SPiCE most viewed videos in indulekha
 

INTERVIEW: Madhu Balakrishnan


SONGS
Ishtakkari (Sooryan, 2007)
Vasantha Nilavin (Sooryan, 2007)
Mandarapoo Mooli (Vinodayathra, 2007)

കാല്‍ നൂറ്റാണ്ടു മുമ്പാണ്. കൊരട്ടി ലിറ്റില്‍ ഫ്‌ളവര്‍ എല്‍. പി സ്‌കൂളിലെ സ്റ്റേജില്‍ രണ്ടു വരി ‘ശരദിന്ദു മലര്‍ദീപനാളം ’ നീട്ടിയശേഷം പേടിച്ചിറങ്ങിയോടിയ രണ്ടാം ക്ലാസുകാരനെ ഇപ്പോഴും മധുബാലകൃഷ്‌ണന്‍ മറന്നിട്ടില്ല. അന്നു പാടാന്‍ ധൈര്യം തന്ന സിസ്‌റ്റര്‍ ബസാലിയയേയും.

തൃപ്പൂണിത്തുറ ഗവ. കോളജ് റോഡിലെ ‘മാധവ’ത്തിലിരുന്ന് ഓര്‍മകളുടെ പാട്ടുപുസ്തകം തുറക്കുകയാണ് മധു. മൈക്കിനു മുന്നില്‍ പേടിച്ചരണ്ടു നാവിറങ്ങിപ്പോയ പഴയ രണ്ടാം ക്ലാസുകാരനിപ്പോള്‍ തെന്നിന്ത്യന്‍ ഭാഷകളിലായി 270 ഓളം ചിത്രങ്ങളില്‍ പാടിക്കഴിഞ്ഞു. ആറായിരത്തോളം കസെറ്റ്-ആല്‍ബം ഗാനങ്ങള്‍ വേറെയും. മലയാളത്തിലെ യുവതലമുറ ഗായകരില്‍ ശ്രദ്ധേയനായ മധുബാലകൃഷ്‌ണനെ തേടിയിപ്പോള്‍ , തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാണി പുരസ്‌കാരവും എത്തിയിരിക്കുന്നു.

94 മുതല്‍ മധു ചലച്ചിത്രപിന്നണി രംഗത്തുണ്ട്. വിജയകാന്തിന്റെ തമിഴ് ചിത്രം ‘ഉഴവത്തുറൈ’ യില്‍ ചിത്രക്കൊപ്പം പാടിയായിരുന്നു തുടക്കം. മലയാളത്തില്‍ അക്കൊല്ലം തന്നെ ബേണി-ഇഗ്നേഷ്യസിനു കീഴില്‍ ശിശിരത്തിനു വേണ്ടി ആദ്യപാട്ടു പാടിയെങ്കിലും, ആദ്യം തിയേറ്ററിലെത്തിയ മധു ഗാനം ഉദയപുരം സുല്‍ത്താനിലെ ‘കനകസഭാതല’ മായിരുന്നു (96). പിന്നീടങ്ങോട്ട് മലയാളഗാനങ്ങളുടെ കനകസഭയിലുണ്ട് ഈ കൊച്ചിക്കാരന്‍. ഏറ്റവുമൊടുവില്‍ റീലിസായ സൂര്യന്‍ വരെ ഇപ്പോള്‍ നൂറോളം മലയാള ചിത്രങ്ങള്‍ക്കു വേണ്ടി പാടിക്കഴിഞ്ഞു മധു. വിനോദയാത്രയിലെ മന്ദാരപ്പൂ മൂളി......യാണ് ലേറ്റസ്‌റ്റ് ഹിറ്റ്. കല്‍ക്കത്ത ന്യൂസ്, പഴശ്ശിരാജ, എസ്.എം.എസ്, ഇന്ദ്രനീലം.... ഇനി മധുവിന്റെ പാട്ടുകളുമായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളും നിരവധി. 2002-ല്‍ വാല്‍ക്കണ്ണാടിയിലെ ഗാനത്തിനാണ് മധുവിന് കേരളസര്‍ക്കാരിന്റെ മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചത്.

കരിയറിലെ ഏറ്റവും ഇഷ്‌ടമുള്ള ഗാനം ഏതെന്ന ചോദ്യത്തിന് പാടിയ പാട്ടുകളെല്ലാം പ്രിയമെങ്കിലും പെരുമഴക്കാലത്തിലെ ചെന്താര്‍മിഴി......യോടും കാഴ്‌ചയിലെ കുട്ടനാടന്‍ കായലില് കെട്ടുവെള്ളം തുഴയുന്ന പാട്ടിനോടും ഒരല്പം ഇഷ്‌ടക്കൂടുതലുണ്ടെന്ന് മധു.

വടക്കന്‍ പറവൂരിനടുത്ത് വടക്കേക്കര മഠത്തിപ്പറമ്പില്‍ ബാലകൃഷ്‌ണന്റെയും ലീലാവതിയുടെയും മകന് സംഗീതത്തിന്റെ വഴിയില്‍ സഹനത്തിന്റെ ഭൂതകാലവുമുണ്ട്. മധുവിന്റെ പതിമൂന്നാം വയസില്‍ അച്ഛന്‍ ബാലകൃഷ്ണന്‍ മരിച്ചതിനു ശേഷന്മുള്ള കാലമാണത്. കൊരട്ടി ഗവ. പ്രസില്‍ ജീവനക്കാരനായിരുന്ന അച്‌ഛന്റെ നിര്‍ബന്ധത്തിനു വഴങ്ങി അഞ്ചാം ക്ലാസില്‍ അവിടുത്തെ റിപബ്ലിക് ദിനാഘോഷച്ചടങ്ങില്‍ പാടിയാണ് തനിക്ക് ആദ്യത്തെ സമ്മാനം കിട്ടുന്നതെന്നും മധുവിന്റെ ഗൃഹാതുരമായ ഓര്‍മകളിലുണ്ട്.

കോതമംഗലം എം. എ കോളജില്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്താണ് , യൂണിവേഴ്സിറ്റിതലത്തില്‍ കടുത്ത പാട്ടുമത്സരങ്ങളെ നേരിട്ടതെന്ന് മധു പറയും. പില്‍ക്കാലത്ത് മികച്ച ഗായകരായി വളര്‍ന്ന ബിജു നാരായണനും എച്ച് രാജേഷുമൊക്കെയായിരുന്നു അക്കാലത്ത് മത്സരിക്കാനുണ്ടായിരുന്നത്.

94-ല്‍ ആദ്യ തമിഴ്‌ഗാനം പാടും മുമ്പ് , ചെന്നൈയില്‍ പൂജയ്ക്ക് വിളിച്ച് മടക്കിവിട്ട മലയാള ഗാനരചയിതാവിനെയും സംവിധായകനെയും മധു മറന്നിട്ടില്ല. തന്നെ ഏറ്റവുമധികം സ്വാധീനിച്ച സംഗീതസംവിധായകന്‍ ഇളയരാജയാണെന്നും അദ്ദേഹം പറയുന്നു. ‘ഭാരതി’ എന്ന ചിത്രത്തിനു വേണ്ടിയാണ് ഇളയരാജയ്ക്കു കീഴില്‍ മധു ആദ്യം പാടിയത്.

ചെന്നൈയിലെ അക്കാദമി ഓഫ് ഇന്ത്യന്‍ മ്യൂസിക് ആന്റ് ആര്‍ട്ട്സില്‍ വിദ്യാര്‍ഥിയായി ചേര്‍ന്നതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവായതെന്ന് മധു വിശ്വസിക്കുന്നു. മുരിങ്ങൂരിലെ ശ്രീദേവി ടീച്ചറും ചെറുകുന്നത്തെ ചന്ദ്രമന നാരായണന്‍ നമ്പൂതിരിയും പാട്ടു പഠിപ്പിച്ച യുവാവ് , ചെന്നൈയില്‍ ടി വി ഗോപാലകൃഷ്ണന്റെ കീഴിലാണ് പാടിത്തെളിഞ്ഞത്.

മധുവിനും സംഗീതത്തിലെ റോള്‍ മോഡല്‍ യേശുദാസ് തന്നെയാണ്. പണ്ട് പറവൂര്‍ സംഗീതസഭയുടെ പരിപാടിക്ക് എത്തിയപ്പോഴാണ് ദാസേട്ടനെ ആദ്യമായി നേരിട്ടു കാണുന്നത്. ഒരു ഷോക്ക് പോലെയായിരുന്നു അതെന്ന് മധു ചിരിയോടെ പറയുന്നു.

ഭക്തിഗാനങ്ങളിലൂടെയാണ് മധുവിന്റെ ശബ്ദം മലയാളികളേറെ കേട്ടത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അയ്യപ്പഭക്തിഗാനം ‘മുദ്ര ’ വരെ ആറായിരത്തോളം പാട്ടുകള്‍ ഈ 33കാരന്‍ പാടിക്കഴിഞ്ഞു. എസ്. പി ബാലസുബ്രമണ്യം, ആശാഭോണ്‍സലെ, ശ്രീനിവാസ്, ഉഷാ ഉതുപ്പ് , ചിത്ര, സുജാത തുടങ്ങി മിക്ക ഗായകര്‍ക്കൊപ്പവും പാടിക്കഴിഞ്ഞ മധുവിന് ഇനി യേശുദാസിനൊപ്പം ഒരു പാട്ടു പാടണമെന്നതാണ് ആഗ്രഹം.

കോതമംഗലം എം എ കോളജ് ക്രിക്കറ്റ് ടീമിലെ ഈ പഴയ ഓപ്പണിങ് ബൌളര്‍ക്ക് ക്രിക്കറ്റുമായുള്ള ബന്ധം ഇപ്പോഴും മുറിഞ്ഞിട്ടില്ല. ഇന്ത്യന്‍ താരം ശ്രീശാന്തിന്റെ സഹോദരി ദിവ്യയാണ് മധുവിന്റെ ഭാര്യ. തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂളിലെ യു.കെ.ജിക്കാരന്‍ മാധവ് മകനും.

അഭിമുഖത്തിനൊടുവില്‍ , മധു മനസില്‍ വെച്ചു മൂളുന്ന മലയാളഗാനങ്ങളെ കുറിച്ചു ചോദിച്ചു. പൊടുന്നനെ ‘മാധവം’ സംഗീതസാന്ദ്രമായി. പദരേണു തേടിയലഞ്ഞും, പ്രമദവനം തേടിയും സായന്തനം ചന്ദ്രികാലോലമാക്കിയും മധു പാടി തുടങ്ങി.
(തയാറാക്കിയത്: ഡി. ഷൈജുമോന്‍ )
READ MORE in chithrabhumi film magazine dated 2007 June 17. malayalam movie actor jayasurya speaks. there are film industry news, movie location reports,exclusive photoshoots, top 10 cinema, theatre graph, industry rating, talkies, film songs, news updates, newly released movies, tributes to movie masters, news features, discussions, open forum, film bazar, quotes of the movie people, history of malayalam cinema, cartoons,reporters' diary, noice column by premchand and more.

വേണു നാഗവള്ളി പറയുന്നു...
എനിക്ക് ഇഷ്ടം പോലെ പ്രൊഡ്യൂസര്‍മാരെ കിട്ടിയിരുന്നു. പക്ഷേ, അവര്‍ സേഫ് ആകുന്ന ഒരു പ്രോജക്റ്റിനു വേണ്ടി കാത്തിരുന്നതാണ്‌. നമ്മള്‍ ഒരു സിനിമ ചെയ്തതിനു ശേഷം ആ പ്രൊഡ്യൂസറുടെ അവസ്ഥ പരിതാപകരമായി കാണരുത്. അദ്ദേഹത്തിന്റെ ഭാര്യ മനസ്സാ നമ്മെ ശപിക്കരുത്. അങ്ങനെ കരുതുന്ന ആളാണ് ഞാന്‍. അതുകൊണ്ടാണ് പല ആളുകളും സിനിമ ചെയ്യണമെന്നു പറഞ്ഞപ്പോഴും മാറി നിന്നത്. എന്റെ സിനിമയ്ക്കു വേണ്ടി പൈസ മുടക്കുന്ന നിര്‍മാതാവ് ഒരിക്കലും ദു:ഖിക്കാന്‍ ഇട വരരുത്. അദ്ദേഹത്തിന്റെ മുതല്‍മുടക്ക് തിരിച്ചു പിടിക്കാന്‍ കഴിയുന്ന ഒരു സിനിമയാകണം ഞാന്‍ ചെയ്യുന്ന സിനിമ എന്നു മാത്രമാണ്‌ വിചാരിക്കുന്നത്.‍

RELATED PAGES
» Other Interviews
» Music Zone
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger