share your memoirs at SPiCE most viewed videos in indulekha
 

അമ്മ

- എസ്‌. രാജീവ് കുമാര്‍
സീതാലക്ഷ്‌മി എന്റെ അമ്മയല്ല. അവര്‍ ആരുടെയും അമ്മയല്ല. അവരുടെ പുത്രന്‍ ഹരിദാസിനു പോലും. അവര്‍ അവന് അമ്മായിയാണ്, അച്‌ഛന്റെ സഹോദരി.

ഇതാ, എം ടിയുടെ ഓപ്പോള്‍....എന്നു പറയാന്‍ വരട്ടെ. ഓപ്പോളും സീതാലക്ഷ്മിയും തമ്മിലുള്ള സാദൃശ്യം ഇവിടെ തീരുന്നു. ഇനിയങ്ങോട്ടുള്ള സംഭവങ്ങളൊന്നും എം ടിയുടെ ആ കഥാപാത്രത്തിനു ചിന്തിക്കാന്‍ പോലും കഴിയില്ല. കാരണം സീതാലക്ഷ്‌മി കഥാപാത്രമല്ല. അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു സ്‌ത്രീയാണ്. പാത്രസൃഷ്‌ടിയില്‍ എം ടി ദൈവത്തിനു മുന്നില്‍ തോല്‍ക്കുന്നതില്‍ എന്തത്ഭുതം!

രണ്ടു വര്‍ഷം മുമ്പായിരുന്നെങ്കില്‍ ഞാനിത് എഴുതില്ലായിരുന്നു. സീതാലക്ഷ്‌മി ഇത് വായിച്ചാലോ? എന്റെ സ്‌നേഹിതന്‍ കൂടിയായ ഹരി ഇതു വായിച്ചാലോ? അവരെ ഇത് വേദനിപ്പിക്കും. അതെന്തിന്? ജീവിതം തന്നെ അവരെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. അവര്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍.

ഇനി എഴുതാം. സീതാലക്ഷ്‌മി ഇതു വായിക്കില്ല. ഹരി ഇത് കാണില്ല. കാലം അത് ഉറപ്പാക്കിക്കഴിഞ്ഞു. അതിനാല്‍ പേരു പോലും ഞാന്‍ മാറ്റുന്നില്ല.

സീതാലക്ഷ്‌മി ചെറുപ്പക്കാരിയായിരുന്നു. അറുപതു വര്‍ഷം മുന്‍പ്. സുന്ദരിയായിരുന്നു. അസാധാരണമായ ധൈര്യമുള്ളവളായിരുന്നു. ഗ്രാമത്തിലാണ് ജനിച്ചതെങ്കിലും അവര്‍ ഒരു ഗ്രാമീണകന്യകയായിരുന്നില്ല. അവര്‍ ഒരു മുന്‍പേ പറക്കുന്ന പക്ഷിയായിരുന്നു.

പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ അച്‌ഛനമ്മമാര്‍ക്ക് വലിയ താത്‌പര്യമില്ലാതിരുന്ന കാലം. പത്തു വരെ അയച്ചാലായി. ജയിച്ചാലും തോറ്റാലും അവിടെ തീരും പഠിപ്പ്. അപൂര്‍വം ചിലര്‍ ഹാഫ് സാരി ധരിച്ച് തയ്യലിനോ ടൈപ്പിനോ പോകും. അതും നല്ല ‘ആലോചന’വരുന്നതു വരെ മാത്രം. അക്കാലത്താണ് സീതാലക്ഷ്‌മി ബി എയും എം എ യും പഠിച്ചതും റാങ്ക് നേടിയതും. അതും ഏറെ അകലെയുള്ള മഹാരാജാസ് കോളജില്‍.

സീതാലക്ഷ്മിക്ക് ആരേയും പേടിയില്ല. ഇഷ്‌ടമുള്ളതു ചെയ്യും. ഇഷ്‌ടമില്ലാത്തതു ചെയ്യില്ല. പക്ഷേ അഹങ്കാരിയല്ല. എടുത്തുചാട്ടക്കാരിയല്ല. ആര്‍ക്കും ഇഷ്‌ടപ്പെടും അവരുടെ സ്വഭാവം. ആണ്‍കുട്ടികളെ കണ്ടാല്‍ നഖം കടിച്ച്, തല കുനിച്ച്, കുട ചരിച്ചു പിടിച്ച് നടന്നിരുന്ന ലജ്ജാവതികളുടെ കാലമായിരുന്നു അതെന്ന് ഓര്‍ക്കണം.
ദിവസവും വീട്ടില്‍ വന്നു പോകുന്നത് പ്രയാസമായപ്പോള്‍ സീതാലക്ഷ്‌മി ഹോസ്‌റ്റലില്‍ താമസമാക്കി. വല്ലപ്പോഴുമേ അവര്‍ നാട്ടിലെത്തിയിരുന്നുള്ളൂ. പക്ഷേ, ധീരയും ബുദ്‌ധിമതിയുമായ ഒരു സ്‌ത്രീയുടെ വിജയങ്ങളുടെ പുതിയ പുതിയ അധ്യായങ്ങള്‍ മുടങ്ങാതെ നാട്ടിലെത്തിക്കൊണ്ടിരുന്നു. റാങ്കോടെ എം എ ഇംഗ്ലീഷ് പാസായ കാര്യം നാട്ടിലെത്തും മുമ്പേ തിരുവനന്തപുരത്തെ ഒരു കോളജില്‍ അവര്‍ അധ്യാപികയായ വാര്‍ത്തയാണ് എത്തിയത്. അന്നതൊക്കെ ശരിക്കും വാര്‍ത്ത തന്നെയായിരുന്നു.

പിന്നെ 5 വര്‍ഷം കഴിഞ്ഞാണ് അവര്‍ നാട്ടിലെത്തുന്നത്. ഒരു തണുത്ത പാതിരായ്ക്ക് നിഗൂഡതയുടെ പൊടി പറത്തിക്കൊണ്ട് ഒരു വെളുത്ത കാര്‍ അവരുടെ വീടിനു മുമ്പില്‍ നിന്നു. പ്രൊഫ സീതാലക്ഷ്‌മി ഒറ്റയ്‌ക്കായിരുന്നില്ല. അവരുടെ കൈയില്‍ ആറുമാസം പ്രായമുള്ള ഒരു കൈക്കുഞ്ഞുമുണ്ടായിരുന്നു.

സീതാലക്ഷ്‌മിക്ക് ഒരു സഹോദരനെ ഉണ്ടായിരുന്നുള്ളൂ. സുരേന്ദ്രന്‍. സുരേന്ദ്രന് ഒരു മകന്‍ രവി, 5 വയസ്. രവിക്കന്ന് ഒരു അനുജനെ കിട്ടി. ആറുമാസം പ്രായമുള്ള ഹരി.

ഹരിയെ ഏല്‍പ്പിച്ചിട്ട് സീതാലക്ഷ്‌മി മടങ്ങി. അവധിക്കാലങ്ങളില്‍ മാത്രം വലിയ സമ്മാനങ്ങളുമായി എത്തുന്ന ‘അമ്മായിയെ ’ ഹരിക്ക് വലിയ ഇഷ്‌ടമായിരുന്നു. രവിയേക്കാള്‍ ഹരിയോട് അവര്‍ക്ക് വാത്സല്യകൂടുതല്‍ ഉണ്ടായിരുന്നു എന്ന് ദുഷ്‌ടബുദ്‌ധികള്‍ക്കു മാത്രമേ തോന്നിയുള്ളൂ.

സീതാലക്ഷ്മിയുടെ യാത്ര കോളജ് അധ്യാപനത്തില്‍ ഒതുങ്ങിയില്ല. അവര്‍ അവിടെ നിന്നും പറന്നു. ഏതൊക്കെയോ ഉയര്‍ന്ന ഉദ്യോഗങ്ങളുമായി. പൂനെ, ഡല്‍ഹി, കല്‍ക്കത്ത... ആ പട്ടിക അങ്ങനെ നീളുന്നു. ഒട്ടേറെ അന്താരാഷ്‌ട്ര സംഘടനകളുടെ പ്രതിനിധിയായി വിദേശരാജ്യങ്ങള്‍ പലതും അവര്‍ ചുറ്റിക്കറങ്ങി.

ഹരി പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ സീതാലക്ഷ്‌മി വീണ്ടുമെത്തി. അവര്‍ക്ക് ഒരു നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളൂ. ഹരിയെ ഡോക്ടറാക്കണം. കേരളത്തിനു പുറത്ത് മെഡിസിനു ചേര്‍ക്കണം. രവി നേരത്തെ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞിരുന്നു. അവന്‍ എല്‍.എല്‍. ബി രണ്ടാം വര്‍ഷമെത്തിയിരുന്നു.

അങ്ങനെ ഹരി ബാംഗ്ലൂരിലെത്തി. സീതാലക്ഷ്‌മിയും ബാംഗ്ലൂരില്‍ താമസമാക്കി. വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും അവന്‍ അമ്മായിയുടെ അടുക്കലെത്തി. അവിടെ അവര്‍ അമ്മയും മകനും പോലെ കഴിഞ്ഞു. വലിയ ഹോട്ടലുകളിലെ അത്താഴം, കൊച്ചു കൊച്ചു വിനോദയാത്രകള്‍. .... സീതാലക്ഷ്‌മിയും മകനും പിന്നെ ഏറെക്കാലം നാട്ടിലേക്ക് വന്നതേയില്ല.

അഞ്ചു വര്‍ഷം കഴിഞ്ഞ ഒരു സന്ധ്യയ്‌ക്ക് ഒരു കാര്‍ അവരുടെ വീടിനു മുന്നില്‍ വന്നു നിന്നു. ആ വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അവരെ രവി താങ്ങിയെടുക്കുകയായിരുന്നു. പിന്നിലെത്തിയ വെളുത്ത വാഹനത്തില്‍ നിന്ന് നിശബ്‌ദനായ ഹരിയെ ബന്ധുക്കള്‍ ചേര്‍ന്ന് എടുത്തിറക്കുമ്പോള്‍ സുരേന്ദ്രന്റെ ഭാര്യ ‘എന്റെ മോനേ’ എന്നു വിളിച്ച് പൊട്ടിക്കരഞ്ഞു. സീതാലക്ഷ്‌മി കരഞ്ഞതേയില്ല. ഒന്നു തേങ്ങിയതു പോലുമില്ല. ഹരി ഒരു ബൈക്ക് അപകടത്തിലാണ് മരിച്ചത്.

കുറേ ദിവസം സീതാലക്ഷ്‌മി ഒന്നും മിണ്ടിയില്ല. പക്ഷേ, ഒരു ദിവസം അവര്‍ നിശ്ശബദ്‌ത ഭേദിച്ചു . അവര്‍ ഉറക്കെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഉറക്കെയുറക്കെ! പിന്നെ അവര്‍ ആ ചിരി നിര്‍ത്തിയില്ല. ഒരിടത്തും പോകാതെ അവര്‍ മുറിയില്‍ അടച്ചിരുന്നുകൊണ്ട് പൊട്ടിച്ചിരിക്കുന്നു. ഇടയ്‌ക്കിടെ!

1 Comments:

Blogger പെരിങ്ങോടന്‍ said...

എം.ടിയുടെ ഓപ്പോള്‍ ശരിക്ക് വായിച്ചിട്ടില്യ ഉവ്വോ?

11:20 PM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger