share your memoirs at SPiCE
 

"നീ എങ്ങോട്ടാ പോയേ?"

- മാണിക്യം, ഹാമില്‍ട്ടണ്‍, കാനഡ
ഞാന്‍ ഒരിക്കലേ പേടിച്ചുള്ളു. അന്നു ശരിക്കും പേടിച്ചു. ചുമ്മാ ഞഞ്ഞാ പിഞ്ഞാ പേടിയല്ല. ശരിക്ക് പേടിച്ചത് ഇന്നും നല്ല ഓര്‍മ്മയുണ്ട്. സിസ്റ്റര്‍ ഓള്‍ഗായുടെ ക്യാറ്റികിസം ക്ലാസ്സ്. സിസ്റ്റര്‍ വരാന്‍ താമസിച്ചു. കുട്ടികളല്ലേ, കലപിലയാണു അവിടെ. ഞങ്ങളുടെ ക്ലാസ്സ് റോഡരികിലാണ്. അവിടെ ജനലില്‍ കൂടി നോക്കിയാല്‍ പള്ളി കാണാം. നോക്കുമ്പോള്‍ ഒരു ശവമടക്കാണ്. അതിന്റെ ആളുകള്‍ പള്ളിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. നല്ലപോലെ കാണാന്‍ വേണ്ടി ഞാന്‍ ഡസ്കിന്റെ പുറത്ത് കയറി നിന്നു. ക്ലാസ്സിലുള്ള മിക്കവരും ജനലരികില്‍ തടിച്ചു കൂടി പുറത്തേക്ക് നോക്കി നില്ക്കുമ്പോളാണു സിസ്റ്റര്‍ വരുന്നത് . താഴെ നിന്നവര്‍ക്ക് വേഗം സ്വന്തം സ്ഥലത്തു എത്താന്‍ പറ്റി. എന്റെ ശ്രദ്ധ മുഴുവന്‍ പുറത്തേക്കാണു; ശവമടക്കിന്റെ വിശദാംശം കിട്ടാന്‍ വേണ്ടി. സിസ്റ്റര്‍ വന്നതു ഞാനറിയുന്നില്ല. എന്റെ തൊട്ടടുത്ത് ബഞ്ചിന്റെ മുകളില്‍ ആണു ജോയിസ്. സിസ്റ്റര്‍ അടുത്ത് എത്തി: "നോക്കണം നോക്കണം പെണ്‍കുട്ടികള്‍ ചെയ്യാന്‍ പാടുണ്ടോ ഇങ്ങനെ? "

സിസ്റ്റര്‍ ദേഷ്യത്തിലാണേല്‍ ഡബിള്‍ ബെല്ലു കൊടുക്കുമ്പോലേ ‘നോക്കണം നോക്കണം‘ വരും. ഒരു വല്ല്യ പെരുന്നാളിനുള്ള വകയായി. ഞാനും ജോയിസ്സും താഴെ എത്തി. സിസ്റ്റര്‍ ഞങ്ങളെ നോക്കിയ നേരത്തു ബാക്കി മാലാഖാ കുഞ്ഞുങ്ങളെല്ലാം സീറ്റു പിടിച്ചു. സിസ്റ്റര്‍ വലതു കൈയുടെ ചുണ്ടുവിരല്‍ വാതിലിനു നേരെ ചൂണ്ടി: "ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ്....ഹും ബോത് ഓഫ് യൂ.”

ഇതിനപ്പീലില്ല. അച്ചാപോറ്റി ഒന്നും എല്ക്കില്ല. ക്ലാസ്സ് റ്റീച്ചറും സയന്‍സ് റ്റീച്ചറും എല്ലാം പുള്ളിക്കാരി തന്നെ. പയ്യെ പുറത്തു വന്നു, കൂടുതല്‍ ദേഷ്യം പിടിപ്പിക്കണ്ട. വെളിയില്‍ വന്നു. അപ്പൊ സിസ്റ്റര്‍ പിറകെ വന്നു. ക്ലാസ്സിന്റെ വാതിക്കല്‍ പോലും കണ്ടു പോകരുതെന്നാ സുഗ്രീവാജ്ഞ. ഞങ്ങള്‍ നടന്ന് കോറിഡോറിന്റെ അറ്റത്ത് പോയി നില്പായി.

അപ്പോ പുറത്തു ശവമടക്കിന്റെ പ്രാര്‍ത്ഥന കേള്‍ക്കാം. ഞാന്‍ നോക്കുമ്പോള്‍ ജോയിസ്സ് ഭയങ്കര കരച്ചില്‍. അവള്‍ അങ്ങനാ. ആരേലും ഒന്നു കണ്ണുരുട്ടിയാല്‍ അവളുടനേ കരഞ്ഞിരിക്കും. ഞാനാണേല്‍ ചുറ്റും നോക്കുവാ. എന്റെ അനിയത്തി (സ്കൂളിലെ ഗുഡ് ബുക്കില്‍ ഫ്രണ്ട് പേജില്‍ പേരുള്ളവള്‍) ഞാനീ ക്ലാസ്സിനു കാവലു നില്‍ക്കുന്ന കണ്ടാല്‍... പിന്നത്തെ കഥയാ കഥ! ഞാനങ്ങനെ ഉയിരു കൈയില് പിടിച്ചു നിക്കുമ്പൊഴാ ഈ കരച്ചില്...

"ആ ചത്തത് ആരാന്നു പോലും നിനക്കറിയില്ലാ. പിന്നെ കരേന്നത് എന്തിനാ?" ഞാനിങ്ങനെ ചോദിച്ചപ്പോള്‍ ജോയിസ്സ് ചിരിച്ചു.
പെട്ടെന്നാ അവളുടെ ചോദ്യം: "ഡെയ്.... മരിച്ചവര് എങ്ങോട്ടാ പോണേ?"

ഒരു മാതിരി സൂര്യനു താഴെയുള്ള എല്ലാ കാര്യത്തിനും ഉത്തരം അറിയുന്ന പ്രായമാണേ. പക്ഷേ, ഈ ചോദ്യത്തില്‍ ഇത്തിരി ഒന്നു പകച്ചു. തൊട്ടപ്പുറത്തുനിന്നു ശവമടക്കിന്റെ പ്രാര്‍ത്ഥന. ഇന്ന് ഇനി സിസ്റ്റര്‍ പറയാന്‍ പോണ ശിക്ഷാവിധി... ഗാര്‍ഡിയനെ കൊണ്ടുവന്നിട്ട് ക്ലാസ്സില്‍ കയറിയാ മതി അല്ലേല്‍ ഇമ്പൊസിഷ്യന്‍. ഏതായാലും വല്യപെരുന്നാളു തന്നെ. പക്ഷേ മറുപടി പറയണമല്ലോ. അതിങ്ങനെയായി: "എനിക്കറിയില്ല. ഒരു കാര്യം ചെയ്യാം... നീയാ ആദ്യം മരിക്കുന്നതെങ്കില്‍ നീ എന്നോട് വന്നു പറ. അല്ലാ ഞാനാ ആദ്യം മരിക്കുന്നതെങ്കില്‍ ഞാന് നിന്നോട് വന്നു പറയാം."

അന്നു രാതി തന്നെ മരിച്ചു കിട്ടണ്ടത് എന്റെ ആവശ്യമാണ്. അന്ന് ഇന്നു പറയുന്ന പോലെ ടെന്‍ഷന്‍ എന്നൊന്നും പറയാന്‍ അറിയില്ലാ. പക്ഷേ ആരോ തൊണ്ടക്കു കുത്തി പിടിച്ചപോലെ അല്ലെങ്കില്‍ വയറിനുള്ളില്‍ എലി ഓടുന്നപോലെ, കൈയും കാലും തണുക്കും. വായില്‍ വെള്ളമില്ല. ഒക്കെ കൂടെ ഒരു വല്ലായ്ക തോന്നും. ശിക്ഷ കിട്ടും ഒറപ്പ്. ഇന്നി സ്കൂളില്‍ പോകണ്ടാ എന്നാവും ചിലപ്പൊ! അപ്പൊ പിന്നെ മരിക്കുന്നതാ ഭേദം, ബാക്കി കാര്യങ്ങള് .......

"അതു ശരിയാ അതോടെ അറിയാമല്ലോ." ജൊയസിന്റെ അഭിപ്രായം പറച്ചിലാ. അപ്പോഴേക്ക് ബെല്ലടിച്ചു. അവസാനത്തെ പീരിഡാണ്. ഓടി ക്ലാസ്സില്‍ പോയി ബാഗും കുടയുമായി പയ്യെ പുറത്തിറങ്ങി. സിസ്റ്റര്‍ അവിടെ എങ്ങും ഇല്ല, ഭാഗ്യം. ഇന്ന് അപ്പൊ ത്രിശങ്കു സ്വര്‍ഗ്ഗത്തിലാ. നാളെ ക്ലാസ്സില്‍ കയറ്റത്തില്ല ഒറപ്പ്. പയ്യെ നീങ്ങി. ഇന്ന് ഏതായാലും മമ്മീടെ മുന്നില് പ്രശ്നം അവതരിപ്പിക്കണ്ടാ; നാളത്തിടം നാളെ! വീട്ടിലേക്കു പോകും വഴിക്കു തന്നെ ഒരു വല്ലാത്ത വയറുവേദന, അതിപ്പൊ കുടെക്കൂടെ വരുന്നു. ഞാന്‍ റിക്ഷയിലിരുന്നു കരയാന്‍ തുടങ്ങി... അതു വയറു വേദന കൊണ്ടാണോ സിസ്റ്റര്‍ ക്ലാസ്സിന്ന് ഇറക്കി വിട്ടതിന്റെ ഭവിഷ്യത്ത് ഓര്‍ത്തിട്ടാണോ??? അറിയില്ലാ...

വീടെത്തി. “ചേച്ചി കരയുവാ.. വയറു നോവുന്നൂന്ന്..” മമ്മി എത്തീട്ടില്ല. അന്നച്ചേടത്തി വന്ന് ആകെ ഒരവലോകനം നടത്തി. “ഉച്ചക്കു ഉണ്ടോ?” ഘനഗംഭീരമായിട്ടുള്ള ചോദ്യം. അന്നച്ചേടത്തിയുടെ തിയറി പ്രകാരം വയറു നിറച്ചു ചോറുണ്ടില്ലാങ്കിലാ എല്ലാ രോഗവും വരുന്നേ. അന്നച്ചേടത്തി ഇതിനോടകം ഇഞ്ചിയും നാരങ്ങായും ജീരകവെള്ളവും ഒക്കെയായി ചികത്സ തുടങ്ങി. ആ നേരത്താണ് മമ്മിയുടെ വരവ്. എന്റെയുള്ളില്‍ പേടിയുണ്ട്, ഒരു വശത്ത് വയറുവേദനയും. ഇത്രയുമായപ്പോള്‍ എന്റെ കരച്ചില്‍ പൂര്‍വാധികം ഉച്ചത്തില്‍ ആയി. പിന്നെ ബോധം കെട്ടു വീണു... അപ്പോഴേക്ക് ഡോക്ടറുടെ അടുത്തെത്തിച്ചു, അപ്പന്റിസൈറ്റിസ് എന്നു വിധി. പിറ്റേന്ന് ഓപ്പറേഷന്‍.. ഭഗവാനേ ഓരോരോ മായാവിലാസങ്ങളേ!

പിന്നെ വിട്ടിലിരിപ്പായി. ഏകദേശം 3 ആഴ്ചക്കു ശേഷം സ്കൂളില്‍ എത്തിയപ്പോള്‍ ആദ്യം തിരക്കിയതു ജോയിസ്സിയെ ആണ്. അവള്‍ മഞ്ഞപ്പിത്തമായിക്കിടപ്പിലാണ്, അന്നത്തെ ഗറ്റൌട്ട് അടിക്കുശേഷം അവള്‍ സകൂളില്‍ വന്നിട്ടില്ല്ലാന്നറിഞ്ഞു. ഞാന്‍ അന്നു വീട്ടിലേക്ക് പോയപ്പോള്‍ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കാണാന്‍ ഒക്കാഞ്ഞതിന്റെ വ്യസനം ഉണ്ടായിരുന്നു.

പിറ്റേന്ന് സ്കൂളില്‍ എത്തിയപ്പോള്‍ ആണ് ആ ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്.. ജോയിസി മരിച്ചു! കറുത്ത ബാഡ്ജ് കുത്തി എല്ലാവരും അവളുടെ വീട്ടില്‍ പോയി. അന്നു ക്ലാസില്ലായിരുന്നു. ഞങ്ങള്‍ അവളുടെ വീട്ടിലെത്തി. കത്തിച്ചു വച്ച സാമ്പ്രാണിയുടെയും പിച്ചിപ്പൂവിന്റെയും ഒക്കെ കൂടിയ ഒരു ഗന്ധം, വെള്ള ഉടുപ്പിട്ട് ആ പെട്ടിയില് കിടന്ന ജോയിസിയുടെ കാല്ക്കല്‍ ഞാന്‍ നിന്നു. അവളുടെ മുഖത്തു നിന്ന് ആ പുഞ്ചിരി മാഞ്ഞിട്ടില്ലാ, ഉറങ്ങുന്നപോലെ. അവളുടെ വാക്കുകള്‍ അപ്പോഴും എന്റെ കാതില്‍ മുഴങ്ങുകയായിരുന്നു: "മരിച്ചാ നമ്മള്‍ എങ്ങോട്ടാ പോവുകാ".
ഞാന്‍ അപ്പൊ ചോദിച്ചു: "നീ എങ്ങോട്ടാ പോയേ?" അവളുടെ കാല്‍ചുവട്ടില്‍ ഞാന്‍ എത്രനേരം നിന്നു എന്നെനിക്കറിയില്ല. ടീച്ചര്‍ വിളിച്ചു തിരിച്ചു നടക്കുമ്പോള്‍ ഇനി അവളില്ലാന്നു വിശ്വസിക്കാന്‍ എനിക്കായില്ല.

പിറ്റേന്നായിരുന്നു അടക്കം. അന്നു ഞാന്‍ സ്കുളില്‍ പോയില്ല. എനിക്ക് നല്ല പനിയും ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ നേരം. ഞാന്‍ മുറിയില്‍ കിടക്കുവാണ്. വീട്ടില്‍ മറ്റാരുമില്ല. അന്നച്ചേടത്തി വന്നു പറഞ്ഞു: "കുഞ്ഞേ മഴക്കോളൊണ്ട്, ഞാന്‍ പശുവിനെ അഴിച്ചോണ്ട് വരട്ടെ."

ഓ, ഇനി പശുവിനെ കൂട്ടില്‍ കെട്ടി അതുമായി കൊച്ചുവര്‍ത്താനവും പറഞ്ഞു അന്നചേടത്തി തിരിച്ചു വരാന്‍ ഏറ്റം കുറഞ്ഞതൊരു മണിക്കൂര്‍. ഞാന്‍ ഓര്‍ത്തു. പെട്ടന്ന് ആകെ ഇരുട്ടായി. ഒരു വല്ലാത്ത കാറ്റും. എന്റെ മുറിയുടെ ജനല്‍ വല്ലാതെ ആഞ്ഞടിച്ചു. കാറ്റ് ഉള്ളിലേക്ക് വരാന്‍ തുടങ്ങി. ഞാന്‍ ജനല്‍ അടക്കാന്‍ എണീറ്റു. എന്റെ ജനലില്‍ കൂടി നോക്കിയാല്‍ നേരേ കാണുന്നത് ഒരു പ്ലാവ് ആണ്. ഞാന്‍ നോക്കുമ്പോള്‍ പ്ലാവിന്റെ ചുവട്ടില്‍ ആള്‍ രൂപത്തില്‍ ഒരു വെട്ടം! ഞാന്‍ ജനലഴിയില്‍ പിടിച്ചു കൊണ്ടങ്ങനെ നിന്നു. അതൊരു പ്രത്യേക തരം കാറ്റ്. ഞാന്‍ അന്നു വരെയൊ, അതിനു ശേഷമോ അത്തരം ഒരു കാറ്റ് കണ്ടിട്ടില്ല. ജനലിലേക്ക് ആഞ്ഞടിക്കുന്ന കാറ്റില്‍ ഒരില പോലും പറന്നു വരുന്നില്ല. ആ വെളിച്ചം എന്റെ തൊട്ടടുത്ത് ജനലഴിക്കപ്പുറം. അതാ മുഖം മാത്രം തെളിയുന്നു, ബാക്കി മുഴുവന്‍ ഒരു പുക പോലെ, അതെ വെള്ള കട്ട പുക.. ( ഇതെഴുതുമ്പോള്‍ അന്നു കണ്ടത് അതേ പോലെ ഞാന്‍ ഓര്‍ക്കുന്നു)....ജോയിസി, അവള്‍ നിന്നു ചിരിക്കുകയാണ്. ഒരു വല്ലാത്ത തണുപ്പ് അവളില്‍ നിന്ന് വരുന്നു. അവള്‍ എന്നെ തന്നെ നോക്കി എന്റെ അടുത്ത്.

" ജോയിസി ...നീ..."
ഞാന്‍ വാക്കുകള്‍ കിട്ടാതെ.. അവള്‍ ഏതോ ദൂരെ നിന്ന് സംസാരിക്കും പോലെ. ഒരു തരം എക്കൊ. "ഞാന്‍ വരാമെന്ന് പറഞ്ഞതല്ലേ, അതാ വ ന്നെ."

ഇപ്പോള്‍ കാറ്റില്ല. പക്ഷേ അവള്‍ കാറ്റില്‍ ആടുന്ന തീനാളം പോലെ തലക്കു കീഴ്പ്പോട്ടുള്ള ഭാഗം ആടി ഉലയുകയാണ്. എനിക്ക് അപ്പോള്‍ പേടിയല്ലാ, പക്ഷേ എന്തോ ഒരു അരുതാഴിക അനുഭവപ്പെട്ടു. ‘ആരേലും വന്നാലോ?’ എന്നതു തന്നാരുന്നു ആദ്യത്തെ ചിന്ത. ഞാന്‍ പറഞ്ഞു: "നീ പോ പോ.... ആരേലും വരും. പിന്നെ വാ. "

അതു കേട്ടപ്പോ വല്ലാത്ത ഒരു ഭാവഭേദത്തോടെ അവള്‍ എന്നെ നോക്കി. ഒന്നും പറഞ്ഞില്ലാ. പയ്യെ അവള്‍ ഞാന്‍ നോക്കി നില്ക്കെ ആ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നു, പിന്നെ കാറ്റടിച്ചില്ല. മഴയും പെയ്തില്ല. അപ്പോഴേക്ക് അന്നച്ചേടത്തി ഓടിക്കിതച്ചെത്തി.
"ഹൊ എന്റെ കുഞ്ഞേ എന്നാ കൊടും കാറ്റാ! ആണ്ട് ജനലരുവിപ്പോയി നിക്കുവാരുന്നോ, പനീം വച്ചോണ്ട്.... ഹോ ഈ മുറീല് എന്നാ തണുപ്പാ. ജനല് തൊറന്നിട്ടിട്ടാ. ഇങ്ങോട്ട് മാറിക്കേ, ഞാനതടയ്ക്കട്ടെ..."

ഞാന് ആ പ്ലാവിന്‍ ചുവട്ടിലേക്ക് കണ്ണെടുക്കാതെ നോക്കി നിന്നു.

"ഈ കുഞ്ഞിനെന്നാ പറ്റി?" അന്നചേടത്തി എന്നെ പിടിച്ചു കൊണ്ട് കിടത്തി ജനല്‍ അടക്കാന്‍ തുടങ്ങി. "വേണ്ട അന്നച്ചേടത്തീ, ജനല്‍ അടയ്ക്കണ്ട. ഇപ്പോ കാറ്റില്ലല്ലോ." ഞാന്‍ പറഞ്ഞു. അന്നച്ചേടത്തി പുറത്തേക്ക് നോക്കീട്ട് പറഞ്ഞു: "നേരാ ഇപ്പൊ കാറ്റില്ലാ ...ന്നാലും എന്നാ ഒരു കാറ്റാരുന്നു..."

പിറുപിറുത്തു കൊണ്ടവര്‍ മുറി വിട്ടു പോയി. അന്ന് അവള്‍ വന്നു, പറഞ്ഞ വാക്ക് പാലിക്കാന്‍. പക്ഷേ, ഞാന്‍ അവള്‍ പറയാന്‍ വന്നതു കേട്ടില്ല. പിന്നെ ഒരിക്കലും അവള്‍ എന്നെ കാണാന്‍ വന്നുമില്ല. പക്ഷേ, ഇത്ര വര്‍ഷത്തിനു ശേഷവും എനിക്ക് അവളുടെ വരവ് മറക്കാന്‍ പറ്റുന്നില്ല.

ഞാന്‍ എന്നോടും അവളോടും ഇന്നും ചോദിക്കുവാ "നീ എങ്ങോട്ടാ പോയേ?"

1 Comments:

Blogger PoochaSannyasi said...

ജോചേച്ചീ, ഇപ്പോഴും ഞാനും കാണുന്നു ജോയ്സി ആ മരചൂവട്ടില്‍ നിന്ന് ആടിയുലയുന്നത്, നേരില്‍ കണ്ട പ്രതീതി...വളരെ നല്ല ഒരു കഥാ തന്തു...മരിച്ചാല്‍ എവിടേക്കാണ് പോണത്? എല്ലാ ഭാവുകങ്ങളും, ഇനിയും ഇതുപോലെ ഹ്യദയ സപ്ര്ശിയായ കഥകള്‍ക്കായി കാത്തിരിക്കുന്നു.

8:41 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger