most viewed videos in indulekha
 

വണ്ടിയിടിച്ചു മരിക്കണേ!!

- മിന്നു, ദുബായ്

ഈ ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന കാലം. മിക്ക ദിവസങ്ങളിലും ചിറ്റപ്പന്‍ (അച്ഛന്റെ ഇളയ സഹോദരന്‍) വീട്ടില്‍ വരും. സൈക്കിളിലാണ് വരവ്. അപ്പോള്‍, സൈക്കിള്‍ സവാരി നടത്തി ചിറ്റപ്പന്റെ വീട്ടിലേക്കു പോവുക പതിവായിരുന്നു. അടുത്ത ദിവസം രാവിലെ തിരികെ വരികയും ചെയ്യും. സൈക്കിള്‍ സവാരി ആസ്വദിക്കുകയും ചെയ്യാം, അവിടെ പോയി കളിക്കുകയും ചെയ്യാം. ചിറ്റപ്പന്റെ മകളാണ് കളിക്കാന്‍ കൂട്ട്.

ക്ലാസില്‍ നന്നായി പഠിക്കുന്നവരുടെ കൂട്ടത്തിലായിരുന്നു ഞാനും. ഒരു ദിവസം ക്ലാസ് ടീച്ചര്‍ കുറേ ചോദ്യോത്തരങ്ങള്‍ പഠിക്കാനായി വീട്ടിലേക്ക് തന്നു വിട്ടു; ഹോം വര്‍ക്ക്. ഇംഗ്ലീഷ് ആണു വിഷയം. അന്നും ചിറ്റപ്പന്‍ വന്നു; എന്നെ പ്രലോഭിപ്പിക്കാന്‍ വേണ്ടി! ഒരു വശത്ത് സൈക്കിള്‍ സവാരി, മറുവശത്ത് ചോദ്യോത്തരങ്ങള്‍. കുറച്ചു നേരം ആലോചിച്ചെങ്കിലും, ഒടുവില്‍ സൈക്കിള്‍ സവാരി ഞാന്‍ തിരഞ്ഞെടുത്തു. അപ്പോള്‍, പഠിക്കാനുള്ള‍ പുസ്തകം കൂടി കൊണ്ടു പോകാന്‍ അമ്മയുടെ ഉത്തരവ്. എവിടെ കേള്‍ക്കാന്‍! ഞങ്ങളുടെ കളികള്‍ക്ക് അതൊരു തടസ്സമാകുമെന്ന് കരുതി മനഃപൂര്‍വം വേണ്ടെന്നു വച്ചു.

പതിവു പോലെ, പിറ്റേന്നു രാവിലെ എന്നെ തിരികെ വീട്ടിലെത്തിച്ചു. സ്കുളില്‍ പോകണമല്ലോ? ഞാന്‍ വീട്ടില്‍ നിന്നു പോയ ശേഷം അവിടെ ചില സംഭവങ്ങളുണ്ടായി. എന്റെ കുഞ്ഞമ്മയുടെ (അമ്മയുടെ അനിയത്തി) ഭര്‍ത്താവിന്റെ ഒരു ബന്ധു മരിച്ചു. രാത്രി തന്നെ അമ്മയും അച്ഛനുമൊക്കെ അവിടെ പോയി വന്നു; അതും കാറില്‍. കേട്ടപ്പോള്‍ ചെറിയ നഷ്ടബോധം. വീട്ടിലുണ്ടാ‍യിരുന്നെങ്കില്‍ ഒരു കാര്‍ യാത്ര തരപ്പെട്ടേനെ. മനസ്സില്‍ ചിറ്റപ്പനെ കുറ്റപ്പെടുത്തി; സൈക്കിളില്‍ വന്നതുകൊണ്ടല്ലേ എനിക്കു യാത്ര നഷ്ടമായത്. അമ്മ കാര്യങ്ങള്‍ ചിറ്റപ്പനോട് പറയുന്നതു കേട്ടപ്പോള്‍ എന്റെ മനസ്സിലൂടെ ഒരു ആശയം മിന്നി മാഞ്ഞു. ഇംഗ്ലീഷ് ചോദ്യോത്തരങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപായം. ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ ഇമ്പോസിഷന്‍ ഉറപ്പ്. കൂടാതെ, നാണക്കേടും.

പെട്ടെന്ന് ഒരുങ്ങി സ്കൂളിലേക്കു പോയി. ക്ലാസിലെത്തി വിഷാദഭാവത്തിലാണിരിക്കുന്നത്. കരച്ചില്‍ റെഡിയാക്കി നിര്‍ത്തിയിട്ടുണ്ട്. പെട്ടെന്ന് കരച്ചില്‍ വന്നു; അതേ സമയം ക്ലാസിലേക്ക് ടീച്ചറും വന്നു. ടിച്ചറെ കണ്ട് ഞാന്‍ സ്വിച്ചിട്ട പോലെ കരച്ചില്‍ നിര്‍ത്തി. കാരണം അതു ഞാന്‍ പ്രതീക്ഷിച്ചിരുന്ന ക്ലാസ് ടീച്ചര്‍ ആയിരുന്നില്ല. ക്ലാസ് ടീച്ചര്‍ ലീവായതുകൊണ്ട് പകരം മറ്റൊരാള്‍ വന്നതാണ്. കരച്ചിലിന്റെ ആവശ്യമില്ലെന്നു ചുരുക്കം.

പക്ഷേ, വന്നുപോയ കരച്ചില്‍ ടീച്ചര്‍ കണ്ടുപിടിച്ചു. കരയുന്നതിന്റെ കാരണം പറയണം. എന്തു പറയും? എന്റെ വീട്ടിലെ എല്ലാവരെയും ഈ ടീച്ചറിന് അറിയാം. പെട്ടെന്നു ഞാന്‍ പറഞ്ഞു: “ചിറ്റപ്പന്റെ ചേട്ടന്‍ മരിച്ചു” എന്ന്. (അത് എന്റെ അച്ഛനാണെന്ന് എനിക്കു തന്നെ മനസ്സിലായത് കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌!!!)

ടീച്ചര്‍ ഒന്നും മിണ്ടിയില്ല. എന്റെ തോളില്‍ തട്ടുക മാത്രം ചെയ്തു. അടുത്ത ദിവസം എന്റെ ചിറ്റപ്പനെ ടീച്ചര്‍ കണ്ടു. വിവരങ്ങള്‍ അന്വേഷിച്ചു. ടീച്ചറിന് ചിറ്റപ്പനെ കാണാന്‍ കണ്ട നേരം! ചിറ്റപ്പന്‍ മരിച്ചയാളിന്റെ ബന്ധുത്വം പറഞ്ഞുകൊടുത്തു. വീട്ടിലെത്തിയ ചിറ്റപ്പന്‍ എന്നെ പറ്റുന്ന രീതിയിലൊക്കെ കളിയാക്കി. ഞാന്‍ കാര്യം പറഞ്ഞു. ‘എനിക്കു രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നു’ എന്ന്.

അതൊക്കെ സഹിക്കാം. സ്കൂളില്‍ എത്തിയാല്‍ ടീച്ചറിന്റെ പ്രതികരണം എന്തായിരിക്കും? അതോര്‍ത്തപ്പോള്‍ സഹിക്കാനായില്ല. മരിക്കാന്‍ വേണ്ടി പ്രാര്‍ഥിച്ചു തുടങ്ങി; സ്കൂളിലേക്കു പോകും‌വഴി വണ്ടി മുട്ടി മരിക്കാന്‍! പക്ഷേ, മരിച്ചില്ല. സ്കൂളിലെത്തി. ഭാഗ്യത്തിന് കുറേ ദിവസത്തേക്ക് ആ ടീച്ചറിനെ കണ്ടില്ല. പിന്നെ, ഒക്കെ മറന്നു. ഏതായാലും പിന്നീടൊരിക്കലും പഠിക്കാതെ ക്ലാസില്‍ പോയിട്ടില്ല. എങ്കിലും സൈക്കിള്‍ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു.

ഇപ്പോള്‍ തോന്നുന്നു, അന്നു മരിക്കാഞ്ഞതു നന്നായെന്ന്. അതുകൊണ്ടല്ലേ എനിക്കിതെഴുതാന്‍ സാധിച്ചത്!

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger