SPiCE most viewed videos in indulekha
 

Cyriac = കേരളീയത Re-invented!

travancore heritage at chovvara trivandrum designed by Architect t m cyriac
» HAVE A LOOK @ Resorts and Homes by T M Cyriac

‘കേരളീയത മുറ്റി നില്‍ക്കുന്ന റിസോര്‍ട്ടുകളുടെ ശില്പി എന്ന നിലയില്‍ പ്രസിദ്ധനായ മലയാളി’. ആര്‍ക്കിടെക്‍റ്റ് ടി എം സിറിയക്കിനെ ഒറ്റ വാചകത്തില്‍ വിവരിക്കേണ്ടി വന്നാല്‍ അത് ഇങ്ങനെയായിരിക്കും. കേരളത്തിലെ ആദ്യറിസോര്‍ട്ടായ തേക്കടിയിലെ സ്പൈസ് വില്ലേജ്‌, കുമരകത്തെ കോക്കനട്ട് ലഗൂണ്‍, ചൊവ്വരയിലെ ട്രാവന്‍‌കൂര്‍ ഹെറിറ്റേജ്, ബാംഗ്ലൂരിലെ ആയുര്‍ഗ്രാം, തേക്കടിയിലെ കാര്‍ഡമം കൌണ്ടി, എറണാകുളത്തിനടുത്തുള്ള കാമ്യകം, തൃക്കുന്നപ്പുഴയിലെ കൊയര്‍ വില്ലേജ്, വൈത്തിരിയിലെ റെയ്‌ന്‍ കണ്‍‌ട്രി റിസോര്‍ട്ട്, കോവളത്തെ നിക്കീസ് നെസ്റ്റ്, പൂവാറിലെ ഐസൊല ഡി കൊക്കൊ, പൂവാറിലെ തന്നെ ഓവര്‍ ദ് ഹില്‍... ചുരുക്കി പറഞ്ഞാല്‍ കേരളത്തിലെ കൊള്ളാവുന്ന റിസോര്‍ട്ടുകളില്‍ നല്ല പങ്കും സിറിയക്കിന്റെ ഡ്രോയിങ് ബോര്‍ഡിലൂടെ കടന്നുപോയവയാണ്.

architect t m cyriacപഴയ കെട്ടിടങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നു എന്നതാണ് സിറിയക് സ്റ്റൈലിന്റെ സവിശേഷത. വെറുതെ ഇടിച്ചു പൊളിച്ച്‌ കളഞ്ഞിരുന്ന വീടുകള്‍ക്ക് പുനര്‍ജന്മം. 1993-94 കാലത്ത് നിര്‍മിച്ച കുമരകത്തെ കോക്കനട്ട് ലഗൂണ്‍ ഏറെക്കുറെ പൂര്‍ണമായിത്തന്നെ ഇങ്ങനെ പുനര്‍ജന്മം കിട്ടിയ വീടുകളുടെ സമാഹാരമാണ്. അനുയോജ്യമായ പഴയ വീടുകള്‍ കണ്ടെത്തി സൂക്ഷ്‌മതയോടെ പൊളിച്ച് കൃത്യമായി റിസോര്‍ട്ടില്‍ സ്ഥാപിക്കുകയായിരുന്നു പരിപാടി.

“ചുരുങ്ങിയ സമയത്തിനുള്ളില്‍ റിസോര്‍ട്ട് പൂര്‍ത്തിയാക്കണമായിരുന്നു അന്ന്. ആ‍ സാഹചര്യത്തില്‍ പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിനേക്കാല്‍ എളുപ്പം പഴയത് പുതുക്കി അവതരിപ്പിക്കുകയായിരുന്നു. അതു വെറുതെയാ‍യില്ല. സമയലാഭം മാത്രമല്ല, സാമ്പത്തികലാഭവും കിട്ടി. തടിയുരുപ്പടികള്‍ക്കു വേണ്ടി മരം മുറിക്കേണ്ടി വരാഞ്ഞതുകൊണ്ട് പരിസ്ഥിതിയെ ഉപദ്രവിക്കാതെ കഴിയുകയും ചെയ്തു.”

ഇതേ രീതിയില്‍ നിര്‍മിച്ച ചൊവ്വരയിലെ ദ ട്രാവന്‍‌കൂര്‍ ഹെറിറ്റേജ്, ‘ഇന്‍സൈഡ് ഔട്‌സൈഡി’ന്റെ 2004-ലെ ഡിസൈനര്‍ ഓഫ് ദ ഇയര്‍ ബഹുമതി സിറിയക്കിന് നേടിക്കൊടുത്തു. പഴമയെ ആധുനികതയുമായി കൂട്ടിയിണക്കുന്ന വിഷമം പിടിച്ച പണി സിറിയക് അസ്സലായി ചെയ്തിരിക്കുന്നത് ട്രാവന്‍‌കൂര്‍ ഹെറിറ്റേജില്‍ കാണാം (ചിത്രം മുകളില്‍) .

പഴയ വീടുകള്‍ വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നത് കേരളീയവാസ്തുവിദ്യയുടെ സവിശേഷത കൊണ്ടു മാത്രമാണെന്ന് സിറിയക് പറയുന്നു. കാലാവസ്ഥയും ഭൂപ്രകൃതിയും ചേര്‍ന്നാണ് നമ്മുടെ വാസ്തുവിദ്യാശൈലി നിര്‍വചിച്ചത്. കുന്നും മലയും താഴ്‌വരയും വെള്ളവും ചെളിയും കായലും കടലുമൊക്കെ അതിനു രൂപം നല്‍കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്; പിന്നെ, വളരെ പ്രധാനപ്പെട്ട ഒരു ഘടകമായി മഴയും.

മരമായിരുന്നു പ്രധാന നിര്‍മാണവസ്തു; കൈകാര്യം ചെയ്യാന്‍ ഇത്തിരി പ്രയാസമുള്ള സാധനം. മെരുക്കാന്‍ നല്ല വിരുതു വേണം. മരത്തില്‍ പണിയുന്ന എല്ലാവര്‍ക്കും അത് ഉണ്ടായിക്കൊള്ളണമെന്നില്ലല്ലോ. അതുകൊണ്ട്, മരം പണിയാന്‍ ചില കണക്കുകളുണ്ടാക്കി പണ്ടത്തെ സമര്‍ഥരാ‍യ മരയാശാരിമാര്‍. കഴുക്കോലിനിത്ര നീളം, ഉത്തരം ഇത്ര.. എന്നിങ്ങനെ. കെട്ടിടങ്ങളുടെ വലിപ്പവും അനുപാതവുമൊക്കെ മുന്‍‌കൂട്ടി നിശ്ചയിക്കുകയാണ് അവര്‍ ചെയ്തത്. സാ‍മര്‍ഥ്യം കുറഞ്ഞ മറ്റുള്ളവര്‍ ഈ പട്ടികകള്‍ മന:പാഠമാക്കി.

ഈ കണക്കുകള്‍ വച്ച് ആരു വീടു പണിതാലും മിനിമം ചന്തവും സൌകര്യവുമൊക്കെയുണ്ടാവും. ഈ കെട്ടിടങ്ങള്‍ പൊളിച്ചെടുക്കാനും കൃത്യമായി പുനര്‍നിര്‍മിക്കാനും കണക്കറിയാവുന്ന മരപ്പണിക്കാര്‍ക്ക് ഒരു പ്രയാസവുമുണ്ടാകില്ല. ഒരു പലകയുടെ നീളം നോക്കിയാല്‍പ്പോലും കെട്ടിടത്തിന്റെ മൊത്തം വലിപ്പമറിയാന്‍ കഴിയുന്നത്ര കിറുകൃത്യമാണ് നമ്മുടെ പൂര്‍വികരുണ്ടാക്കിയ കണക്കുകള്‍!

ഇതൊക്കയാണെങ്കിലും‍, സിറിയക് റിസോര്‍ട്ടുകളുടെ മാത്രം ശില്പിയല്ല. ഒരുപാട് വീടുകളുമുണ്ട് അദ്ദേഹത്തിന്റെ പോര്‍ട്ട്ഫോളിയോയില്‍. റിസോര്‍ട്ട് പോലെയുള്ള വീടുകളല്ല, മൂന്നും അഞ്ചും എട്ടും സെന്റ് സ്ഥലത്ത് തീര്‍ത്ത മനോഹരമായ ചെറിയ വീടുകള്‍. കാരക്കുടിയില്‍ നിന്നുള്ള കല്‍ത്തൂണുകളും പഴമയുടെ സൌന്ദര്യം മിന്നുന്ന ചെട്ടിനാട് സിമന്റ് ടൈലുകളും മരപ്പണികളും സിറിയക് ഈ വീടുകളുടെ ഭാഗമാക്കി.

റിസോര്‍ട്ടുകളുടെ കാര്യത്തിലെന്ന പോലെ വീടുകളുടെ കാര്യത്തിലും അദ്ദേഹം ഊന്നല്‍ കൊടുക്കുന്നത് കേരളീയതയ്‌ക്കു തന്നെ. എന്നാല്‍, കേരളീയത എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്ന ചില കെട്ടിടനിര്‍മാണരീതികളില്‍ നിന്ന് സിറിയക്കിന്റെ സങ്കല്പങ്ങള്‍ വ്യത്യസ്തമാണു താനും. വെറുതെ പഴയ മട്ടില്‍ കെട്ടിടങ്ങള്‍ പണിയുന്നയാളല്ല സിറിയക്. ‘സമകാലികം’ എന്നാണ് അദ്ദേഹം തന്റെ നിര്‍മിതികളെ വിളിക്കുന്നത്.

“വീട് ഒരു കണ്ടെയ്‌നര്‍ ആണ്. അതിനൊരു മൂല്യമുണ്ട്, ആകൃതിയുണ്ട്, നിറമുണ്ട്. വീടിനുള്ളില്‍ സുഖമായി കഴിയാനാവുന്നതാണതിന്റെ മൂല്യം. അതിന് രണ്ടു കാര്യങ്ങള്‍ ശരിയായി വരണം. ഒരു സുരക്ഷിതസ്ഥാനമെന്ന നിലയില്‍ വേണ്ട ഗുണങ്ങളെല്ലാം അതിനുണ്ടായിരിക്കണമെന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം: വീട്‌ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ ഓര്‍മയില്‍ വരുന്നതെന്താണോ അതുമായി ഒരു ബന്ധമുണ്ടാവണം നമ്മള്‍ താമസിക്കുന്ന വീടിന്‌. ഞാന്‍ വീട് രൂപകല്പന ചെയ്യുമ്പോള്‍ ഈ രണ്ടു കാര്യങ്ങളും കണക്കിലെടുക്കുന്നു.”

ആര്‍ക്കിടെക്‍ചറിലെ പുതുമകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘പോപ്‌ ’ അഭ്യാസങ്ങളൊന്നും സിറിയക് നടത്താറില്ല. ആര്‍ക്കിടെക്‍ചറില്‍ ‘പോപ്‌ ’ ആയ യാതൊന്നിനും നിലനില്പില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. “സംഗീതത്തിലോ ഫാഷനിലോ ഒക്കെ പോപ് പരീക്ഷണങ്ങള്‍ നടത്താം; ഒരു അപകടവുമില്ല. എന്നാല്‍, ആര്‍ക്കിടെക്‍ചറിന്റെ ടൈംഫ്രെയിം വളരെ വലുതാണ്. ഇടയ്ക്കിടെ മാറ്റി നിര്‍മിക്കാവുന്നതല്ല കെട്ടിടം. പാട്ട് മടുത്താല്‍ കേള്‍ക്കണ്ട എന്നു തീരുമാനിക്കാം; ഷര്‍ട്ട് മടുത്താല്‍ മാറ്റി വയ്ക്കാം. വീടിന്റെ കാര്യത്തില്‍ അതു നടപ്പില്ലല്ലോ! ഏതു സ്റ്റൈലിലുള്ളതാണെങ്കിലും രണ്ടു മൂന്നു തലമുറകള്‍ അവിടെ അന്തിയുറങ്ങേണ്ടി വരും.”

റി ഇന്‍‌വന്റ് ചെയ്യപ്പെട്ട കേരളീയതയാണ് സിറിയക്കിന്റെ കെട്ടിടങ്ങളുടെ കരുത്തും സൌന്ദര്യവും. സിറിയക് രൂപപ്പെടുത്തിയ റിസോര്‍ട്ടായാലും വീടായാലും അതിനു മുന്‍‌പിലുള്ള ചെറിയ പടിപ്പുരയായാലും ഈ സിഗ്‌നേച്ചര്‍ നമുക്ക് തെളിഞ്ഞുകാണാം.

T M Cyriac
Environmental Creations, Tamanna Buildings, Pongumoodu, Trivandrum, 695 011
Phones: 91-471-2447356, 2559345
Email: cyriactm@vsnl.com
Tom / TEAM INDULEKHA

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger