SPiCE most viewed videos in indulekha
 

Baburaj Remembered

baburaj, the famous music directorമലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ബാബുരാജ് അന്തരിച്ചിട്ട് 30 വര്‍ഷം കഴിഞ്ഞു; ഈ ഒക്‍ടോബര്‍ ഏഴിന്. ആ സ്‌മരണകള്‍ക്കു മുന്നില്‍ ആദരാഞ്ജലികളോടെ ഒരു ഓര്‍മക്കുറിപ്പും അദ്ദേഹം ഈണം പകര്‍ന്ന രണ്ടു ഗാനങ്ങളും. ചിത്രഭൂമിക്കു വേണ്ടി ഇസ്‌മയില്‍ തയാറാക്കിയത്.

മലയാള ചലച്ചിത്ര സംഗീതലോകത്ത് അനശ്വരനായി നില്‍ക്കുന്ന ഒരു മഹാപ്രതിഭയാണ് ബാബുരാജ്. ഹിന്ദുസ്ഥാനി സംഗീതം മലയാളചലച്ചിത്ര ഗാനങ്ങളിലൂടെ കൈരളിക്ക് പരിചയപ്പെടുത്തിയത് ബാബുരാജാണ്. ഹിന്ദുസ്ഥാനി സംഗീതത്തിലെ ലളിതവിഭാഗമായ ഗസല്‍, ഖവാലികളിലെ മനോഹര അംശങ്ങള്‍ സന്നിവേശിപ്പിച്ച് മലയാള ചലച്ചിത്ര ഗാനങ്ങളെ ശ്രവണസുന്ദരമാക്കിയ ഈ സംഗീതസംവിധായകന്‍ അരങ്ങൊഴിഞ്ഞിട്ട് ഒക്‌ടോബര്‍ ഏഴിന് 30 വര്‍ഷം തികയുന്നു.

ആദ്യകാലതലമുറയും പുതുതലമുറയും ഒരു പോലെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഇഷ്‌ടപ്പെടുന്നു. ബാബുരാജ് ഇല്ലാത്ത 30 വര്‍ഷം ഹിന്ദുസ്ഥാനി ശൈലിയിലുള്ള ഒരുപാട് ഗാനങ്ങളാണ് കൈരളിക്കു നഷ്‌ടപ്പെടുത്തിയത്. ഹിന്ദുസ്ഥാനി ശൈലിയില്‍ പല ഗാനങ്ങളും അടുത്ത കാലത്ത് ഉണ്ടായെങ്കിലും ബാബുരാജ് തന്ന ഈണങ്ങള്‍ക്ക് അപ്പുറമെത്തിക്കാന്‍ പുതിയ തലമുറയിലെ ആര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

ബാബുരാജിനെ വ്യത്യസ്‌തനാക്കിയത് ഗസല്‍ടൈപ്പ് ഗാനങ്ങള്‍ ഒരുക്കാനുള്ള കഴിവാണ്. താമസമെന്തേ വരുവാന്‍..( ഭാര്‍ഗവീനിലയം), പ്രാണസഖി ഞാ‍ന്‍...(പരീക്ഷ), ഇന്നലെ മയങ്ങുമ്പോള്‍....(അന്വേഷിച്ചു കണ്ടെത്തിയില്ല), സുറുമയെഴുതിയ മിഴികളെ....(ഖദീജ), തളിരിട്ട കിനാ‍ക്കള്‍ തന്‍....(മൂടുപടം), ഏഴുനിറങ്ങളുമില്ലാതെ...(കറുത്ത കൈ), ചന്ദ്രബിംബം നെഞ്ചിലേറ്റും...(പുള്ളിമാന്‍) തുടങ്ങിയ അനേകം ഗാനങ്ങള്‍ ഇന്നും പുതുമ മങ്ങാതെ കാലത്തെ അതിലംഘിച്ചു നില്‍ക്കുന്നു.

1921 മാര്‍ച്ച് 29-ന് ബാബുരാജ് കോഴിക്കോട്ട് ജനിച്ചു. പിതാവ് ജാന്‍‌മുഹമ്മദില്‍ നിന്ന് പാരമ്പര്യമായി കിട്ടിയതാണ് സംഗീതവാസന. ബംഗാളി മുസ്ലീമായ അദ്ദേഹത്തില്‍ നിന്ന് കുറേ ഗാനങ്ങള്‍ പഠിച്ചെടുക്കാന്‍ ബാബുരാജ് മറന്നില്ല. പത്തോളം ഭാഷകളിലെ സംഗീതത്തെ കുറിച്ച് അറിവുണ്ടായിരുന്ന അദ്ദേഹം ബോംബെയിലും, സിലോണിലും കഴിഞ്ഞ നാളുകള്‍ ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. ബാബുരാജിന്റെ യഥാര്‍ഥ പേര് മുഹമ്മദ് സാബിര്‍ എന്നാണ്. ഒരു ഫിലിം ഫെയര്‍ അവാര്‍ഡു കൊണ്ടു മാത്രം തൃപ്‌തിപ്പെടേണ്ടി വന്ന അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയില്ല.

1957-ല്‍ രാമുകാര്യാട്ട് സംവിധാനം ചെയ്‌ത ‘മിന്നാമിനുങ്ങ് ’ എന്ന ചിത്രത്തിലൂടെയാ‍ണ് ഒരു സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറുന്നത്. മച്ചാട്ട് വാസന്തി, മീനാസുലോചന എന്നിവരുടെ പ്രഥമചിത്രവും ഇതായിരുന്നു. ഈ ചിത്രത്തിലെ ഗാനരചയിതാവ് പി ഭാസ്‌കരനാണ്. നീയെന്തറിയുന്നു..., വാലിട്ടു കണ്ണെഴുതേണം..., ഇത്രനാള്‍ ഇത്രനാള്‍..., എന്തിന് കവിളില്‍ ബാഷ്‌പധാര.... എന്നിവയായിരുന്നു ഗാനങ്ങള്‍. 1960ല്‍ പുറത്തിറങ്ങിയ ‘ഉമ്മ ’ എന്ന ചിത്രത്തിലൂടെയാണ് ബാബുരാജ് ശ്രദ്ധേയനാവുന്നത്. കദളിവാഴക്കയ്യിലിരുന്ന്..., പാലാണ് തേനാണ്.., എന്‍ കണ്ണിന്റെ കടവിലടുത്താല്‍ എന്നീ ഗാനങ്ങള്‍ ഒരിക്കലും മാധുര്യം നഷ്‌ടപ്പെടാത്ത മികവുറ്റ സംഗീതത്തിന്റെ സാക്ഷിപത്രങ്ങളായി മാറി.

തുടര്‍ന്നുള്ള വര്‍ഷം ‘ലൈലാ മജ്‌നു’, ‘പാലാട്ടു കോമന്‍’, ‘ഭാഗ്യജാതകം ’, എന്നീ ചിത്രങ്ങളില്‍ തികച്ചും വ്യത്യസ്തമായ സംഗീതശൈലിയാണ് അദ്ദേഹം ഒരുക്കിയത്. പാലാട്ടു കോമനിലെ പൂവേ നല്ല പൂവേ തികച്ചും കേരളീയ സംഗീതത്തിലധിഷ്‌ഠിതമായിരുന്നു.

അതുപോലെ ‘നിണമണിഞ്ഞ കാല്പാടുകളി’ ലെ മാ‍മലകള്‍ക്കപ്പുറത്ത് ... എന്ന ഗാനം ഒരിക്കലെങ്കിലും മൂളാത്ത പ്രവാസി മലയാളി വിരളമായിരിക്കും. മാപ്പിളപ്പാട്ടിന്റെ മാധുര്യവും ഈശലുകളുടെ താളാത്മകതയും സ്വന്തം സംഗീതത്തില്‍ സമന്വയിപ്പിക്കാന്‍ ബാബുരാജിനെ പോലെ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. ഒരു കൊട്ട പൊന്നുണ്ടല്ലോ...(കുട്ടിക്കുപ്പായം), കുരുകുരുമച്ചം പെണ്ണുണ്ടോ..(കുപ്പിവള), മാണിക്കപ്പൂമുത്ത്...(സ്വര്‍ണമത്സ്യം), കല്യാണരാത്രിയില്‍....( കുട്ടിക്കുപ്പായം) എന്നീ ഗാനങ്ങളില്‍ മധുരം കിനിഞ്ഞു നില്‍ക്കുകയാണ്. 96 ചിത്രങ്ങള്‍ക്ക് ബാബുരാജ് സംഗീതം നല്‍കിയിട്ടുണ്ട്. ഇതില്‍ 3 ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടില്ല. സ്‌ത്രീധനം, കൃഷ്‌ണതുളസി, മങ്ങാട്ടച്ചനും കുഞ്ഞായിന്‍ മുസ്ല്യാരും എന്നിവയാണിത്. ഇതില്‍ മങ്ങാട്ടച്ചനും കുഞ്ഞായിന്‍ മുസ്ല്യാരും എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇറങ്ങിയില്ല. കൂടാതെ ഒട്ടനവധി നാടകങ്ങള്‍ക്കും ഔട്ട് റെക്കോഡുകള്‍ക്കും ലളിതഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്.

READ MORE in chithrabhumi film magazine dated 2007 October 21. Baburaj remembered and more

ചിത്രം: മൂടുപടം(1963)
രചന: പി. ഭാസ്‌കരന്‍
പാടിയത്: എസ്. ജാനകി

തളിരിട്ട കിനാക്കള്‍ തന്‍ താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍-നിന്റെ
വിരുന്നുകാരന്‍
(തളിരിട്ട)
പൂനുള്ളി പൂനുള്ളി കൈവിരല്‍ കുഴഞ്ഞല്ലോ
പൂക്കാരി മലരിനിയാര്‍ക്കുവേണ്ടി
മധുര പ്രതീക്ഷതന്‍ മണിദീപം കൊളുത്തിയ
മാനസ പൂജയിനിയാര്‍ക്കൂവേണ്ടി-
(തളിരിട്ട)
ഭാവന യമുനതന്‍‌തീരത്തു നീ തീര്‍ത്ത
കോവിലിന്‍ നടതുറന്നതാര്‍ക്കുവേണ്ടി
സങ്കല്‍പ്പ മണിവീണാ സംഗീതം നീയിന്ന്
സാധകം ചെയ്‌തിടുന്നതാര്‍ക്കുവേണ്ടി
(തളിരിട്ട)

ചിത്രം: തച്ചോളി ഒതേനന്‍ (1964)
രചന: പി. ഭാസ്‌കരന്‍
പാടിയത്: എസ്. ജാനകി

അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാര്‍ത്തി
അറപ്പുരവാതിലില്‍ ഞാന്‍ കാത്തിരുന്നു.
മണവാളനെത്തും നേരം കുടുമയില്‍ ചൂടാനൊരു
കുടമുല്ല മലര്‍മാല കോര്‍ത്തിരുന്നു
(അഞ്ജന)
മുടിമേലെകെട്ടിവെച്ചു തുളുനാടന്‍ പട്ടുടുത്തു
മുക്കുറ്റിച്ചാന്തും തൊട്ടു ഞാനിരുന്നു.
കന്നിവയല്‍ വരമ്പത്ത് കാലൊച്ച കേട്ട നേരം
കല്യാണ മണിദീപം കൊളുത്തിവെച്ചു
(അഞ്ജന)
തൂശനില മുറിച്ചുവെച്ചു തുമ്പപ്പൂ ചോറുവിളമ്പി
ആശിച്ച കറിയെല്ലാം നിരത്തി വെച്ചു
പുള്ളുകളുറങ്ങീട്ടും പൂങ്കോഴി കരഞ്ഞിട്ടും
കള്ളനവന്‍ വന്നില്ല തോഴിമാരെ
(അഞ്ജന)

RELATED PAGES
» P Bhaskarante Kavithakal
» Beyond The Screen
» Music Zone

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger