നെ എത്ര വട്ടം കണ്ടാലും രസിപ്പിക്കുന്നു. (ഇതിന്റെയെല്ലാം അവകാശി രഘുനാഥ് പലേരിയാണ്.)
RELATED PAGES
» Sathyan Anthikad Collection
» Survey: Most Loved Malayalam Films
» Movie Index




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME