Interview: Anvar Rasheed
സിനിമയെ കുറിച്ച് ഏറെ പ്രതീക്ഷകളും, സ്വപ്‌നങ്ങളും കാത്തുസൂക്ഷിക്കുന്ന ആളാണ് അന്‍വര്‍ റഷീദെന്ന സംവിധായകന്‍. തന്റെ പുതുമയാര്‍ന്ന ആശയങ്ങള്‍ മലയാളസിനിമയെ കുറച്ചെങ്കിലും രക്ഷപ്പെടുത്തുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എന്താണ് ഈ സംവിധായകന്റെ ഭാവി പരിപാടികളെന്ന് നമുക്ക് അദ്ദേഹത്തില്‍ നിന്നു തന്നെ കേള്‍ക്കാം.പുതുമുഖങ്ങളെ വച്ചൊരു സിനിമയാണ് ഞാന്‍ ആലോചിക്കുന്നത്. ഇതു വരെ എല്ലാവരും ചെയ്‌തതു പോലെ അല്ല. വര്‍മാഫാക്‍ടറി പോലൊന്ന് (Production Company) ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം. കുറച്ച് സമയമെടുക്കും; എങ്കിലും സംതൃപ്‌തി നല്‍കുമെന്നുറപ്പുണ്ട്. ടാലന്റിനു മാത്രമായിരിക്കും ഈ അന്വേഷണത്തില്‍ മുന്‍ഗണന. ടാലന്റുള്ള ഒത്തിരി പേര്‍, പ്രത്യേകിച്ച് യങ്ങ്‌സ്റ്റേഴ്‌സ്, ഉണ്ട്. അവര്‍ക്കു കടന്നു വരാന്‍ അവസരങ്ങളില്ല. എന്നാല്‍ ഒന്നു മുഖം കാണിക്കാന്‍ വരുന്നവരുമുണ്ട്. അത്തരക്കാരെ ഒഴിവാക്കിയാലേ മലയാളസിനിമയുടെ നിലവാരം ഉയരുകയുള്ളൂ.
ടാലന്റുള്ളവര്‍ക്ക് സിനിമയില്‍ നിലനില്‍ക്കാനാകും എന്നതിനു തെളിവല്ലേ മമ്മൂട്ടിയും മോഹന്‍ലാലും. അവര്‍ ഇന്നും ഹീറോ ആകുന്നത് അവരുടെ ടാലന്റ് ഒന്നു കൊണ്ട് മാത്രമാണ്. ഇത്തരത്തില്‍ ടാലന്റഡും സിന്‍സിയറുമായ യങ്ങ്‌സ്റ്റേഴ്‌സിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് ഞാനിപ്പോള്‍.
മലയാളസിനിമ മറ്റു ഭാഷാ സിനിമകളെ അപേക്ഷിച്ച് ടെക്ക്‍നിക്കലി ഇന്ന് വളരെ പിന്നിലാണ്. ഇത് നമ്മുടെ ബുദ്ധിപൂര്‍വമായ ഇടപെടലിന്റെ അഭാവം കൊണ്ടു തന്നെയാണ്. ഏറ്റവും നല്ല ടെക്‍നീഷ്യന്‍സ് സൌത്ത് ഇന്ത്യയില്‍ നിന്നുള്ളവരാണ്. സന്തോഷ് ശിവന്‍, പ്രിയന്‍ അങ്ങനെ എത്രപേര്‍. എന്നാല്‍ ഇവിടുത്തെ സാധ്യതകള്‍ കുറയുന്നതാണ് അവരെ അന്യഭാഷയിലേക്ക് പ്രേരിപ്പിക്കുന്നത്.
നമ്മുടെ ഇന്‍ഡസ്‌ട്രി ചെറുതാണ്. അതിനെ വളര്‍ത്തേണ്ടത് ഇവിടെയുള്ളവരാണ്. എങ്കിലേ മലയാളസിനിമ രക്ഷപ്പെടൂ. മറ്റ് സിനിമകളില്‍ സ്‌റ്റേബിള്‍ ബിസിനസ് എന്നൊരു സാധനമുണ്ട്. നമുക്കതില്ല. അതായത് സിനിമയില്‍ നിന്നുള്ള ലാഭം ഉറപ്പു വരുത്തുന്ന പരിപാടി. സിനിമ ഇറങ്ങുമ്പഴേക്കു തന്നെ വേണ്ടത്ര ലാഭം ഉണ്ടാക്കിയിരിക്കും.
ഉദാഹരണത്തിന്, ദുബായ്, ലണ്ടന്‍ എന്നിങ്ങനെ നമുക്കു പറ്റിയ മാര്‍ക്കറ്റുകളില്‍ സിനിമ എത്തിക്കുക. എന്റെ അണ്ണന്‍ തമ്പി ഇത്തരത്തില്‍ നടത്തിയ ഒരു പരീക്ഷണമാണ്. 75 റിലീസാണ് ഉണ്ടായിരുന്നത്. വിജയിക്കുകയും ചെയ്തു. ഇത് ആദ്യമേ തുടങ്ങിയിരുന്നെങ്കില്‍ പല തിയറ്ററും അടച്ചുപൂട്ടേണ്ടി വരില്ലായിരുന്നു.
മലയാളത്തിലുള്ള മറ്റൊരു പ്രവണതയാണ് സിനിമകള്‍ ഒരു വര്‍ഷത്തിനു ശേഷം മാത്രം ചാനലിനു നല്‍കുക, ഡി വി ഡി ഇറങ്ങുക എന്നൊക്കെയുള്ളത്. ഒരു നല്ല സിനിമ ആറു മാസം ഓടിയാല്‍ മതി ലാഭമുണ്ടാക്കാന്‍. അതു കഴിഞ്ഞു ചാനലിനു നല്‍കുകയും ഡി വി ഡി ഇറങ്ങുകയും ചെയ്യുന്നതില്‍ എന്താണ് തെറ്റുള്ളത്? മുംബൈയിലും മറ്റും ഈ രീതിയല്ലേ?
മറ്റൊന്ന്, നമ്മുടെ നമ്മുടെ തിയറ്ററുകളുടെ ശോചനീയാവസ്ഥയാണ്. നല്ല സിനിമ എടുത്താല്‍ അത് പെര്‍ഫക്ഷനോടെ കാണിക്കാന്‍ സ്ഥലം വേണ്ടേ? പല തിയറ്ററുകളും പഴകി പഴകി ഇന്നിപ്പോള്‍ പടം ബ്ലാക്ക് ആയിട്ടാണ് കാണുന്നത്. ഒരേ സിനിമ പല തിയറ്ററുകളില്‍ കാണുമ്പോള്‍ പല മട്ടിലായിരിക്കും. മികച്ച ശബ്ദസംവിധാനം ഉപയോഗിക്കുന്ന സിനിമകള്‍ കാണിക്കാന്‍ മാര്‍ഗമില്ലെന്നതാണ് സത്യം.
മൂന്നു നാലു വര്‍ഷത്തിനുള്ളില്‍ ഇതിനു മാറ്റം വന്നേക്കും. തിരുവനന്തപുരം, എറണാകുളം നഗരങ്ങളില്‍ ഉയര്‍ന്നു വരുന്ന മള്‍ട്ടിപ്ലക്സ് തിയറ്ററുകള്‍ നമുക്കൊരു പ്രതീക്ഷയാണ്. ഇതു സിനിമാസംസ്കാരത്തിനു തന്നെ മാറ്റം വരുത്തും. ചെറിയ സിനിമകള്‍ക്ക് ഇപ്പോള്‍ പ്രദര്‍ശന ശാലകളില്ല. അതുകൊണ്ട് നമുക്ക് നല്ല സിനിമകള്‍ നഷ്ടപ്പെടുന്നുണ്ട്. ഇതിനൊക്കെ മാറ്റം വരണമെങ്കില്‍ ഫീല്‍ഡിലുള്ളവര്‍ ശ്രമിക്കണം. സിനിമയുടെ വളര്‍ച്ച സിറ്റികളെ കേന്ദ്രീകരിച്ചാണ്. സിറ്റികള്‍ വളരുന്നതിനൊപ്പം സിനിമയും വളരണം എന്ന പക്ഷക്കാരനാണ് ഞാന്‍.
Text: Savitha Sijo Photo: Vijay George
RELATED PAGES
» My Fashion: Anwar Rasheed




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME