share your memoirs at SPiCE
 

സജീ, എന്റെ കൂട്ടുകാരാ...

-ഏ ആര്‍ നജീം
കൗമാരത്തിന്റെ കുസൃതിയും ബാല്യത്തിന്റെ വിട്ടുമാറാത്ത നിഷ്കളങ്കതയുമുള്ള ആ മുഖം ഇന്നത്തെ പത്രത്തില്‍ വീണ്ടും ഞാന്‍ കണ്ടു. ഞങ്ങള്‍ മനസില്‍ നിന്നും മറവിയുടെ ഭാണ്ഡത്തിലേയ്ക്ക് മാറ്റിയിടപ്പെട്ട ആ ചിത്രം!

ആ മാതാപിതാക്കള്‍ക്ക് മറക്കാനാവില്ലല്ലോ ഏകമകനെ, ഒരിക്കലും.
എന്റെ സുഹൃത്തേ, നിന്നെ മരണത്തിന് കാട്ടി കൊടുത്തത് ഞങ്ങളാണോ ? നിനക്കുണ്ടായ അനുഭവം പോലെ മരിച്ചവര്‍ ആത്മാക്കളായി ഈ ഭൂമിയില്‍ വരുമെങ്കില്‍ നീ എന്തുകൊണ്ട് ഞങ്ങളുടെ മുന്നില്‍ ഒരിക്കല്‍ പോലും വരുന്നില്ല? അതോ ഇനി നിശബ്ദമായ ഏതെങ്കിലും രാത്രിയില്‍ നീ വന്നിരുന്നോ ഞങ്ങള്‍ക്കരികില്‍ ? ഒരിളം കാറ്റ് പോലെ..?

അന്ന് കര്‍ണാടകയിലെ ഒരു കോളജില്‍ ഞങ്ങള്‍ക്ക് നാലുപേര്‍ക്കും ഒരേപോലെ അഡ്മിഷന്‍ കിട്ടിയപ്പോള്‍ ഞങ്ങള്‍ ആഹ്ലാദിച്ചത് പഠിക്കാമെന്നുള്ളതിനെക്കാള്‍ വീട്ടുകാരുടെ കൈയിലെ ചരടില്‍ പറക്കുന്ന പട്ടങ്ങളാവാതെ സ്വാതന്ത്ര്യത്തോടെ പറന്നു നടക്കാമല്ലോ എന്നോര്‍ത്താണ്. കൗമാരത്തിലെ അപക്വമായ ചിന്ത

കോളജ് ഹോസ്റ്റലിലെ റാഗിങ്ങിന്റെയും മറ്റു ബുദ്ധിമുട്ടുകളുടേയും പേരു പറഞ്ഞു വീട്ടുകാരുടെ അനുവാദത്തോടെ ടൗണില്‍ നിന്നും ഒരല്പം മാറി ഒരു വീട് വാടകക്ക് എടുത്തായിരുന്നു ഞങ്ങള്‍ താമസിച്ച് പഠിച്ചിരുന്നത്. ഒരു വലിയ റബര്‍ തോട്ടത്തിനോട് ചേര്‍ന്നുള്ള ഒരു കൊച്ചു വീട്.

ഞാന്‍, സജിത്, ജോര്‍ജ്ജ്, റഹീം എന്ന നാല്‍‌വര്‍ സംഘം.

അല്പം പൊക്കം കുറവെങ്കിലും നല്ല വെളുത്ത സുന്ദരനായ സജിത് ഞങ്ങളുടെ കൂട്ടത്തില്‍ എന്നല്ല കോളജിലെ തന്നെ ഹീറോ ആയിരുന്നു. നല്ലൊരു ക്രിക്കറ്റ് കളിക്കാരനായിരുന്ന സജിത് 'ലിറ്റില്‍ മാസ്റ്റര്‍' എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. കൂടാതെ നന്നായി പാടുകയും ചിത്രം വരയ്ക്കുകയും ചെയ്യുമായിരുന്നു.

ഇന്റര്‍ കോളജ് ക്രിക്കറ്റ് മത്സരത്തില്‍ ഞങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഞങ്ങളുടെ കോളജ് ടീം ഫൈനലില്‍ കളിക്കേണ്ട ദിവസം. ഞങ്ങളുടെ പ്രതീക്ഷയായിരുന്ന സജിത് പനിയായി തീരെ വയ്യാതെ കിടപ്പിലായിരുന്നു. അതില്‍ ഞങ്ങള്‍ക്കുള്ള നിരാശ അവനു നന്നായി അറിയാമായിരുന്നു. രാവിലെ കളിക്കാന്‍ പുറപ്പെടാന്‍ നേരം വെറുതെ ചോദിച്ചു " കുറവുണ്ടെങ്കില്‍ വാടാ.. ചുമ്മാ വന്നാല്‍ മതി " അത് കേള്‍ക്കേണ്ട താമസം അവന്‍ ഞങ്ങളോടൊപ്പം വന്നു എന്ന് മാത്രമല്ല ഇറങ്ങിക്കളിക്കുകയും നല്ല റണ്‍സ് അടിച്ചെടുത്ത് ടീമിനെ വിജയിപ്പിക്കുകയും ചെയ്തു.

ആ ആഹ്ലാദങ്ങളൊക്കെ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴേയ്ക്കും അവന്‍ തീര്‍ത്തും അവശനായിക്കഴിഞ്ഞിരുന്നു. മരുന്നു കഴിച്ച് കിടന്നു ഒരു മണിക്കൂറിന് ശേഷം ടോയ് ലെറ്റിലേയ്ക്ക് പോയ സജിത് കരഞ്ഞ് കൊണ്ട് തിരിച്ചോടി വന്നു. വല്ലാതെ കിതച്ചു കൊണ്ട് ഒരുതരത്തില്‍ പറഞ്ഞു:
"ടോയ് ലറ്റില്‍ ഒരാളും ഒരു സ്ത്രീയും കയറില്‍ കെട്ടി തൂങ്ങി നില്‍ക്കുന്നു. ഒരു കുട്ടി നിലത്തും കിടപ്പുണ്ട് കയറില്‍ തൂങ്ങി നില്‍ക്കുന്നവര്‍ എന്നെ കാണുകയും രക്ഷിക്കാനായി വിളിക്കുകയും ചെയ്തു..!"

ഇത്രയും പറഞ്ഞപ്പോഴേയ്ക്കും അവന്‍ ബോധമില്ലാതെ താഴേയ്ക്ക് വീണു.

ഒരല്പം മാറി ആ പറമ്പില്‍ തന്നെ താമസിക്കുന്ന വീടിന്റെ ഉടമയുടെ സഹായത്തോടെ സജിതിനെ ഞങ്ങള്‍ ആശുപത്രിയിലെത്തിച്ചു.

പിറ്റേന്നാണ് വീട്ടുടമ ആ ഞെട്ടിക്കുന്ന സത്യം ഞങ്ങളോട് പറയുന്നത്.

ആ വീട്ടില്‍ ഇതിനു മുമ്പ് താമസിച്ചിരുന്ന ഒരു തമിഴ് കുടുംബം അതേ ടോയ്‌ലറ്റില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു! അത് ഞങ്ങളില്‍ നിന്നും അവര്‍ മനപ്പൂര്‍വം മറച്ചു വയ്ക്കുകയായിരുന്നു !

അടുത്ത ദിവസം തന്നെ സജിതിന്റെ മാതാപിതാക്കള്‍ നാട്ടില്‍ നിന്നും എത്തി. അവിടുത്തെ തന്നെ പ്രശസ്തമായ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എല്ലാ സൗകര്യങ്ങളും ഉള്ള ആ ആശുപത്രിയിലെ വിദഗ് ദ്ധരായ ഡോക് ടര്‍മാര്‍ സ്കാനിങ്ങ് ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷണങ്ങളും നടത്തി. ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് യാതൊരു കുഴപ്പവും ഇല്ലെന്നാണ് കാണുന്നത്. എന്നാല്‍ സജിയോ, ജീവനുണ്ടെങ്കിലും മരണ തുല്യമായ അവസ്ഥയിലും.

നടന്ന സത്യം മറ്റാരെയും അറിയിക്കാതിരുന്നാല്‍ മനസ്സില്‍ കിടന്ന് ഞങ്ങള്‍ മറ്റുള്ളവരേയും തകര്‍ക്കും എന്ന നിലയിലായി. അവന്റെ അച്ഛനോട് പറയാന്‍ ഭയവും.

അവസാനം മടിച്ചാണെങ്കിലും ഞങ്ങള്‍ ഡോക്ടറോട് സംഭവങ്ങള്‍ മുഴുവന്‍ വിവരിച്ചു. ചില നിമിഷത്തെ നേരത്തെ നിശബ്ദതയ്ക്കു ശേഷം ഡോക്ടര്‍ പറഞ്ഞു.

"നോക്കു, ഞങ്ങള്‍ ഡോക് ടര്‍മാര്‍ എല്ലാത്തിനേയും ശാസ്ത്രീയമായി കാണുന്നവരാണ്. ഈ പറഞ്ഞതില്‍ എന്ത് സത്യമുണ്ടെങ്കിലും ശരി. എനിക്ക് പറയാനുള്ളത് പേഷ്യന്റിന് ഈ ആത്മഹത്യയെ കുറിച്ച് മുമ്പ് എങ്ങിനേയോ കേട്ട അറിവുണ്ടായിരുന്നിരിക്കണം. പനി കലശലായ വേളയില്‍ അവന്റെ മനസ്സില്‍ ഒളിഞ്ഞു കിടന്നിരുന്ന ഈ ചിന്ത അവനറിയാതെ ആ സമയത്ത് പുനര്‍ജനിച്ചതാവും. ഇനി ഞാന്‍ ഒരു ദൈവ വിശ്വാസി എന്ന നിലയില്‍ പറഞ്ഞാല്‍ എനിക്ക് തന്നെ അത്ഭുതം തോന്നുന്ന കാര്യം സജിതിന്റെ ശരീരത്തിന്റെ ഒരു പ്രവര്‍ത്തനവും ക്രമം തെറ്റിയല്ല, പിന്നെ എന്താണ് ഈ അവസ്ഥയുടെ കാരണം എന്നാണ്. നിങ്ങള്‍ക്ക് മതപരമായ വല്ല പ്രാര്‍ത്ഥനകളോ മറ്റോ വേണമെങ്കില്‍ നടത്തി നോക്കാവുന്നതാണ് "

അവര്‍ ഏതൊക്കെയോ അമ്പലങ്ങളില്‍ എന്തോക്കെയോ വഴിപാടുകള്‍ ഇതിനകം നടത്തി . ഒപ്പം ഞങ്ങള്‍ മറ്റു മത വിശ്വാസ രീതിയിലും പ്രാര്‍ഥിച്ചു.

പക്ഷേ ഞങ്ങളുടെ എല്ലാ പ്രതീക്ഷകളേയും തകര്‍ത്ത് കൊണ്ട് ആ കിടപ്പില്‍ നിന്നും ഒരിക്കല്‍ പോലും തിരികെ വരാതെ അവന്‍ യാത്രയാവുകയായിരുന്നു !

അവനോ ഞങ്ങള്‍ക്കോ അങ്ങിനെ അവിടെ നടന്ന ഒരു അത്യാഹിതത്തെക്കുറിച്ച് അറിയല്ലെന്നുള്ളത് പരമമായ സത്യമാണ്. പിന്നെങ്ങിനെ അവന്‍ അങ്ങിനെ ഒരു കാഴ്ച അവിടെ കണ്ടു ? ഇന്നും അതൊരു ഉത്തരം കിട്ടാത്ത സമസ്യയായി തുടരുകയാണ്.

അന്നത്തെ പകലില്‍ ചാറ്റല്‍ മഴയത്ത് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ആമ്പുലന്‍സില്‍ അവന്റെ ചേതനയറ്റ ശരീരം കിടക്കുമ്പോള്‍ പ്രകൃതിപോലും വിതുമ്പുന്നെന്നോണം നിശ്ചലമായി ഇരുണ്ടു കിടന്നിരുന്നു. സജിയുടെ അച്ഛന്‍ അവന്റെ സാധനങ്ങളുമായി പടിയിറങ്ങുമ്പോള്‍ ഞങ്ങളെ ചേര്‍ത്ത് പിടിച്ചു വിതുമ്പി പറഞ്ഞ വാക്കുകള്‍ ഇന്നലെയെന്നോണം കാതുകളില്‍ മുഴങ്ങുന്നു.

"മക്കളെ അവന്‍ ഇല്ലെന്ന് വച്ച് നിങ്ങള്‍ വരാതിരിക്കരുത്. അവധിക്കു വരുമ്പോഴൊക്കെ നിങ്ങള്‍ പഴയതു പോലെ വീട്ടില്‍ വരണം.

പക്ഷേ ആ വാക്ക് ഇന്നേ വരെ പാലിക്കാന്‍ ഞങ്ങള്‍ക്കായില്ല. കാരണം അവന്റെ വീട്ടിലേക്ക് ഓടിക്കയറി അടുക്കളയില്‍ ചെന്ന് അമ്മയെ മാറ്റി ചട്ടിയില്‍ നിന്നും നേരിട്ട് എടുത്തു കഴിക്കുന്നതും ഒക്കെ ഇനി പഴങ്കഥയല്ലേ. "കൊതിയന്മാര്‍ എത്തിയോ" എന്ന് സ് നേഹത്തോടെയെങ്കിലും ശാസന പോലെ ഇനി ഞങ്ങളോട് ആ അമ്മയ്ക്ക പറയാനാവില്ലല്ലോ.

RELATED PAGES
» ഒരു ഉത്രാടരാത്രിയില്‍
» ഷമീര്‍.. ആരുടെ ഇര?
» മണലാരണ്യത്തിലെ കൊടും‌തണുപ്പ്

2 Comments:

Blogger കുഞ്ഞന്‍ said...

നജീം ഭായ്..

വീണ്ടുമൊരു അവസരം ഇന്ദുലേഖയിലൂടെ..:)

1:26 AM  
Blogger മാണിക്യം said...

അനുഭവത്തിന്റെ തിഷ്ണത ഇല്ലാത്താ കൌമാരം
അതു കോണ്ട് തന്നെ ഭയവും വിട്ട് അകന്നു നില്‍ക്കും..
ഈ ലോകത്തില്‍ സുഹൃത്തുക്കളാണ് ഏറ്റവും വിലപ്പെട്ടവര്‍‌ എന്നു ഉറച്ചു വിശ്വസിക്കുന്നാ കാലം.
സ്വാര്‌ത്ഥതാ തെല്ലും തൊട്ടു തീണ്ടാത്ത പ്രായം!
അപ്പൊള്‍ ആ കൌമാര പ്രായത്തിലുള്ളവര്‍‌ മാത്രം രാപകല്‍‌ ഒന്നിച്ചു കഴിയുന്നാ ആ കാലം ഭൂമിയിലെ സ്വര്‍ഗ വാസം തന്നെ ....
അല്ലലില്ലാ, ആധിയില്ല, ആ കാലത്തിലെ ആഘാതം ആജീവനാന്തം ഓര്‍മ്മയില്‍ ‍!!
അവിടെ നിന്നു അടര്‍ത്തി തന്നാ‍ ഈ ഒര്‍‌മ്മ കൂറിപ്പ് അസ്സലായി നജിം!

1:21 PM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger