Kamal Speaks
ഉള്ളടക്കം, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്നിങ്ങനെ മലയാളികള്‍ എന്നും അവരുടെ മനസില്‍ സൂക്ഷിക്കുന്ന ഒരു പിടി മികച്ച ചിത്രങ്ങളുടെ സംവിധായകനാണ് കമല്‍. ഒരു നല്ല സിനിമയാണ് തന്റെ എന്നത്തെയും സ്വപ്‌നമെന്ന് അദ്ദേഹം പറയുന്നു. സിനിമയെന്നാല്‍ ഉപജീവനമല്ല, കലയാണ്. ഹൃദയത്തില്‍ നിന്നും ഉണ്ടാക്കിയെടുക്കേണ്ടതാണ്. അത് നമ്മുടെ രക്‍തവും മാംസവുമാണെന്ന് നിരന്തരം എന്നോടു പറഞ്ഞൊരാളുണ്ട്. കഴിഞ്ഞ സെപ്‌റ്റംബര്‍ ഒമ്പതിന് ഈ ലോകത്തോട് വിട പറഞ്ഞ എന്റെ ഗുരു പി എന്‍ മേനോന്‍. കമല്‍ എന്ന സംവിധായകന്‍ ഉടലെടുക്കുന്നത് പി എന്‍ മേനോനൊടൊപ്പമുള്ള നാളുകളിലാണ്.
ഇന്ന് ഞാന്‍ നിരവധി സിനിമകള്‍ സംവിധാനം ചെയ്‌തു കഴിഞ്ഞു. അതില്‍ പലതും നമ്മള്‍ നടവഴികളില്‍ കണ്ടുമുട്ടുന്നവയാണ്. എന്റെ ക്രാഫ്‌റ്റ് നന്നായി ഉപയോഗപ്പെടുത്തിയ ഒരു ചിത്രമാണ് ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ ’. ഒരു നായകന്‍ പോലും അതിലില്ല്ല. വളരെയധികം ആളുകളില്‍ നിന്ന് പ്രതികരണങ്ങള്‍ കിട്ടിയിരുന്നു. പ്രത്യേകിച്ച് സാധാരണക്കാരില്‍ നിന്നും.
ഉള്ളടക്കം, പെരുമഴക്കാലം എന്നീ ചിത്രങ്ങള്‍ക്കാണ് എനിക്ക് ഏറ്റവും അഭിനന്ദനങ്ങള്‍ കിട്ടിയത്. ഇന്നും ഹൃദയത്തില്‍ തങ്ങി നില്‍ക്കുന്നൊരു അഭിനന്ദനമുണ്ട്. ഉള്ളടക്കം സിനിമ ചെയ്യുന്നതിനു മുമ്പ് ഞാനൊരു മെന്റല്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് അവിടെ മാനസിക രോഗിയായ ഒരു പെണ്‍കുട്ടിയെ കണ്ടു. അവളുടെ ചലനങ്ങള്‍, വ്യതിയാനങ്ങളൊക്കെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അമലയുടെ ക്യാരക്‍ടര്‍ രൂപപ്പെടുത്താന്‍ ഇത് ഏറെ സഹായിച്ചു.
അന്ന് ആ സിനിമ നന്നായി എന്ന് പലരും പറഞ്ഞു. പിന്നീട് രണ്ടര വര്‍ഷം കഴിഞ്ഞ് എനിക്കൊരു ഫോണ്‍കോള്‍ വന്നു. “സര്‍ എന്നെ കണ്ട് ചെയ്‌ത ഉള്ളടക്കം എനിക്ക് വളരെ ഇഷ്‌ടപ്പെട്ടു. അന്നത്തെ എന്റെ അവസ്‌ഥ എനിക്കറിയാന്‍ കഴിഞ്ഞു.” മെന്റല്‍ ഹോസപിറ്റലില്‍ വച്ച് ഞാന്‍ കണ്ട കുട്ടിയായിരുന്നു അത്. രോഗം മാറിയെന്നും അവള്‍ പറഞ്ഞു. ഇന്നും ഞാന്‍ സൂക്ഷിക്കുന്ന ഏറ്റവും വലിയ അംഗീകാരം ഇതു തന്നെയാണ്.
ഒടുവില്‍ ഞാന്‍ ചെയ്‌തത് ‘മിന്നാമിന്നികൂട്ടം‘ ആയിരുന്നു. മോശമല്ലാത്ത റിസള്‍ട്ടായിരുന്നു അതിന്. ഇന്നത്തെ സാമൂഹികാന്തരീക്ഷമായിരിക്കാം നല്ല സിനിമകള്‍ ഉണ്ടാകാത്തതിനു കാരണം. എന്നാല്‍ ചില നല്ല സിനിമകള്‍ ജനം അംഗീകരിക്കാതെയും വരാറുണ്ട്. നല്ല സിനിമകള്‍ കാണുക എന്നാണ് എനിക്ക് പറയാനുള്ളത്. ഒരു പുതിയ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. നല്ല സിനിമകളെ പ്രോത്‌സാഹിപ്പിക്കുക എന്നാല്‍ മാത്രമേ കൂടുതല്‍ നല്ലതിനു പിറക്കാനാകൂ.
Savitha Sijo
RELATED PAGES
» Kamal Collection




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME