most viewed videos in indulekha
 

അച്‌ഛമ്മ

- രാജ് നീട്ടിയത്ത്‍
അച്ഛമ്മ മരിച്ചു. അതിനെ കുറിച്ചു് എഴുതണം എന്നു കരുതി വന്നതാണു്. ജീവിതത്തിലെ പല സന്ദര്‍ഭങ്ങളെയും എഴുതിശീലിച്ചു പോയവര്‍ക്കു അതൊരു പുതുമയുള്ള കാര്യമേയല്ല. പക്ഷെ അച്ഛമ്മയുടെ മരണത്തിനും ആഴ്ചകള്‍ക്കു മുമ്പേ അച്ഛമ്മ മരിച്ചാല്‍ എന്തെങ്കിലും എഴുതണമെന്നു്, അല്ലെങ്കില്‍ മരിച്ചില്ലെങ്കില്‍ തന്നെയും മരണപ്പെട്ടുവെന്നു കരുതി എന്തെങ്കിലും എഴുതണമെന്നു കരുതിയിരുന്നു എന്നോര്‍ക്കുമ്പോഴാണു് അതിശയം. ഒരു മരണത്തിനു ജീവിതത്തിലല്ലാതെ വരികള്‍ക്കിടയില്‍ വലിയ സ്ഥാനചലനമൊന്നും ഉണ്ടാക്കുവാന്‍ കഴിയുകയില്ല; ഒരു സിദ്ധാന്തീകരണത്തിനു മുതിരുന്നില്ല, ചിലപ്പോള്‍ കഴിയുമായിരിക്കും! എന്തായാലും മരണം എഴുതപ്പെടുന്നതിന്റെ പ്രസക്തിയോ ഫിലോസഫിയോ ചിന്തിക്കുന്നതില്‍ ഈ മുഹൂര്‍ത്തത്തിനു വലിയ പങ്കില്ല, ഒരു പക്ഷെ ഒട്ടും തന്നെ പങ്കില്ല. ഞാനവയെ പറ്റി ആലോചിക്കുന്നില്ല തന്നെ.

മറിച്ച്, വേറെ ചിലതുണ്ടു്. അച്ഛമ്മയുടെ മരണം എനിക്കുള്ളിലോ മറിച്ചോ ഒരല്പം കണ്ണുനീര്‍ പോലും വീഴ്ത്താതെയങ്ങു കടന്നുപോകുന്നൊരു സംഗതി ആയതിന്റെ ചെറിയ ആശ്ചര്യമുണ്ടു് (ക്ഷമിക്കണം വലിയ ആശ്ചര്യം തന്നെയുണ്ടു്, അല്ലെങ്കില്‍ ഇതെഴുതുമായിരുന്നില്ലല്ലൊ!) അച്ഛമ്മയുടെ മരണത്തില്‍ അച്ഛനോ അച്ഛന്‍പെങ്ങളോ കരഞ്ഞുവെന്നു തോന്നുന്നില്ല. എന്റെ അമ്മ ചിലപ്പോള്‍ കരഞ്ഞിരിക്കാം, അമ്മ അകത്തെ കനപ്പെടുത്തിയിരിക്കുന്നതു പുറത്തെ ദുര്‍ബലത കൊണ്ടാണു്. ഒരുപാടു കാലം മരണത്തെ കാത്തുകിടന്നിരുന്ന ഒരു വൃദ്ധ മരിക്കുമ്പോള്‍ ആരും കരഞ്ഞില്ലെങ്കിലും അത്ഭുതമില്ലെന്നു തന്നെ തോന്നുന്നു. ഈ കരച്ചിലിനെ കുറിച്ചു് ഇത്ര പറയേണ്ടിയിരുന്നില്ല, ഒന്നാമതു് അതെന്റെ ഊഹമാണു്, ഇവരിലാരെങ്കിലും കരഞ്ഞതോ കണ്ണീര്‍‌വാര്‍ക്കുന്നതോ ഞാന്‍ അറിയാതെ പോകുന്ന കാര്യങ്ങളിലൊന്നാണു്.

ഇത്രയും എഴുതിപ്പോയതു തന്നെ, അച്ഛമ്മ മരിച്ചതു ചെറിയച്ഛന്‍ വിളിച്ചു പറഞ്ഞപ്പോള്‍, നാട്ടിലൊക്കെ പറയുന്നതുപോലെ ‘ഇന്നാവും നാളെയാവും..’ എന്നുകരുതിയിരിക്കുന്ന മറ്റൊരു മനസ്സായിരുന്നല്ലോ എന്റേതെന്ന തിരിച്ചറിവിലാണു്. ഫോണ്‍ കീഴെവച്ചു വീണ്ടും ഉറങ്ങിപ്പോയ ഞാന്‍ മരണത്തിനെ കുറിച്ചോര്‍ക്കുന്നതു പിന്നെ ഓഫീസിലെത്തുമ്പോഴാണു്. അത്ര നേരവും അതിനെ കുറിച്ചു മറന്നുപോയതിന്റെ ആശ്ചര്യത്തില്‍, അല്ലെങ്കില്‍, ‘ഒക്കെ ഞാനറിയുന്നുണ്ടു്’ എന്നു സ്വയം ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായെന്നോണം, അടുത്തു പരിചയം തോന്നുന്ന ഒരു സുഹൃത്തിനെഴുതി, ‘എന്റെ അച്ഛമ്മ മരിച്ചു. ചെറിയച്ഛന്‍ രാവിലെ എപ്പഴോ വിളിച്ചു പറഞ്ഞതാര്‍ന്നു. ഇപ്പൊ അച്ഛനും വിളിച്ചിരുന്നു. എനിക്ക് സങ്കടമൊന്നും വര്‌ണില്യ. അമ്മവീട്ടില്‍ വളര്‍ന്ന കുട്ടി ആയോണ്ടാവും. എന്റെ അനിയനു സങ്കടം വരും, അവനു അച്ഛമ്മയുടെ ഛായയുണ്ട്, അവന്‍ മനസ്സു തുറന്നു സ്നേഹിക്കുന്നതില്‍ എന്നെക്കാട്ടും കേമനാണ്.’

വെട്ടിയും തിരുത്തിയും വരിമിനുക്കിയും, ഇപ്പോഴിതാ ഔട്ബോക്സില്‍ അല്പകാലം മുമ്പു മരിച്ചുപോയതുമായ ഒരു സന്ദേശത്തെ തിരഞ്ഞെടുത്തു് ഒട്ടിച്ചുകൊണ്ടും എന്താണു ഞാന്‍ പ്രകടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നതു്?

ശാന്തി ഹോസ്പിറ്റലില്‍ അച്ഛമ്മ മരിക്കാന്‍ കിടക്കുമ്പോള്‍ മുതല്‍ ഞാന്‍ ആലോചിച്ചിരുന്നതു തന്നെയാവണം - അച്ഛമ്മ മരിച്ചാല്‍, അല്ലെങ്കില്‍ മരിച്ചെന്നു കരുതി എന്തോ എഴുതുവാനുണ്ടു്. അതു് എന്തൊക്കെയല്ല, അതിലേതൊക്കെയില്ല എന്നു നിര്‍ണ്ണയിക്കുന്നതും ക്ലേശകരമായ ഒരു കാര്യമായിരിക്കുന്നു. വീടിനെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ അടുക്കും ചിട്ടയുമില്ലാത്തതാണെങ്കില്‍ അച്ഛന്റോടത്തെ (അച്ഛന്റെ വീട്) കാര്യം നേരെ തിരിച്ചാണു്. പോക്കുവരവു് അടുക്കും ചിട്ടയുമുള്ള അവസരങ്ങളിലേയ്ക്കു് അമ്മ നിജപ്പെടുത്തിയതിന്റെ ശീലം ഓര്‍മ്മകളിലേയ്ക്കും കടന്നു കയറിയതാകണം.

‘പെരണ്ട്രി അമ്പലത്തിന്റെ’ അയല്‍‌പക്കത്തൊരു വീടു്. നിറയെ ചെടികള്‍, മുറ്റത്താകെ പൂഴിമണല്‍, കളിക്കാന്‍ സമപ്രായക്കാരായ കുട്ടികള്‍. വീണ്ടും ഓര്‍മ്മ കര്‍ശനമാകുമ്പോള്‍, വീട്ടിലേക്കാള്‍ നിഷ്ഠ, മെസ്സുകളിലെന്ന പോലെ കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന ആഹാരം, അച്ഛമ്മയ്ക്കു് അവരുടെ പെണ്‍‌മകളുടെ മക്കളില്‍ വാത്സല്യമധികം, കളിക്കാനും കുളിക്കാനും സമയക്കണക്കു്, തെറ്റിയാല്‍ നൂറു ശാസനകള്‍.

ചെറിയ വീടുകള്‍ ചിട്ടയോടെ ഓടുന്നതാണോ? അതോ ജനിച്ചു വളര്‍ന്ന വീടിനു വെളിയില്‍ അവധിക്കാലങ്ങള്‍ ചിലവിടേണ്ടി വരുന്ന എല്ലാ കുട്ടികളുടേയും അവസ്ഥയോ?

അച്ഛമ്മയില്‍ എഴുതി തുടങ്ങുമ്പോള്‍ എഴുത്തു് അയല്‍‌പക്കത്തെ രാംദാസിന്റെ ഉമ്മറം വരെ ഓടിച്ചെല്ലരുതെന്നുണ്ടായിരുന്നു; അവിടെ അക്കാലത്തു ഞങ്ങള്‍ കുട്ടികള്‍ ഉച്ചവെയില്‍ തുവര്‍ത്തിരുന്ന കളിമുറ്റവും പൂമുഖവും ഉണ്ടായിരുന്നു. വെളിയങ്കോട്ടെ ഗ്രാമങ്ങളിലെല്ലാമെന്ന പോലെ നിറയെ മരങ്ങളും, ഉപ്പൂറ്റി താഴുന്ന തരിമണല്‍ മുറ്റവും അവിടെയും ഉണ്ടായിരുന്നു. ഈ ഗൃഹാതുരതയുടെ അഷ്ടിക്കാരനായിരുന്നില്ല ഞാന്‍, അവധിക്കാലങ്ങള്‍ എന്നു നീട്ടി എഴുതിയെങ്കിലും നാലുദിവസത്തിനപ്പുറം അമ്മ ഒരിക്കലും അച്ഛന്റെ വീട്ടില്‍ താമസിക്കുവാന്‍ കൂട്ടാക്കിയിട്ടില്ല, ‘അടുത്തിടപഴകുമ്പഴേ അകല്‍ച്ചയുള്ളൂ’ എന്ന് ആ മഹതി സൂത്രത്തില്‍ എനിക്കും അനുജനും പഠിപ്പിച്ചു തന്നിട്ടുണ്ടു്.

ഒരു പക്ഷെ ഇപ്പോഴാണു് എനിക്കു ശരിക്കും ഓര്‍മ്മ വന്നതു്, അച്ഛമ്മ മരിക്കുകയാണെങ്കില്‍ ഞാന്‍ വ്യസനിക്കുക എന്റെ അമ്മയെ ഓര്‍ത്തായിരിക്കും.

ഇളയച്ഛന്റെ മരണവാര്‍ത്ത അറിഞ്ഞ അമ്മ, അച്ഛന്റെ വീട്ടിലേയ്ക്കു് എന്റെ കൈകളും മുറുകേ പിടിച്ചു കയറിച്ചെല്ലുമ്പോള്‍, ആ വീടുമായി അവര്‍ക്കുള്ള ബന്ധത്തിനു് എന്റെ വയസ്സിനേക്കാള്‍ മൂപ്പുണ്ടു്, അതിനോളം തന്നെ അകല്‍ച്ചയുമുണ്ടു്. പിന്നീടു് അച്ഛമ്മ കിടപ്പിലാവുന്ന കാലം വരേയും മൂന്നരയുടെ പ്രയാഗയിലേയ്ക്കു് (കൂറ്റനാട്ടെ അങ്ങാടിയില്‍ തണ്ണീര്‍ക്കോട്ടേയ്ക്കുള്ള ബസ്സ് കാത്തുനിന്നു ശീലിച്ചവര്‍ തിരുത്തുക, എന്റെ ഓര്‍മ്മയും വ്യക്തമല്ല) വീട്ടുഭരണത്തിന്റെ ഇടയില്‍ ‘അമ്മയ്ക്കെന്നും’ ചിലപ്പോള്‍ ‘ആ തള്ളയ്ക്കെന്നും’ കരുതി മാറ്റിവച്ചു പോന്നിരുന്ന ദ്രവ്യങ്ങളും, പഴുക്കടക്കയും ചേര്‍ന്നുണ്ടാവുന്ന സ്പെഷല്‍ ബാഗേജിന്റെ ഭാരവും, ഇടവും വലവും ചിറിയിളിച്ചുനോക്കി നടക്കുന്ന രണ്ടു ആണ്‍‌മക്കളെയുംകൊണ്ടു് അമ്മ ഓടിയണഞ്ഞിരുന്നത് ഭര്‍തൃമാതാവിനോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടായിരുന്നുവോ? അതോ ചെറിയമ്മയുടെ മക്കള്‍ കളിയാക്കിയിരുന്നതു പോലെ ‘അവിടെച്ചെന്നാല്‍ പണിയൊന്നുമില്ലല്ലൊ!’ എന്നതോ?

അമ്മ ഒരു അടുക്കളജീവി ആയിരുന്നില്ല, എങ്കിലും വീട്ടിലെ പെണ്‍‌കുട്ടികള്‍ പാചകം പഠിച്ചതു് അമ്മയില്‍ നിന്നാവണം. ‘ഇവിടുത്തെ ആണുങ്ങളുപോലും ഏടത്ത്യമ്മേക്കാള്‍ നന്നായി വയ്ക്കും’ എന്നാണു് അച്ഛന്‍പെങ്ങളുടെ ഭാഷ്യം, അതിനര്‍ഥം പണികുറവെന്നല്ല, മേന്മ കുറവെന്നു മാത്രമാണ്. അവിടം പാര്‍ത്തു തീരുമ്പോള്‍, തിരികെ താഴത്തേല്‍‌പടിവരെ നടക്കുന്ന സമയത്തെല്ലാം ഞങ്ങള്‍ പറഞ്ഞുപോരും, ‘അച്ഛമ്മയ്ക്കു് അവരെയാണു ഞങ്ങളേക്കാള്‍ ഇഷ്ടം!’ വലിയൊരു വീടിന്റെയും, കൂട്ടുകുടുംബത്തിന്റെയും ആവര്‍ത്തനക്രമങ്ങളില്‍ നിന്നാണ് അമ്മ പതിവുതെറ്റിക്കാതെ അച്ഛന്റേതല്ലാത്ത ‘അച്ഛന്റോടത്തെ’ ചെറിയ വീട്ടിലേയ്ക്കു ഞങ്ങളുടെ ഇഷ്ടത്തിനെതിരെയും ചെന്നുപോയിരുന്നത്. ഓരോ തവണയും അമ്മ എന്താണു നിനച്ചിരുന്നത്? കുടുംബബന്ധങ്ങളില്‍ ശിഥിലമായിപ്പോയ ഏതു പുരാവസ്തുവെയാണു് ആ സ്ത്രീ സഹനഭാവത്തില്‍ പൊടിതട്ടിയെടുത്തിരുന്നതു്?

ചെറിയച്ഛന്‍ മരിച്ച അന്ന്, അമ്മ രണ്ടു കാലഘട്ടങ്ങള്‍ക്കിടയില്‍ ഒരു യാത്ര നടത്തുകയാണുണ്ടായതെന്നു തോന്നുന്നു. അമ്മയുടെ അമ്മാവന്‍ പിന്നെ അതിശയപ്പെട്ടു ചോദിച്ചു, ‘നീ നരണപ്പുഴ കടന്നു ഒറ്റയ്ക്കു പോന്നുവോ?’. അമ്മ മറുപടിയായി എഴെട്ടുവയസ്സുള്ള എന്നെ മുന്നിലേയ്ക്കു നീക്കി നിര്‍ത്തി. ആ വയസ്സന്‍ കാരണവര്‍ക്കു നരണിപ്പുഴയോടുണ്ടായിരുന്ന ആദരവ് (അതിശയം, ഭയം എന്തോ) എനിക്കിന്നേവരെയും മനസ്സിലായില്ലെങ്കിലും, അമ്മയുടെ ധീരത നാടുവിട്ടു നരണിപ്പുഴ കടന്നതിലായില്ലെന്നു മനസ്സിലായി. ബന്ധുത്വമേറി ഉരഞ്ഞും പൊടിഞ്ഞും ശത്രുതയിലെത്തിയ മനുഷ്യരെ അമ്മ സ്നേഹിച്ചു കീഴടക്കിയെന്നു് തോന്നിപ്പോകുന്നു.

അച്ഛമ്മയുടെ അഭാവം ഇന്ന് ഐവര്‍മഠത്തില്‍ അച്ഛന്‍ ഒരു ചിതയ്ക്കു തീവയ്ക്കുമ്പോള്‍ മുതല്‍ അമ്മ തിരിച്ചറിഞ്ഞു തുടങ്ങിയേക്കും, നിസാരപിണക്കങ്ങളില്‍ പോലും അമ്മ എന്നെ വെറുക്കരുതെന്നു്, അച്ഛമ്മയുടെ ആശ്രയത്വത്തിലല്ലാതിരുന്നിട്ടും അമ്മ ആര്‍ദ്രതയോടെ അവരോടു് ആവശ്യപ്പെട്ടുപോന്നിരുന്നു. അമ്മയുടെ കാലത്തെ സ്ത്രീകള്‍ എല്ലാം ഇങ്ങനെ ആയിരുന്നുവോ? കൂട്ടുകുടുംബങ്ങള്‍ക്കും അണുകുടുംബങ്ങള്‍ക്കും ഇടയില്‍ പെട്ടിരുന്ന ചിലരെങ്കിലും ഇപ്രകാരമൊക്കെ ആയിരുന്നുവെന്നു തോന്നുന്നു. ആരാലും സ്നേഹിക്കപ്പെട്ടില്ലെങ്കിലും അവരാരാലും തന്നെ വെറുക്കപ്പെടാതിരിക്കുവാന്‍ അവരില്‍ ചിലര്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു.

അച്ഛമ്മയുടെ മരണം ഇതെഴുതിക്കുന്നു, അമ്മയറിയാതെ അമ്മയെ കുറിച്ചൊരു രേഖപ്പെടുത്തല്‍.

അന്നു് ഓര്‍മ്മയിലാദ്യം ഏറെക്കുറെ ഏകനായി, അമ്മയുടെ കൈയും പിടിച്ചു കയറിച്ചെന്ന വീട്ടുമുറ്റത്തെ കുറിച്ചു ഞാനോര്‍ക്കുന്നു. അപരിചിതരായ അച്ഛമ്മയുള്‍പ്പെടുന്ന ബന്ധുജനങ്ങളെയും ഓര്‍ക്കുന്നു, മുറ്റം നിറയുന്ന പഞ്ചാരമണലിനേയും, പൂത്തുനില്‍ക്കുന്ന ചെടികളേയും, ഉമ്മറമുറിയിലെ കഥാപുസ്തകങ്ങളേയും ഓര്‍ക്കുന്നു. ആ ഭവനത്തില്‍ വിദ്വേഷ്യത്തിന്റെ മഞ്ഞുരുകുന്ന നേരങ്ങളില്‍ കൂനിക്കൊണ്ടു എന്നെ വന്നു തലോടിയ വൃദ്ധയെ ‘മോനേ അച്ഛമ്മയാണ്’ എന്നു പരിചയപ്പെടുത്തുന്ന ഒരു ഇരുപത്തെട്ടുകാരി അമ്മയേയും ഓര്‍ക്കുന്നു.

1 Comments:

Anonymous Anonymous said...

not worth reading. there is no life in this story of life whatever it was.

10:40 PM  

Post a Comment

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger