SPiCE most viewed videos in indulekha
 

Sony Philip Speaks

dress designs by fashion designer sony philip
» VISIT
Fashion Gallery by SONY PHILIP
പാലാക്കാരനായ സോണിഫിലിപ്പിന്റെ ആദ്യ സ്വപ്നം സിനിമ. കരിയറാക്കിയത് ഫാഷന്‍ ഡിസൈനിംഗ്. പക്ഷേ, തെരഞ്ഞെടുപ്പ് പാളിയില്ല. ഫാഷന്‍ ഡിസൈനിംഗില്‍ തന്റേതായ ഒരു സ്‌റ്റെല്‍ സോണി സൃഷ്‌ടിച്ചു. അംഗീകാരങ്ങള്‍, സിനിമയില്‍ അവസരം. അതിലെല്ലാമുപരി പാലായിലും ബാംഗ്‌ളൂരിലും സ്വന്തം ഫാഷന്‍ ഇന്‍‌സ്‌റ്റിട്യൂട്ടുകള്‍. സോണിയുമായി അല്പസമയം.

സിനിമാ സംവിധാനം സ്വപ്നം കണ്ടുനടന്ന താങ്കള്‍ എന്തുകൊണ്ടാണ് ഫാഷന്‍ ഡിസൈനിംഗിലേക്ക് തിരിയാന്‍ കാരണം?

ഒരു കലാകുടുംബമാണ് എന്റേത്. നല്ലൊരു സംവിധായകനാവുകയായിരുന്നു ലക്ഷ്യം. പക്ഷേ, സിനിമയുടെ ചതിക്കുഴികള്‍ മനസ്സിലാക്കിയപ്പോള്‍ ഡിസൈനിംഗിലേക്ക് തിരിഞ്ഞു. നന്നായി വരക്കാനുള്ള എന്റെ കഴിവിന് യോജിച്ച മേഖല ഫാഷന്‍ ഡിസൈനിംഗാണെന്ന് തിരിച്ചറിഞ്ഞു. വീട്ടില്‍ നിന്നു ലഭിച്ച പ്രോത്സാഹനം ബാംഗ്ളൂരിലെ ഫാഷന്‍ ഡിസൈനിംഗ് ഇന്‍‌സ്‌റ്റിട്യൂട്ടിലെത്തിച്ചു.

ബാംഗ്ളൂരിലെ ജീവിതം?
വിദ്യാസാഗര്‍ സാറായിരുന്നു എന്റെ ഗുരു. സാറിനെ ഒബ്‌സര്‍വ് ചെയ്യുകയായിരുന്നു ഞാനാദ്യം. സാറിന്റെ ഡിസൈനിംഗ് കാണുമ്പോള്‍, അവയെക്കുറിച്ച് വിശകലനം ചെയ്യുമ്പോള്‍ സാര്‍ എന്റെ റോള്‍ മോഡല്‍ ആവുകയായിരുന്നു. നാട്ടില്‍ തുടങ്ങിയ ഫാഷന്‍ ഇന്‍‌സ്‌റ്റിട്യൂട്ട് അദ്ദേഹം നല്‍കിയ പ്രചോദനത്തിന്റെ ഫലമാണ്.

ഫാഷന്‍ ഷോകളെക്കുറിച്ച് ?
ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കുന്നതാകരുത് നമ്മുടെ ഫാഷന്‍ ഷോകള്‍. അല്പവസ്ത്രമാണ് ഫാഷന്‍ ഷോ എന്ന ധാരണ മാറ്റണമെന്നതായിരുന്നു എന്റെ ലക്ഷ്യം. ഫാഷന്‍ ഷോ നമ്മുടെ സംസ്കാരത്തെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ളവയാകണം. അത്തരം ഷോകള്‍ ഇന്ന് വിരളമാണ്. വൈകല്യപരമായി ചിന്തിക്കുമ്പോഴാണ് എന്തും മോശമായി മാറുന്നത്. എന്റെ നാടിന്റെ താളവും സ്പന്ദനവും രുചിയും വ്യക്തമായറിഞ്ഞാണ് ഞാന്‍ ഫാഷന്‍ ഷോ നടത്തിയത്. പ്രതീക്ഷിച്ചതിലും വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്.

ഫാഷന്‍ ഡിസൈനിംഗിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്ന സിനിമയില്‍ എന്തുകൊണ്ടാണ് കാര്യമായി ശ്രദ്ധിക്കാതിരുന്നത്?
സിനിമയിലേയ്ക്ക് ക്ഷണം കിട്ടിയത് അവിചാരിതമായാണ്. ലോഹിതദാസ് സാറിന്റെ സൂത്രധാരനാണ് ആദ്യം ചെയ്‌തത്. പിന്നീട് ബാംബു ബോയ്‌സ്, ഉത്തര, കസ്തൂരിമാന്‍ തുടങ്ങിയ സിനിമകള്‍ ലഭിച്ചു. ഒരു പുതുമുഖത്തോടുള്ള സിനിമയുടെ പരിഹാസവും പുച്ഛവും ഇതിനകം ഞാന്‍ അനുഭവിച്ചുകഴിഞ്ഞു. എന്നു കരുതി സിനിമയെ പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടൊന്നുമില്ല. നല്ല സംവിധായകരുടെ നല്ല സിനിമകള്‍ ലഭിച്ചാല്‍ ചെയ്യണമെന്നുണ്ട്.

മോഡലിങ്ങിനെക്കുറിച്ച്?
എല്ലാ സൃഷ്ടികളിലെയും സൌന്ദര്യം ഓരോരുത്തരുടെ സങ്കല്പത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. മോഡലിങ്ങ് വ്യക്തികള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഒരു മോഡലിന് ഏറ്റവും വേണ്ടത് താളബോധമാണ്. നല്ല പാട്ടുകാരന്‍ നല്ല കേള്‍വിക്കാരനായിരിക്കണം. നല്ല ചിത്രകാരന്‍ എല്ലാം സൂക്ഷ്‌മമായി കാണുന്നവനാകണം. നല്ല മോഡലിന് ഇതെല്ലാമുണ്ടാകണം.

അവാര്‍ഡുകള്‍ എന്തെങ്കിലും?
2000ത്തിലെ സ്മിര്‍നോഫ് ഫാഷന്‍ അവാര്‍ഡ് ലഭിച്ചു. കഥകളിയെ അടിസ്ഥാനമാക്കിയായിരുന്നു ആശയം. 25,000 ഭാവങ്ങളാണ് വരച്ചുകാട്ടിയത്.

ഫാഷന്‍ ഡിസൈനര്‍ എന്ന നിലയില്‍ താങ്കളുടെ ഡ്രീം?
എന്റെ നാട്ടില്‍ ഒരു നല്ല ഫാഷന്‍ ഇന്‍‌സ്‌റ്റിട്യൂട്ട് . അതായിരുന്നു ആദ്യത്തെ സ്വപ്നം. കലാഗ്രാം എന്ന പേരില്‍ പാലായിലും പിന്നീട് ബാംഗ്ളൂരിലും ഫാഷന്‍ ഇന്‍‌സ്‌റ്റിട്യൂട്ട് തുടങ്ങി. രണ്ടായിരത്തിലധികം കുട്ടികള്‍ പഠിച്ചിറങ്ങി. നൂറിലധികം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു. ധാരാളം ഫാഷന്‍ ഷോകളും നടത്തി. എന്റെ നാടിന്റെ ഫാഷന്‍ സങ്കല്പങ്ങള്‍ക്ക് പുതിയ മാനവും രൂപവും നല്‍കുകയാണ് എന്റെ സ്വപ്നം. യാഥാസ്ഥിതികതയെ മുറുകെ പിടിക്കുന്ന എന്റെ നാട്ടില്‍ വലിയ ഒരു ഫാഷന്‍ കാമ്പസ് അതാണ് എന്റെ അടുത്ത സ്വപ്‌നം.

കുടുംബം?
ഭാര്യ ഡയാന. മകന്‍ ധ്യാന്‍. ഞങ്ങളുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് ഞാനും ഭാര്യയും ചേര്‍ന്നാണ്. ഡയാന ഒരു ഡിസൈനര്‍ കൂടിയാണ്. അതുകൊണ്ട് എന്റെ ഡിസൈനിംഗില്‍ വേണ്ട വിമര്‍ശനവും പ്രോത്സാഹനവും അവള്‍ തരുന്നു.

Sony Philip
Kalagramam, Institute of Fashion Technology, Arunapuram P.O., Palai, 686570
Phone: 9447720662 , 09886386231
Email: sonykalagram@yahoo.co.in
Sreedevi C Nair

RELATED PAGES
» More Fashion Designers

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger