V Dakshinamoorthi Returns
- അന്‍വിത1948-ലെ ഒരു പകല്‍. ഞാനന്ന് മദിരാശിയിലെ മൈലാപ്പൂര്‍ പുതുതെരുവിലെ ഒരു കൊച്ചുവീട്ടിലാണ് താമസം. എന്നെ അത്‌ഭുതപ്പെടുത്തിക്കൊണ്ട് അഭയദേവും കുഞ്ചാക്കോയും കെ. വി കോശിയും എന്റെ താമസസ്ഥലത്ത് വന്നു. അവര്‍ നിര്‍മിക്കാന്‍ പോകുന്ന ‘നല്ല തങ്ക’ എന്ന സിനിമയ്‌ക്ക് ഒരു ‘വിരുത്തം ’ തയാറാക്കിക്കൊടുക്കണമെന്ന് അവരെന്നോടാവശ്യപ്പെട്ടു. എനിക്ക് എന്നെ തന്നെ വിശ്വസിക്കാനായില്ല. സത്യമാണോ ഈ കേള്‍ക്കുന്നത്? അവരെല്ലാം അന്നുതന്നെ സിനിമാരംഗത്ത് പ്രശസ്‌തരും പ്രഗല്‍ഭരുമാണ്. എന്റെ ജീവിതത്തിനു പുതിയൊരു തുടക്കം കുറിച്ച ആ ‘വിരുത്ത ’ത്തിന്റെ വരികള്‍ ഒരിക്കലുമെനിക്ക് മറക്കാനാവില്ല.
‘ശംഭോ ഞാന്‍ കാണ്മതെന്താ-
ണിദം അടയുകയോ
മല്‍ കവാടങ്ങളയ്യോ.....’
പിന്നീട് നാല്‍പ്പതു വര്‍ഷത്തോളം മലയാളസിനിമയില്‍ നിറഞ്ഞു നിന്ന വി ദക്ഷിണാമൂര്‍ത്തി തന്റെ സിനിമാപ്രവേശത്തെ കുറിച്ച് ഓര്‍ക്കുന്ന വരികളാണിവ; ‘സംഗീതരാജാങ്കണത്തില്‍’ എന്ന പുസ്തകത്തില്‍. അമ്പതുകളില്‍ സിനിമയില്‍ എത്തിയ ഈ സംഗീതജ്‌ഞന്‍ ഹിറ്റുകളുടെ ഒരു പരമ്പര തന്നെയൊരുക്കി: ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു, പാട്ടു പാടി ഉറക്കാം ഞാന്‍, അവള്‍ ചിരിച്ചാല്‍ മുത്തു ചിതറും.. അങ്ങനെ ആയിരത്തോളം ഗാനങ്ങള്‍. (ഈ സുന്ദരമായ ഗാനങ്ങളെ വെറുതെ ഹിറ്റുകള്‍ എന്നു മാത്രം വിശേഷിപ്പിക്കുന്നത് ശരിയല്ല. എങ്കിലും ഇക്കാലത്ത് നമുക്ക് പരിചയം ഈ വാക്കു മാത്രമാണല്ലോ!)
ഭദ്രന്‍ സംവിധാനം ചെയ്‌ത ‘ഇടനാഴിയില്‍ ഒരു കാലൊച്ച’ (1987) എന്ന സിനിമയാണ് സ്വാമി ഒടുവില്‍ ഈണം പകര്‍ന്ന ചിത്രം. അതിലെ, ഒ എന്‍ വി രചിച്ച ‘വാതില്‍പ്പഴുതിലൂടെന്‍ മുന്‍പില്‍’ എന്ന ഗാനം ഇന്നും നമുക്കു പ്രിയപ്പെട്ടതാണ്. അങ്ങനെ 37 വര്‍ഷം കൊണ്ട് 125 സിനിമകള്‍. പിന്നെ സിനിമയില്‍ നിന്നുള്ള നീണ്ട വിട്ടുനില്‍പ്പ്.
» സംഗീതരാജാങ്കണത്തില്‍ Memoirs by Dakshinamoorthy
» ഹൃദയസരസ് Songs by Sreekumaran Thampi
» Songs by V Dakshinamoorthy @ www.movieraga.com
20 വര്‍ഷങ്ങള്‍ക്കു ശേഷം ദക്ഷിണാമൂര്‍ത്തി സ്വാമി വീണ്ടും തിരിച്ചെത്തുകയാണിപ്പോള്‍. അശോക് ആര്‍ നാഥ് സംവിധാനം ചെയ്യുന്ന ‘മിഴികള്‍ സാക്ഷി’ എന്ന ചിത്രമാണ് അപ്രതീക്ഷിതമായ ഈ തിരിച്ചു വരവിന് വഴിയൊരുക്കുന്നത്. ഒ എന്‍ വി യുടേതാണ് വരികള്‍. ഇരുപതു വര്‍ഷങ്ങള്‍ക്കിടയില്‍ മലയാളസിനിമ ഒരുപാട് മാറിപ്പോയി. പക്ഷേ പുതിയ സ്‌റ്റുഡിയോയും ആധുനിക സംവിധാനങ്ങളുമെല്ലാം സംഗീതാചാര്യനു മുന്നില്‍ വഴങ്ങിക്കൊടുത്തു. ഓര്‍ക്കസ്‌ട്രയുടെ ആരവമില്ലാതെ, ട്രാക്കില്ലാതെ യേശുദാസിന്റെ ശബ്‌ദം റിക്കാര്‍ഡ് ചെയ്‌തു.
‘അമ്മ നീയൊരു ദേവാലയം
നന്മകള്‍ പൂവിട്ടു പൂജിക്കുമാലയം
ദേവാലയം’
എന്നീ വരികളില്‍ തുടങ്ങുന്ന സ്‌തുതിഗീതം.
‘ചെത്തിയും ചെമ്പരത്തിയും നല്ല തൃത്താവും ചാര്‍ത്തും പൈതലേ.....’ എന്നാരംഭിക്കുന്ന കൃഷ്‌ണസ്‌തുതി എസ്. ജാനകിയും ‘താഴമ്പൂത്തൊട്ടിലില്‍ താമരത്തുമ്പിയെ....’ എന്ന ഗാനം ചിത്രയും ആലപിക്കുന്നു. ‘മഞ്ജുതരശ്രീലതികാഗൃഹത്തിലെന്‍.....’ എന്നു തുടങ്ങുന്ന സോപാനസംഗീതം ആലപിക്കുന്നത് പുതിയ ഗായികയായ അപര്‍ണ രാജീവാണ്. ഒ എന്‍ വിയുടെ പേരക്കുട്ടിയാണ് അപര്‍ണ.
നിരവധി സുന്ദരഗാനങ്ങള്‍ മലയാളത്തിനു സമ്മാനിച്ച സംഗീതജ്ഞനാണ് വി ദക്ഷിണാമൂര്‍ത്തി. നല്ലതങ്കയിലൂടെ അദ്ദേഹം നടത്തിയ അരങ്ങേറ്റത്തേക്കുറിച്ച് ആദ്യം പറഞ്ഞല്ലോ. 1950-ല്‍ പുറത്തിറങ്ങിയ നല്ല്ല തങ്ക മലയാളത്തിലെ ആദ്യ ശബ്ദചിത്രങ്ങളിലൊന്നായിരുന്നു. അക്കാലത്തെ പ്രമുഖ നിര്‍മാതാക്കളിലൊരാളായിരുന്ന ടി ഇ വാസുദേവന്‍ നിര്‍മിച്ച 54 ചിത്രങ്ങളില്‍ 33 എണ്ണത്തിനും സ്വാമിയാണ് സംഗീതം നല്‍കിയത്.
അഭയദേവ്, പി ഭാസ്‌കരന്‍, വയലാര്‍, ഒ എന്‍ വി എന്നിവരുടെ വരികള്‍ക്കെല്ലാം സ്വാമി ഈണം നല്‍കിയിട്ടുണ്ടെങ്കിലും സ്ഥിരം കൂട്ടുകെട്ട് ശ്രീകുമാരന്‍ തമ്പിയുമായിട്ടായിരുന്നു. ഏറ്റവും മികച്ച ഗാനങ്ങളും ഈ സംഘത്തില്‍ നിന്നായിരുന്നു. ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, ഹൃദയസരസ്സിലെ പ്രണയപുഷ്‌പമേ, വൈക്കത്തഷ്‌ടമിനാളില്‍ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു, സന്ധ്യക്കെന്തിനു സിന്ധൂരം, ആറാട്ടിനാനകള്‍ എഴുന്നള്ളി, അവള്‍ ചിരിച്ചാല്‍ മുത്തു ചിതറും, ഉത്തരാസ്വയംവരം കഥകളി കാണുവാന്‍... എന്നിങ്ങനെ കാലം ചെല്ലുന്തോറും ശോഭയേറുന്ന എത്രയോ ഗാനങ്ങള്‍.
അതു പോലെ യേശുദാസിന്റെ കഴിവുകളെ ഏറ്റവും പുറത്തുകൊണ്ടു വന്നതും ദക്ഷിണാമൂര്‍ത്തി തന്നെ. ക്ലാസിക്കല്‍- സെമിക്ലാസിക്കല്‍ സംഗീതത്തിലേക്ക് സാധാരണക്കാരെയും ആകര്‍ഷിക്കാന്‍ കഴിഞ്ഞതാണ് ഈ പ്രതിഭാസംഗമത്തിന്റെ ഏറ്റവും വലിയ നേട്ടം. യേശുദാസ് മാത്രമല്ല, അദ്ദേഹത്തിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫും പുത്രന്‍ വിജയ് യേശുദാസും സ്വാമിയുടെ സംഗീതസംവിധാനത്തില്‍ പാടിയിട്ടുണ്ട്. വിജയ് ആദ്യമായി സിനിമയില്‍ പാടിയതും സ്വാമിയുടെ സംഗീതസംവിധാനത്തില്‍ തന്നെ; ഇടനാഴിയില്‍ ഒരു കാലൊച്ചയാണ് ചിത്രം.
സിനിമയില്‍ മുഴുകിയപ്പോഴും ശുദ്ധ സംഗീതത്തെ സ്വാമി മറന്നില്ല. നിത്യേന ചിട്ടയോടെയുള്ള ഉപാസന. ജീവിക്കാനുള്ള ഒരു വരുമാനമാര്‍ഗമായി മാത്രം സിനിമയെ കണ്ടു. ആദ്യം സാഹിത്യം. പിന്നെ സംഗീതം. പാട്ട് വായിച്ച് സന്ദര്‍ഭം മനസിലാകുമ്പോള്‍ ഒരു ഈണം മനസില്‍ രൂപപ്പെടും. അതു പാടുമ്പോള്‍ ഒരു രാഗമായി മാറുന്നു. അല്ലാതെ ഇന്ന രാഗത്തില്‍ തുടങ്ങണമെന്ന് ആദ്യമേ നിശ്‌ചയിക്കാറില്ല. ആദ്യം ഈണം കണ്ടെത്തി അതിനനുസരിച്ച് വരികള്‍ എഴുതിക്കുന്ന പുത്തന്‍ രീതിയെ കുറിച്ച് ആലോചിക്കാനെ വയ്യ.
അതുകൊണ്ട് ആധുനിക മലയാള സിനിമയുടെ കുതിച്ചുപായലുകള്‍ക്ക് പിന്നാലെ സ്വാമി ഓടിയില്ല. ചെന്നൈയിലും പാലക്കാട്ടുമൊക്കെയായി സംഗീതത്തെ മാത്രം ഉപാസിച്ചു കൊണ്ട് കഴിഞ്ഞ വര്‍ഷങ്ങള്‍. ഇപ്പോഴിതാ ഒരു തിരിച്ചു വരവ്. ആ സുന്ദരഗാനങ്ങള്‍ക്കായി വീണ്ടും നമുക്ക് കാതോര്‍ക്കാം.
Photo: Sivans/ Courtesy: Mathrubhumi Books
RELATED PAGES
» Search Music Zone
» Music Books



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME