വേദനയുടെ ഡയറിക്കുറിപ്പുകള്‍
പത്തു വര്‍ഷത്തോളം മുന്‍പ് കോട്ടയത്തെ ഒരു പലചരക്കു കടയില്‍ നിന്ന് എന്തൊക്കെയോ സാധനങ്ങള്‍ പൊതിഞ്ഞുകിട്ടിയ കുറച്ചു കടലാസുകള്‍. ഒരു നോട്ട്‌ബുക്കില്‍ നിന്ന് ഇളക്കിയെടുത്തതാണെന്ന് ഒറ്റ നോട്ടത്തിലറിയാം. പഴങ്കടലാസുകള്‍ വായിക്കുന്ന ദുഃശീലമുള്ളതുകൊണ്ട് ഒന്ന് ഓടിച്ചു നോക്കി. അതിലെ നിസ്സഹായതയും വേദനയും ഉള്ളില്‍ കൊണ്ടതുകൊണ്ട് കളയാതെ എടുത്തു വച്ചു. പില്‍ക്കാലത്ത് കഥയെഴുതുന്ന അസുഖം രൂക്ഷമായപ്പോള്‍, ഈ ഡയറിക്കുറിപ്പുകളില്‍ ഒളിച്ചിരിക്കുന്ന കഥ കണ്ടെത്താന്‍ ഒരു ശ്രമം നടത്തിയിരുന്നു. ‘വിരഹിതം’ എന്നു പേരിട്ട ആ കഥ പ്രസിദ്ധീകരിച്ചെങ്കിലും അതൊരു നല്ല രചനയാക്കാന്‍ എന്റെ പ്രതിഭാരാഹിത്യം തടസമായി.1996 ജൂലൈ 24 ബുധന്‍
ആ കുറിപ്പുകള്‍ ഇതാ നിങ്ങള്‍ക്കു മുന്നില്‍ വയ്ക്കുകയാണ്; അജ്ഞാതനായ ഇതിന്റെ രചയിതാവും കുറിപ്പുകളില്‍ പരാമര്‍ശിക്കപ്പെടുന്ന അദ്ദേഹത്തിന്റെ പത്നിയും ഒരുപാട് സന്തോഷത്തോടെയും സ്നേഹത്തിലും ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ജീവിക്കുന്നുണ്ടാവണേ എന്ന പ്രാര്‍ഥനയോടെ...
- ടോം ജെ മങ്ങാട്ട്
കര്‍ക്കടകം 8 ചോതി
* പ്രിയയ്ക്ക് ഒരു കത്തെഴുതാം.
കഴിഞ്ഞ ഞായറാഴ്‌ച അഭിശപ്തമായ ദിവസമായിരുന്നു. അന്നു മനസ്സിനേറ്റ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല. വേദന മാറിയിട്ടില്ല. പ്രിയയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല; പൈസയില്ല്ലാതെ വലയുകയായിരുന്നുവല്ലോ. വിവാഹം കഴിഞ്ഞിട്ടും ഒറ്റയ്‌ക്കു കഴിയുക കൂടി വന്നപ്പോള്‍ ഒറ്റപ്പെടുത്തപ്പെട്ടതുപോലെ തോന്നിക്കാണും. കുറ്റം എന്റേതു തന്നെ. ഇനി ഇതുപോലുള്ള അവസ്ഥയിലേക്ക് ഭാര്യയെ തള്ളി വിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. (എവിടെ നിന്നാണ് കുറച്ചു പൈസ കിട്ടുക പ്രിയയ്ക്ക് അയച്ചു കൊടുക്കാന്‍?) A/c close ചെയ്യണം. അല്ലെങ്കില്‍ 30-ആം തിയതി വരെ കാത്തിരിക്കുക. ഈയാഴ്‌ച മുഴുവന്‍ രാത്രി ഒമ്പതര ഡ്യൂട്ടി (?) ശിക്ഷയോ ശിക്ഷണമോ?
ഉറക്കം വരുന്നില്ലല്ലോ. ഇന്നലെയും രാത്രി മൂന്നര മണിയോടെയാണ് റൂമിലെത്തിയത്. ഉറങ്ങുമ്പോള്‍ ആറു മണി ആയിക്കാണും. അതുവരെ ഉറങ്ങാതെ ഓരോന്ന് ആലോചിച്ച് കഴിച്ചുകൂട്ടി. (“ചെലവിനു കൊടുക്കാതെ”, “നമ്പൂരി സംബന്ധം”, “അമ്മയെ betray ചെയ്തു”, “കത്തിലെഴുതിയതൊന്നും വാസ്തവമല്ല”, “ഇങ്ങനെ പോയാല്‍ നമ്മുടെ ബന്ധം അധികം നീണ്ടു നില്‍ക്കില്ല” etc.) മനസ്സ് നീറുകയാണ്. ഒരിടത്തും തോല്‍ക്കാതെ, തിരുവായ്ക്ക് എതിര്‍വായ് പറഞ്ഞുശീലിച്ച മുന്‍കോപിയായ ഞാന്‍. എല്ലാം കേട്ട് തല കുനിച്ച് കിടക്കേണ്ടി വന്നു. കുറ്റബോധമാണ് മനസ്സു നിറയെ. കരച്ചില്‍ വന്നില്ല. പക്ഷേ, കുറ്റബോധം എന്നെ കീഴടക്കുകയായിരുന്നു. അമ്മയേയും മറ്റും അഭിമുഖീകരിക്കാന്‍ വല്ലാത്ത മടി തോന്നുന്നു. ഇനി എങ്ങനെയാണ് ഞാന്‍ അവിടെ പോവുക? പോകാതിരിക്കാനുമാവില്ലല്ലോ. (വല്ലപ്പോഴും വന്ന് ലൈംഗികം നടത്തി മടങ്ങിപ്പോകുന്ന ഒരു bastard ആയി ഞാന്‍ മാറിയല്ലോ. “കിട്ടേണ്ടതു കിട്ടിയാല്‍ തിരിഞ്ഞു കിടക്കും.”)
എന്റെ ഉയര്‍ച്ചയിലും താഴ്‌ചയിലും കഷ്‌ടപ്പാടിലും സുഖങ്ങളിലും എന്നെ തള്ളിപ്പറയാതെ എന്നോടൊപ്പം നില്‍ക്കുന്നവളായിരിക്കണം എന്റെ ഭാര്യ എന്നൊരു ആഗ്രഹം മനസ്സിലുണ്ടായിരുന്നു. അതിനു മങ്ങലേറ്റുവോ? ഇനി അതേപ്പറ്റി ആലോചിച്ചിട്ടു കാര്യമില്ലല്ലോ. ഏതായാലും ഈ ജീവിതത്തില്‍ ഒരു വിവാഹവും ഒരു ഭാര്യയും; അത്രയേയുള്ളു. എന്തു വില കൊടുത്തും വിട്ടുവീഴ്ച ചെയ്തും അതു നിലനിര്‍ത്തണം.
പാവം പ്രിയ. ഇന്നും രാത്രി ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല. രണ്ടു ചേച്ചിമാരും നല്ല നിലയില്‍. താന്‍ മാത്രം ഇങ്ങനെ ആയിപ്പോയില്ലേ എന്നൊരു (തെറ്റി)ദ്ധാരണയായിരിക്കും മനസ്സില്‍. എല്ലാം മാറാവുന്നതേയുള്ളു. അതിനുള്ള ക്ഷമ വേണമെന്നു മാത്രം. 10,000 രൂപ UGC ശമ്പളവും കൈക്കൂലിപ്പണവും ഇല്ലെങ്കിലും നമുക്കും അവരുടെ നിലയിലേക്ക് ഉയരാനാകും. എനിക്ക് ആത്മവിശ്വാസമുണ്ട്.
എങ്ങനെയെങ്കിലും അവിടേക്ക് സ്ഥലംമാറ്റം വാങ്ങണം. ലഭിക്കുന്നില്ലെങ്കില്‍ വേറെ വല്ല കമ്പനിയിലും ചേര്‍ന്ന് അവിടേക്ക് കൂടു മാറണം. ഒരുമിച്ചു ജീവിക്കുന്നതിലൂടെ മാത്രമേ ഇനി ദാമ്പത്യം സുഗമമാക്കാനാവൂ.
പ്രിയയ്ക്ക് കത്തെഴുതണമെന്ന് കരുതിയെങ്കിലും കഴിഞ്ഞില്ല. പകല്‍ ഉണര്‍ന്നത് ഉച്ചയ്ക്ക് 12-ന്. പ്രാതലും ഉച്ചഭക്ഷണവും ഊണിലൊതുക്കി. രാത്രിഭക്ഷണം ഏഴുമണിയോടെ. പ്രിയയെപ്പറ്റി ഓര്‍ത്തു. ഇപ്പോള്‍ മിശ്രവികാരമാണ് പ്രിയയെപ്പറ്റി. ഇന്ന് കാര്യമായ വായനയൊന്നും നടന്നില്ല. എങ്കിലും ‘ഗോവര്‍ധന്റെ യാത്രകള്‍’ കുറച്ചു വായിച്ചു. 9.30 ഡ്യൂട്ടി കഴിഞ്ഞ് എത്തുമ്പോള്‍ 3.45. ഉറക്കം വരാന്‍ ആറു വരെയെങ്കിലും കിടക്കേണ്ടി വന്നു കാണും. ടെന്‍ഷന്‍ തന്നെ ടെന്‍ഷന്‍. ഓര്‍ത്തോര്‍ത്തു കിടന്നു.
1996 ജൂലൈ 25 വ്യാഴം
പതിവു പോലെ വൈകിയാണ് എണീറ്റത്; ഉച്ചയോടെ. എന്തായാലും ഒരു പ്രവൃത്തി കുറഞ്ഞു കിട്ടി - പ്രാതലും ഉച്ചഭക്ഷണവും ഒന്നിച്ച്. പ്രിയയുടെ കത്തിനു കാത്തു. അങ്ങോട്ട് ഒരു കത്ത് അയയ്ക്കാതെ ഇങ്ങോട്ടു കത്തു വരുമെന്ന് കാക്കുന്നത് ഭോഷ്‌ക്; തെറ്റ്. വീണ്ടും 9.30 ഡ്യൂട്ടി. അതിന്റെ സുഖമൊന്നു വേറെ. റൂമില്‍ തിരിച്ചെത്തിയതു മൂന്നര കഴിഞ്ഞ്. പ്രിയയെക്കുറിച്ചോര്‍ത്ത് ഉറക്കമൊഴിച്ചു. ആറുമണി കഴിഞ്ഞാണല്ലോ ഉറക്കം; അതു തെറ്റിച്ചില്ല.
(*പേരുകള്‍ മാറ്റിയിട്ടുണ്ട്.)



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME