most viewed videos in indulekha
 

സുന്ദരിച്ചെല്ലമ്മ

- തനൂജ എസ്. ഭട്ടതിരി
തിരുവനന്തപുരം പെരുന്താന്നി എന്‍. എസ്. എസ് കോളജിലാണ് ഞാന്‍ പഠിച്ചത്. തഞ്ചാവൂര്‍, തിരുവട്ടാര്‍ തുടങ്ങിയ അമ്മവീടായിരുന്നു പണ്ട് ആ കോളജ് കെട്ടിട്ടം. നാലു ദിക്കിലുമായുള്ള സൌധങ്ങളും, നടുക്ക് വിസ്‌താരമുള്ള നടുമുറ്റവുമുള്ള ഒരു കെട്ടിടസമുച്ചയമാണത്. അതിലെ തടികൊണ്ടുണ്ടാക്കിയ കോവണി കയറുമ്പോള്‍ ഉണ്ടാകുന്ന ശബ്‌ദം എന്നില്‍ അന്ന് നിറഞ്ഞത് ഇതാ....ഇതെഴുതുമ്പോള്‍ ഒരു നിശ്വാസമായി അന്തരീക്ഷത്തില്‍ പടര്‍ന്ന് എന്നെ ആശ്വസിപ്പിക്കുന്നു. കാലം കുറെ കഴിഞ്ഞു. സാരമില്ല. ജീവിതം എല്ലാവര്‍ക്കും ഇങ്ങനെയൊക്കെതന്നെയാണ്. കുറെ സന്തോഷം, കുറച്ച് ദു:ഖങ്ങള്‍, കുറെ വ്യാകുലതകള്‍...

എന്റെ വീട്ടില്‍ നിന്നും നടന്നു പോകാനുള്ള ദൂരമേയുള്ളൂ കോളജിലേക്ക്. രാവിലെയും വൈകിട്ടുമുള്ള ഈ നടത്തം രസകരമായിരുന്നു. കൂട്ടുകാരുമൊത്ത് തമാശ പറഞ്ഞു കൊണ്ടുള്ള ചെറുചെറു യാത്രകള്‍. കാമ്പസ് വട്ടത്തില്‍ എല്ലാം പതിവ് കാഴ്‌ചകള്‍. അതിനെ തൊട്ട് ചേര്‍ന്ന് നില്‍‌ക്കുന്ന ഒരു കാഴ്‌ച എന്റെ ഓര്‍മയില്‍ ഇതാ ഉയര്‍ന്നു വരുന്നു. കാലം മറന്ന്, ദേശം മറന്ന്, പ്രായം മറന്ന്... അവനവനെ മറന്നുള്ള ഒരു ദൃശ്യം.

വട്ടപ്പൊട്ട്, കുപ്പിവള, കല്ലുമാല, കസവുമുണ്ട്...ഒരു സ്‌ത്രീരൂപം... രാവിലെ കോളജിലേക്ക് നടക്കുന്നതിനിടയില്‍ എന്നും കാണുന്ന ദൃശ്യം. പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ അരികില്‍ നിലത്ത് കാലു നീട്ടി ഒരു ഭാണ്ഡക്കെട്ടുമായി അവര്‍ ഇരിക്കുന്നുണ്ടാവും. അന്നവര്‍ക്ക് ഒരമ്പത് വയസ് കാണും. ഭ്രാന്ത് വരുത്തിയ ചില വൈരൂപ്യഭാവങ്ങളൊഴിച്ചാല്‍ അവര്‍ അപ്പോഴും ഒരു സുന്ദരി തന്നെ. നെറ്റിയിലും സീമന്തരേഖയിലും സിന്ദൂരം. കൂടാതെ രണ്ടു കവിളിലും സിന്ദൂരം തേച്ചിരിക്കും. കൈ രണ്ടും നിറയെ പല തരത്തിലും നിറത്തിലുമുള്ള വളകള്‍, പഴയതും കീറിയതുമെങ്കിലും കസവു കിന്നരി വച്ച മുലക്കച്ച, കടും നിറത്തിലെ മേല്‍ക്കുപ്പായം, കുറേയേറെ കല്ലുമാലകള്‍, തമ്പുരാട്ടിമാരെ പോലെ പൊക്കിക്കെട്ടി വച്ച തലമുടി, രണ്ടു കാലിലും നീര്, കയ്യിലൊരു വടി....ഇതാണവരുടെ രൂപം. ചിലപ്പോള്‍ ഭാണ്ഡക്കെട്ടുകള്‍ തുറന്ന് കുറെ കുങ്കുമച്ചെപ്പുകള്‍ തിരിച്ചും മറിച്ചും നോക്കും. അവരുടെ ശരിയായ പേര് ആര്‍ക്കുമറിയില്ല. സുന്ദരിച്ചെല്ലമ്മ എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്.

ഈ സ്ത്രീ അവിടുത്തെ ഒരു പതിവ് കാഴ്‌ചയായതിനാല്‍ ആരും അങ്ങനെ ശ്രദ്‌ധിക്കാറില്ല. എന്തുകൊണ്ടോ ഞാനെന്നും അവരെ അല്പനേരം നോക്കിനില്‍ക്കുമായിരുന്നു. ചില കൊച്ചുകുട്ടികള്‍ അവരെ കല്ലു വലിച്ചെറിയും. അവര്‍ വടിയെടുത്ത് അടിക്കാന്‍ ഭാവിക്കും. കാലു വയ്യാത്തതിനാല്‍ അവര്‍ക്ക് പുറകെ ഓടാന്‍ പറ്റില്ല. ദേഷ്യം വരുമ്പോള്‍ നന്നേ വെളുത്ത അവര്‍ ആകെ ചുമക്കും. അവരെ കാണുമ്പോള്‍ തോന്നും അവര്‍ ആ അമ്മവീട്ടില്‍ താമസിക്കേണ്ടതായിരുന്നുവെന്ന്.

ഒരു ദിവസം ഞാന്‍ കോളജിലേക്ക് പോകുമ്പോള്‍ അവര്‍ ഇരിക്കുന്ന ഭാഗത്തു കൂടി ഒരു വലിയ കാര്‍ കടന്നു പോയി. ആ വാഹനം കണ്ടതും അവര്‍ സാഷ്‌ടാംഗം നമസ്‌കരിച്ചുകിടന്നു. പദ്മനാഭസ്വാമിയെ പ്രണമിക്കുകയായിരിക്കും അവര്‍ എന്നാണ് ഞാന്‍ കരുതിയത്. അടുത്തു കൂടി പോകുമ്പോള്‍ അവര്‍ കമിഴ്‌ന്നു കിടന്നു ജപിക്കുന്നതു കേട്ടു. ‘എന്റെ പ്രിയതമനെ.....എന്റെ പ്രിയതമനെ.....’

ഇന്നും പ്രണയത്തിന്റെ തായ്‌വേരായി എന്നില്‍ ആഴ്‌ന്നിരിക്കുന്ന ശബ്ദമാണ് ഈ ജപം. ഭക്തി....പ്രണയഭക്തി..... അവരുടെ പ്രിയതമനാരാ‍ണ്?

പ്രായം പതിനാറ് ആയെങ്കിലും പ്രണയം എന്താണെന്നു മനസിലാക്കാതിരുന്ന എന്നില്‍ ഒരു വിറയല്‍ തന്ന് ആ ശബ്ദം കടന്നു പോയി. ആ കടംകഥയ്‌ക്കുത്തരം തേടി ഞാന്‍ നടന്നു. പേമാരി പോലെയാണ് ആ സംഭവം എന്നില്‍ നിറഞ്ഞത്, എന്നെ നനയിപ്പിച്ചും തണുപ്പിച്ചും. ....

ആ സ്‌ത്രീ ഒരു സ്‌കൂളിലെ അധ്യാപികയായിരുന്നു. പാറശ്ശാലക്കാരി. നല്ല കുടുംബത്തില്‍ ജനിച്ച വിദ്യാസമ്പന്നയായ സുന്ദരി, പരിഷ്‌കാരി. അന്ന് ഒരു നാടകം മഹാരാജാവിനും കുടുംബത്തിനും മുന്നില്‍ അവതരിക്കപ്പെട്ടു. ആണുങ്ങള്‍ മാത്രം പങ്കെടുക്കാറുള്ള നാടകത്തില്‍ ഈ അധ്യാപിക നായികാവേഷം ചെയ്‌തു. അവരുടെ അഭിനയം എല്ലാവരാലും പ്രകീര്‍ത്തിക്കപ്പെട്ടു. അഭിനേതാക്കള്‍ക്കൊക്കെ മഹാരാജാവ് സമ്മാനം നല്‍കി. ഓരോ കസവുമുണ്ടായിരുന്നു സമ്മാനം. കൂട്ടത്തില്‍ അധ്യാപികയ്‌ക്കും കിട്ടി നല്ലൊരു കസവുമുണ്ട്.

അന്ന് ഒരു വിവാഹകര്‍മത്തിന്റെ പ്രധാനചടങ്ങ് പുരുഷന്‍ സ്‌ത്രീക്ക് മുണ്ടു കൊടുക്കുക എന്നതാണ്. രാജാവ് മറ്റൊരു ചിന്തയുമില്ലാതെ നല്‍കിയ മുണ്ടു സ്വീകരിച്ചപ്പോള്‍ അത് തന്റെ വിവാഹമാണെന്ന് അവര്‍ സ്വയം ഉള്‍ക്കൊണ്ടു പോയി. ആ നിമിഷം രാജ്യത്തെ മഹാറാണിയായി അവര്‍ മാറി. രാജാവ് പുടവ തന്ന കാര്യം ലോകരോട് വിളിച്ചു പറഞ്ഞവര്‍ ആഘോഷിച്ചു. പുടവ സ്വീകരിച്ച ആ നിമിഷം അവരുടെ ജീവിതത്തെ തകിടം മറിച്ചു, ഹൃദയത്തെ പ്രേമത്തിലാഴ്‌ത്തി.

എനിക്ക് അവരോട് സഹതാപം തോന്നി. അവരാകട്ടെ മഹാറാണിയെപ്പോലെ വേഷം ധരിച്ച്, തന്റെ ജോലിയും ജീവിതവും നശിപ്പിച്ച് വര്‍ഷങ്ങളായി ക്ഷേത്രത്തിന്റെ റോഡരികിലായി ജീവിതം തുടര്‍ന്നു. രാവിലെയും വൈകിട്ടും ഈശ്വരദര്‍ശനത്തിനു വരുന്ന രാജാവിനെ വഴിയരികില്‍ നിന്നു നമസ്‌കരിക്കാനായി മാത്രം അവര്‍ കാത്തിരുന്നു.

എനിക്ക് തോന്നിയിട്ടുണ്ട് അവര്‍ക്ക് രാജാവിനെ കാണണം എന്നു തന്നെയില്ല. ആ വാഹനമെങ്കിലും കണ്ടാല്‍ മതിയെന്ന്. ദൂരെ ആ കാര്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ അവര്‍ റോഡില്‍ കമിഴ്‌ന്നുവീഴുന്നു, പതിയെ മന്ത്രിക്കുന്നു, ‘എന്റെ പ്രിയതമനെ.....എന്റെ പ്രിയതമനെ.....’ അതിവേഗം പാഞ്ഞു പോകുന്ന വാഹനം അപ്രത്യക്ഷമായി എത്രയോ കഴിഞ്ഞാണ് അവര്‍ മണ്ണില്‍ നിന്നും തല പൊക്കുന്നത്. കുറെ വര്‍ഷങ്ങള്‍ മുമ്പുള്ള മരണം വരെ ഈ ജീവിതം ഇങ്ങനെ തുടര്‍ന്നു.

വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം പദ്മനാഭസ്വാമിക്ഷേത്രത്തില്‍ ഉത്സവമുണ്ട്. രാജാവ് തെരുവീഥികളില്‍ കൂടി എഴുന്നള്ളുന്ന ദിവസങ്ങളാണത്. പൊതുജനങ്ങള്‍ മുഴുവന്‍ റോഡില്‍ തടിച്ചു കൂടും. രാജാവ് മരതകമാലയണിഞ്ഞ് എഴുന്നള്ളുന്നതു കാണാന്‍. അപ്പോള്‍ ഞാന്‍ സുന്ദരിച്ചെല്ലമ്മയെ പതിവു സ്‌ഥലത്തൊക്കെ തിരയും. കാണില്ല. ഉത്സവദിവസങ്ങളില്‍ സുരക്ഷാഭടന്മാര്‍ സുന്ദരിച്ചെല്ലമ്മയെ ആ പ്രദേശത്തു നിന്നു തന്നെ ആട്ടിപ്പായിക്കും എന്ന് പിന്നീടാണ് അറിഞ്ഞത്.

പ്രേമത്തിന്റെ കൊത്തുപണികള്‍ അലങ്കരിച്ച കോണിപ്പടികള്‍ ചവിട്ടിക്കയറി ‘പ്രിയതമനെ’ എന്ന് ഉള്ളില്‍ നിറഞ്ഞ ശബ്‌ദം ആസ്വദിച്ചതാരാണ്? സാക്ഷാല്‍ ഈശ്വരനു തുല്യം പ്രേമത്തെ നിര്‍ത്തിയതാരാ‍ണ്? ഈശ്വരനെ തേടി പോകുന്നവര്‍ക്ക് കിട്ടാത്ത ഭക്തി ലഹരി ആസ്വദിച്ചതാരാണ്? ഈ പ്രപഞ്ചം മനസിനുള്ളിലാണെങ്കില്‍, മനസ് പ്രപഞ്ചത്തെ തേടുന്നുവെങ്കില്‍ ഈ സ്‌ത്രീ തന്നെയല്ലേ യഥാര്‍ഥ മഹാറാണി; ആരുടെയും അംഗീകാരം വേണ്ടാത്തവള്‍. ഭ്രാന്തും പ്രണയവും ഒന്നാണെന്ന് ഉറക്കെ ചിന്തിപ്പിക്കുന്ന ഈ ആള്‍‌രൂപം?

RELATED PAGES
» Celestial Plain

2 Comments:

Blogger അങ്കിള്‍ said...

എന്റെ ഓര്‍മ്മകളെ പതിറ്റാണ്ടുകളോളം പിന്നോട്ട്‌ വലിച്ചു; ഈ കഥ. കാരണം ഈ സുന്ദരിചെല്ലമ്മയെ എത്രയോ ദിവസം ഞാന്‍ നേരില്‍ കണ്ടിരിക്കുന്നു. അവരെപറ്റിയുള്ള കഥയും പലരില്‍ നിന്നും ഞാന്‍ കേട്ടിരുന്നു. അന്നൊന്നും കാര്യമാക്കിയില്ല. ഇന്നിത്‌ കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു.

ഇതൊരു നടന്ന കഥയെന്ന്‌ എത്ര പേര്‍ വിശ്വസിക്കുമോ എന്തോ?

2:03 AM  
Anonymous rajeesh said...

After reading this story I am very much touched. I don't know why, I felt like some sharp object is piercing into my heart. This is a normal incident, but the way in which the author presented it is really fantastic. Congratulations...

5:48 AM  

Post a Comment

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger