share your memoirs at SPiCE
 

ഒരു വാതില്‍ മെല്ലെ തുറന്നിറങ്ങുന്ന പോലെ

- അഞ്‌ജന ശശി

ഓര്‍മ്മകളില്‍ ആദ്യം തെളിയുന്നത്‌ ആ പഴയ പടിപ്പുരയാണ്‌. ക്യാമറ ആദ്യ ഫ്രെയിമായി ഒപ്പിയെടുത്തിരിക്കുന്നതും അതുതന്നെ. സാധാരണയായി ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും ക്യാമറയുടെ പിന്തുണയുണ്ടാകില്ല, എന്നാല്‍ ഭവാനിയമ്മൂമ്മയുടെ കാര്യത്തില്‍ മാത്രം അങ്ങനെയല്ല. ആ അമ്മൂമ്മയുടെ വീടിന്റെ പടിപ്പുര കയറിച്ചെല്ലുന്നതുമുതലുള്ള ഓര്‍മ്മകള്‍ കടന്നുവരുന്നത്‌ കൃത്യം കൃത്യം ഫ്രെയിമുകളുടെ അനുപാതത്തിലാണ്‌. കാരണം അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഞങ്ങളെല്ലാം ചുറ്റുപാടുകള്‍ കണ്ടിരുന്നത്‌ ഷോട്ടുകളും ഫ്രെയിമുകളും ആംഗിളുകളുമൊക്കെയായി വിഭജിച്ചായിരുന്നു.
അമ്മൂമ്മയും അങ്ങനെ ഓര്‍മ്മകളുടെ ഫ്രെയിമിലെവിടെയോ കുരുങ്ങിക്കിടന്നു...ഇടക്കിടക്ക്‌ എന്റെ കൈയിലുള്ള സി ഡിയില്‍ നിന്ന്‌ കമ്പ്യൂട്ടര്‍ സ്‌‌ക്രീനില്‍ ഒരു നീറ്റലായി തലനീട്ടി.

ഭവാനിയമ്മൂമ്മ വീട്ടില്‍ നിന്ന്‌ പുറത്തിറങ്ങാറുണ്ടായിരുന്നില്ല. എന്നിട്ടും ഒരു നിമിത്തം പോലെ ഞങ്ങള്‍ അവരെ തേടിച്ചെന്നു. മരണത്തിന്റെ കഥ പറഞ്ഞു. ഒരു ദിവസത്തെ പരിചയത്തിന്റെ പുറത്ത്‌ ഓര്‍മ്മകളിലേക്ക്‌ ആവാഹിച്ചെടുത്തു. പിന്നെയിപ്പോഴും ഒരു നീറ്റലായി...

പി ജി ക്ലാസിന്റെ അവസാനവര്‍ഷം. പത്രപ്രവര്‍ത്തനമായിരുന്നു വിഷയമെന്നതുകൊണ്ട്‌ ക്യാമ്പസിനുപുറത്തായിരുന്നു അക്കാലത്ത്‌ കലാപരിപാടികള്‍ കൂടുതല്‍. ചെണ്ടപ്പുറത്തു കോലുവീഴുന്നിടത്തൊക്കെ എത്തുന്നവരെപ്പോലെ മൈക്കും ആളുമുള്ളിടത്തെല്ലാം തലകാണിച്ച്‌ കൂട്ടംകൂടി നടന്ന കാലം. അവസാനം പരീക്ഷ എത്തിത്തുടങ്ങി. എല്ലാവരും സീരിയസ്‌ ആയി. ഇന്റേണ്‍ഷിപ്പ്‌, വീഡിയോ ഫിലിം ഷൂട്ടിംഗ്‌... സിലബസിലെ ചില ഭാഗങ്ങള്‍ പിന്നെയും ബാക്കി. ``അടുത്ത ശനിയാഴ്‌ച സ്‌ക്രിപ്‌റ്റ്‌ ഉണ്ടാക്കിക്കോണം.'' കോഴ്‌സ്‌ ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്‌കി. എല്ലാവരും കുത്തിയിരുന്ന്‌ കഥയെഴുതി. ഷോട്ടുകളും സീനുകളുമായി വിഭജിച്ചു. ഗംഭീരമായിരുന്നതുകൊണ്ട്‌ സ്ക്രിപ്‌റ്റുകളില്‍ ഭൂരിഭാഗവും തള്ളിപ്പോയി. കുറച്ചെണ്ണത്തിന്‌ അപ്രൂവല്‍ കിട്ടി. ഇനി ഷൂട്ടിംഗ്‌.

ലൊക്കേഷന്‍ തിരക്കിപ്പോയ ആദ്യ രണ്ടുദിവസം വന്ന ഭാവത്തിലല്ല ഇത്തവണ സുഹൃത്ത്‌ തിരിച്ചുവരുന്നത്‌. നല്ലൊരു വീടുണ്ട്‌. നമ്മളുദ്ദേശിച്ചപോലെത്തന്നെ. പിന്നെ താമസിച്ചില്ല. ക്യാമറയും ലൈറ്റുകളും ജനറേറ്ററുമൊക്കെയായി പിറ്റേന്ന്‌ അതിരാവിലെ യാത്ര.
ഇലകളും കുറ്റിച്ചെടികളും കൈയേറിയ പടികള്‍ കയറി, അതിപുരാതനമായ ഒരു ശബ്ദത്തിന്റെ അകമ്പടിയോടെ തുറന്നുവന്ന പടിപ്പുര കടന്ന്‌ ഞങ്ങള്‍ അകത്തേക്ക്‌. കരിയിലകള്‍ കാലിനടിയില്‍ കലപില കൂട്ടി. വാതിലിന്‌ പുറത്ത്‌ മെല്ലെ തട്ടിയും ഉറക്കെ ചുമച്ചും ഞങ്ങള്‍ കാത്തുനിന്നു. അകത്തെ മരപ്പലകകള്‍ പാകിയ നിലത്തുനിന്ന്‌ മൃദുവായ കാലൊച്ചക്കു പിറകെ അവര്‍ പുറത്തുവന്നു. നരച്ച മുടിയും ചുളിവുവീണ മുഖവും. ഒട്ടും ചുളിയാത്ത നിറഞ്ഞ ചിരിമാത്രം കാലമെന്ന സത്യത്തെ പിറകിലേക്ക്‌ റീവൈന്‍ഡ്‌ ചെയ്‌തു.

ഭവാനിയമ്മൂമ്മ മാത്രമാണ്‌ ആ വീട്ടില്‍ താമസം. ഉറ്റവരും ഉടയവരും ആരുമില്ല. പറമ്പില്‍ നിന്ന്‌ കിട്ടുന്ന ചെറിയ ആദായം. അയല്‍വീട്ടുകാര്‍ ഒരു കൈത്താങ്ങായി കൂടെ നില്‌ക്കും. അങ്ങനെയാണ്‌ ജീവിതം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വാര്‍ധക്യത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ട ഒരമ്മൂമ്മ.
``എന്താ എല്ലാരും കൂടി?'' ഭവാനിയമ്മൂമ്മ കാര്യം തിരക്കി. ഞങ്ങള്‍ കാര്യം പറഞ്ഞപ്പോള്‍ ചിരിമാഞ്ഞു. ``ഷൂട്ടിംഗോ? സിനിമയോ ? അതൊന്നും വേണ്ട.''
``ഞങ്ങള്‍ക്കു പടമെടുത്ത്‌ പഠിക്കാനാണമ്മൂമ്മേ... എന്നാലേ പരീക്ഷക്കിരിക്കാന്‍ പറ്റൂ.'' ഞങ്ങള്‍ കെഞ്ചി.
അമ്മൂമ്മ അയഞ്ഞു. ``ശരി.... ശരി എന്നാ നടക്കെട്ടെ .. അല്ല മക്കളെ എന്തുപടമാ നിങ്ങള്‌ പിടിക്കാന്‍ പോണേ?'' അമ്മൂമ്മയുടെ ചോദ്യം.
ഇത്തവണ എല്ലാവരുടെയും തൊണ്ട വറ്റി. ഇത്തരമൊരു പ്രതിസന്ധി ആരും പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങളുടെ കഥ പറഞ്ഞാല്‍ ചിലപ്പോള്‍ ലൊക്കേഷന്‍ വേറെ തപ്പേണ്ടിവരും. എങ്കിലും മടിച്ചുമടിച്ച്‌ ഞങ്ങള്‍ കാര്യം പറഞ്ഞു. വളരെ പ്രായം ചെന്ന ഒരമ്മൂമ്മ മരിച്ചുകിടക്കുന്ന സീനാണ്‌ ഇവിടെ വെച്ച്‌ എടുക്കേണ്ടത്‌. അമ്മൂമ്മയുടെ കണ്ണുകളില്‍ എന്തൊക്കെയോ മിന്നിമറിഞ്ഞു. ഒറ്റനിമിഷംകൊണ്ട്‌ ആ ഭാവഭേദം മറച്ചുകളഞ്ഞ്‌ അമ്മൂമ്മ വിസമ്മതമൊന്നും പറയാതെ അകത്തേക്ക്‌ പോയി.

ഞങ്ങള്‍ ആവേശത്തോടെ ഷൂട്ടിംഗ്‌ പരിപാടികള്‍ ആരംഭിച്ചു. വിളക്ക്‌, മൃതദേഹം മൂടാനുള്ള വെളുത്ത തുണി എല്ലാം റെഡി. തുണി പുതപ്പിച്ചുകിടത്തിയ സുന്ദരി ആകെ ഇളകിച്ചിരിച്ചു. ആദ്യമായാണത്രേ അവള്‍ ശവമാകുന്നത്‌! ശവത്തിന്റെ തലക്കല്‍ വിളക്കു കത്തിച്ചുവെച്ചു. ബന്ധുക്കളായി വേഷമിട്ട്‌ ഞങ്ങളില്‍ ചിലര്‍ കൈകളില്‍ ചുവന്നുള്ളിയുമായി ചുറ്റും നിരന്നു. സംവിധായകന്‍ ക്യാമറക്ക്‌ ട്രയല്‍ റണ്‍ പറഞ്ഞു.

അപ്പോഴാണ്‌ ഞങ്ങളെയെല്ലാം അമ്പരപ്പിച്ചുകൊണ്ട്‌ ആ സംഭവം.
ഭവാനിയമ്മൂമ്മ അകത്തുനിന്ന്‌ മെല്ലെ നടന്നുവന്നു. ക്യാമറക്ക്‌ അഭിമുഖമായി ശവത്തിന്റെ തലയ്‌ക്കല്‍ സ്വന്തം തലയ്‌ക്ക്‌ കൈയും വെച്ച്‌ അവര്‍ ഇരിപ്പുറപ്പിച്ചു. പെര്‍ഫക്ട്‌ ഭാവം. ആക്ഷന്‍ പറയുമ്പോള്‍ സംവിധായകന്റ ശബ്ദത്തില്‍ ആഹ്ലാദം തുടിച്ചു.
അന്നത്തെ പകല്‍ ആ തിരക്കുകകള്‍ക്കിടയില്‍ ഒരു നിമിഷംപോലെ ഒഴുകിപ്പോയി. വൈകുന്നേരം എല്ലാവരും യാത്ര പറയുമ്പോള്‍ ഭവാനിയമ്മൂമ്മയുടെ മുഖത്ത്‌ നല്ല സങ്കടം ഉണ്ടായിരുന്നു. ``പരീക്ഷ കഴിഞ്ഞ്‌ സിനിമയുമായി വരത്തില്ലയോ മക്കളേ?''
“വരാം.” ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

കാലം പിന്നെയും കടന്നുപോയി. പരീക്ഷയും തിരക്കുകളും കഴിഞ്ഞു. ഭവാനിയമ്മൂമ്മയെ മാത്രം ആരുമോര്‍ത്തില്ല. ഒരിക്കല്‍ യാദൃശ്ചികമായി പഴയ ബാഗുകള്‍ തപ്പിയപ്പോള്‍ അന്നത്തെ ആ ഹ്രസ്വചിത്രത്തിന്റെ സി ഡി കൈയില്‍ തടഞ്ഞു. അതുകണ്ടുകൊണ്ടിരിക്കുമ്പോള്‍ എവിടെയോ ഒരു വിങ്ങല്‍ .... ഈശ്വരാ അന്നത്തെ ആ വാക്ക്‌.

വീണ്ടും ആ പഴയ പടിപ്പുര. ഇത്തവണ അത്‌ തള്ളിത്തുറക്കാന്‍ ഒരു പാട്‌ പാടുപെട്ടു. കുറ്റിച്ചെടികള്‍ ആധിപത്യം സ്ഥാപിച്ച മുറ്റം കടന്ന്‌ ചെന്നപ്പോള്‍ പ്രാചീനമായ ചില കുറുകലുകള്‍ അകത്തുനിന്ന്‌ ഉയര്‍ന്നുവോ?
വിളികള്‍ക്ക്‌ മറുപടിയില്ല... അന്തരീക്ഷം ഉച്ചച്ചൂടില്‍ മയങ്ങിക്കിടക്കുന്നു.
വേലിക്കപ്പുറത്തുനിന്ന്‌ ഒരു ദിവസം മാത്രം പരിചയമുള്ള മറ്റൊരു മുഖം തലനീട്ടി. അവര്‍ക്കെന്നെ മനസ്സിലായെന്നു വ്യക്തം. ``അമ്മൂമ്മ കഴിഞ്ഞ മാസം മരിച്ചുപോയല്ലോ മോളേ.... നിങ്ങള്‍ അന്ന്‌ പടത്തില്‍ പിടിച്ചില്ലേ .. ആ തെക്കിനിയില്‍ തന്നെയാ കിടത്തിയത്‌.'' അവര്‍ ആവേശത്തോടെ പറഞ്ഞു.
തിരിച്ചിറങ്ങുമ്പോള്‍ വാനിറ്റി ബാഗിനുള്ളിലെ ഒരു സി ഡി റോമില്‍ ഭവാനിയമ്മൂമ്മ ആയിരക്കണക്കിന്‌ ഡിജിറ്റുകളായി ചിതറി ജീവനോടെയിരിക്കുന്നു എന്ന അറിവ്‌ ഒരു വിങ്ങലായി നിറയുന്നത്‌ ഞാനറിഞ്ഞിരുന്നു.

11 Comments:

Anonymous suresh aykara said...

നേരെചൊവ്വെ ഒരു കഥ പറഞ്ഞിരിക്കുന്നു.നന്ദി.ആശംസകള്‍>

10:11 AM  
Blogger എന്റെ ഉപാസന said...

:)
തുടരൂ
ഉപാസന

12:48 AM  
Blogger Ariel.com said...

valre nannayirikkunnu.
aasamsakal
valanjavattom ariel philip,Secunderabad

8:58 AM  
Blogger തുഷാരം said...

കണ്കോണുകളില്‍ നനവ് പടര്‍ത്തി,
മനസ്സിലൊരു വിങ്ങലായി നില്‍ക്കുന്നു ഭവാനിയമ്മൂമ്മ...

3:40 PM  
Blogger k. r. r a n j i t h said...

അഞ്‌ജന,
ഇങ്ങനെയൊരു കഥാകാരി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന്‌ ആരറിഞ്ഞു!!
പോരാ പോരാ നാളില്‍ നാളില്‍....
:)

1:50 AM  
Anonymous Parashuraman said...

I'll hear you more, to the bottom of your story, And never interrupt you.

(Pericles, Prince of Tyre
By William Shakespeare)

2:09 AM  
Blogger arpitha said...

nannayittundu..

4:00 AM  
Blogger seena said...

നരച്ച മുടിയും ചുളിവുവീണ മുഖവും. ഒട്ടും ചുളിയാത്ത നിറഞ്ഞ ചിരിമാത്രം കാലമെന്ന സത്യത്തെ പിറകിലേക്ക്‌ റീവൈന്‍ഡ്‌ ചെയ്‌തു

പുതപ്പിച്ചുകിടത്തിയ സുന്ദരി ആകെ ഇളകിച്ചിരിച്ചു. ആദ്യമായാണത്രേ അവള്‍ ശവമാകുന്നത്‌!

തിരിച്ചിറങ്ങുമ്പോള്‍ വാനിറ്റി ബാഗിനുള്ളിലെ ഒരു സി ഡി റോമില്‍ ഭവാനിയമ്മൂമ്മ ആയിരക്കണക്കിന്‌ ഡിജിറ്റുകളായി ചിതറി ജീവനോടെയിരിക്കുന്നു എന്ന അറിവ്‌ ഒരു വിങ്ങലായി നിറയുന്നത്‌ ഞാനറിഞ്ഞിരുന്നു.

കുറച്ചെഴുതുമ്പോഴാണ്‌ കൂടുതല്‍ വായിക്കാനുള്ളത്‌. വരികളിലും വരികള്‍ക്കിടയിലും. സ്‌പൈസുള്ള രചന
നന്നായി. ഇനിയും എഴുതൂ...

9:30 AM  
Anonymous B. S. Biminith said...

ആ വീഡിയോ (റേഡിയോകാലത്തെ പ്രണയം) You Tube-ല്‍ ഉണ്ട്. കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. അതിന്റെ ആദ്യസീനില്‍ കാണുന്നതാണ് ലേഖിക.

9:44 AM  
Blogger തനേഷ്‌ തമ്പി said...

ഇനിയുമുറക്കെ ഇനിയുമുറക്കെ....

7:01 PM  
Anonymous moments said...

nalla flow undu......... pakshe kathayillatha katha pole thonni. minukkiyedutha vaakukal vayikanulla thalparyam ulavakan porunnavayanu..... aaashamsakal....

10:18 PM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger