SPiCE most viewed videos in indulekha
 

Before the Rains by Santhosh Sivan

English movie, Before the Rains directed by Santhosh Sivan
സന്തോഷ് ശിവന്‍ സംവിധായകന്‍. അഭിനേതാക്കളുടെ പട്ടികയില്‍ തിലകനും ലാലും ഇന്ദ്രജിത്തും. ബിഫോര്‍ ദ റെയിന്‍സ് എന്ന ഇംഗ്ലീഷ് ചിത്രം മലയാളികളുടെ കൂടി സിനിമയാകാന്‍ ഇനിയും മറ്റെന്തു കാരണം വേണം? എന്തായാലും നല്ല ചിത്രങ്ങളുടെ പട്ടികയിലാണ് 'ബിഫോര്‍ ദ റെയിന്‍സ്' ന്റെ സ്‌ഥാനം.

ഇന്‍ഡ്യയില്‍ കോളനിവാഴ്ചയുടെ അവസാനകാലങ്ങളിലെ ( 1937 കാലഘട്ടം) സാമൂഹ്യാവസ്ഥകള്‍ ചെറുതായി വിവരിക്കുന്ന ഒരു ചിത്രം. സന്തോഷ് ശിവന്‍ സം‌വിധാനം ചെയ്ത ആദ്യത്തെ ഇം‌ഗ്ലീഷ് ചിത്രമെന്ന ബഹുമതിയും ഇതിനുണ്ട്. നാടെങ്ങും ജനങ്ങള്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായ മുന്നേറ്റം ആരംഭിക്കുന്നതിന്റെ സൂചനകള്‍ ചെറിയൊരു സംഭവം വഴി വിവരിക്കുകയാണ് ഈ സിനിമ ചെയ്യുന്നത്. മൂന്നാറില്‍ ഒരു പ്ലാന്റേഷന്‍ തുടങ്ങാന്‍ പദ്ധതിയുമായി അവിടെയെത്തുന്ന മൂര്‍ സായ്‌വ് (ലൈനസ് റോഷ്), സായ്‌വിന്റെ സഹായിയായ ടി കെ നീലന്‍ (രാഹുല്‍ ബോസ്), സായ്‌വിന്റെ വീട്ടുജോലിക്കാരി സജനി(നന്ദിത ദാസ്) , സായ്‌വിന്റെ ഭാര്യ ലോറ (ജെന്നിഫര്‍ ഏള്‍), രജത് ( ലാല്‍), ടീ കെയുടെ അച്ഛന്‍ ( തിലകന്‍), മാനസ് ( ഇന്ദ്രജിത്) എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ സിനിമയില്‍ അന്നത്തെ സമൂഹത്തിന്റെ ഒരു നേര്‍ക്കാഴ്ച സാധ്യമാകുന്നു.
English movie, Before the Rains by Santhosh Sivan
പ്ലാന്റേഷന്‍ തുടങ്ങുന്നതിനു മുന്നോടിയായി അവിടെ ഒരു റോഡ് വരേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ സായ്‌വ് അത് സാദ്ധ്യമാക്കുന്നതിനു വേണ്ടി യുവാവായ ടീ കെ യോട് ഗ്രാമീണരെ പറഞ്ഞുമനസ്സിലാക്കാന്‍ ആവശ്യപ്പെടുന്നു. മണ്‍‌സൂണിനുമുന്‍പ് ജോലി തീര്‍ക്കാനാണ് സായ്‌വ് ലക്ഷ്യമിടുന്നത്. ടീകെ ബ്രിട്ടീഷ് ഭരണത്തിന്റെ നല്ല വശങ്ങള്‍ ജനങ്ങളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നുണ്ടെങ്കിലും അതിനിടയില്‍ സജനിയെ കാണാതാവുന്നതോടെ കഥ ഒരു വഴിത്തിരിവിലെത്തുകയാണ്.

സായ്‌വിനോടുള്ള ആദരവിനും സ്വന്തം നാട്ടുകാരോടുള്ള സ്നേഹത്തിനുമിടയില്‍ വീര്‍പ്പുമുട്ടുന്ന യുവാവിനെ രാഹുല്‍ ബോസ് നന്നായി അവതരിപ്പിച്ചു. അതുപോലെ തന്നെ സായ്‌വിനോടുള്ള സ്നേഹത്തിനും ഭര്‍ത്താവിനോടുള്ള വിധേയത്വത്തിനുമിടയില്‍ സജനി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ മനോഹരമായി അവതരിപ്പിച്ച നന്ദിത ദാസും കഥാപാത്രത്തോട് നീതിപുലര്‍ത്തുന്നു. പ്രകൃതി ദൃശ്യങ്ങളെ സന്തോഷ് ശിവന്റെ ക്യാമറ ആവോളം ഒപ്പിയെടുത്ത് കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കിയിട്ടുണ്ട്. സായ്‌വിന്റെയും സജനിയുടെയും ബന്ധവും ചില വയലന്‍സ് സീനുകളും ഉള്‍ക്കൊള്ളുന്നതുകൊണ്ട് സിനിമയ്ക്ക് പി ജി 13 റേറ്റിംഗ് ആണ് നല്‍കിയിരിക്കുന്നത്.

ഇസ്രേലി സിനിമയായ 'റെഡ് റൂഫ്സ്' ഇല്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് തയാറാക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ ക്യാത്തി റബിന്‍ ആണ് തയാറാക്കിയിരിക്കുന്നത്. നിര്‍മാണം മെര്‍ച്ചന്റ് ഐവറി. പശ്ചാത്തല സംഗീതം മാര്‍ക്ക് കില്യന്‍, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, സ്റ്റീവെന്‍ കോഹന്‍.
Sreeja Balaraj / TEAM INDULEKHA

1 Comments:

Blogger ഷര്‍മ്മിളാഗോപന്‍(Sharmila Gopan) said...

കൊള്ളാം ശ്രീജ,വളരെ നന്നായിരിക്കുന്നു.ഇത് വായിച്ചപ്പൊ,ആ സിനിമ കാണാന്‍ ഒരു മോഹം.അഭിനന്ദനങ്ങള്‍.

10:38 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger