കനഡയിലെ തണുത്തുറയുന്ന മഴ
- എം കെ കുമാരന്‍, കനഡ
1998 ജനുവരി 5.
സപ്താശ്വന്‍ അങ്ങ് തെക്കു മാറിയെങ്കിലും ഉദിച്ചുയരേണ്ടുന്ന സമയം മുമ്പേ കഴിഞ്ഞിരിക്കുന്നു. പക്ഷേ, ഉദിച്ച ലക്ഷണമൊന്നുമില്ലായിരുന്നു. മാനത്തു നിന്ന് അന്തരീക്ഷത്തിലാകെ അനേകമനേകം നേരിയ മൂടുപടങ്ങള്‍ തൂങ്ങിക്കിടന്നിരുന്നു. ഗ്രഹണം പിടിച്ച പോലെ ചലനമറ്റ കനത്ത വായു. അകലെയുള്ള ഇല കൊഴിഞ്ഞ മരങ്ങളെല്ലാം മായാന്‍ പോകുന്ന നിഴല്‍ പോലെ അവ്യക്തമായിരുന്നു. അടുത്തുള്ള മരത്തിന്റെ കൊമ്പു നോക്കിയപ്പോഴാണ് കാര്യം ഗ്രഹിച്ചത്. ആകമാനം മഞ്ഞുകട്ടയുടെ ഉറ; ഫ്രീസിങ് റെയിന്‍!
ശിശിരത്തിന്റെ ഏറ്റവും ക്രൂരമായ വിനോദമാണ് ഫ്രീസിങ് റെയിന്‍. ഖരാങ്കത്തിനു താഴെ തണുത്ത (super cooled) മഴത്തുള്ളികള്‍ എവിടെയെങ്കിലും തട്ടിയ ഉടന്‍ പടര്‍ന്ന് ഘനീഭവിക്കുന്നു. റോഡുകളും നടപ്പാതകളും വീടുകളുടെ മേല്‍ക്കൂരകളും മഞ്ഞുകട്ടയുടെ മിനുമിനുത്ത കവചങ്ങളണിയുന്നു. മരങ്ങളുടെ ചില്ലകളും വൈദ്യുതി വഹിക്കുന്ന കമ്പികളും മഞ്ഞുകട്ടയുടെ ഉറയ്ക്കുള്ളില്‍ അമരുന്നു. എങ്ങും ആപത്ത് പതിയിരിക്കുന്നു.
പ്രകൃതി ഒന്നു രണ്ടു ദിവസമായി ഒരു വികൃതിക്ക് കളമൊരുക്കിക്കൊണ്ടിരിക്കുകയായിരുന്നു. എല്‍ നീന്യോ അതിന്റെ മൂര്‍ധന്യത്തിലായിരുന്നു. പസിഫിക്കില്‍ നിന്ന് വലിയ വ്യാപ്തം ചൂടുള്ള ഈര്‍പ്പം നിറഞ്ഞ വായു ഉള്‍ക്കൊണ്ട് ആ രാക്ഷസന്‍ അമേരിക്കന്‍ വന്‍കരകളിലൂടെ കിഴക്കോട്ട് ഊതിക്കൊണ്ടിരുന്നു. കാലിഫോര്‍ണിയ, ടെക്സസ്, ഓക്‍ലഹോമ, എന്നീ സംസ്ഥാനങ്ങളിലെല്ലാം രാക്ഷസന്റെ ചൂടുള്ള നിശ്വാസം പേമാരിയായി മാറി. ജനുവരിയായപ്പോഴേക്കും അതു തന്നെയായിരുന്നു ഒരു മാസമായി അതു തന്നെയായിരുന്നു അവസ്ഥ. ചരിത്രത്തില്‍ ഒരിക്കലുമില്ലാത്ത വിധം നനഞ്ഞ ശിശിരത്തിന് ആ പ്രദേശത്തെ ജനങ്ങള്‍ സാക്ഷ്യം നിന്നു.
ജനുവരി അഞ്ചിനു ഞങ്ങളെ അമ്പരപ്പിച്ച ഫ്രീസിങ് റെയിന്‍, മൂന്ന്, നാല് തിയതികളില്‍ വടക്കന്‍ ടെക്സസില്‍ ഇടിവെട്ടും പേമാരിയും മാത്രമായിരുന്നു. സാധാരണ ഗതിയില്‍ ആ കാറ്റിന്റെ പ്രവാഹം, ഞങ്ങളെ ശല്യപ്പെടുത്താതെ അറ്റ്‌ലാന്റിക്കിലേക്ക് ഒഴുകിപ്പോകേണ്ടതായിരുന്നു. എന്നാല്‍, അറ്റ്ലാന്റിക്കിലെ മാനം ആ ഒഴുക്കിനെ സ്വീകരിക്കാന്‍ അന്നു വിസമ്മതിച്ചു. കാരണം, അതിമര്‍ദ്ദത്തിലുള്ള ഒരു വ്യാപ്തം വായു എങ്ങും പോകാന്‍ പറ്റാതെ ആ മാനത്ത് അന്ന് അതിഥിയായി തങ്ങിയിരുന്നു. കാലാവസ്ഥാവിദഗ്ദ്ധര്‍ blocking high എന്നു വിശേഷിപ്പിക്കുന്ന ആ മരുത്ത് ഒരു കനത്ത കോട്ട പോലെ രാക്ഷസന്റെ നിശ്വാസത്തെ തടുത്തു നിര്‍ത്തി. വഴി മുട്ടിയ ചൂടാറാത്ത പ്രവാഹം പതിവിനു വിപരീതമായി അപ്പലേഷ്യന്‍ പര്‍വതനിരയുടെ മുകളിലൂടെ വടക്കോട്ട് നീങ്ങി ഒണ്‍ടാറിയോവിന്റെയും ക്യൂബക്കിന്റയും മാനത്തിലെത്തി. ആ പ്രവാഹത്തിന്റെ താപനില അപ്പോള്‍ ഏകദേശം 5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. അതു മണത്തറിഞ്ഞ ശിശിരത്തിന്റെ പോക്കിരിക്കൂട്ടുകാരനായ വടക്കന്‍ കാറ്റ് പ്രവാഹത്തിന്റെ കീഴില്‍ ഓട്ടവ താഴ്വരയിലേക്ക് നുഴഞ്ഞിറങ്ങി സ്ഥാനമുറപ്പിച്ചു. താഴ്വരയിലെ താപനില അപ്പോള്‍ ഖരാങ്കത്തിന് അല്പം താഴെ -2 ഡിഗ്രി സെല്‍ഷ്യസ്. അതോടെ ഫ്രീസിങ് റെയിനിന്റെ കളമൊരുങ്ങി.
മഴമേഘം ബാഷ്പത്താല്‍ അല്പം അതിപൂരിതമായിരിക്കും. അതില്‍ നിന്ന് അനുയോജ്യമായ സാഹചര്യത്തില്‍ സൂക്ഷ്‌മമായ ജലകണങ്ങള്‍ രൂപം കൊണ്ട് വളരുന്നു. അവ ഒരു നിശ്ചിത വലിപ്പത്തിലെത്തിയാല്‍ താഴോട്ടേക്കുള്ള പ്രയാണം തുടങ്ങുന്നു. മേഘത്തിലൂടെ പതിക്കുമ്പോള്‍ പല കണങ്ങല്‍ ചേര്‍ന്ന് ഒരു മഴത്തുള്ളി രൂപം കൊള്ളുന്നു. ആ മഴത്തുള്ളിയുടെ വലിപ്പവും മേഘത്തിനു താഴെയുള്ള വായുവിന്റെ താപനിലയും അനുസരിച്ച് അതു മഴയായോ ഹിമശല്ക്കമായോ (snow) ചെറു മഞ്ഞുകട്ടയായോ (ice pellet) ഭൂമിയില്‍ എത്തുന്നു. ഇതാണ് ചുരുക്കത്തില്‍ വര്‍ഷപാതത്തിന്റെ ഭൌതികശാസ്ത്രം.
ജനുവരി അഞ്ചിനു കരുത്തനായ എല്‍ നീന്യോവും വികൃതിയായ വടക്കന്‍ കാറ്റും അറ്റ്‌ലാന്റിക്കിലെ അതിഥിയായ മരുത്തും ചേര്‍ന്നൊരുക്കിയ ഓട്ടവ അന്തരീക്ഷം ഫ്രീസിങ്ങ് റെയിനിന്റേതായിരുന്നു. സാധാരണ ഗതിയില്‍ ജനുവരി ആദ്യത്തില്‍ ശിശിരത്തിലെ തണുത്ത വായു ഹിമം കോരിച്ചൊരിയേണ്ടതാണ്. പക്ഷേ, തണുത്ത വായുവിന് താഴെയുണ്ടായിരുന്ന ചൂടുള്ള പ്രവാഹം മഞ്ഞിനെ ഉരുക്കി വീണ്ടും മഴത്തുള്ളിയാക്കി. ആ മഴത്തുള്ളിയെ ഏറ്റവും താഴെ നിലയുറപ്പിച്ച വടക്കന്‍ കാറ്റ് ഖരാങ്കത്തിന് അല്പം താഴെയായി, ഘനീഭവിപ്പിക്കാതെ തണുപ്പിച്ചു. അത്തരത്തില്‍ തണുത്ത (super cooled) മഴത്തുള്ളികള്‍ എവിടെത്തട്ടിയപ്പോഴും പടര്‍ന്ന് മഞ്ഞുകട്ടയായി മാറി.
എല്ലാ വര്‍ഷവും മൂന്നു നാലു തവണ ഞങ്ങള്‍ക്ക് ചെറിയ തോതില്‍ ഫ്രീസിങ് റെയിന്‍ കിട്ടാറുണ്ട്. പക്ഷേ, മിക്കപ്പോഴും അതേത്തുടര്‍ന്ന് താപനില അല്പം ഉയര്‍ന്ന് മഞ്ഞുകട്ട ഉരുകും. 1998-ല്‍ അങ്ങനെ നടന്നില്ല. പകരം അഞ്ചു ദിവസം ഫ്രീസിങ് റെയിന്‍ ചാറിക്കൊണ്ടിരുന്നു; താഴെയുള്ള മഞ്ഞുകട്ടയുടെ കനം കൂടിക്കൊണ്ടും! ഒമ്പതാം തിയതി ആകുമ്പോള്‍ ഓട്ടവയെ 70 മില്ലി മീറ്റര്‍ കനത്തില്‍ മഞ്ഞുകട്ട മൂടിയിരുന്നു. അതുകാരണം, ഒരു ശരാശരി വൃക്ഷത്തിന്റെ ഭാരം 2000 കിലോഗ്രാം കൂടി; വീടിന്റേത് 5000 കിലോഗ്രാമും!!
ഭാരം താങ്ങാനാവാതെ വന്‍തോതില്‍ വൃക്ഷങ്ങള്‍ നിലം പൊത്തി. പഴയ മേല്‍ക്കൂരകളുടെ മുതുകൊടിഞ്ഞു തുടങ്ങി. വൈദ്യുതി വഹിച്ചിരുന്ന കമ്പികള്‍ അദൃശ്യമായ അസ്ത്രങ്ങള്‍ ഉറപ്പിച്ച് കുലച്ച വന്‍ വില്ലുകള്‍ പോലെ വളഞ്ഞു നിന്നു. ക്രമേണ അവയും പൊട്ടി നിലം പതിച്ചു തുടങ്ങി. ഒരിക്കല്‍ പോലും സംഭവിക്കാത്ത വണ്ണം നഗരത്തില്‍ പലേടത്തും വൈദ്യുതി നിലച്ചു. അരിച്ചെത്തിയ തണുപ്പു കാരണം വീട്ടിനകത്തെ പൈപ്പുകള്‍ വിറങ്ങലിച്ച് പൊട്ടിത്തുടങ്ങി. എങ്ങും ജീവാപായമടക്കം കനത്ത നാശനഷ്ടങ്ങള്‍ നടമാടി. നഗരത്തിന്റെ പുനര്‍നിര്‍മാണത്തിനായി 10 കോടി ഡോളര്‍ ഉടന്‍ വേണ്ടി വരുമന്നായിരുന്നു പത്താം തിയതിയിലെ കണക്ക്. ഓട്ടവയുടെ മുഖപത്രമായ സിറ്റിസണ്‍ ഇപ്രകാരം രേഖപ്പെടുത്തി: “The Storm of the Millennium”. ആപത്ത് അവസാനിച്ചപ്പോള്‍, ആശ്വാസം പൂണ്ട് അത് അതിജീവിച്ച നഗരവാസികള്‍ക്കെല്ലാം സിറ്റിസണ്‍ ഓരോ ‘Certificate Of Survival’ നല്‍കി!
എല്ലാമവസാനിച്ച് ദൈനംദിന ജീവിതം പുനരാരംഭിച്ച നഗരവാസികള്‍ ഓട്ടവയുടെ മാറിയ മുഖം പെട്ടെന്ന് ശ്രദ്ധിച്ചു. ഗ്രീഷ്മത്തില്‍ പടര്‍ന്ന് പന്തലിച്ചു നില്‍ക്കേണ്ടുന്ന, ശരത്തിനു നാനാനിറം പൂശേണ്ടുന്ന വന്‍ വൃക്ഷങ്ങളില്‍ പലതും കബന്ധങ്ങളായി മാറിയിരുന്നു. ഓരോ തവണ ഈ കാലാവസ്ഥാവിശേഷമുണ്ടാകുമ്പോഴും ഏറെപ്പേര്‍ തെന്നി വീണ് കയ്യൊടിഞ്ഞ്, കാലൊടിഞ്ഞ്, തല മുഴച്ച് ആശുപത്രിയില്‍ എത്തുന്നു. നടക്കുമ്പോള്‍ പിച്ച വയ്ക്കണം. കാറോടിക്കാന്‍ പരിശീലനത്തിനും പരിചയത്തിനുമുപരിയായി പരമഭാഗ്യവും വേണം. പലപ്പോഴും ബ്രേക്ക് ഒന്നു തൊട്ടാല്‍ മതി, വാഹനം 360 ഡിഗ്രി കറങ്ങി തെന്നിത്തെന്നി മൂക്കു കുത്തി റോഡിനോടു ചേര്‍ന്നുള്ള ചാലില്‍ പതിക്കും.
ഫ്രീസിങ റെയിന്‍ ആദ്യമായി ഞങ്ങളുടെ സാരമായ ശ്രദ്ധയില്‍ പെട്ടത് 1986-ലാണ്. ക്രിസ്‌മസിന്റെ തലേ രാത്രി ഞങ്ങള്‍ ഡോ. വര്‍ഗീസിന്റെ വീട്ടില്‍ അതിഥികളായിരുന്നു. ഞങ്ങളെ കൂടാതെ കനഡയില്‍ പുതുതായി കുടിയേറിപ്പാര്‍ത്ത ഒരു കുടുംബവുമുണ്ടായിരുന്നു. ശിശിരത്തിന്റെ വികൃതികള്‍ അവര്‍ക്ക് അജ്ഞാതമായിരുന്നു. അര്‍ദ്ധരാത്രിയോടെ അവര്‍ യാത്ര പറഞ്ഞ് പിരിഞ്ഞു. പത്തിരുപത് മിനിറ്റിനകം വാതില്‍ക്കല്‍ മുട്ടു കേട്ട് തുറന്നപ്പോള്‍, അല്പം മുന്‍പേ ഇറങ്ങിപ്പോയവര്‍ പ്രേതത്തെ കണ്ട പോലെ ഭയപ്പെട്ട് വിളറി വിറച്ച് നില്‍ക്കുന്നു. പ്രയാസപ്പെട്ട് ഇത്രയും അവര്‍ പറഞ്ഞൊപ്പിച്ചു: “വണ്ടി വട്ടം കറങ്ങിക്കറങ്ങി റോഡില്‍ നിന്ന് താഴോട്ടു വീണു. ഭാഗ്യത്തിന് ഒരു പൊലീസുകാരന്‍ കണ്ടതിനാല്‍ തിരിച്ചു വരാനൊത്തു.” ഒരു മുന്നറിയിപ്പുമില്ലാതെ പുറത്ത് ഫ്രീസിങ്ങ് റെയിന്‍ തകര്‍ത്തിരുന്നത് ഞങ്ങളറിഞ്ഞിരുന്നില്ല. അന്നു രാത്രി ഞങ്ങളെല്ലാം ഡോ. വര്‍ഗീസിന്റെ വീട്ടില്‍ തങ്ങി.
ഫ്രീസിങ്ങ് റെയിന്‍ കൊണ്ടു വരുന്ന ശിശിരം അതിക്രൂരനെങ്കിലും അതിനെത്തുടര്‍ന്ന് ഒരു തെറ്റുതിരുത്തല്‍ പോലെ ചിലപ്പോല്‍ അപൂര്‍വമായ ഒരു കാഴ്ചാവിശേഷം സമ്മാനിച്ച് മാറി നില്‍ക്കാറുണ്ട്. അപ്പോള്‍ പകല്‍ മാനം തെളിഞ്ഞിരിക്കും. മരച്ചില്ലകളിന്മേലുള്ള മഞ്ഞുകട്ടയുടെ ഉറകള്‍ സൂര്യതാപമേറ്റ് ഒരു ക്രമവുമില്ലാതെ ഉരുകിത്തുടങ്ങും. അവയുടെ നിമ്‌നോന്നതങ്ങളായ ഉപരിതലങ്ങളില്‍ കിരണങ്ങള്‍ തട്ടി പ്രതിഫലിച്ച് കണ്ണഞ്ചിപ്പിക്കും. അപ്പോള്‍ ശതകോടി ചെറു നക്ഷത്രങ്ങള്‍ മാനത്തു നിന്ന് മന്നിലേക്കിറങ്ങി വന്ന് മിന്നിത്തിളങ്ങും.
ഈ പ്രപഞ്ചത്തിലെ കാഴ്ചകള്‍ കണ്ടു തീരാന്‍ എത്ര ജന്മങ്ങള്‍ വേണ്ടി വരും!
RELATED PAGES
» അര പെനിയുടെ കണക്ക്
» ആനക്കാല്‍!

2 Comments:
ഈ പ്രപഞ്ചത്തിലെ കാഴ്ചകള്‍ കണ്ടു തീരാന്‍ എത്ര ജന്മങ്ങള്‍ വേണ്ടി വരും!
സത്യം! ഈ അമ്പരപ്പിക്കുന്ന അനുഭവം പങ്കു വച്ചതിന് കേരളത്തിന്റെ ഒരു കോണിലിരിക്കുന്ന- ഒരിക്കലും കാനഡയില്‍ വന്നിട്ടില്ലാത്ത - ഒരു മലയാളിയുടെ നന്ദിയും അഭിനന്ദനങ്ങളും.
dear sri m k kumaran,
i am sahadevan who worked with mathrubhumi and edited week end edition and weekly, while you wrote some canadian experiences.
this is my id. a.sahadevan@gmail.com
hope you would write
sahadeva
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME