SPiCE most viewed videos in indulekha
 

My Fashion: Ranjini Haridas

Ranjini Haridas is a Television anchor, leading model and former Miss Kerala (2000). മുന്‍ മിസ് കേരള, മോഡല്‍, അവതാരക എന്നീ നിലകളില്‍ പ്രശസ്‌തയായ രഞ്‌ജിനി ഹരിദാസിന്റെ ഫാഷന്‍ വിശേഷങ്ങളാണ് ഇവിടെ; മേക്കപ്പ് മുതല്‍ മുടിസംരക്ഷണം വരെ.

എങ്ങനെ മേക്കപ്പ് ചെയ്യണമെന്ന് ഞാനിന്നും പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴും പലതിലും ഞാന്‍ സീറോ ആണ്. മേക്കപ്പ് അത്ര ആവശ്യമുള്ള ആളല്ല ഞാനെന്നാണ് എനിക്ക് തോന്നിയിരിക്കുന്നത്. ദൈവം തന്ന നല്ല കാര്യങ്ങളിലൊന്നാണ് ഞാന്‍ അത്ര ഫോട്ടോജനിക് അല്ല എന്നുള്ളത്. മേക്കപ്പിനെ കുറിച്ച് മറ്റുള്ളവരോട് ചോദിക്കുന്നതിനേക്കാള്‍ സ്വയം പരീക്ഷിക്കുന്നതാണ് എനിക്കിഷ്‌ടം. ഇന്നും എനിക്കറിയാത്തത് ഫൌണ്ടേഷന്റെ കെമിസ്‌ട്രിയാണ്. ചില സമയങ്ങളില്‍ എത്ര ഇട്ടാലും ശരിയാകില്ല.

ഇഷ്‌ടവേഷം ജീന്‍സ്, കാപ്രിസ്, ടീ-ഷേര്‍ട്ട്സ് ഒക്കെയാണ്. എന്റെ ഫീല്‍ഡിനും യാത്രകള്‍ക്കും ഏറ്റവും സൌകര്യപ്രദം ഇതൊക്കെ തന്നെ. സ്‌കിന്‍ ഡ്രൈ ആയതിനാല്‍ സല്‍‌വാര്‍ ഉപയോഗിക്കുന്നതു ബുദ്ധിമുട്ടായി തോന്നാറുണ്ട്. ഏറ്റവും ഡിഗ്‌നിറ്റി തോന്നിക്കുന്ന വേഷമായി കരുതുന്നത് ബ്ലൂ ജീന്‍സും ബ്ലാക്ക് അല്ലെങ്കില്‍ വൈറ്റ് ഷര്‍ട്ടുമാണ്. ഇപ്പോള്‍ കുറച്ചു സാരി കളക്ഷനുമുണ്ട്. എന്നാല്‍ അധികം ഉടുക്കാന്‍ പറ്റില്ല എന്നതു കൊണ്ട് അമ്മയാണ് ഭാഗ്യവതി.

ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്നത് ഡ്രസിനാണ്. കൊച്ചിയില്‍ നിന്നും ദുബായില്‍ നിന്നുമാണ് ഷോപ്പിംഗ്. കിട്ടുന്ന പണത്തിലും കൂടുതല്‍ വാങ്ങികൂട്ടുമായിരുന്നു ആദ്യമൊക്കെ. ഇപ്പോള്‍ യാത്രയ്‌ക്കു മുമ്പേ ബജറ്റ് തയാറാക്കും.

‘ഷൂ‘ സിന്റെ വലിയ ആരാധികയാണ് ഞാന്‍. 50 പെയേഴ്‌സെങ്കിലും എന്റടുത്ത് കാണും. 100 മുതല്‍ 1000 വരെ ഏതു വിലയാണെങ്കിലും ഇഷ്‌ടമായാല്‍ വാങ്ങും. കുറച്ചുനാള്‍ മുതല്‍ കഴുത്തിന്റെ ഡിസ്‌ക് ചെറുതായി തെറ്റി. അന്നു മുതല്‍ ഹീല്‍‌സ് പാടില്ല. എന്നാലും വാങ്ങല്‍ ഇപ്പോഴും കുറച്ചിട്ടില്ല. പെര്‍ഫ്യൂംസ് വാങ്ങികൂട്ടുന്ന സ്വഭാവമുണ്ട്. ഡേവിഡ് ഓഫിന്റെ കൂള്‍-വാട്ടേഴ്‌സാണ് പ്രിയപ്പെട്ട പെര്‍ഫ്യൂം. എയര്‍പോര്‍ട്ടില്‍ നിന്നും കൊച്ചിയില്‍ നിന്നുമൊക്കെയാണ് പെര്‍ഫ്യൂം വാങ്ങാറുള്ളത്.

പലരെയും പോലെ ബ്ലാക്കാണ് എന്റെ ഫേവറിറ്റ് കളര്‍. പിങ്കും ഇഷ്‌ട നിറമാണ്. ഷോപ്പിംഗ് ഒറ്റയ്‌ക്കാവുന്നതാണ് സന്തോഷം. കാരണം ആരുടെയും ഒപ്പീനിയന്‍ എനിക്കിഷ്‌ടമില്ല. പതിനാറു വയസു വരെ അമ്മയാണ് വാങ്ങി തന്നത്. ഇപ്പോള്‍ ആ സ്വാതന്ത്ര്യം കൊടുക്കാറില്ല. എനിക്ക് ചില പ്രത്യേക ഇഷ്‌ടങ്ങളുണ്ട്. അതിനു വിപരീതമായാല്‍ ഞാന്‍ ഉപയോഗിക്കില്ല.

ജ്വല്ലറിയോട് പണ്ടു മുതല്‍ക്കേ ഇഷ്‌ടമില്ല. സ്വര്‍ണം ഒരു സമ്പാദ്യമാണെന്നു തോന്നിയതു കൊണ്ട് അമ്മയ്‌ക്ക് ഇടയ്‌ക്ക് വാങ്ങി കൊടുക്കും. ചെയിനും വളകളുമൊന്നും ഞാന്‍ ധരിക്കാറില്ല. എന്റെ ക്ലൈന്റ്സും അധികവും ഇന്റര്‍നാഷണല്‍ ആണ്. അതിനാല്‍ അത്തരമൊരു മേക്കപ്പേ എനിക്ക് ചെയ്യാനാകൂ.

മോയ്‌സ്ച്ചറൈസിംഗ് ക്രീം ഇല്ലാതെ ഒരു മണിക്കൂര്‍ പോലും തുടരാന്‍ എനിക്കാവില്ല. അത്ര ഡ്രൈ ആണ് എന്റെ സ്‌കിന്‍. രണ്ടാഴ്‌ചയ്‌ക്ക് മൂന്നു ബോട്ടിലെങ്കിലും വേണം. ജോണ്‍സണിന്റെ ബേബി സ്‌മെല്‍ ഉള്ളതാണ് ഉപയോഗിക്കുന്നത്. റെവ്‌ലോണിന്റെ ഒരു ഐ പെന്‍സില്‍, മ്യൂഡ് ഷെയ്‌ഡ്‌സിലുള്ള ലിപ്‌സ്‌റ്റിക് ഇതൊക്കെ എന്റെ ബാഗില്‍ സ്‌ഥിരം കാ‍ണും.

നാടന്‍ ഭക്ഷണം, പ്രത്യേകിച്ച് ചോറിനോട് പ്രിയമുള്ളതു കൊണ്ട് ശരീര സൌന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ കുറച്ചു പിന്നിലാണ്. ജിമ്മില്‍ പോകാറുണ്ട്. ഞങ്ങള്‍ പാരമ്പര്യമായി തടി വയ്‌ക്കുന്ന ശരീരപ്രകൃതിയുള്ളവരാണ്. ശ്രമിച്ചാല്‍ തടി കുറയ്‌ക്കാ‍നും എളുപ്പമാണ്.

എന്നില്‍ ഏറ്റവും സൌന്ദര്യമുള്ളത് എന്റെ മുടിയാണെന്നെ ഞാന്‍ പറയൂ. കാരണം ഞാന്‍ ഏറ്റവും സംരക്ഷിക്കുന്നത് എന്റെ മുടിയാണ്. മുടിക്കു വേണ്ടി മാത്രം ബ്യൂട്ടിപാര്‍ലറില്‍ പോകുന്ന ആളാണു ഞാന്‍. കുറഞ്ഞതു 15 പ്രാവശ്യമെങ്കിലും കളര്‍ മാറ്റി മാറ്റി ചെയ്‌തിട്ടുണ്ട്. അത്ര കെമിക്കല്‍‌സ് ഉണ്ട് എന്റെ മുടിയില്‍. ഈ കാണുന്ന കറുപ്പ് തന്നെ ഒരു കളറിംഗാണെന്നു പറയാം. ‘ലോറിയ‘ ലിന്റെ ‘അബ്‌സൊല്യൂട്ട് റിപ്പയര്‍’ എന്ന ഷാം‌പു ആണ് സ്‌ഥിരമായി ഉപയോഗിക്കുന്നത്.

മോഡലിംഗ് രംഗത്ത് ഇന്ന് നിരവധി അവസരങ്ങളുണ്ട്. ഈ രംഗത്തു വരുന്നവര്‍ക്ക് വേണ്ടത് സെല്‍‌ഫ് കോണ്‍ഫിഡന്‍സാണ്. സ്വന്തമായി ഒരു ഡിസൈനറെ കണ്ടെത്തുക എന്നതും പ്രധാനമാണ്. പക്കാ പ്രൊഫഷണല്‍ ആകുക എന്നതാണ് ഏറ്റവും പ്രധാന കാര്യം.
Savitha Sijo
© 2008 indulekha media network | powered by blogger