share your memoirs at SPiCE
 

ആനക്കാല്‍!

- എം കെ കുമാരന്‍, കനഡ

1999-ല്‍ അവധിക്കു വന്നപ്പോള്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരിക്കല്‍ പയ്യന്നൂര്‍ കോളജിലെ രസതന്ത്രവിഭാഗത്തിലെ അസോസിയേഷന്‍ ഉദ്‌ഘാടനം ചെയ്യാനുള്ള അവസരം എനിക്കു കൈവന്നു. എനിക്കതിലുള്ള സന്തോഷവും ആ സന്തോഷത്തിന്റെ കാരണവും ആമുഖത്തില്‍ ഞാന്‍ പുതുതലമുറയുമായി പങ്കിട്ടു. സദസില്‍ പ്രിന്‍സിപ്പാള്‍ ഉള്‍പ്പടെ അധ്യാപകരില്‍ പലരും കണ്ണൂര്‍ എസ് എന്‍ കോളജില്‍ എന്റെ പൂര്‍വവിദ്യാര്‍ഥികളായിരുന്നു. അപ്പോള്‍ ഞാന്‍ തീര്‍ച്ചയായും സുഹൃത്തുക്കളുടെ ഇടയിലായിരുന്നു. അതിനു പുറമേ എന്റെ ജന്മസ്‌ഥലമായ കണ്ടങ്കാളി അവിടെ അടുത്താണ്.

ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഒരു വിദ്യാര്‍ഥി എന്നോട് തിരക്കി:‘സാറിന്റെ ബന്ധുക്കള്‍ ഇപ്പോള്‍ കണ്ടങ്കാളിയിലുണ്ടോ? ’ ഇല്ല, കണ്ടങ്കാളിയില്‍ ഞങ്ങള്‍ക്ക് ബന്ധുക്കള്‍ ആരും ഉണ്ടായിരുന്നില്ല, ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതായി അമ്മയുമച്ഛനും പറഞ്ഞു കേട്ടിട്ടുണ്ട്. ചെങ്ങൂനി വീട്ടുകാരും തെരുവത്തെ കുടുംബങ്ങളും പൊതുവാള്‍മാരും അടിയോടിമാരും നായനാന്മാരും പെരുമാളമ്പലത്തിനു സമീപമുള്ള തമിഴ് ബ്രാഹ്മണരുമെല്ലാം ചെറുപ്പത്തില്‍ കേട്ട സംഭവകഥകളില്‍ മാറിമാറി വരാറുണ്ടായിരുന്നു. എന്റെ മനസില്‍ അപ്പോള്‍ ആ കഥകളൊന്നും തെളിഞ്ഞില്ല, പ്രത്യുത കണ്ടങ്കാളിയെ പറ്റി ഓര്‍ത്തപ്പോള്‍ ആനക്കാലിന്റെ അതിവിശിഷ്‌ടമാ‍യ രുചി നാവിന്‍ തുമ്പത്ത് നനവുണ്ടാക്കി. സംശയിക്കേണ്ട ആനക്കാലിന്റെ രുചി തന്നെ!
* * *
1982-ലെ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ക്ക് ഓട്ടവയില്‍ തുടക്കം കുറിച്ചു കഴിഞ്ഞിരുന്നു. ഞങ്ങള്‍ കനഡയില്‍ കുടിയേറിപ്പാര്‍ത്ത് ഒരു വര്‍ഷം അതിനിടയില്‍ പിന്നിട്ടതേയുള്ളൂ. പക്ഷേ ഇംഗ്ലണ്ടിലെയും ന്യൂസിലാന്റിലെയും പൂര്‍വാനുഭവങ്ങള്‍ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ ഞങ്ങള്‍ക്ക് വിഷു- ഓണ ആഘോഷങ്ങള്‍ക്ക് സമാനമാക്കിക്കഴിഞ്ഞിരുന്നു. ഞങ്ങളും ആ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് ഒരുക്കം കൂട്ടുകയായിരുന്നു.

ഞങ്ങളുടെ അന്നത്തെ താമസസ്‌ഥലം റിവര്‍ട്ടണ്‍ അപ്പാര്‍ട്ട്മെന്റ്സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു പടുകൂറ്റന്‍ കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിലായിരുന്നു. ഓട്ടവ നദീതീരത്ത് മാനം മുട്ടി നില്‍ക്കുന്ന ആ കെട്ടിടത്തില്‍ നിന്ന് വിസ്‌തൃതമായ താഴ്‌വരയുടെ വിഹഗവീക്ഷണം എന്നും ഹൃദ്യമായിരുന്നു. പലപ്പോഴും ‘കാനനം ഖഗയുവാവ് പോലവേ’ എന്ന വരികള്‍ നിഗൂഢമായി ഞാനുരുവിടുമായിരുന്നു. ആയിടെ ബംഗാളികളായ ഒരു ധര്‍ കുടുംബം (ഫൂലക്ക്, റീബ, മിമി) പുതുതായി റിവര്‍ട്ടണിലെ മറ്റൊരു അപ്പാര്‍ട്ട്മെന്റില്‍ താമസം തുടങ്ങി. വളരെ സംസ്‌കാരസമ്പന്നരായ ധര്‍ കുടുംബവുമായി ഞങ്ങള്‍ പെട്ടെന്നടുത്തു. ഫൂലക്ക് ധര്‍ നാട്ടില്‍ നിന്ന് അവരുടെ വിലപ്പെട്ട പല സമ്പാദ്യങ്ങളും കാനഡയിലേക്ക് കൊണ്ടുവന്നിരുന്നു. അവയില്‍ എന്നെ ഏറ്റം ആകര്‍ഷിച്ചത് വിശേഷപ്പെട്ട കൊത്തുപണികളോടു കൂടിയ ഒരു പുസ്‌തകഷെല്‍‌ഫായിരുന്നു. അതില്‍ നിറയെ ടാഗൂറിന്റെ രചനാസമാഹാരങ്ങള്‍ അടുക്കിവെച്ചിരുന്നു. ദാക്ഷായണിയും റീബയും പതിവായി ഒത്തുകൂടിത്തുടങ്ങി. അവര്‍ പരസ്‌പരം കൈമാറിയ വിവരങ്ങളുടെ കൂട്ടത്തില്‍ ഏതാനും ചില പാചകക്കുറിപ്പുകളും പെട്ടിരുന്നു. മിമി ജ്യോതിയുടെയും രഞ്‌ജിത്തിന്റെയും പ്രായത്തിനിടയിലായതിനാല്‍ അവര്‍ ഇടയ്‌ക്കൊക്കെ കളിക്കാന്‍ ഒത്തു ചേര്‍ന്നിരുന്നു.

വര്‍ഷം തോറും വിഷുവിന് നെയ്യപ്പം ഉണ്ടാക്കുന്ന അതേ പ്രാധാന്യത്തോടെ ദാക്ഷായണി ക്രിസ്‌മസ് കേക്കും ഉണ്ടാക്കി വന്നിരുന്നു. ആ വര്‍ഷം റീബയുടെ പാചകക്കുറിപ്പില്‍ നിന്ന് ഒരു ഫ്രൂട്ട് കെയ്‌ക്ക് പരീക്ഷിക്കാന്‍ തീരുമാനിച്ചു. അപ്പാര്‍ട്ട്മെന്റ് ആകെ ഒരു ദിവ്യഗന്ധത്തില്‍ മുങ്ങിനിന്നു. ക്രിസ്‌മസിനു തൊട്ടുമുമ്പുള്ള രാത്രിയിലാണ് വിശേഷാല്‍ സദ്യ പതിവ്. സദ്യയുടെ അവസാനമായി മെഴുകു കടലാസില്‍ പൊതിഞ്ഞുവെച്ച ക്രിസ്‌മസ് കേക്ക് ദാക്ഷായണി തീന്‍‌മേശമേല്‍ തുറന്നു വച്ചു. ഏകദേശം 30 സെന്റീമീറ്റര്‍ വ്യാസമുള്ള വൃത്തം. അഞ്ചാറ് സെന്റീമീറ്റര്‍ കനം. പാചകക്കുറിപ്പില്‍ പറഞ്ഞപ്പോലെ സുവര്‍ണ- തവിട്ടുനിറം. അന്തരീക്ഷത്തിലാകെ നറുമണം. എന്റെ മസ്‌തിഷ്‌കത്തിന്റെ ഉള്ളറയിലെ തന്മാത്രകളില്‍ എവിടെയോ ഒരു നേരിയ ചലനം. കേക്ക് മുറിക്കേണ്ടത് എന്റെ ചുമതലയാണ്. കേക്കുണ്ടാക്കാന്‍ കൊടുത്ത അതേ ശ്രദ്ധ കേക്ക് മുറിക്കാനും കൊടുക്കേണം എന്നാണ് എന്റെ വിശ്വാസം. വിധിയാംവണ്ണം കേക്ക് മുറിച്ച് ഓരോ കഷണം ഞങ്ങള്‍ തിന്നു തുടങ്ങി. ആദ്യത്തെ കഷണം എന്റെ വായിലലിഞ്ഞപ്പോള്‍ ഞാന്‍ അറിയാതെ പറഞ്ഞു പോയി: ആനക്കാല്‍! അതിന്റെ പൊരുളറിയാതെ മൂവരും എന്നെ നോക്കി. മൂന്നു ദശാബ്‌ദമായി മസ്‌തിഷ്‌കത്തില്‍ എവിടെയോ മയങ്ങിക്കിടന്ന ആനക്കാലിന്റെ രുചിയും കഥയും എന്റെ നാവിന്‍‌തുമ്പത്തെത്തി.
* * *
1949-ല്‍ ആയിരിക്കണം. ഓര്‍മ ഒരു നീലപ്പുകച്ചുരുള്‍ പോലെ ലോലമാണെങ്കിലും ശ്രദ്‌ധിച്ചാല്‍ ചുരുളുകള്‍ നിവര്‍ത്താം. കണ്ടങ്കാളിയിലെ അഴിയെറിഞ്ഞ ഒരു വീടും വീട്ടുവളപ്പിലേക്കു കയറുന്ന കുറ്റിപ്പടിയും കുറ്റിപ്പടിയെ പ്രധാനപാതയുമായി ബന്ധിപ്പിക്കുന്ന ഉയരം കൂടിയ ഒരു മണല്‍‌വരമ്പും ഓര്‍മയില്‍ മിന്നിമറയുന്നു. വരമ്പിലും പ്രധാനപാതയിലും അങ്ങിങ്ങായി ഒരു തരം പുല്ലിന്റെ ചെറിയ ചെറിയ ദ്വീപുകള്‍ കാണാം. ഒരിക്കലും വളര്‍ന്ന് വിസ്‌താരം വക്കാത്ത ദ്വീപുകള്‍! വരമ്പിന്റെ ഇരുവശത്തുമുള്ള പഞ്ചസാരമണലിലൂടെ ഊര്‍ന്നിറങ്ങുന്നതും പൂഴിയില്‍ പൂവാലപ്പൂന്ത് കളിക്കുന്നതും മറക്കാത്ത ചിത്രങ്ങളാണ്.

ബ്രിട്ടീഷ് ഇന്ത്യയില്‍ ഗ്രെയ്‌ന്‍ പര്‍ച്ചെയ്‌സിംഗ് ഇന്‍സ്‌പെക്‌ടര്‍ എന്ന തസ്‌തികയില്‍ ജോലി ചെയ്യവേ അച്ഛന്‍ ജന്മിമാരില്‍ നിന്നും വന്‍‌കിട കര്‍ഷകന്മാരില്‍ നിന്നും സര്‍ക്കാരിന്റെ ധാന്യശേഖരത്തിലേക്ക് കരം പിരിപ്പിക്കുകയും സാധാരണ പൌരന്മാര്‍ക്ക് റേഷന്‍ കിട്ടുവാനുള്ള ഏര്‍പ്പാടുണ്ടാക്കികൊടുക്കുകയും ചെയ്‌തിരുന്നു. അച്‌ഛന്റെ ആ ജോലിയായിരുന്നു ഞങ്ങളെ കണ്ടങ്കാളിയിലെ താമസക്കാരാക്കിമാറ്റിയത്. കൊക്കാന്‍ശേരിയിലെ ആപ്പീസ് കേന്ദ്രമാക്കി ഒരു സൈക്കിളില്‍ അച്‌ഛന്‍ പയ്യന്നൂരിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും ജോലി സംബന്ധമായി പതിവായി സഞ്ചരിച്ചിരുന്നു. അതുകാരണം സമുദായത്തിന്റെ എല്ലാ തട്ടുകളില്‍ നിന്നും ധാരാളം പരിചയക്കാരെയും സുഹൃത്തുക്കളെയും അച്‌ഛന്‍ നേടിയെടുത്തിരുന്നു. പലരില്‍ നിന്നും പലതരത്തിലുള്ള കാണിക്ക വീട്ടിലെത്തുന്നത് ഒരു നിത്യസംഭവമായിരുന്നു.

അത്തരത്തിലുള്ള ഒരു കാണിക്കയുമായാണ് അന്ന് അച്‌ഛന്‍ സന്ധ്യക്ക് വീട്ടിലെത്തിയത്. വാരാന്ത്യമായതിനാലെന്നു തോന്നുന്നു എന്റെ മൂത്ത രണ്ടു സഹോദരിമാരും അന്ന് ചെറുകുന്നില്‍ നിന്ന് കണ്ടങ്കാളിയിലേക്ക് വന്നിട്ടുണ്ടായിരുന്നു. അവരും എന്റെ ജ്യേഷ്‌ഠനും ചെറുകുന്നില്‍ അച്‌ഛന്‍ പുതുതായി നിര്‍മിച്ച വീട്ടിലേക്ക് ആയിടെ സ്‌ഥിരതാമസം മാറ്റിയിരുന്നു. എല്ലാവരും പഠിച്ചത് ചെറുകുന്നിലായിരുന്നു. അച്‌ഛന്‍ കൊണ്ടുവന്ന പൊതി മേശപ്പുറത്തു വച്ചു. ഞങ്ങള്‍ വാള്‍ലാമ്പ് എന്നു വിളിച്ചു വന്നിരുന്ന വലിയ മണ്ണെണ്ണ വിളക്ക് മേശമേല്‍ കത്തിനില്‍ക്കുന്നുണ്ടായിരുന്നു. അതിന്റെ വെളിച്ചത്തില്‍ സഹോദരിമാരില്‍ ഒരാ‍ള്‍ ആ പൊതി തുറക്കുന്നത് ഞാന്‍ നോക്കി നിന്നു. ഇളം തവിട്ടു നിറത്തില്‍ അല്പം കനത്തില്‍, വൃത്തത്തില്‍, ഒരുരുപ്പടി.

അത്തരത്തിലുള്ള ഒരു സാധനം അതിനു മുമ്പ് കണ്ടിട്ടില്ലാത്ത ഞാന്‍ അതെന്താണെന്നു ചോദിച്ചപ്പോള്‍ സഹോദരിമാരില്‍ ഒരാ‍ള്‍ ഒരു സംശയവുമില്ലാതെ പറഞ്ഞു: ആനക്കാല്‍. അമ്മയുമച്‌ഛനും അടുത്തുതന്നെയുണ്ടായിരുന്നു. എല്ലാവരും അതു ശരിവച്ചു. ആനക്കാലിന്റെ ഒരു കഷണം എനിക്കും കിട്ടി. എല്ലാവരോടുമൊപ്പം ഞാനും ആനക്കാല് തിന്നു. അന്നത്തെ അതിവിശേഷമായ രുചി എന്റെ മസ്‌തിഷ്‌ക്കത്തില്‍ ആഴ്‌ന്നിറങ്ങി.

വീണ്ടും ആനക്കാലു തിന്നുവാന്‍ ഞാന്‍ മോഹിച്ചത് വ്യക്‍തമായി ഓര്‍മിക്കുന്നുണ്ട്. അടുത്ത കൊല്ലമാവുമ്പോഴേക്ക് ഞാനും ചെറുകുന്നിലേക്ക് മാറിത്താമസിച്ച് സ്‌കൂള്‍ വിദ്യാഭ്യാസം തുടങ്ങി. ആ വര്‍ഷം അന്നപൂര്‍ണേശ്വരിയുടെ ഉത്സവത്തിനെത്തിയ ഗജവീരന്മാരായ തളിപ്പറമ്പത്തെ കൊമ്പന്റേയും അര്‍ജുനന്റെയും ലക്ഷണമൊത്ത വട്ടത്തിലുള്ള കാലുകളിലേക്ക് ഞാന്‍ കൊതിയോടെ നോക്കിനിന്നിരുന്നു. തുടര്‍ന്നുള്ള ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ അതിലെന്തോ പന്തികേടുള്ളത് ഞാന്‍ സ്വയം മനസ്സിലാക്കി. അധികം താമസിക്കാതെ ആനക്കാലിന്റെ രുചിയും കഥയും എന്റെ മസ്‌തിഷ്‌ക്കത്തിന്റെ ഉള്ളറയിലെ ഏതോ തന്മാത്രയില്‍ ഒരു നീലപ്പുകച്ചുരുളായി വിലയിച്ചു.
* * *
ആനക്കാല്‍ ഇന്നെനിക്ക് ഒരോര്‍മ മാത്രമല്ല, കൊമ്പന്റെയും അര്‍ജുനന്റെയും കാലുകളില്‍ കൊതിയോടെ നോക്കിനിന്നത് 50 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കഥയാണ്. ഇന്ന് വിഷു പോലെ, ഓണം പോലെ എല്ലാവര്‍ഷവും ഞങ്ങള്‍ ക്രിസ്‌മസ് ആഘോഷിച്ചു വരുന്നു. ടൊറൊന്‍‌ടോവില്‍ നിന്ന് ജ്യോതിയും സാന്‍‌ഹോസെയില്‍ നിന്ന് രഞ്ജിത്തും എത്തുന്നു. വീടിന്റെ മേല്‍ക്കൂര ഹിമശല്‍ക്കത്താല്‍ മൂടപ്പെടുന്നു. മുന്‍പില്‍ ക്രിസ്‌മസിന്റെ വര്‍ണവിളക്കുകള്‍ കത്തുന്നു...

1982-നു ശേഷം ഓരോ വര്‍ഷവും റീബയുടെ പാചകക്കുറിപ്പ് ഒരു പൂര്‍വാചാരത്തിന്റെ പ്രാധാന്യത്തോടെ ഞങ്ങളുടെ ആഘോഷത്തിന്റെ ഭാഗമായി തുടര്‍ന്നു വരുന്നുണ്ട്. വൃത്തത്തിലുള്ള കേക്ക് മുറിക്കുമ്പോള്‍ കണ്ടങ്കാളിയിലെ അഴിയെറിഞ്ഞ ഒരു വീടും വീട്ടുവളപ്പിലേക്കു കയറുന്ന കുറ്റിപ്പടിയും കുറ്റിപ്പടിയെ പ്രധാനപാതയുമായി ബന്ധിപ്പിക്കുന്ന ഉയരം കൂടിയ ഒരു മണല്‍‌വരമ്പും ഓര്‍മയില്‍ മിന്നിമറയുന്നു. കൂടാതെ വാള്‍‌ലാമ്പിന്റെ വെളിച്ചത്തില്‍ 30 സെന്റീമീറ്റര്‍ വ്യാസത്തില്‍ അഞ്ചാറ് സെന്റീമീറ്റര്‍ കനത്തില്‍ ഒരുരുപ്പടിയും.

RELATED PAGES
» കനഡയിലെ തണുത്തുറയുന്ന മഴ
» അര പെനിയുടെ കണക്ക്

2 Comments:

Anonymous രാജീവ് ഗോപാലകൃഷ്‌ണന്‍ said...

ഇത്രയും ‘രുചിയുള്ള’ ഒരു ഓര്‍മക്കുറിപ്പ് ഇന്ദുലേഖയില്‍ വരുന്നത് ഇതാദ്യം. ഇദ്ദേഹത്തിന്റെ മറ്റു രണ്ടു ലേഖനങ്ങളും വായിച്ചു. ഇത്ര ചന്തമുള്ള മലയാളം കേരളത്തിനു പുറത്തുമുണ്ടെന്നറിഞ്ഞതില്‍ സന്തോഷം. സര്‍, ഇനിയും എഴുതൂ. ഞങ്ങള്‍ കാത്തിരിക്കുന്നു.

6:35 AM  
Blogger shiny said...

ആനക്കാലിന്റെ രുചി ഞങ്ങള്‍ക്കും പകര്‍ന്നു തന്നതിന് നന്ദി..
വളരെ മനോഹരമായ വിവരണം...
ഇനിയും എഴുതുമെന്നു കാത്തിരിക്കുന്നു....
ഷൈനി , കുവൈറ്റ്

9:47 PM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger