SPiCE most viewed videos in indulekha
 

Randu Mazhakkavithakal

rainമഴയിലെ മഴ
- അജിത് വിളയൂര്‍, അബു ദാബി

ഓര്‍ക്കുന്നു ഞാനെന്‍ ബാല്യം
അന്നു പെയ്ത മഴയും മഴയിലെ മഴയും
മഴ തീര്‍ത്തയെന്‍ സമ്മിശ്രവികാരങ്ങളും

നാലഞ്ചുവര്‍ഷങ്ങള്‍ ദിവ-
സേനയെന്നെ പൊതിഞ്ഞ
അയലത്തെയമ്മ നല്‍കി-
യോരോണക്കോടി അവളുടെ
വികൃതിയില്‍ നനഞ്ഞതുമാ-
ജീര്‍ണ്ണവസ്ത്രത്തിന്‍ മോടിയേറിയതുമീ-
റന്‍വാസനയിലെന്‍ കൂട്ടുകാര്‍
‍ദൂരെയൊരു ബഞ്ചിലഭയം തേടിയതു-
മെന്‍ മിഴികള്‍ മറ്റൊരു മഴയായ്-
പെയ്തതെന്‍ സ്ലേറ്റിലെയക്ഷരങ്ങള്‍
മായ്ച്ചതുമെന്നെ ടീച്ചറടിച്ചതും
''നാശമീമഴ'' പെയ്യാതിരുന്നെങ്കിലെ-
ന്നോര്‍ത്തതും

മേയാപ്പുരയിലെ കീറിയയോലതന്‍-
വിടവിലൂടുതിര്‍ന്നോരാ മഴതന്‍ രുചി
മഴയില്ലാക്കാലം കഴിച്ചോരാ കാപ്പി-
തന്‍ രുചിയോളം വരീലയെന്നേങ്ങിയതാ-‍
മഴ പെയ്ത പകലുകളിലച്ഛന്റെ
മടിയില്‍ തലചായ്ചുറങ്ങവേ കവി-
ളില്‍വീണയച്ഛന്റെ മിഴിനീര്‍മഴയി-
ലലിഞ്ഞുപോയതുമെന്തിനീമഴയെ-
ന്നോര്‍ത്തൂ വിതുമ്പിയതും

മഴ വന്നേയെന്നാര്‍ത്തുവിളിച്ചുകൊണ്ടെ-
ന്നമ്മതന്‍ ശ്വസനഭിത്തിയിലു-
റഞ്ഞുതുള്ളും ആസ്ത്മയാം കോമരങ്ങളോ-
ടൊത്തേറ്റുപാടുമേതോയപൂര്‍വ്വരാഗത്തിന്‍
ശീലുകളിലന്ത്യമെന്നമ്മ നിശ്ശബ്ദം പെയ്തതും
വേണ്ടയീമഴയെന്നോതിയമ്മയെ പുണര്‍ന്നതും

ഇന്നുമോര്‍ക്കുന്നുവാ കൂട്ടുകാരിയെ,യെന്‍
തേങ്ങലിലലിയാതെ പെയ്തൊരാ മഴയെ
അറിഞ്ഞീല ഞാനെന്‍ ദു:ഖത്തിലാരോ-
പ്രാര്‍ത്ഥിച്ചതിന്‍ ഫലമാണാ മഴയെന്നും.

rainചാറ്റല്‍ മഴയിലെ ചിന്ത
- അജിത്കുമാര്‍ എസ് വി

ചിന്ത തന്‍ വയല്‍ വരമ്പിലൂടെ
ഏകാന്തനായ് ഞാന്‍ നടന്നു
പൊടുന്നനെ പെയ്തൊരു ചാറ്റല്‍ മഴയില്‍
ചിന്തകള്‍ ഭംഗിയേറിയ പോലെ.

ചിന്തിച്ച് ചിന്തിച്ച് കുളിരേറി വന്നപ്പോള്‍
ഓര്‍ത്തു ഞാന്‍ പഴയൊരു ചാറ്റല്‍ മഴയെ
അന്നും നനഞ്ഞു കുളിരേറിയപ്പോള്‍
ചേര്‍ന്നു നടന്നോരാ പ്രണയത്തേയും.

ചറ പറ പെയ്തൊരാ ചാറ്റല്‍ മഴ
പൊടുന്നനെ അവളുടെ ഭാവം മാറ്റി
കുളിരുള്ള നോവുള്ളോരനുഭൂതിയില്‍
പൊട്ടിക്കരച്ചിലോടെന്നിലേക്കവള്‍ പെയ്തിറങ്ങി.

കാലപ്രവാഹത്തില്‍ ഒരുപാട് നനഞ്ഞിട്ടും
മറക്കില്ല ഞാനന്നത്തെ ചാറ്റല്‍മഴയെ
പെയ്തുതോര്‍ന്നയവളുടെ മുഖഭംഗിക്കും
ഇന്നിലേ എന്നിലെ ചിന്തകള്‍ക്കും.

പെയ്തടങ്ങിയ ഒരു മഴതന്‍ സാമ്യം
ചാറ്റല്‍ മഴ തന്‍ സാമ്യം.

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger