most viewed videos in indulekha
 

ലണ്ടന്‍ ഡയറി

london diary- സിന്‍, ലണ്ടന്‍
അന്നൊരു ഞായറാഴ്ചയായിരുന്നു; ശനിയാഴ്ചയുടെ പിറ്റേദിവസം. ജെറ്റിന്റെ ബോയിങ് വിമാനം ലോകത്തിലെ ഏറ്റവും തിരക്കേറിയ ഹീത്രൂ എയര്‍പോര്‍ട്ടിന്റെ റണ്‍‌വേയില്‍ കിഴക്കേലെ കണ്ടന്‍പൂച്ചയെപ്പോലെ നാലു കാലില്‍ നിലത്തു ചാടിയിറങ്ങിയിട്ട് കുറേ ദൂരം ഓടി നിന്നു. അപ്പോള്‍ സമയം പുലര്‍ച്ചെ ആറു മണിയായിക്കാണും. പൂവന്‍ കോഴികളുടെ കൂവലോ കിളികളുടെ കലപില ശബ്ദമോ ഇവിടെ കേള്‍ക്കാനില്ല. ശനിയാഴ്ചയുടെ ഹാങ് ഓവറില്‍ നിന്നും ഈ മഹാനഗരം ഉണര്‍ന്നിട്ടില്ല എന്നു തോന്നുന്നു.

ആകെ ഒരു നിശബ്ദത. നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് ടാക്സി ചീറിപ്പായുമ്പോള്‍ ഉള്ളില്‍ പേടിയില്ലെങ്കിലും ഒരു ചെറിയ ഭയം തോന്നാതിരുന്നില്ല. ‘കം‌പ്യൂട്ടറും ബ്ലൂ ചിപ്പും കൊണ്ട് അമ്മാനമാടുന്ന മോഹന്‍ തോമസിന്റെ ഡല്‍ഹിയില്‍ നിന്നുമാണ് ഞാന്‍ വരുന്നത്,’ ഭയം മാറ്റാന്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു. കാറോടിക്കുന്ന ഡ്രൈവര്‍ സായ്പ് നിങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ എന്താണ് പ്രശ്നമെന്ന് എന്നോടു ചോദിക്കുന്നു! ഒരു വിധത്തില്‍ സായിപ്പിന്റെ കത്തിയില്‍ നിന്നു രക്ഷപ്പെട്ട് ഞാന്‍ ഹോട്ടല്‍ മുറിയിലെത്തി.

ആദ്യദിവസങ്ങളില്‍ ബ്രേക്ക് ഫാസ്റ്റ് ഹോട്ടലില്‍ നിന്നായിരുന്നു; full english breakfast. ഒരു പ്ലേറ്റില്‍ കുറേ വിഭവങ്ങള്‍... ചിലതിനു ഭയങ്കര പുളി മാത്രം; പിന്നെ ചിലതിന് എരിവും ചിലതിനു ഉപ്പും ഒക്കെ! ഞാന്‍ (കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും) ഓരോന്നായി കഴിച്ചു. ഇങ്ങനെ കുറേ ദിവസങ്ങള്‍ കഴിച്ചുകഴിഞ്ഞ് ഒരു ദിവസം ഒരു സായിപ്പ് കഴിക്കുന്നതു കണ്ടപ്പോഴാണ് എനിക്കു മനസ്സിലായത് അത് ഓരോന്നായി കുറേശ്ശെ എടുത്ത് മിക്സ് ചെയ്താണ് കഴിക്കേണ്ടിയിരുന്നത് എന്ന്‌!! പിറ്റേദിവസം അങ്ങനെ കഴിച്ചു നോക്കി.. നല്ല ടേസ്റ്റ്!!!

അങ്ങനെ ദിവസങ്ങള്‍ കഴിയുന്തോറും പല കാര്യങ്ങളും പഠിക്കാന്‍ തുടങ്ങി. കൂട്ടത്തില്‍ പറ്റിയ മണ്ടത്തരങ്ങളുടെ എണ്ണവും കൂടി. ഒരു ദിവസം ലഞ്ച് ടൈം ആകാറായപ്പോള്‍ ഒരു സഹപ്രവര്‍ത്തകന്‍ എന്നോടു ചോദിച്ചു: “Are you coming to barbeque?”
"No.. no.. i am not coming." ഞാന്‍ പറഞ്ഞു. ‘ഛെ, അത്തരം വൃത്തികെട്ട പരിപാടിക്കൊന്നും എന്നെ കിട്ടില്ല,’ ഞാന്‍ മനസ്സില്‍ പറഞ്ഞു. ഓഫീസിലുള്ള എല്ലാവരും പോകുന്നതു കണ്ടപ്പോള്‍ ഞാന്‍ ഡിക്ഷണറി എടുത്തു നോക്കി: barbeque ഭക്ഷണം കൊടുക്കുന്ന പരിപാടിയാണെന്നു അപ്പോഴാണ് മനസ്സിലായത്. പിന്നെ, ഞാനും പതുക്കെ പോയി.

ഓഫീസിലെ സാ‍യിപ്പന്‍‌മാര്‍ പല തമാശകളും എന്നോടു പറഞ്ഞിട്ടു ചിരിക്കും. ഇവിടെയുള്ള സായിപ്പന്‍‌മാര്‍ക്ക് ഇംഗ്ലീഷ് ശരിക്കും അറിയാത്തതുകൊണ്ട് എനിക്കത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. ഒന്നും മനസ്സിലായില്ലെങ്കിലും ഞാനും കൂടെ ചിരിക്കും. അല്ലെങ്കില്‍ അവര്‍ വിചാരിക്കും എനിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന്. പക്ഷേ, മറുപടി പറയേണ്ട തമാശയാണെങ്കില്‍ ഞാന്‍ പെടും. അപ്പോള്‍ പതുക്കെ എന്റെ ചിരി ചമ്മിയ ചിരിയായി മാറും. എന്റെ ഓഫീ‍സിലെ റിസപ്‌ഷനിസ്റ്റ് എന്നെ കാണുമ്പോള്‍ ചിരിക്കാറുണ്ട്. ആദ്യം ഞാന്‍ കരുതി ആ മദമ്മക്കുട്ടിക്ക് എന്നോട് എന്തോ ഒരു ഇത് തോന്നിയിട്ടാണെന്ന്. പിന്നെ മനസ്സിലായി ഞാന്‍ ചെയ്ത എന്തോ മണ്ടത്തരം ഓര്‍ത്ത് ആ കുട്ടി ചിരിക്കുന്നതാണെന്ന്.

പിന്നെ എനിക്ക് ഇവിടെ മിക്കവാറും ദിവസങ്ങളില്‍ ആരുടെയെങ്കിലും കൈയില്‍ നിന്ന് കിട്ടും. ആദ്യദിവസം തന്നെ ട്രെയിനില്‍ നമ്മുടെ കെ എസ് ആര്‍ ടി സി ബസ്സിലെപ്പോലെ ‘ചവിട്ടിക്കൂട്ടി’ നടന്നതിന് ഒരു മദാമ്മ എന്റെ കാലില്‍ ആഞ്ഞു ചവിട്ടി; നമ്മുടെ ഗാന്ധിജിക്ക് സൌത്ത് ആഫ്രിക്കയില്‍ വച്ച് കിട്ടിയതുപോലെ. പിന്നെ ഒരു ദിവസം ഭക്ഷണം വാങ്ങിയിട്ട് പൈസ നമ്മുടെ നാട്ടിലെ ചായക്കടയിലെപ്പോലെ മേശയില്‍ എറിഞ്ഞുകൊടുത്തതിന്... ഇവിടെ പൈസ കൈയില്‍ കൊടുക്കണമത്രേ! എന്തിനു പറയാന്‍.. ഇവിടെ ടോയ്‌ലറ്റ് കഴുകാന്‍ വന്ന സ്ത്രീ വരെ ഒരു കാരണവും കൂടാതെ എന്നെ തെറി വിളിച്ചു. അവര്‍ ടോയ്‌ലറ്റ് കഴുകിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ടോയ്‌ലറ്റ് ഉപയോഗിച്ചത് തെറ്റാണത്രേ. ഓരോ നാട്ടിലെ ഓരോരോ നിയമങ്ങള്‍! പിന്നെ എന്തു തെറ്റിനും പരിഹാരമായി ഇവര്‍ തന്നെ കണ്ടുപിടിച്ചിട്ടുള്ള ‘സോറി’ എന്ന രണ്ടക്ഷരങ്ങള്‍ തല്ലിക്കൂട്ടി പറഞ്ഞ് തടി തപ്പുന്നു.

സോറിയുടെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത്, ഇവിടെ എന്തിനും ഏതിനും ‘സോറി’ പറയണം. തുമ്മുന്നതിന്, ചുമയ്ക്കുന്നതിന്.. ഒന്നു കോട്ടുവായിടുന്നതിനു വരെ സോറി പറയണം. സോറി പറയാനുള്ള ബുദ്ധിമുട്ടു കാരണം കോട്ടുവാ വന്നാലും ഞാന്‍ കടിച്ചുപിടിച്ചിരിക്കും. അതുപോലെ, ഇവിടെ ഞാന്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നമാണ് ‘ടാങ്ക്യൂ’. ആരും ഒരു സഹായവും ചെയ്തില്ലെങ്കിലും thank you പറയണം. എന്തെങ്കിലും സഹായം ചെയ്തവനെ തെറി വിളിച്ചു ശീലിച്ച നമുക്ക് ഇതൊരു വെല്ലുവിളിയാണ്.

സായിപ്പുമാരുടെ ഇംഗ്ലീഷ് ആക്സന്റ് രസകരമാണ്. ഞാന്‍ അതുപോലെ പറയാന്‍ ശ്രമിച്ചു നോക്കി, നടക്കുന്നില്ല. ചെറുപ്പത്തില്‍ നാക്കു വടിക്കാന്‍ പോയത് മണ്ടത്തരമായെന്ന് ഇപ്പോള്‍ തോന്നുന്നു. അതുപോലെ ഇവിടുത്തെ വെളുത്തു തുടുത്ത സായിപ്പന്മാരെ കണ്ടപ്പോള്‍ എനിക്കും ഒരാഗ്രഹം തോന്നി, അവരെപ്പോലെയാകാന്‍. ഞാനും എന്റെ മീശ വടിച്ചു കളഞ്ഞു. പക്ഷേ, സായിപ്പായില്ല. പകരം സൊമാലിയനായി. ഇപ്പോള്‍ തോന്നുന്നു, പഴുതാര പോലെ ഇരുന്നതാണെങ്കിലും അതുണ്ടായിരുന്നപ്പോള്‍ നന്നായിരുന്നു എന്ന്.

ഇനി വഴിയോരക്കാഴ്ചകളേക്കുറിച്ച്: ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ‘പെറ്റ തള്ള കണ്ടാല്‍ സഹിക്കില്ല.’ നടുറോഡിലും ഉമ്മ വച്ച് കളിക്കുന്നവര്‍, പാര്‍ക്കുകള്‍ ബെഡ് റൂമാണെന്ന് കരുതുന്നവര്‍, വസ്ത്രത്തിനു പിശുക്കു കാട്ടുന്നവര്‍, കൊച്ചു കുട്ടികള്‍ മുതല്‍ സി സി അടഞ്ഞു തീര്‍ന്നവര്‍ വരെ പ്രകോപനപരമായ വസ്ത്രധാരണരീതിയാണ് ഇവിടെ പിന്‍‌തുടരുന്നത്. ഇവിടുത്തെ മറ്റൊരു പ്രത്യേകത, നമുക്ക് അണ്ടര്‍വയര്‍ ഇട്ടവരേയും ഇടാത്തവരെയും തിരിച്ചറിയാന്‍ പറ്റും എന്നതാണ്‌! കാരണം, ഇട്ടിട്ടുള്ളവര്‍ അതു പുറത്തു കാട്ടാതിരിക്കില്ല!

ഇവിടെ ഞാന്‍ വെറുതെയിരുന്ന് ബോറടിക്കുമ്പോള്‍ ലണ്ടന്‍ ജംങ്ഷനില്‍ പോകും. പക്ഷേ, അവിടെ ഇരിക്കാന്‍ ജിമ്മിച്ചേട്ടന്റെ തയ്യല്‍ക്കടയോ ഉണ്ടന്‍ ഭാജിയുടെ ചായക്കടയോ ഇല്ല. പകരം പബ്ബുകളാണ്. മാല പോലെ നിരന്നു കിടക്കുന്ന ഓട്ടോകളോ ഡോറിലടിച്ച് ശബ്ദമുണ്ടാക്കി ചീറിപ്പാഞ്ഞു വരുന്ന പ്രൈവറ്റ് ബസുകളോ ഇല്ല. പകരം നിലത്തു മുട്ടിപ്പോകുന്ന ട്രാമുകളും ഡബിള്‍ ഡക്കര്‍ ബസുകളുമാണ്. ഇവിടുത്തെ ട്രാഫിക് നിയമങ്ങളും രസകരമാണ്. വഴിയാത്രക്കാര്‍ സീബ്രാലൈനില്‍ കാലെടുത്തു വച്ചാല്‍ പിന്നെ വാഹനങ്ങളെല്ലാം നിര്‍ത്തിത്തരും. ഇതറിയാതെ ഞാനൊരു ദിവസം സീബ്രാലൈനില്‍ നിന്നുകൊണ്ട് എന്തോ ആലോചിച്ചുകൊണ്ടിരുന്നു. എന്റെ നാലു വശത്തുമുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ തുടങ്ങി. ഇതെല്ലാം നിര്‍ത്തിയത് ഞാന്‍ സീബ്രാലൈന്‍ ക്രോസ് ചെയ്തിട്ട് കടന്നു പോകാന്‍ വേണ്ടിയായിരുന്നു എന്ന് മനസ്സിലാക്കിയപ്പോഴേക്കും ഒരു വലിയ ട്രാഫിക് ജാം ആയിക്കഴിഞ്ഞിരുന്നു.

ഭക്ഷണം കഴിക്കുമ്പോഴാണ് ഏറെ പ്രശ്നം. ഫോര്‍ക്കു കൊണ്ട് കോര്‍ത്തിട്ട് കിട്ടാതെ വരുമ്പോള്‍ കൈ കൂടി ഫോര്‍ക്കാക്കുന്നതു കാണുമ്പോള്‍ സായിപ്പുമാര്‍ കുടുകുടെ ചിരിക്കും. ഭക്ഷണത്തേക്കുറിച്ച് പറയുമ്പോള്‍ മഞ്ഞപ്പിത്തം പിടിച്ചവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണ് ഇവിടെ കിട്ടുന്നത്. ഉപ്പില്ല, മുളകില്ല, മല്ലിയില്ല, മഞ്ഞളില്ല. പശു തിന്നുന്നതു പോലെ കുറേ ഇലകള്‍ ചവച്ചരച്ചു തിന്നണം. ഇതൊക്കെ തിന്നാല്‍ സായിപ്പാകുമെങ്കില്‍ ആകട്ടെ എന്നു കരുതി ഞാനും തിന്നും. ഇന്ത്യന്‍ രൂപയില്‍ നോക്കുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ക്ക് തീ പിടിച്ച വിലയാണ്. പഴത്തിന്റെ വില ഓര്‍ക്കുമ്പോള്‍ തൊലി കൂടി തിന്നാലോ എന്ന് ആലോചിക്കും. വില്‍ക്കുറവുള്ളത് ഒന്നിനു മാത്രം; സ്കോച്ചിന്. അതിനു പിന്നെ ബിവറേജസില്‍ പോയി ക്യൂ നില്‍ക്കേണ്ട ആവശ്യവുമില്ല. ഏതു പെട്ടിക്കടയിലും കിട്ടും.

പിന്നെ ഇവിടെ ഗേള്‍ ഫ്രണ്ട്സിനെ കിട്ടാന്‍ എളുപ്പമാണെന്ന് പറയുന്നു. വെറുതെ കേറി മുട്ടിയാല്‍ മതി, കിട്ടുമത്രേ. എന്റെ അടുത്ത റൂമില്‍ താമസിക്കുന്ന ഒരു നേപ്പാളി കുട്ടിയെ ഞാനുമൊന്ന് മുട്ടി നോക്കി. എനിക്കും കിട്ടിയേനെ, ആ കുട്ടിയുടെ ബോയ് ഫ്രണ്ടിന്റെ കൈയില്‍ നിന്ന്. ഞാന്‍ വാതിലിനു പുറത്തു നിന്നു കൊണ്ട് നേപ്പാളിയോട് വല്യ ഡയലോഗൊക്കെ വിട്ടു. അവസാനം നേപ്പാളി എന്നെ നൂഡില്‍‌സ് കഴിക്കാന്‍ അകത്തേക്കു ക്ഷണിച്ചു. സൂചി കടത്താന്‍ സ്ഥലം നോക്കി നിന്ന ഞാന്‍ അവസരം പാഴാക്കിയില്ല. നൂഡില്‍‌സ് തിന്നാന്‍ അകത്തു കടന്നപ്പോഴാണ് കണ്ടത് ഒരു എരപ്പാളി അകത്ത് ഞാന്‍ പറഞ്ഞതെല്ലാം കേട്ടുകൊണ്ട് ബെഡ്ഡില്‍ കിടക്കുന്നു. പത്തു മിനിറ്റു കൊണ്ട് കഴിക്കേണ്ട നൂഡില്‍‌സ് ഒരു മിനിറ്റു കൊണ്ട് കഴിച്ച് ഞാന്‍ സ്ഥലം കാലിയാക്കിക്കൊടുത്തു; ഇന്ത്യയെ ഓര്‍ത്തു മാത്രം. നേപ്പാളിന്റെ ഇടി കിട്ടിയാല്‍ നാണക്കേട് ഇന്ത്യയ്ക്കല്ലേ.

പിന്നെ ഈ മഹാനഗരത്തില്‍ പിച്ചക്കാര്‍ വരെ മോഡേണാണ്. മൊബൈല്‍ ഫോണും ഐ ഇ എല്‍ റ്റി എസ് സ്കോര്‍ 7 വരെയുമുള്ളവരാണ് ഇവിടുത്തെ പിച്ചക്കാര്‍. motherrrr... motherrrr... എന്ന് വിളിച്ച് ഭിക്ഷ യാചിക്കുന്ന സ്ത്രീകളെ ലണ്ടന്‍ തെരുവുകളില്‍ കാണാം; പിച്ചച്ചട്ടി ഇല്ലെന്ന് മാത്രം.

ഇവിടെ ജീവിക്കുമ്പോള്‍ സത്യത്തില്‍ എന്തൊക്കെയോ മിസ് ചെയ്യുന്ന പ്രതീതിയാണ്. നമ്മുടെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, പൊടി കൊണ്ട് ശ്വാസം മുട്ടിക്കുന്ന വഴികള്‍, തിക്കിത്തിരക്കി പോകുന്ന ബസുകള്‍, ചുട്ടു പൊള്ളിക്കുന്ന സൂര്യന്‍, പിന്നെ...പിന്നെ.... മാന്യമായി വസ്ത്രം ധരിച്ച നമ്മുടെ പെണ്‍കുട്ടികള്‍.. അട്ടയ്ക്കു പൊട്ടക്കുളം തന്നെയെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. ശരിയാണ്, പട്ടുമെത്തയില്‍ ഒരു അട്ടയ്ക്ക് എന്തു കാര്യം! കാരണം, അട്ടയുടെ കൂട്ടുകാരെല്ലാം പൊട്ടക്കുളത്തിലല്ലേ?

ഒരു നാളില്‍ ഞാനും തിരിച്ചു വരും
കൊയ്തെടുത്ത പൌണ്ടുകളുമായി
നെയ്തെടുത്ത സ്വപ്നങ്ങളുമായി
വെള്ളക്കാരുടെ ഈ നാട്ടില്‍ നിന്നും
കൊള്ളക്കാരുടെ ആ നാട്ടിലേക്ക്
Nooooo..
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്.

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി
ഗ്രാമം കൊതിക്കാറില്ലെങ്കിലും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാന്‍ കൊതിക്കാറുണ്ടെന്നും!
........
(കൈ മാറി വന്ന ഒരു ഇ മെയിലില്‍ നിന്നാണ് ഈ ലണ്ടന്‍ ഡയറി ഞങ്ങള്‍ക്കു കിട്ടിയത്. ഡയറിയുടെ ഉടമയെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. എങ്കിലും, രസകരമായ ഈ കുറിപ്പ് സ്‌പൈസില്‍ ചേര്‍ത്തു; രചയിതാവ് അന്വേഷിച്ചു വരുമെന്ന പ്രതീക്ഷയില്‍. ആ പ്രതീക്ഷ അസ്ഥാനത്തായില്ല. എഴുത്തുകാരന്‍ സന്തോഷം നിറഞ്ഞ ഒരു കമന്റ് ആയി പ്രത്യക്ഷപ്പെട്ടു! സിനോയ്ക്ക് നന്ദി.)
-സ്വപ്‌ന)

4 Comments:

Blogger shiny said...

superb !!!!! assalayittundu !!! thanks to swapna.

12:36 AM  
Anonymous sino said...

how come my diary is here..??
anyways.. nice to see it here..
will try to write 2nd part..!
sin from london

10:44 AM  
Anonymous swapna said...

ലണ്ടന്‍ ഡയറിയുടെ ഉടമയെ ഞങ്ങള്‍ പല വഴിക്കും തിരഞ്ഞിരുന്നു; ഫലമുണ്ടായില്ല. ഏതായാലും, ഇപ്പോള്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. രണ്ടാം ഭാഗം വേഗം എഴുതൂ. ആശംസകള്‍!

8:35 PM  
Anonymous sin said...

ayyoo.. ende thoolika namam "sin" ennanu.. ende peru mattooo.. plz..
pinne.. aasamsakal parayan vendi aayirunno enne thirakkiyathu..??!!
appo adutha kathakku vendi indhulekha kanthurannu irunnolooo..

4:54 AM  

Post a Comment

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger