share your memoirs at SPiCE most viewed videos in indulekha
 

ഞാന്‍ ‘മരിച്ച’ കഥ

- പന്ന്യന്‍ രവീന്ദ്രന്‍
പത്തു നാല്പതു കൊല്ലം മുന്‍പ് വസൂരി ഒരു രോഗമായിരുന്നില്ല. അതു മരണത്തിന്റെ പര്യായമായിരുന്നു; അല്ലെങ്കില്‍ മരണം തന്നെയായിരുന്നു. വസൂരി വരുന്നത് മാരിയമ്മന്റെ വിളയാട്ടമാണെന്നാണ് അന്നത്തെ വിശ്വാസം. ‘കുരുപ്പുചാപ്പ’ എന്നറിയപ്പെടുന്ന ഒരു കെട്ടിടമുണ്ടായിരുന്നു അന്ന് കണ്ണൂര്‍ നഗരത്തില്‍. വസൂരി പിടിപെട്ട് തിരിഞ്ഞു നോക്കാനാളില്ലാതെ മരിച്ചു കൊണ്ടിരിക്കുന്നവരെ പാര്‍പ്പിക്കുന്ന ഒരു കേന്ദ്രം. അതിനടുത്തു തന്നെ ശ്മശാനവും. ജീവനറ്റവരുടെ രണ്ടു താവളങ്ങള്‍!

1965-ലാണ് എനിക്ക് വസൂരി പിടിപെടുന്നത്; പതിനേഴാം വയസില്‍. അന്നു ഞാന്‍ പാര്‍ട്ടിയുടെ (സി പി ഐ) കക്കാട് ബ്രാഞ്ച് കമ്മിറ്റി മെമ്പറും എ ഐ വൈ എഫിന്റെ കണ്ണൂര്‍ താലൂക്ക് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയുമാണ്. ചുരുക്കത്തില്‍, നല്ല തിരക്കുള്ള കാലം. ഒരു ഞായറാഴ്ച പന്തുകളിയും പാര്‍ട്ടിപ്രവര്‍ത്തനങ്ങളുമൊക്കെ കഴിഞ്ഞ് വീട്ടില്‍ വന്നു കിടന്നുറങ്ങിയ ഞാന്‍ പിറ്റേന്നുണര്‍ന്നത് മുഖത്ത് വസൂരിക്കുത്തുകളുമായിട്ടാണ്. ചെറിയ പനിയുമുണ്ട്. ബന്ധു കൂടിയായ ഒരു നാട്ടുവൈദ്യന്‍ വന്ന് മരുന്നു തന്നു. വ്രണങ്ങളില്‍ തടവി നോക്കിയാണ് മരുന്ന് നിശ്ചയിക്കുന്നത്. ആദ്യം വ്രണങ്ങള്‍ വേഗം പൊന്താന്‍ മരുന്നു തരും. പിന്നെ, വ്രണങ്ങള്‍ അമരാനും.

ഇരുട്ടു നിറഞ്ഞ ഒരു കൊച്ചുമുറിയിലാണ് കിടന്നിരുന്നത്. ഒരു വാതിലും ചെറിയൊരു വെന്റിലേറ്ററുമാണ് ആകെയുള്ളത്. വസ്ത്രം പോലും ധരിക്കാന്‍ പറ്റാതെ വേപ്പില വിരിച്ച പായയിലാണ് കിടപ്പ്. മരുന്നും ഭക്ഷണവും തരാന്‍ അമ്മ മാത്രം അകത്തു വരും. (കഞ്ഞിവെള്ളവും ചുട്ട പപ്പടവുമാണ് ഭക്ഷണം.) പിന്നെ കണ്ണില്‍ മല്ലിവെള്ളമൊഴിക്കാന്‍ വരുന്ന രണ്ടു സഖാക്കളും! അതും ചികിത്സയുടെ ഭാഗമായിരുന്നു. വ്രണങ്ങളില്ലാത്ത ഒരു സെന്റിമീറ്റര്‍ സ്ഥലമില്ല ശരീരത്തില്‍. വ്രണങ്ങള്‍ നിറഞ്ഞിരിക്കുന്നതുകൊണ്ട് കണ്ണ് അടഞ്ഞടഞ്ഞ് വൈകുന്നേരമാകുമ്പോഴേക്കും തീരെ തുറക്കാന്‍ പറ്റാതാകും. രാത്രി അതങ്ങനെ തുടരും. രാവിലെ വരുന്ന സഖാക്കള്‍ (ടി കെ കുമാരനും എ സുധാകരനും) കണ്ണു വലിച്ചു തുറന്ന് മല്ലിവെള്ളമൊഴിക്കും. അപ്പോഴാണ് എന്തെങ്കിലുമൊക്കെ കാണാന്‍ പറ്റുന്നത്.

വ്രണങ്ങള്‍ കൂടിക്കൂടി വന്നു; വേദനയും. അമരാനുള്ള മരുന്ന് കഴിച്ചു തുടങ്ങിയിട്ടും വ്രണങ്ങള്‍ കുറഞ്ഞില്ല. വേദനിച്ചു കരയുമ്പോള്‍ അമ്മ എന്നെ ആശ്വസിപ്പിക്കുമായിരുന്നു; ‘മുത്തപ്പന്‍ ദൈവം നിന്നെ രക്ഷിക്കും’ എന്ന്. (അമ്മയുടെ ഇഷ്‌ടദൈവമായിരുന്നു പറശ്ശിനിക്കടവ് മുത്തപ്പന്‍. അമ്മ ഒന്നാന്തരം കമ്യൂണിസ്റ്റുമായിരുന്നു.) വേദന കൂടുമ്പോള്‍ അമ്മ സൂചി ചൂടാക്കി വ്രണങ്ങള്‍ പൊട്ടിക്കും. അതൊരു ആശ്വാസമായിരുന്നു.

ചുറ്റുമുള്ള വീടുകളില്‍ പലരും മരിച്ച കഥ അറിയുന്നുണ്ട്. തൊട്ടടുത്തുള്ള തറവാട്ടു ശ്മശാനത്തില്‍ ബന്ധുക്കളായ രണ്ടു ചെറുപ്പക്കാരെ അടക്കിക്കഴിഞ്ഞു. വസൂരി വന്നവരെ സംസ്കരിക്കുന്നതും പേടിപ്പിക്കുന്ന ചടങ്ങാണ്. പകല്‍ ശരീരം പുറത്തേക്കെടുക്കില്ല. രാത്രിയാകുമ്പോള്‍ സംസ്കാരം നടത്തുന്നവര്‍ ധൈര്യത്തിനുള്ള ‘സാധനം’ അകത്താക്കി എത്തും. ശരീരം ആദ്യം പായയില്‍ പൊതിയും. പിന്നെ, ചുവന്ന പട്ടിലും. പാതിരാവാകുമ്പോളാണ് ശ്‌മശാനത്തിലേക്കു കൊണ്ടു പോകുന്നത്. കത്തിച്ച പന്തവും പിടിച്ച് ഒരാള്‍ മുന്നില്‍ നടക്കും. മറ്റൊരാള്‍ മണി മുട്ടിക്കൊണ്ട് പിന്‍പേ. മണിമുഴക്കം കേട്ട് ഉറക്കം തെളിയുന്നവര്‍ ശ്വാസമടക്കി അനങ്ങാതെ കിടക്കും.

അങ്ങനെ ഒരു രാത്രിയില്‍ ഏകാന്തതയും അവശതയും ഒരുപോലെ ഉറക്കം കെടുത്തുമ്പോള്‍, തറവാട്ടു ശ്‌മശാനത്തിലേക്കു നീങ്ങുന്ന ഒരു മണിമുഴക്കം കേട്ടു; എന്റെ തറവാട്ടില്‍ നിന്ന് ആരോ ഒരാള്‍ കൂടി പോയിരിക്കുന്നു. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ച. മുന്നില്‍ ഒരു ഭീകരസത്വം! നീണ്ട കൈയും കൂര്‍ത്ത നഖവും ചുവന്ന കണ്ണും ഇരുളില്‍ മെല്ലെ ഇളകി. അത് മെല്ലെ മെല്ലെ അടുത്തു വന്ന് എന്റെ കഴുത്തില്‍ പിടി മുറുക്കി. എഴുന്നേറ്റ് ഓടണമെന്നുണ്ട്. പക്ഷേ, അനങ്ങാന്‍ പറ്റുന്നില്ല. അലറാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തു വന്നില്ല. ആ സത്വവുമായുള്ള മല്‍‌പിടിത്തം പുലരുവോളം നീണ്ടു.

നേരം പുലര്‍ന്നെന്ന് മനസ്സിലായെങ്കിലും എനിക്ക് അപ്പോഴും അനങ്ങാനോ ശബ്ദമുണ്ടാക്കാനോ കഴിഞ്ഞില്ല. അപ്പോഴാണ് ഒരു ബന്ധുവിന്റെ വരവ്. മുറിയിലെത്തിയ അദ്ദേഹം ഒറ്റ നോട്ടത്തില്‍ തന്നെ എന്റെ മരണം സ്ഥിരീകരിച്ചു: “ചെറുക്കന്‍ ചത്തു!” അലറിക്കരഞ്ഞുകൊണ്ട് അമ്മ അടുക്കളയില്‍ നിന്ന് ഓടിയെത്തി. ആകെ കരച്ചില്‍, ബഹളം. ‘ഞാന്‍ മരിച്ചിട്ടില്ല’ എന്നു വിളിച്ചു പറയണമെന്നുണ്ട്. പക്ഷേ, കണ്ണു തുറക്കാന്‍ പറ്റുന്നില്ല, വായനക്കാന്‍ പറ്റുന്നില്ല. ശരീരമാണെങ്കില്‍ മരിച്ചതു പോലെ അനക്കമില്ലാതെ കിടക്കുകയും ചെയ്യുന്നു.

ജീവനോടെ കുഴിച്ചിടുമോ എന്നതായിരുന്നു അപ്പോഴത്തെ പേടി. എന്നാല്‍, കണ്ണില്‍ മല്ലിവെള്ളമൊഴിക്കാന്‍ വന്ന സഖാക്കള്‍ സത്യം കണ്ടുപിടിച്ചു. അതോടെ കരച്ചിലടങ്ങി; എല്ലാം ശാന്തമായി. വൈകാതെ, ചികിത്സിക്കാന്‍ പുതിയ ആള്‍ക്കാരെത്തി: അഞ്ചരക്കണ്ടിയില്‍ നിന്ന് ഒരു ആയുര്‍വേദ വൈദ്യനും കണ്ണൂരില്‍ നിന്ന് ഒരു ഹോമിയോ ഡോക്ടറും. ഇരുവരും കൂടി ആലോചിച്ചായിരുന്നു പിന്നെയുള്ള ചികിത്സ. അതു ഫലം കണ്ടു. രോഗം മെല്ലെ കുറഞ്ഞു. മൂന്നു മാസത്തെ മരണക്കളിയില്‍ നിന്ന ഞാന്‍ പുറത്തു വരികയും ചെയ്തു.

1 Comments:

Blogger rafeeqkassu said...

sagave angaye jeevanod kuzichu moodierunnenkil njangalk oru nalla pothu pravarthakane nastapettene

2:32 PM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger
Like to take Viagra? perhaps you already hear about buy viagra no doctor Buying fake viagra almost everyone loves buy viagra cheap. Research Drug Overdose so what exactly is a erectile dysfunction drug viagra best buy