SPiCE most viewed videos in indulekha
 

Chitra Speaks

1982-ല്‍ മലയാളസിനിമാഗാനരംഗത്താരംഭിച്ച യാത്ര ചിത്ര ഇപ്പോഴും തുടരുന്നു, പൂര്‍വ്വാധികം തിരക്കില്‍... 26 വര്‍ഷത്തെ കരിയറില്‍ മലയാളം, തമിഴ്, കന്നട, ഒറിയ, ഹിന്ദി, ആസാമീസ്, ബംഗാളി സിനിമകളിലായി 17000 പാട്ടുകള്‍. ഇവ കൂടാതെ ആല്‍ബം, ഗസല്‍, ഭജന്‍സ് വേറെ....
singer chitra
ആറു ദേശീയ അവാര്‍ഡുകള്‍... ഇന്‍ഡ്യയില്‍ ഏറ്റവും അധികം ദേശീയ അവാര്‍ഡുകള്‍ വാങ്ങിയ ഫീമെയ്‌ല്‍ പ്ലേ ബാക്ക് സിംഗര്‍. 1997-ല്‍ സംഗീതലോകത്തില്‍ ചിത്രയുടെ സംഭാവനകളെ ആദരിച്ചുകൊണ്ട് ‘പത്മശ്രീ’ ബഹുമതി. തമിഴ് നാട് ഗവണ്മന്‍ിന്‍െറ -‘കലൈമാമണി’ പട്ടം. കേരളാ, തമിഴ് നാട് , ആന്ധ്രാ, കര്‍ണാടകാ സ്റ്റേറ്റ് ഗവണ്മെന്‍റ് അവാര്‍ഡുകള്‍ നിരവധി തവണ.. അവാര്‍ഡുകളുടെ നിര നീണ്ടതാണ്... ചിത്രയുടെ പാട്ടുകള്‍ പോലെ...

ചെന്നൈ സാലിഗ്രാമത്തിലെ അനന്തരാമന്‍ സ്ട്രീറ്റിലെ ഒന്‍പതാം നമ്പര്‍ വീട്ടില്‍ ചിത്ര കുടുംബത്തിനായി മാറ്റിവെച്ച ഞായറാഴ്ചയുടെ ഒരു ഭാഗം കൂടി കവര്‍ന്നെടുത്തു, 'ഇന്ദുലേഖ’ യുടെ വായനക്കാര്‍ക്കായി...

* ചിത്ര ഇപ്പോഴും തിരക്കിലാണ്. ഒരു ഗായകന്‍ / ഗായികയ്ക്കു ചുറ്റും വട്ടമിട്ടുപറക്കുന്ന സിനിഫീല്‍ഡ് സംസ്‌കാരത്തിന്റെ ഒടുവിലത്തെ കണ്ണിയാവുകയാണോ ചിത്ര? ഇനിയും അങ്ങനെയൊരു കാലത്തിനു സാധ്യതയുണോ?

ഇന്ന് നമുക്ക് വേണ്ടുവോളം പാട്ടുകാരുണ്ട്. ഒരു ഗായകന്‍ / ഗായിക എന്ന സങ്കല്പത്തിന് ഇപ്പോള്‍ പ്രസക്തിയേയില്ല. മുന്‍പ് ഒരു പാട്ടിന്റെ വരികള്‍ എഴുതുമ്പോഴേ ഇതാരു പാടണം എന്നു തീരുമാനിക്കപ്പെട്ടിരിക്കും. ഇന്നത്തെ സ്ഥിതി അതല്ല. ഒരേ പാട്ട് പലരെക്കൊണ്ട് പാടിപ്പിച്ച് അതില്‍ നിന്ന് ഒരാളെ സെലക്ടുചെയ്യുന്നു. ഒരു ഗായകന്‍/ ഗായിക ഇനിയൊരു സങ്കല്പം മാത്രമായേക്കാം. എന്നാലും കഴിവുള്ളവര്‍ അവരുടെ സാന്നിധ്യം അറിയിക്കുക തന്നെ ചെയ്യും.

* സാങ്കേതിക വളര്‍ച്ചയില്‍ പാട്ടുകാരുടെ പ്രതിഭ മങ്ങിപോവുകയും ഓര്‍ക്കസ്ട്രേഷന്‍ മാത്രം വളരുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണോ ഇപ്പോഴുള്ളുത്?

മുന്‍പ് റെക്കോര്‍ഡിംഗ് ഒരു കൂട്ടം പ്രവര്‍ത്തകരുടെ സ്വപ്നം പൂവണിയുന്ന മുഹൂര്‍ത്തമായിരുന്നു. ഇന്ന് ഓര്‍ക്കസ്ട്രേഷന്റെ ബഹളത്തില്‍ ഗായകരുടെ സ്വരത്തിന് പ്രാധാന്യം കുറഞ്ഞിരിക്കുന്നു. ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ മിക്സിംഗിലൂടെ ആരുടെ ശബ്ദവും കൂടുതല്‍ മികച്ചതാക്കാം. ശ്രുതി പോയാല്‍ ശ്രുതി ചേര്‍ക്കാം. വാക്കുകള്‍ കൂടി തെറ്റിയാല്‍ മാറ്റിയെടുക്കാം. ഒരേ പാട്ടിനെ പല ഭാഗങ്ങളായി മുറിച്ചുപാടാം. പാട്ടുകാരുടെ പ്രതിഭ മങ്ങിപോകുന്നതിന് ഇതിടയാക്കിയിട്ടുണ്ടെങ്കിലും ഒരു മിനിമം സ്റ്റാന്‍ഡേര്‍ഡില്ലാതെ ഈ രംഗത്ത് തുടരാന്‍ ബുദ്ധുമുട്ടുതന്നെയാണ്.

* സിനിമാരംഗത്ത് കടന്നുവരുവാനും കഴിവു തെളിയിക്കുവാനും ഒരു ഗോഡ്‌ഫാദര്‍ അല്ലെങ്കില്‍ ഒരു ഗ്രൂപ്പിന്റെ പിന്തുണ അത്യാവശ്യമാണെന്ന് ഈ രംഗത്തുള്ള പലരും പറയാറുണ്ട്. സിനിമാഗാനരംഗത്തും ഇതേ സാഹചര്യമാണോ ഉള്ളത്?

അങ്ങനെയൊരു സാഹചര്യം ഗാനരംഗത്തുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ആദ്യമായി അവതരിപ്പിക്കാന്‍ ഒരാള്‍ ഉണ്ടാവുകയെന്നത് പ്രധാനമാണ്. കഴിവുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ രംഗത്ത് ഉയര്‍ന്നുവരാം. എന്നെ എം. ജി രാധാകൃഷ്ണന്‍ സാറാണ് ഈ രംഗത്തേക്ക് കൊണ്ടുവന്നത്. കഴിവുതെളിയിച്ചാല്‍ നമ്മെ തേടി അവസരങ്ങള്‍ തീര്‍ച്ചയായും വരും. ഇന്നത്തെ കുട്ടികള്‍ക്ക് കടന്നുവരുവാന്‍ ടെലിവിഷന്‍-റിയാലിറ്റി ഷോകള്‍ പോലെ വളരെ വലിയ അവസരങ്ങളാണുള്ളത്.

* ടെലിവിഷനിലൂടെ മ്യൂസിക്ക് റിയാലിറ്റിഷോകള്‍ ഒരു കൂട്ടം പുതുപ്പാട്ടുകാരുടെ ഉദയത്തിന് പാതയൊരുക്കുമ്പോള്‍...എന്തു തോന്നുന്നു?

പുതുപ്പാട്ടുകാര്‍ക്ക് കടന്നുവരുവാന്‍ ആരോഗ്യകരമായ മത്സരത്തിന് സാധ്യതയുണ്ടാകുക എന്നത് വലിയ കാര്യമാണ്. റിയാലിറ്റിഷോകള്‍ ഒരു പരിധിവരെ അതിനു സഹായകമാകുന്നുണ്ട്. റിയാലിറ്റിഷോകളുടെ വര്‍ണപ്രപ‍‍ഞ്ചത്തില്‍ പ്രകടനത്തിന് അമിത പ്രാധാന്യം കൊടുക്കാതെ സംഗീതത്തിന്റെ ആത്മാവ് നിലനിര്‍‍ത്തിക്കൊണ്ടുള്ള ഒരു രീതിയാണ് കൂടുതല്‍ ഉത്തമമെന്ന് തോന്നാറുണ്ട്. ഇന്ന് ഒരു കൂട്ടം പാട്ടുകാരുടെ കടന്നുവരവിന് ഈ ഷോകള്‍ വഴിതെളിച്ചിട്ടുണ്ട്. പഴയ പാട്ടുകാര്‍, പുതിയ പാട്ടുകാര്‍ എന്ന വേര്‍തിരിവില്ലാതെ തന്നെ ഓരോരുത്തര്‍ക്കും പാടാനുള്ള പാട്ട് ഈശ്വരന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇവിടെയൊരു മത്സരത്തിന്റെ വിഷയമേയില്ല.

* ഇന്ന് ഗ്ലോബലൈസേഷന്റെ തീരാവ്യാധികളെക്കുറിച്ച് നമ്മുടെ സമൂഹത്തില്‍ ബോധവല്‍ക്കരണം നടക്കുന്നുണ്ട്. അതിനാലാണ് പഴയകാലത്തിലേക്കുള്ള ഒരു തിരിച്ചുപോക്കിന് ആവേശം കാണിക്കുന്നത്. പുതിയ ടെക്‍നോളജിയെ ഉപേക്ഷിക്കാതെ തന്നെ പഴയതും പുതിയതും ചേര്‍ന്ന ഒരു ലയനം; ഇത് പാട്ടില്‍ സാധ്യമാകുമോ?

തീര്‍ച്ചയായും അങ്ങനെയൊരു സാധ്യത അദ്ഭുതകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. പഴയ സംസ്കാരത്തില്‍ നിന്നും നാം ബഹുദൂരം പുറകോട്ടുപോയിരിക്കുന്നു. പഴമയുടെ നന്മകള്‍ ഇനിയെങ്കിലും നമ്മെ വിട്ടുപോകാതെ പിന്‍തുടരാനായാല്‍ നല്ലൊരു നാളെ നമുക്കായി വാതില്‍ തുറക്കുക തന്നെ ചെയ്യും. വിവിധ രംഗത്ത് പഴമയിലേക്കുള്ള തിരിച്ചുപോക്കിന് നമ്മുടെ സമൂഹം പ്രാധാന്യം കൊടുക്കുന്നുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. ഗാനരംഗത്തും ഈ മാറ്റത്തിനായി കാതോര്‍ക്കാം.

* ഇനിയും നല്ല വരികള്‍ ... നല്ല സംഗീതം... കവിത ഗാനമായി പെയ്തിറങ്ങുന്ന ഒരു നാളെ സ്വപ്നം കാണാനാകുമോ?

തീര്‍ച്ചയായും. സംഗീതത്തിനും വരികള്‍ക്കും പ്രാധാന്യം കൊടുത്ത് ഓര്‍ക്കസ്ട്രേഷന്റെ അതിപ്രസരത്തില്‍ നിന്നും വിട്ടുനിന്നാല്‍ ഒരു മാറ്റമുണ്ടാവുക തന്നെ ചെയ്യും. നല്ല വരികളും സംഗീതസംവിധാനവുമെല്ലാം ഇപ്പോള്‍ ഉണ്ടാകാറുണ്ട്. പക്ഷെ ബഹളങ്ങളുടെ അതിപ്രസരത്തില്‍ മറഞ്ഞുപോവുകയാണധികവും.

* ചിത്രയുടെ പുതിയ പാട്ടുകള്‍.. ആല്‍ബങ്ങള്‍...?

തമിഴില്‍ ഇളയരാജസാര്‍ സംഗീതത്തില്‍ ‘ നാന്‍ കടവുള്‍’, ഏ ആര്‍ റഹ്മാന്‍ സംഗീതത്തില്‍ ‘ കുചേലന്‍‍, ഷാന്‍ മ്യൂസിക്ക് ചെയ്ത ‘ 13 B’ എന്ന ഹിന്ദിസിനിമയില്‍ ശങ്കര്‍ മഹാദേവന്‍ സാര്‍ കൂടെ ഒരു ഗാനം ഇവയെല്ലാമാണ് ഈയടുത്ത് റെക്കോര്‍ഡിങ് കഴിഞ്ഞത്. ‘ പിയാബസന്തി’ എന്ന പോപ്പുലര്‍ ആല്‍ബത്തിനുശേഷം അതിന്റെ Iind part ഇറക്കുവാനുള്ള തയ്യാറെടുപ്പിലാണ് സോണി മ്യൂസിക്ക്. ‘M.S Subhalakshmi- My Tribute’ എന്ന ആല്‍ബം ഈയടുത്താണ് റിലീസ് ചെയ്തത്.

* ഭാവിപരിപാടികള്‍ ?

ഇപ്പോള്‍ കൂടുതലും ലൈറ്റ് മ്യൂസിക്കിനാണ് പ്രാധാന്യം കൊടുക്കുന്നത്. കച്ചേരികള്‍ ഇഷ്ടമാണെങ്കിലും അധികം ചെയ്യാറില്ല. കാരണം അത് ലൈറ്റ് മ്യൂസിക്ക് പാടുന്നതില്‍ അല്പം ബുദ്ധിമുട്ടുണ്ടാക്കും. കുറച്ചുനാളുകള്‍ക്കുശേഷം കച്ചേരികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്ന് വിചാരിക്കുന്നു.
B. Bobby, Chennai

RELATED PAGES
» K S Chithra Collection

1 Comments:

Blogger joe said...

"Chirtra Speaks" was like the excavation for a precious stone and unveiling it to the public. No dobut, Chitraji is a legend, not influenced by today's hype and glamour. Hence glitter and glory of this stone will never be lost. Generations will treasure it.

The role of the excavator, Ms.Bobby is equally laudable as she could bring to limelight the "Chitra Phenomenon" in a few lines very effectively and with value added informations. congragulations!!!

P.K. Jose, Visakhapatnam
9440156638, pkjose2000@yahoo.com

September 15, 2008 5:38 PM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger