share your memoirs at SPiCE
 

അര പെനിയുടെ കണക്ക്

- എം. കെ. കുമാരന്‍, കാനഡ
1973 സെപ്‌റ്റംബറിലാണ് ഞാന്‍ ആദ്യമായി ഇന്ത്യ വിട്ട് പുറത്തിറങ്ങിയത്. കോമണ്‍‌വെല്‍ത്ത് സ്കോളര്‍ഷിപ്പോടെ ബിരുദാനന്തര പഠനത്തിനായിട്ടുള്ളതായിരുന്നു ഇംഗ്ലണ്ടിലേക്കുള്ള ആ യാത്ര. കുടുംബമുള്ളവര്‍ക്ക് അവരെ കൂടെ കൊണ്ടുപോകാന്‍ സ്കോളര്‍ഷിപ്പ് പ്രോത്സാഹിപ്പിച്ചിരുന്നു. അംഗങ്ങളുടെ എണ്ണമനുസരിച്ച് സ്കോളര്‍ഷിപ്പ് തുക കൂടിയിരിക്കും. എന്നിരുന്നാലും‍, ബ്രിട്ടീഷ് കൌണ്‍സിലിന്റെ നിര്‍ദേശപ്രകാരം ദാക്ഷായണിയുടെയും ജ്യോതിയുടെയും (ഭാര്യയും മകളും) യാത്ര ഒരു മാസത്തേക്ക് മാറ്റി വച്ചിരുന്നു. ജ്യോതിക്ക് അന്ന് ഒന്നര വയസായിരുന്നു. ഇംഗ്ലണ്ടില്‍ താമസസൌകര്യം കണ്ടുപിടിക്കുന്നത് ദുസ്സാദ്ധ്യമാണന്നായിരുന്നു കൌണ്‍സിലിന്റെ നിര്‍ദേശം. താമസിക്കുവാന്‍ സ്ഥലമില്ലാതെ നട്ടം തിരിയുന്ന അവസ്ഥ ഭാവനയില്‍ നിര്‍മിച്ച ഭീതി കാരണമാണ് എന്റെ കുടുംബത്തിന്റെ യാത്ര താമസിപ്പിക്കാന്‍ തീരുമാനിച്ചത്.
(അവരുടെ പ്രഥമയാത്രയുടെ കഥ മറ്റൊരു എപിസോഡാണ്.)

കൌണ്‍സിലിന്റെ താക്കീത് അസ്ഥാനത്തല്ലെന്ന് മനസ്സിലാക്കാന്‍ അധികം സമയമെടുത്തില്ല. പല സഹപ്രവര്‍ത്തകരും നിരന്തരം ശ്രമിച്ചെങ്കിലും ഞാന്‍ എക്സിറ്ററില്‍ എത്തി ഒരാഴ്ച കഴിഞ്ഞേ താമസസ്ഥലം തരപ്പെട്ടുള്ളു. അതു തന്നെ യൂണിവേഴ്സിറ്റിയില്‍ നിന്ന് 30 കിലോ മീറ്റര്‍ ദൂരെയായിരുന്നു. എന്തായാലും, എന്റെ കുടുംബത്തിന്റെ വരവേല്പിനായി ഉത്സാഹപൂര്‍വം സന്നാഹങ്ങള്‍ കൂട്ടിത്തുടങ്ങി. അതിനിടയിലാണ് ഒരനുഭവ വിശേഷമുണ്ടായത്.

ഉത്താരാര്‍ദ്ധഗോളം ശിശിരത്തിന്റെ വരവിന് തയാറെടുത്ത് തുടങ്ങിയിരുന്നു. വീട്ടിനകത്തു പോലും എനിക്ക് കഠിനമായ തണുപ്പ് തോന്നി. കിടപ്പുമുറിയില്‍ ഒരു ചെറിയ ഇലക്ട്രിക് ഹീറ്റര്‍ ഘടിപ്പിച്ചതു കാരണം ആ മുറി ചൂടാക്കാമായിരുന്നു. എന്നാല്‍, അധികസമയവും കഴിക്കേണ്ടിയിരുന്നത് അടുക്കളയടക്കമുള്ള ഒരു വലിയ മുറിയിലായിരുന്നു. ആ മുറി എങ്ങനെ ചൂടാക്കി വയ്ക്കാമെന്ന ചോദ്യവുമായി ഞാന്‍ വീട്ടുടമയെ സമീപിച്ചു. ഒരു പാരഫിന്‍ ഹീറ്റര്‍ ഉപയോഗിച്ചാ‍ല്‍ ആവശ്യത്തിനുള്ള ചൂട് കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു.

“എന്താണ് ഈ പാരഫിന്‍ ഹീറ്റര്‍? എവിടയാണതു കിട്ടുക?” അടുത്ത ചോദ്യങ്ങള്‍ തൊടുത്തു. വാ തുറന്ന് സംസാരിക്കുന്നതില്‍ ഒരു സങ്കോചവും കാട്ടേണ്ടെന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ മനസ്സിലാക്കിയിരുന്നു. വീട്ടുടമയുടെ കൈയില്‍ ഉപയോഗമില്ലാത്ത ഒരെണ്ണമുണ്ടെന്നും അതു കൊണ്ടുപോകുന്നതില്‍ വിരോധമില്ലെന്നും ഉത്തരമായിക്കിട്ടി. അദ്ദേഹം വീട്ടിനകത്തു പോയി അല്പസമയത്തിനകം ഹീറ്ററുമായി തിരിച്ചു വന്നു.

കാഴ്ചയില്‍ ഒരു വലിയ മണ്ണെണ്ണ വിളക്കു പോലെ തോന്നി. യഥാര്‍ഥത്തില്‍ പാരഫിന്‍ ഹീറ്റര്‍ ഒരു മണ്ണെണ്ണ വിളക്കു തന്നെയാണ്. ഗ്ലാസിനു പകരം തകരത്തിലാണ് അതിന്റെ പുകക്കുഴല്‍ ഉണ്ടാക്കിയിരുന്നത്. റാന്തലിന്റെ ചില്ലു പൊക്കുന്നതു പോലെ ആ പുകക്കുഴല്‍ അദ്ദേഹം പൊക്കിക്കാട്ടിയപ്പോള്‍ വട്ടത്തിലുള്ള ഒരു തിരി കാണാമായിരുന്നു. മണ്ണെണ്ണവിളക്കിന്റെ തിരിയെന്ന പോലെ അതു താഴ്ത്തിയും ഉയര്‍ത്തിയും കാട്ടിത്തന്നു. ഹീറ്ററിന്റെ അടിവശത്ത് പരന്ന ഒരു സംഭരണി ഉണ്ടായിരുന്നു. അതില്‍ ഉണ്ടായിരുന്ന നേര്‍ത്ത പിങ്കു നിറത്തിലുള്ള ദ്രാവകം പിങ്ക് പാരഫിനാണെന്ന് അന്വേഷിച്ചറിഞ്ഞു.

“എവിടെ നിന്നാണ് പിങ്ക് പാരഫിന്‍ കിട്ടുക?” തന്റെ കൈയില്‍ ധാരാളം ഇരിപ്പുണ്ടെന്നു പറഞ്ഞ് അദ്ദേഹം അകത്തു നിന്ന് ഒരു പ്ലാസ്റ്റിക് സംഭരണി നിറയെ പിങ്ക് പാരഫിന്‍ കൊണ്ടുത്തന്നു. അതിന് 25 പെനി വേണമെന്നും പറഞ്ഞു. നന്ദിപൂര്‍വം ആ തുക അദ്ദേഹത്തിനു കൊടുത്തു. പെട്ടെന്ന് എന്റെ കൈയില്‍ തീപ്പെട്ടി ഇല്ലെന്ന കാര്യം ഞാനോര്‍ത്തു. അതു ഞാനറിയിച്ചപ്പോള്‍ വീട്ടിനകത്തു നിന്ന് രണ്ടു തീപ്പെട്ടി അദ്ദേഹം കൊണ്ടുവന്നു. ഒന്നു പുതിയ തീപ്പെട്ടിയും മറ്റേത് ഒഴിഞ്ഞ കൂടുമായിരുന്നു. പുതിയ തീപ്പെട്ടിയില്‍ നിന്ന് കുറെ കൊള്ളികള്‍ ഒഴിഞ് ഞകൂട്ടിലിട്ട് എന്റെ നേരെ നീട്ടി അദ്ദേഹം പറഞ്ഞു: “That will be half penny.” ഞാന്‍ അദ്ദേഹത്തെ പകച്ചു നോക്കിയെങ്കിലും യാന്ത്രികമായി പാന്റിന്റെ കീശയില്‍ നിന്ന് അര പെനിയുടെ ഒരു നാ‍ണയം എടുത്തു കൊടുത്തു.

മിസ്റ്റര്‍ ഗ്ലെന്‍ ക്ലാര്‍ക്ക് ബ്രിട്ടീഷ് ഭരണകാലത്ത് പല വര്‍ഷം ഇന്ത്യയില്‍ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. എന്നിരുന്നാലും, അര പെനിയുടെ കണക്ക് അദ്ദേഹത്തിന്റെ സംസ്കാരത്തിന്റെ ഒരു ഭാഗമാണ്. ‘തന്റെ അര പെനി എനിക്കു വെറുതേ വേണ്ട, എന്റെ അര പെനി തനിക്കു വെറുതേ തരികയുമില്ല,’ അതാണ് നിലപാട്. ഈ പ്രത്യേകത യൂറോപ്യര്‍ കുടിയേറി പാര്‍ത്തേടത്തെല്ലാം പല രീതിയില്‍ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.

എന്റെ ഗുരുനാഥന്‍ പ്രഫസര്‍ മെക് ഗ്ലാഷന്‍ (മാക്‍സ്) ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജില്‍ വകുപ്പ് അധ്യക്ഷനായി ജോലി സ്വീകരിച്ചതു കാരണം ഞങ്ങള്‍ 1974 മധ്യത്തില്‍ ലണ്ടനിലേക്ക് മാറിയിരുന്നു. എനിക്കു പുറമേ, ജിന്‍ ഹ്യൂഗില്‍, ആന്‍ഡി ജോണ്‍സ്, ബെണാഡ് സ്കില്ലേന്‍ ഡേ ബ്രിസ്റ്റോവ് എന്നീ ഗവേഷണവിദ്യാര്‍ഥികളും ലണ്ടനിലേക്ക് മാറിയിരുന്നു. ഏതാനും മാസങ്ങള്‍ക്കു ശേഷം എക്സിറ്ററില്‍ നിന്ന് നാലു സഹപാഠികള്‍ ഞങ്ങളുടെ ലാബ് കാണാനെത്തിയപ്പോള്‍ ഞങ്ങള്‍ ടോട്ടനാം കോര്‍ട്ട് റോഡിലുള്ള ഒരു ഇറ്റാലിയന്‍ ഭോജനശാലയിലാണ് പോയത്. ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ക്ക് ഒരുമിച്ച് ഒരു ബില്‍ കിട്ടി. ആ തീന്‍‌മേശയ്ക്കു ചുറ്റുമിരുന്നു തന്നെ പെനി വരെയുള്ള കണക്കു പറഞ്ഞ് ഓരോരാളും തുകകള്‍ ഒരു പ്ലേറ്റിലേക്കിടുന്നത് ഞാനും അന്ധമായി അനുകരിച്ചു. ചേരയെ തിന്നുന്ന നാട്ടിലെത്തിയാല്‍ നടുക്കഷണം തിന്നണമെന്നല്ലേ? ഈ അനുഭവം പല വേള ആവര്‍ത്തിച്ചിട്ടുണ്ട്. ഭവ്യജനം ഒത്തുചേരുന്നിടത്തു പോലും ഇതു സംഭവ്യമാണ്.

കഴിഞ്ഞ പല വര്‍ഷങ്ങളായി ആറു മാസത്തിലൊരിക്കല്‍ കൂടുന്ന ഒരു കമ്മിറ്റിയില്‍ ഞാന്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മിക്കവാറും അംഗങ്ങളും യു എസിലും കാനഡയിലുമുള്ള പ്രശസ്തമായ ഗവേഷണ ഉത്‌പാദന സ്ഥാപനങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ്. ഏതെങ്കിലും പ്രസിദ്ധമായ നഗരത്തിലെ പ്രസിദ്ധമായ ഒരു ഹോട്ടലിലാണ് സാധാരണയായി ഞങ്ങള്‍ ഒത്തു ചേരുന്നത്. ഒരു പതിവെന്ന രീതിയില്‍ പലരുടെ ഭാര്യമാരും ഈ യാത്രയില്‍ പങ്കു ചേരും. ഞങ്ങള്‍ പകല്‍ മുഴുവന്‍ ഹോട്ടലില്‍ ചര്‍ച്ച നടത്തുമ്പോള്‍ ഭാര്യമാര്‍ ചെറിയ സംഘങ്ങളായി നഗരത്തിലെ കാഴ്ചകള്‍ കാണും. ഇതു കാരണം കുടുംബങ്ങള്‍ തമ്മില്‍ പല വര്‍ഷങ്ങളായി നീണ്ടു നില്‍ക്കുന്ന സുഹൃദ്‌ബന്ധങ്ങള്‍ ഉടലെടുക്കുന്നു. വൈകുന്നേരം ഭവ്യജനം എന്നു വിശേഷിപ്പിക്കാവുന്ന മൂന്നു നാലു കുടുംബങ്ങള്‍ അടങ്ങുന്ന ചെറുസംഘങ്ങള്‍ ഏതെങ്കിലും ഭോജനശാലയില്‍ ഒത്തുചേരുന്നതും ഒരു പതിവാണ്.

1995 ഒക്ടോബറിലെ മീറ്റിങ്ങ് പ്രൊവിഡന്‍സില്‍ (റോഡ് ഐലന്‍‌ഡ്) ആയിരുന്നു. ഒരു വൈകുന്നേരം യു എസിലെ രണ്ടു കുടുംബങ്ങളുമായി (വിറ്റക്കര്‍ കുടുംബവും മോര്‍ഗന്‍ കുടുംബവും) ദാക്ഷായണിയും ഞാനും അത്താഴത്തിനായി ഒത്തു ചേര്‍ന്നു. ചിറ്റാ കൊബും പാസ്റ്റയുമായിരുന്നു പ്രധാന ഭക്ഷണം. ബില്ല് വന്നപ്പോള്‍ ബോബ് മോര്‍ഗന്‍ അതു കടന്നെടുത്തു. തന്റെ പോക്കറ്റില്‍ നിന്ന് ഒരു കാല്‍ക്കുലേറ്ററും മൂന്നു തുണ്ടുകടലാസും പുറത്തെടുത്തു. കൊടുക്കേണ്ടുന്ന ടിപ് അടക്കം സെന്റ് വരെ കൃത്യമായി കണക്കു കൂട്ടി ടോം വിറ്റക്കര്‍ക്കും എനിക്കും കുറിച്ചു തന്നു. പാശ്ചാത്യസംസ്കാരത്തില്‍ അതാണ് ശരിയായ രീതി.

ഈശത്തിലെ വിചക്ഷണവാക്യമായ ‘മാ ഗൃധഃ കസ്യസ്വിദ്ധനം’ എന്നതില്‍ ഉറച്ചു നില്‍ക്കുന്ന നിരവധി പേരെ പാശ്ചാത്യസമൂഹത്തില്‍ കാണാം. റൂബിന്‍ ബാറ്റിനോ എന്ന ഒരു അമേരിക്കന്‍ ഗവേഷകന്റെ പേര് എഴുപതുകളുടെ തുടക്കത്തില്‍ എനിക്കറിയാം. 1980-ല്‍ ന്യൂസിലാന്‍ഡില്‍ വച്ചാണ് ഞങ്ങള്‍ തമ്മില്‍ ആദ്യം നേരില്‍ കണ്ടത്. ഞാന്‍ മാസി സര്‍വകലാശാലയില്‍ ജോലി ചെയ്തു വരികയായിരുന്നു. റൂബിന്‍ ഒരു സബാറ്റിക്കലില്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ പ്രഫസര്‍ ആര്‍തര്‍ വില്യംസണിന്റെ കൂടെയായിരുന്നു. മാക്സിന്റെ ആദ്യത്തെ പി എച്ച് ഡി വിദ്യാര്‍ഥിയാണ് ആര്‍തര്‍; ഞാന്‍ ഇരുപത്തൊന്നാമത്തേതും. ആര്‍തറും ഞാനും ഇംഗ്ലണ്ടില്‍ വച്ച് പരിചയപ്പെട്ടിരുന്നു. ഞാന്‍ മാസിയില്‍ ജോലി ചെയ്തു വരുന്ന കാര്യം ആര്‍തറിനറിയാമായിരുന്നു. ലണ്ടനില്‍ ഞാനും മാക്‍സും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ റൂബിന് താല്പര്യം ജനിച്ചിരുന്നു. കൂടാതെ, മാസിയിലെ ചില സഹപ്രവര്‍ത്തകര്‍ക്ക് റൂബിനെ നേരിട്ട് അറിയാമായിരുന്നു. ഇതെല്ലാം കാരണം റൂബിന്‍ ഒരു തവണ മാസിയില്‍ വന്നു. അതാണ് ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച.

സബാറ്റിക്കല്‍ കഴിഞ്ഞ് റൂബിന്‍ തിരിച്ചു പോകുന്നതിന് ഒരാഴ്ച മുന്നേ ഞാന്‍ ക്രൈസ്റ്റ് ചര്‍ച്ച് സന്ദര്‍ശിച്ചു. തിരിച്ചു പോകുന്ന കാര്യങ്ങള്‍ സംസാരിക്കുന്ന കൂട്ടത്തില്‍ ഒരു ക്യാമറയൊഴിച്ച് തനിക്കു വില്‍ക്കേണ്ടിയിരുന്നതെല്ലാം വിറ്റു തീര്‍ന്നുവെന്ന് റൂബില്‍ ഉത്സാഹപൂര്‍വം പറഞ്ഞു. എന്താണു ക്യാമറയുടെ വിലയെന്ന് ചോദിച്ചപ്പോള്‍ 100 ഡോളര്‍ എന്നു ഉത്തരം കിട്ടി. ‘ഞാന്‍ വാങ്ങിച്ചുകൊള്ളട്ടേ?’ എന്നു ചോദിച്ചപ്പോള്‍ ‘തീര്‍ച്ചയായും’ എന്നും പറഞ്ഞു. ഉടന്‍ തന്നെ, 100 ഡോളറിന്റെ ഒരു ചെക്ക് കൊടുത്ത് കച്ചവടം ഉറപ്പിച്ചു.

നാലു വര്‍ഷത്തിനു ശേഷം ഹാമില്‍റ്റണില്‍ (കാനഡ) വച്ച് റൂബിനെ ഞാന്‍ വീണ്ടും കണ്ടു. ഞങ്ങള്‍ IUPAC ന്റെ Chemical Thermodynamics സമ്മേളനത്തിനെത്തിയതായിരുന്നു. എന്നെ കണ്ടയുടന്‍ റൂബിന്‍ പറഞ്ഞ കാര്യം എന്നെ തെല്ലൊന്ന അമ്പരപ്പിക്കാതിരുന്നില്ല: “I owe you ten dollar.” ന്യൂസിലാന്‍ഡില്‍ വച്ച് ഞാന്‍ കൊടുത്ത 100 ഡോളര്‍ ആ ക്യാമറയ്ക്ക് അതിവിലയാണെന്ന് ചുരുക്കത്തില്‍ എനിക്കു വിവരിച്ചു തന്നു. ‘അതു സാരമില്ല’ എന്നു പറഞ്ഞപ്പോള്‍ റൂബിന്റെ മുഖഭാവം ആകെ മാറി. തന്റെ വാലറ്റില്‍ നിന്ന് 10 ഡോളറിന്റെ നോട്ടെടുത്ത് എന്റെ നേരേ നീട്ടി ഗംഭീരസ്വരത്തില്‍ പറഞ്ഞു: “If you don’t take this, I will be very very unhappy.” ഒഹായോ സര്‍വകലാശാലയിലെ ഒരു പ്രഫസറാണ് എന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന് വിശ്വസിക്കാന്‍ എനിക്കു പ്രയാസം തോന്നി. റൂബിന്റെ മുഖത്ത് ക്ഷോഭവും സങ്കടവും ഒപ്പം നിഴലിച്ചു കാണാമായിരുന്നു. ആ

പത്തു ഡോളറിന്റെ നോട്ട് ഞാന്‍ വാങ്ങി. റൂബിന്റെ ക്യാമറ ഇന്നും ഞങ്ങള്‍ ഉപയോഗിക്കാറുണ്ട്. അദ്ദേഹം തിരിച്ചു തന്ന 10 ഡോളര്‍ നോട്ട് ഒരു ഓര്‍മക്കുറിപ്പെന്ന പോലെ വിദേശനോട്ടുകളുടെ ഒരു ചെറിയ ശേഖരത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്.

അര പെനിയുടെ കണക്കില്‍ നിന്ന് മോചനം നേടാത്ത പാശ്ചാത്യരില്ലെന്നില്ല. യൂറോപ്പിലേക്കു പോകുമ്പോള്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ഞാന്‍ മാക്സിനെ ചെന്നു കാണാറുണ്ട്. 1995 ഏപ്രിലില്‍ ചെന്നപ്പോള്‍ മാക്സിന്റെ ദീര്‍ഘകാല സുഹൃത്തായ പ്രഫസര്‍ സ്കോട്ട് (ബോബ്) സന്ദര്‍ശനത്തിനായി എത്തിയിരുന്നു. ബോബ് യു. സി. എല്‍. എ.യിലെ അതിപ്രസിദ്ധനായ ഫിസിക്കല്‍ കെമിസ്ട്രി പ്രഫസറായിരുന്നു. ഉദ്യോഗത്തില്‍ നിന്നു വിരമിച്ച ശേഷം അദ്ദേഹം ലോകമെമ്പാടും യാത്ര ചെയ്തു വരികയായിരുന്നു. മൂന്നു മാസം ഇന്ത്യയില്‍ സഞ്ചരിച്ച് മടങ്ങുന്ന വഴിക്കാണ് മാക്സിനെ കാണാനെത്തിയത്.

1975 മുതല്‍ ബോബും ഞാനും പരിചിതരാണ്. അതുകാരണം വാചാലാനായി ഇന്ത്യയിലെ കാഴ്ചകളേപ്പറ്റി വിവരിച്ചു തുടങ്ങി. മധുര മീനാക്ഷിയുടെ മഹാഗോപുരങ്ങളേപ്പറ്റി പറയുന്നതിനിടയില്‍ പൊടുന്നനേ ബോബ് ചോദിച്ചു: “ഇത്രയും വ്യത്യസ്തമായ ഒരു സംസ്കാരത്തില്‍ നിന്നും ആദ്യമായി വിദേശത്ത് എത്തിയപ്പോള്‍ എന്തു തോന്നി?” അപ്പോള്‍ ഓര്‍മ വന്നത് അര പെനിയുടെ കണക്കിന്റെ കഥയായിരുന്നു. എല്ലം ശ്രദ്ധിച്ചു കേള്‍ക്കുകയായിരുന്ന മാക്സ് കഥയുടെ അവസാനം കേട്ടപ്പോള്‍ പറഞ്ഞു പോയി: “That was cruel!”

RELATED PAGES
» കനഡയിലെ തണുത്തുറയുന്ന മഴ
» ആനക്കാല്‍!

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger