ബൈക്കില്‍ ഒരു കൈലാസയാത്ര

- രഞ്‌ജന നായര്‍
കൈലാസദര്‍ശനം അതിസുന്ദരം തന്നെ, അതേ പോലെ ദുഷ്കരമാണ് അങ്ങോട്ടുള്ള യാത്രയും. ആയിരക്കണക്കിന് അടി ഉയരം നടന്നു കയറുന്നവരുണ്ട്, ചിലര്‍ കുതിരപ്പുറത്തു കയറും. എന്നാല്‍ ഞങ്ങള്‍ രണ്ടു സ്ത്രീകള്‍ മോട്ടോര്‍ ബൈക്കില്‍ യാത്ര ചെയ്തു! 2007-ല്‍ ഞാന്‍ മൂന്നാം തവണ കൈലാസ ദര്‍ശനത്തിന്നു യാത്ര തിരിച്ചപ്പോഴായിരുന്നു ഈ ബൈക്ക് യാത്ര.
കൈലാസ പരിക്രമത്തിന്റെ ബേസ് കാമ്പ് ആയ ദര്‍ച്ചനില്‍ എത്തിയപ്പോള്‍ അവിടെ തീര്‍ഥാടകരെ കൊണ്ടു നിറഞ്ഞിരുന്നു. ഞങ്ങള്‍ എത്തിയ സമയം അവിടെ മൂന്നൂറിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ, പരിക്രമത്തിന്നു കുതിരയെയോ പോര്‍ട്ടര്‍മാരെയോ കിട്ടുന്നതു വലിയ ബുദ്ധിമുട്ടായി. ആകെ 73 പോര്‍ട്ടര്‍മാരെ വേണ്ട സ്ഥാനത്തു ഞങ്ങള്‍ക്കു ലഭിച്ചതു വെറും 34. കുതിരയെ ഒന്നു പോലും കിട്ടിയതുമില്ല. ഒടുവില്‍ കിട്ടിയ പോര്‍ട്ടര്‍മാരെയും കൂട്ടി ഞങ്ങള്‍ 34 പേര്‍ യാത്ര തിരിച്ചു. പന്ത്രണ്ട് കി.മീ.ദൂരം നടന്നു പോകുക എന്നതു ദുഷ്കരം, വഴികയറി ചെല്ലുന്നതു സുമാര്‍, 16000 അടി മുകളിലേക്കും. എത്ര നടന്നിട്ടും നീങ്ങുന്നില്ല. അവസാനം പകുതി ദൂരം എത്തിയപ്പോള്‍ ഒരു ടിബറ്റന്‍ എനിക്കും കൂടെയുള്ള സരോജത്തിനും കുതിരയെ ഏര്‍പ്പാടാക്കി തന്നു. പിന്നെയും 3/1/2 മണിക്കൂര്‍ എടുത്തിട്ടാണു ഞങ്ങള്‍ ഡിറപുക് എന്ന കാമ്പില്‍ എത്തിയത്.
കൈലാസത്തിന്റെ ഏറ്റവും അടുത്തുള്ള വടക്കന്‍ മുഖമാണു ഇവിടെ നിന്നും കാണുക. ഞങ്ങള്‍, കാമ്പിലേക്കു നീങ്ങുന്നതിന്നു മുന്‍പ് ഒന്നു കൂടി കുതിരക്കാരനെ പറഞ്ഞു ചട്ടപെടുത്തി. രാവിലെ ഏഴു മണി ആയപ്പോള്‍ കാമ്പില്‍ നിന്നു ഞങ്ങള്‍ പുറത്തു വന്നു. ആദ്യം നോക്കിയതു കുതിരക്കാരനെയാണ്. അയാള്‍ ചിരിച്ചു കൊണ്ടു നില്‍ക്കുന്നതു കണ്ടു മനസമാധാനത്തോടെ ഞങ്ങള്‍ സരയു നദി കടക്കാന്‍ തുടങ്ങി. നദിക്ക് അക്കരെ നിന്നാണ് കുതിരപുറത്തു ആളെ കയറ്റുക. നദി കടന്നു, വലിഞ്ഞു , വിറച്ചു ഞങ്ങള്‍ എത്തി കുതിരക്കാരനെ നോക്കി നടന്നു. എന്നാല്‍ അയാള്‍ ആകെ അറിയുന്ന ഒരു വാക്ക്, നോ എന്നു പറഞ്ഞു, കുതിരയെ കൊണ്ടു പോകുന്നതാണു കണ്ടത്. ഞങ്ങള്‍ ഇടിവെട്ടേറ്റതു പോലെയായി . കുതിരയ്ക്കു ഞങ്ങള്‍ തരാമെന്നേറ്റ 700 യുവാനെക്കാള്‍( 4500 രൂപ) കൂടുതല്‍ ആരോ നല്‍കാമെന്നു പറഞ്ഞതാണ് കക്ഷി മുങ്ങിയതിനു കാരണം.
പിന്നെയും ഞങ്ങള്‍, ഒരു മണിക്കൂര്‍ വരെ കാത്തു. തുടര്‍ന്ന് മറ്റൊരു കുതിരക്കാരന്‍ 900 യുവാന്‍ ആവശ്യപ്പെട്ടതു ഞങ്ങള്‍ സമ്മതിച്ചു, കുതിരപുറത്തു കയറി. രണ്ടു കുട്ടികളാണു കുതിരക്കാര്‍. എന്നാല്‍ കഷ്ടി അര കി.മി ദൂരം ചെന്നപ്പോളെക്കും, അയാള്‍ അതാ ഓടി വരുന്നു. അയാള്‍ക്കു, ആളു മാറി
പോയതാണത്രെ. ഞങ്ങളോട് ഇറങ്ങാന്‍ പറഞ്ഞ് അയാള്‍ തന്നെ കുതിരയുടെ ജീനിയിലെ കെട്ടൊക്കെ അഴിച്ചു. ഒരു ഭാഷയും പൊതുവായി അറിയാത്ത ഞങ്ങള്‍ തമ്മില്‍ എന്തു പറയാന്‍. അപ്പോഴേക്കും സമയം പിന്നെയും 1 മണിക്കൂര്‍ കഴിഞ്ഞു. 19600 അടി ഉയരമുള്ള ദൊല്‍മ പാസ് ഞങ്ങള്‍ എങ്ങനെ നടന്നു കയറും? അങ്ങിനെ അവസാനം, ദൊള്‍മാ പാസ്സിന്റെ ചുവട്ടില്‍ നിന്നും ഞങ്ങള്‍ക്കു തിരിച്ചു പോരെണ്ടി വന്നു. ഡിരാപുക്കില്‍ എത്തിയപ്പോളാകട്ടെ അവിടെ ചെറിയ റ്റിബറ്റന്‍ കുട്ടികള്‍ അല്ലാതെ മറ്റാരുമില്ല. ഇനിയും എങ്ങിനെ തിരിച്ചു 12 കി.മീ. നടക്കും എന്നു വിഷമിച്ചപ്പോള്‍, അവിടെ ഗ്യാസ് സിലിണ്ടര്‍ മോട്ടോര്‍ സൈക്കിളില്‍ കയറ്റി വന്നിരുന്ന 2 റ്റിബറ്റന്‍ ചെറുപ്പക്കാര്‍ 500 യുവാന്‍ തന്നാല്‍, ദര്‍ചനില്‍ എത്തിക്കാം എന്നു സമ്മതിച്ചു, ഞങ്ങള്‍ രണ്ടാളും, അവരുടെ പിന്നാലെ വണ്ടിയില്‍ കയറി. പന്ത്രണ്ടു കിലോമീറ്റര്‍ ബൈക്ക് യാത്രയ്ക്ക് നാലു മണിക്കൂര്‍ സമയം വേണ്ടി വന്നു. വഴിയില്‍ വെച്ചു കണ്ടു മുട്ടിയ പല ആള്‍ക്കാരും, ഈ രണ്ട് സ്ത്രീകളുടെ മോട്ടോര്‍ ബൈക്ക് യാത്ര അത്ഭുതപൂര്‍വം നോക്കുണ്ടായിരുന്നു. ഇടയ്ക്കു വെച്ചു സരോജത്തിന്റെ വണ്ടി ഒന്നു വീണതിനെ തുടര്‍ന്ന്‍, ഞാന്‍ കയറിയ വണ്ടിയില്‍ തന്നെ അവളും കയറി.
വഴിയില്‍ ഇടക്കൊരു സ്ഥലത്തു കുറച്ചു നേരം നിര്‍ത്തിയപ്പോള്‍ തെക്കെ ഇന്ത്യയിലെ കുശാല്‍ നഗര്‍ എന്ന സ്ഥലത്തു നിന്നുമുള്ള രണ്ട് ടിബറ്റന്‍ സ്ത്രീകള്‍ ഞങ്ങളെ കണ്ടു വന്നു സംസാരിച്ചു. വീണ്ടും, വണ്ടിയില്‍ കയറിയപ്പോള്‍, രണ്ടു ജര്‍മന്‍ ടൂറിസ്റ്റ്, ഡിറപുക് ഇറക്കത്തില്‍, മോട്ടോര്‍സൈക്കിളില്‍ ഉള്ള ഞങ്ങളുടെ യാത്ര കണ്ടു ഒന്നു ഫോട്ടോ എടുക്കട്ടെ എന്നു ചോദിച്ചു, മാത്രമല്ല, എന്റെ കാമറയില്‍ എനിക്കും ഒരു ഫോട്ടോ എടുത്തു തന്നു. അങ്ങിനെ ഞങ്ങള്‍ നാലു മണിയോടെ ദര്‍ച്ചനില്‍ തിരിച്ചെത്തി.
അങ്ങനെ, തെക്കെ ഇന്ത്യയിലെ വടക്കെ അറ്റത്തുനിന്നും പുറപ്പെട്ട ഞാന്‍, കൈലാസ ദര്‍ശന വേളയില്‍ മോട്ടോര്‍ സൈക്കിളില്‍ ഒരു യാത്ര ചെയ്തു.


0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME