My Home: K S Chithra

ചെന്നൈ സാലിഗ്രാമത്തിലെ അനന്തരാമന്‍ തെരുവിലെ ‘ശ്രുതി’യെന്ന ഒമ്പതാം നമ്പര്‍ വീട് എന്റെ സ്വപ്‌നത്തിലെ കിളിക്കൂടാണ്. പാട്ടും റെക്കാര്‍ഡിങ്ങുമായി തിരക്കിലായപ്പോള്‍ 20 വര്‍ഷം മുന്‍പാണ് ഈ വീട് വച്ചത്.
കുട്ടിക്കാലം മുതലേ എനിക്കിഷ്‌ടപ്പെടുന്ന ഡിസൈനുകള്‍ എവിടെ കണ്ടാലും ഞാനൊരു ബുക്കില്‍ വരച്ചുവെയ്‌ക്കാറുണ്ട്. അതില്‍ നിന്നും എന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി തെരഞ്ഞെടുത്ത ചില പ്ലാനുകളും, ഫാദര്‍-ഇന്‍-ലോയുടെ നിര്‍ദേശവും ചേര്‍ത്താണ് ഈ വീട് രൂപകല്പന ചെയ്‌തത്. എന്റെ ഭര്‍ത്താവിന്റെ തിരുവനന്തപുരത്തുള്ള തറവാടുവീടിന്റെ ഒരു ചെറിയ പതിപ്പു കൂടിയാണിത്. ചെന്നൈ നഗരത്തിന്റെ സ്‌ഥലപരിമിതികള്‍ മൂലം നടുമുറ്റവും, വിശാലമായ തൊടിയുമെല്ലാം സ്വപ്‌നത്തില്‍ ബാക്കിയാകുന്നു.
വിസിറ്റിംഗ് റൂമില്‍ ജനലിനു പകരം വലിയ തേക്കുതടിയില്‍ ചിത്രപണികള്‍ ചെയ്‌തിരിക്കുന്നു. ഇത് ഇവിടെ വരുന്നവരെയെല്ലാം ആകര്‍ഷിക്കാറുണ്ട്. എന്റെ വീടിന്റെ തിരിച്ചറിയല്‍ മാര്‍ക്കു കൂടിയാണിത്. ലൈറ്റ് ഷെയ്‌ഡ് ആണ് പെയ്‌ന്റിങ്ങിന് ഉപയോഗിച്ചിട്ടുള്ളത്. ക്രീം-ഓഫ് വൈറ്റ് നിറങ്ങളുടെ സമന്വയം.
ഈ വീട്ടില്‍ എനിക്കേറ്റവും പ്രിയം മുകള്‍നിലയിലെ എന്റെ മ്യൂസിക് റൂമാണ്. എന്നാല്‍ പാട്ടുപാടാനിഷ്‌ടം പൂജാമുറിയാണ്. കുട്ടിക്കാലം മുതലേയുള്ള ശീലമാണിത്. വീട്ടില്‍ അധികവും ഭക്തിഗാനങ്ങള്‍ ആണ് പാടാറുള്ളത്. ‘കുറൈയെന്‍ട്രുമില്ല’ എന്ന എം എസ് സുബലക്ഷ്മി കീര്‍ത്തനമായിരിക്കും ഞാനേറ്റവും അധികം ഈ സ്വപ്‌നഗൃഹത്തില്‍ പാടിയിരിക്കുക.
എപ്പോഴും കളിയും ചിരിയുമുള്ള ബഹളമയമായ വീടാണ് എനിക്കിഷ്‌ടം. എന്നാല്‍ വീടിന്റെ എല്ലാ ഭാഗവും വൃത്തിയായി സൂക്ഷിക്കുകയും വേണം. ഏതു ചെറിയ വീടും വൃത്തിയായി സൂക്ഷിച്ചാല്‍ അത് നമ്മളിലേക്കെത്തിക്കുന്ന പോസിറ്റീവ് എനര്‍ജി വളരെ വലുതാണ്. ‘വൃത്തിഭ്രാന്തി’യെന്നാണ് എന്റെ വീട്ടില്‍ എന്നെ വിശേഷിപ്പിക്കാറുള്ളത്.
ഇരുപതു വര്‍ഷം മുമ്പ് പണിതീര്‍ത്ത ഈ വീട് ഇന്നും പുതുമയോടെ നില്‍ക്കുന്നതിന്റെ രഹസ്യം അതാണ്. കുറവേതുമില്ല ഇവിടെ. ചിത്രയും വിജയ് ശങ്കറും നന്ദനാമോളും മറ്റു കുടുംബാംഗങ്ങളും ശ്രുതിഭംഗമില്ലാതെ വീണ മീട്ടുന്ന ഈ കൂട്ടില്‍ എല്ലാവരും സന്തുഷ്‌ടരാണ്.
B. Bobby, Chennai
RELATED PAGES
» K S Chithra Collection



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME