എന്റെ ഗുരുദക്ഷിണ
- ഹരിലാല്‍ വെഞ്ഞാറമൂട്
" 'അമ്മ' എന്നെഴുതണതെങ്ങനാടാ?" അംഗന്‍വാടിയിലെ അഭ്യാസം കഴിഞ്ഞ് വീട്ടിലെത്തിയപാടെ അമ്മേടെ ചോദ്യം!
അന്നങ്ങോട്ട് ആ വാക്ക് പഠിച്ചതേ ഉള്ളൂ. അതുകൊണ്ട് എനിക്കതിനെക്കുറിച്ച് ഉറപ്പുള്ള ഉത്തരമുണ്ടായിരുന്നു: "അതേ..'അ'യിട്ട് 'മ'യിട്ട് 'മ'യിടണം!"
"എഴുതിക്കാണിക്ക്.."
"ദേ നോക്കിക്കോ..അ..മ..മ..."അമ്മ ചിരിച്ചു!
"വേറൊന്തോ അറിയാം?"
"ങാ...ആനേന്നെഴുതാന്‍ പടിച്ചു!"
"നോക്കട്ടേ..എഴുത്"
" അ..ാ..ന" അമ്മേടെ രണ്ട് വിരലുകള്‍ അന്ന് സ്നേഹത്തോടെ എന്റെ നാലുവര്‍ഷം മൂപ്പെത്തിയ ചെവീടെ അളവെടുത്തു. ഒരു പൊന്നീച്ച എവിടുന്നോ വന്ന് ചെവീടെ മേലെയിരുന്നിട്ട് പോവുമ്പോലെ കണ്ണിനു തോന്നി!
അമ്മയുടെ ഈ ചെവിക്കുപിടിത്തം എനിക്കുമാത്രമേ പുതുമയാവൂ. അതിനും പത്തുവര്‍ഷം മുന്‍പ് തന്നെ തൊട്ടടുത്ത സര്‍ക്കാര്‍ എല്‍. പി. സ്കൂളിലെ പിള്ളാരുടെ ചെവിയില്‍ ലീലടീച്ചര്‍ ഈ അഭ്യാസം തുടങ്ങിയിരുന്നു. കുറേപ്പേര്‍ നന്നായിക്കാണും. കുറേപ്പേര്‍ വേദനിച്ച് പ്രാകി വീട്ടില്‍പ്പോയി "ഇനി എനിക്ക് കണക്ക് പഠിക്കണ്ടായേ"ന്ന് അപ്പനമ്മമാരോട് പരാതിപറഞ്ഞുകാണും. അങ്ങനെ പരാതി പറയാന്‍ മുട്ടിയിട്ടും പറ്റാതെ, പറഞ്ഞാല്‍ ഇനിയും കിട്ടുമെന്നുറപ്പുള്ള രണ്ടുപിഞ്ചുഹൃദയങ്ങള്‍ നാല്, രണ്ട് ക്ലാസുകളില്‍ നിന്ന് എന്നും വൈകിട്ട് എന്റെ വീട്ടില്‍തന്നെ വന്നുകയറി ഉരുകിജീവിക്കുന്നുണ്ടായിരുന്നു.
വീട്ടില്‍ വന്ന് ചേച്ചിമാര്‍ രണ്ടാളും സ്കൂള്‍ വിശേഷങ്ങള്‍ പറയുമ്പോ ഞാന്‍ "യ്യോ..എനിച്ചും സൂളീവരണം"എന്ന് കരഞ്ഞുപറയും. "അയ്യോ..അതിനൊക്കെ നാലഞ്ചുവയസാവണം കുട്ടാ"എന്ന് പറഞ്ഞ് അവര്‍ വല്യപുള്ളികളാവും. "ചേച്ചീ..ഈ 'ഹോ ഹോ ഹോ' എന്നുപറഞ്ഞാ ഇംഗ്ലീഷിലെ നാലുമണിയായെന്നാണോ?" കൂട്ടത്തില്‍ വെറും രണ്ടാം ക്ലാസുകാരിയായ രണ്ടാം നമ്പരിന്റെ ജിജ്ഞാസ അണപൊട്ടി.
"അതെന്താടീ അങ്ങനെ ചോദിച്ചത്?" സര്‍വജ്ഞപീഠത്തിലോട്ട് ലാസ്റ്റ് എക്സാമെഴുതീട്ട് റിസള്‍ട്ട് കാത്തിരുന്ന മൂത്തവള്‍ക്ക് ആ ചോദ്യത്തിന്റെ ഉള്ളിലിരുപ്പ് പിടി കിട്ടിയില്ല! "അല്ല, ഇന്ന് നാലുമണിക്ക് ഉണ്ണിത്താന്‍ സാറ് നിങ്ങളെ മരത്തിന്റെ താഴെയിരുത്തി 'ഹോ ഹ ഹോ'എന്നുറക്കെപ്പറയിപ്പിക്കണതുകേട്ടല്ലൊ?! അപ്പോ ഞങ്ങടെ സാറുപറഞ്ഞു നാലുമണിയായെന്നുപറയുവാണെന്ന്!"
ഉണ്ണിത്താന്‍ സാറ് അവിടുത്തെ 'വ്യത്യസ്തനാമൊരു' സാറായിരുന്നു. വാകമരത്തിന്റെ മൂട്ടിലിരുത്തി ക്ലാസെടുക്കും, സ്കൂളിലെ കോണ്‍സ്റ്റബിള്‍ മുതല്‍ ഡി. ഐ. ജി. വരെയുള്ള ചുമതലകള്‍ നോക്കും, അസംബ്ലിക്കിടയില്‍ താമസിച്ചുവരുന്നവന്റെ ആസനത്തില്‍ ചൂരക്കഷായം വക്കും...അങ്ങനെ ഒട്ടേറെ ചുമതലകള്‍ക്കിടയില്‍ ലതും സംഭവിച്ചു... "ഹോ..ഹോ...ഹോ.."
ഉണ്ണിത്താന്‍ സാറിനോട് പിള്ളാര്‍ക്ക് വേറെയും ചില വ്യക്തിവൈരാഗ്യങ്ങളുണ്ട്!
വിശന്നിരിക്കുന്നവന്റെ മുന്നില്‍ ഉച്ചക്കഞ്ഞി(അതിങ്ങനെ അമേരിക്കന്‍ സാമ്രാജ്യത്വശക്തികളുടെ ഇടപെടല്‍ മൂലം മഞ്ഞപ്പൊടിയായോ, സര്‍ക്കാരിന്റെ വരുമാനത്തിനനുസരിച്ച് ഗോതമ്പുപുഴുക്കായോ വിശേഷാവസരങ്ങളില്‍ കഞ്ഞിയും കൂട്ടുകറിയുമായോ കാലികമായ മാറ്റങ്ങള്‍ക്ക് വിധേയമാകാറുണ്ട്; എങ്കിലും പൊതുവേ ഉച്ചക്കഞ്ഞി!) വിളമ്പിവച്ചിട്ട് "ആരും കഴിക്കരുത്"എന്ന് ചൂരലുകാട്ടി ആജ്ഞാപിക്കും. സ്കൂള്‍ വരാന്തയിലങ്ങോളമിങ്ങോളം കരിഞ്ഞ വയറുകള്‍ വിതുമ്പും! ഇടയ്‌ക്ക് ഏവനെങ്കിലുമൊരുത്തന്‍ ചുമ്മാ ഒരാശ്വാസത്തിന് ഒരു മണി ചോറ് സ്വന്തം പാത്രത്തീന്ന് അടിച്ചുമാറ്റി (നോക്കണേ ഗതികേട്) സാററിയാതെ വായിലോട്ടെറിയും. ഇതുകണ്ട് ഏതെങ്കിലുമൊരു കരിങ്കാലി വിശപ്പുമൂത്ത് അസൂയമൂത്ത് വിളിച്ചുപറയും.. "സാറേ..ലോ ലവന്‍ തിന്നണ്!" പിന്നെ അവന് സാറിന്റെ വക ഫ്രീ ഉപദേശം കിട്ടും!
എല്ലാപാത്രങ്ങളിലും കഞ്ഞിവീണ് കിലുക്കങ്ങള്‍ നിന്നെന്ന് ഉറപ്പുവരുത്തിയിട്ട് വരാന്തയുടെ ഒരറ്റത്തുചെന്ന് ഉണ്ണിത്താന്‍ സാര്‍ നിവര്‍ന്നുനില്‍ക്കും. ഉടഞ്ഞുലഞ്ഞ വെള്ളയുടുപ്പിന്റെ കൈകള്‍ രണ്ടും മുട്ടിനുമേലേക്ക് ചുരുട്ടിവച്ചിട്ടുണ്ടാവും. ചുരുട്ടുന്നതിനിടക്ക് അറിയാതെ കൂടെ ചുരുണ്ടു കയറിയതുപോലെ ഒരു മുഷിഞ്ഞ തൂവാല ഞാന്നുകിടക്കും. ചിലപ്പോള്‍ ഈ തൂവാലയുടെ ലൊക്കേഷന്‍ കഴുത്തിനു പിന്നിലെ അതിസ്വേദമേഖലയിലേക്ക് മാറി കോളര്‍വിരുദ്ധപ്രക്ഷോഭം നടത്തി കറുത്തു കിടക്കുകയായിരിക്കും. ബാര്‍ബര്‍മാരോടെന്തോ ദേഷ്യമുള്ളതുപോലെ ആഴ്ചയിലൊരിക്കല്‍ വടിക്കുന്ന താടിയിലെ കുറ്റിരോമങ്ങള്‍ കണ്ടാല്‍ പെന്‍ഷനായിക്കഴിഞ്ഞ് ജോലിക്കുകയറിയതാണോ എന്ന് സംശയം തോന്നാം! മറ്റേ അറ്റത്ത് കഞ്ഞിപ്പാത്രത്തിന്റെ അകത്ത് മനസ്സെറിഞ്ഞ് ആക്രാന്തം മൂത്തുനിക്കുന്നവന്‍ അപ്പോ സാറിന്റെ തോളില്‍ക്കൂടി ഒളിഞ്ഞുനോക്കുന്ന ചൂരലിലേക്ക് നിരാശയോടെ നോക്കും! സാറാ ഡയലോഗിപ്പോ പറയും...എല്ലാ കണ്ണുകളും വയറുകളും ഉദ്വേഗപൂര്‍വം സാറിനെനോക്കും. സാറേ...പറയ് സാറേന്ന് ഓരോ പിഞ്ചുമനസ്സും കേഴും! ‘മിഥുന‘ത്തിലെ ജഗതിയണ്ണന്‍ ഗതിമുട്ടി മന്ത്രവാദീടെ കയ്യീന്ന് തേങ്ങാ പിടിച്ചുവാങ്ങി ഉടച്ചപോലൊരു ലാ ലത് ഫീലുചെയ്യും!
"എല്ലാര്‍ക്കും കിട്ടിയാ....?!" ഉറക്കെ സാറിന്റെ ഡയലോഗ്.
"കിട്ടീ....!!!" വിശപ്പിന്റെ കോറസ്!!
"എന്നാലിനി കഴിച്ചോളിന്‍.." പിന്നെ ആ കഞ്ഞി തീരാന്‍ ഈ വിളമ്പിയ സമയം പോലും വേണ്ട.
അപ്പോ പറഞ്ഞു വന്നത് നാലുമണിക്ക് എന്റെ രണ്ടാമത്തെ ചേച്ചി, മൂത്തചേച്ചീടെ ക്ലാസീന്ന് ഓസിനുപഠിച്ച ഇംഗ്ലീഷ്! 'ഹോ..ഹോ..ഹോ.."
"അതെന്തിനാടീ നാലുമണിയാവുമ്പോ നിങ്ങളെല്ലാം ഹോ..ഹോ..ഹോ..ന്നു കൂവുന്നത്?"വഴിയേ പോയ അമ്മയ്‌ക്കും അത് മനസ്സിലായില്ല! നാലാം ക്ലാസുകാരി ഇല്ലാത്ത കോളര്‍ വലിച്ചിട്ട് ഗമയില്‍ പറഞ്ഞു: "അയ്യോ..അത് ഞങ്ങളെല്ലാംകൂടി 'ഫോ..ര്‍...ഓ..ക്ലോക്ക്!!" എന്നുപറഞ്ഞതായിരിക്കും ഇവള്‍ ഹോ ഹോ ഹോന്നുകേട്ടത്!"
"ഓഹോ" അമ്മ പോയി!
കാലം എന്നെപ്പിടിച്ച് ഉണ്ണിത്താന്‍ സാറിന്റേയും ഭാര്യ ജാനമ്മടീച്ചറിന്റേയും സ്വയംപ്രഭടീച്ചറിന്റേയും സരസമ്മടീച്ചറിന്റേയും പ്രസന്ന ടീച്ചറിന്റേയും നെല്‍സന്‍ സാറിന്റേയും ഭാസിസാറിന്റേയും വര്‍മ്മസാറിന്റേയും സുകുമാരപിള്ളസാറിന്റേയും എന്റെ അമ്മടീച്ചറിന്റേയും ക്ലാസുകളില്‍ മാറ്റിമാറ്റി ഇരുത്തി പീഢിപ്പിച്ചു! എങ്കിലും ഉണ്ണിത്താന്‍ സാര്‍ നേരത്തേ പറഞ്ഞപോലെ 'വ്യത്യസ്തനാമൊരു' സാറായി തുടര്‍ന്നു.
ഞാന്‍ മൂന്നാം ക്ലാസുവരെ എത്തുമ്പോഴേക്ക് ഇപ്പോ പ്ലസ് ടൂക്കാരനും പണ്ട് പത്താം ക്ലാസുകാരനും കോളേജുജീവിതം സ്വപ്നം കാണുമ്പോലെ ഞങ്ങള്‍ ഹൈസ്കൂള്‍ ജീവിതം സ്വപ്നം കണ്ടുതുടങ്ങിയിരുന്നു. അതാവുമ്പോ ഒന്നര കിലോമീറ്റര്‍ അപ്പുറത്തുള്ള ഹൈസ്കൂള്‍ വരെ വലിയ റോഡുവഴിനടക്കാം. മൂന്നുവര്‍ഷമായി സ്ഥിരം നടന്നുനടന്ന് ഇപ്പോഴത്തെ വഴിയരുകിലെ കൈതമുള്ളുകള്‍ക്കും മാവുകള്‍ക്ക് ചോട്ടിലെ വീട്ടുകാര്‍ക്കും(അല്ല,അവര്‍ക്കാണല്ലോ കല്ലേറുകൊണ്ട് കിടക്കപ്പൊറുതിയില്ലാത്തത്!) നായ്,പൂച്ച തുടങ്ങി പക്ഷിമൃഗാദികള്‍ക്കും മഷിത്തണ്ട്, വട്ടത്താമര, സ്ലേറ്റുത്താമര തുടങ്ങി സസ്യജാലങ്ങള്‍ക്കും വരെ ഞങ്ങളെക്കണ്ട് ബോറടിച്ചു തുടങ്ങിയിരുന്നു. ഒരു കൊല്ലം കഴിഞ്ഞാല്‍ എറിയാന്‍ പുതിയ പട്ടികള്‍, പുത്തന്‍ മാവുകള്‍(കലിപ്പള്ളികളേ ഷെമി...ഞാനും ഒരു മാവേലെറിഞ്ഞുപോയി!)...പേരുകൊത്താന്‍ പുതിയ കൈതമുള്ളുകള്‍...
സ്വപ്നങ്ങളങ്ങനെ പൂവും കായുമിട്ടുനില്‍ക്കുമ്പോഴാണാ ഹൃദയഭേദകമായ കാര്യം നടപ്പിലാവുന്നത്!
സാക്ഷാല്‍ ശ്രീമാന്‍ ഉണ്ണിത്താന്‍ സാര്‍ പുതിയൊരാശയവുമായി പടക്കിറങ്ങി വിജയിച്ചുവന്നിരിക്കുന്നു!! സ്ഥലത്തെ പ്രധാന ജന്മികളേയും, അമ്പലക്കമ്മറ്റികളില്‍ മാത്രം വികസനം നടത്തിയിരുന്ന കോണ്‍ഗ്രസുകാരെയും എവിടെ കയറ്റിറക്കുണ്ടോ അവിടെ ഞങ്ങളുമുണ്ടെന്നുപറഞ്ഞിരുന്ന സഖാക്കളേയും, ഒരു കയ്യിലെ വിരലുകള്‍ കൊണ്ട് എണ്ണാവുന്നത്രേം ബി.ജെ.പി.ക്കാരെയും സംഘടിപ്പിച്ച്... എമ്മെല്ലേ, എമ്പീ എന്നുവേണ്ട അങ്ങേയറ്റം എയീഓയെവരെ സ്വാധീനിച്ച്... അതേ സ്കൂളിലെ ഉച്ചക്കഞ്ഞികുടിച്ചുവളര്‍ന്ന് വിദേശത്തുപോയി ബിരിയാണികഴിക്കാന്‍ പ്രാപ്തിയായവരെയൊക്കെ പിരിച്ച്... സാര്‍ വിജയിച്ചുവന്നിരിക്കുന്നു! ഒറ്റവരിഷെഡുള്ള സ്കൂളിന് മൂന്ന് ക്ലാസുകളും കൂടി കൂട്ടി നല്‍കി യു.പി.എസ് (ഐ.പി.എസ്.,ഐ.എ.എസ്. എന്നൊക്കെപ്പറയുമ്പോലെ!)പദവി നല്‍കി സര്‍ക്കാര്‍ അനുഗ്രഹിച്ചിരിക്കുന്നു. സാറിന് നാട്ടുകാരുടെ വക അഭിനന്ദനങ്ങള്‍!!
പണ്ട്..1962-ല്‍ ആലിന്തറ സ്കൂളിന് ഒരു ദുരന്തം സംഭവിച്ചിരുന്നു. അപ്രതീക്ഷിതമായി വീശിയടിച്ച ഒരു കൊടുങ്കാറ്റില്‍ തെക്കുവടക്കായി നീണ്ടുകിടന്ന സ്കൂള്‍ കെട്ടിടം പിഞ്ചുകുഞ്ഞുങ്ങളുടെ മുകളിലേക്ക് തകര്‍ന്നുവീണു. രണ്ടു കുട്ടികള്‍ മരിക്കുകയും ഒട്ടേറെ കുഞ്ഞുങ്ങള്‍ക്ക് സാരമോ നിസാരമോ ആയ പരിക്കുപറ്റുകയും ചെയ്തു. അന്ന് ഉണ്ണിത്താന്‍ സാറെന്ന ഉത്തമപൌരന്റെ സേവനം അവിടെ ലഭിച്ചുതുടങ്ങിയിരുന്നില്ല. എല്ലാ കാറ്റുകളും കെട്ടടങ്ങിയിട്ടും ഗ്രാമത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന് ദുരിതബാധിതമായ സ്കൂള്‍ മന്ദിരം മണ്‍കട്ടകളായി നിരന്നുകിടന്നു.
അപ്പോള്‍ സ്ഥലത്തെ പ്രധാനപ്രമാണികളിലൊരാള്‍, സ്കൂളിന്റെ തൊട്ടടുത്ത തറവാടായ 'മുളമൂട്ടില്‍' വീടിന്റെ കാരണവര്‍ അദ്ദേഹത്തിന്റെ സന്മനസ്സ് തുറന്നുവച്ചു. പുതിയകെട്ടിടം വരും വരെ ആ തറവാടിന്റെ വരാന്തയിലായിരുന്നു 'സര്‍ക്കാര്‍ സ്കൂളിന്റെ' പ്രവര്‍ത്തനം! പുതിയ കെട്ടിടം വന്നപ്പോള്‍ 'മുളമൂട്ടില്‍ സ്കൂള്‍' എന്ന അലിഖിതനാമം നല്‍കി ജനം ആ തറവാടിനെ സ്മരിച്ചു!!
ടി തറവാട്ടിലെ സുന്ദരിയും സുശീലയും സര്‍വോപരി അദ്ധ്യാപികയുമായ ജാനമ്മയെക്കെട്ടി സകുടുംബം സ്കൂള്‍ ഏറ്റെടുത്തയാളാണ് ഇപ്പോ അപ്‌ഗ്രഡേഷനുവേണ്ടി ചോരനീരാക്കുന്നത്! സാറിന് വീടും സ്കൂളും പാലിലെ വെള്ളം പോലെ അഭേദ്യപൂരകങ്ങളായിക്കഴിഞ്ഞിരുന്നു!!
സ്കൂള്‍ മുറ്റത്തെ വാകമരം ഒരുവട്ടംകൂടി പൂകൊഴിച്ച് ഉണങ്ങി. അതിന്റെ തൊട്ടടുത്തുണ്ടായിരുന്ന കശുവണ്ടിത്തോപ്പും അതുകടന്നാലെത്തുന്ന രണ്ടുപാടങ്ങളും സ്കൂളിനുവേണ്ടി വാങ്ങി. വയല്‍ നികത്തി കളിസ്ഥലമാക്കി (നികത്താം...സ്കൂളിനുവേണ്ടിയൊക്കെയാവുമ്പോ ആരും ക്ഷമിക്കും!).
വാകയുടെ അരികത്തുനിന്ന കുറച്ചുമരങ്ങള്‍ മുറിച്ച് വെടിപ്പാക്കി അവിടെ പുതിയ കെട്ടിടം വന്നു.
ഞങ്ങള്‍ക്ക് അതൊരു ഇരുട്ടടിയായിരുന്നു.പലരും സ്കൂളിന്റെയും അദ്ധ്യാപകരുടേയും കുറ്റങ്ങള്‍ പെരുപ്പിച്ച് പറഞ്ഞ് മാതാപിതാക്കളെ വശീകരിച്ച് സ്കൂള്‍ മാറാനുള്ള ശ്രമം തുടങ്ങി. എനിക്കാണെങ്കില്‍ അതിനൊരു സ്കോപ്പുമില്ല!!
പുതിയ കെട്ടിടത്തോടെ മൂന്നുക്ലാസുകളും ഉദ്‌ഘാടനം ചെയ്യാന്‍ രാഷ്ട്രീയക്കാരനെത്തുമ്പോഴേക്ക് അരാഷ്ട്രീയവാദിയായ ഉണ്ണിത്താന്‍ സാര്‍ സ്ഥാനക്കയറ്റത്തോടെ വേറൊരു സ്കൂളിലേക്ക് മാറ്റപ്പെട്ടിരുന്നു. സാറതില്‍ വിഷമിച്ചിരുന്നോ എന്ന് ചോദിച്ചറിയേണ്ട കാര്യമില്ലല്ലോ! അങ്ങനെ സ്കൂള്‍ വലുതായിക്കൊണ്ടിരിക്കുന്തോറും ഞാന്‍ ഉടനേ വേറൊരു സ്കൂളെന്ന മോഹം വച്ചുകെട്ടി. പിന്നെ ആകെയുണ്ടായിരുന്ന ഒരു സമാധാനം കൂട്ടത്തിലുണ്ടായിരുന്ന എല്ലാവന്റേം അപ്പന്മാര്‍ ശുദ്ധപിന്തിരിപ്പന്മാരും മക്കള്‍ ഉയര്‍ന്നതരത്തില്‍ പോകണമെന്ന് ചിന്തിക്കാത്തവരും ആയിരുന്നു എന്നതാണ്! അതുകൊണ്ട് ഒട്ടു മിക്കതിനേം അഞ്ചാംതരത്തില്‍ മിസ് ആയില്ല!
സ്കൂള്‍ സര്‍ക്കാര്‍ കണക്കില്‍ തന്റേതല്ലെങ്കിലും അതിനെ അവികസിതമായി കൈവിട്ടുകളയാന്‍ സാര്‍ ഒരുക്കമല്ലായിരുന്നു. കാരണം,സാറിന് പുരോഗമനാശയത്തില്‍ ആരാണ്ട് കൈവിഷം കൊടുത്തിരുന്നു. സ്വന്തം വയലിന്റെ വരമ്പ് അകത്തേക്കിറക്കി സ്കൂളിനു മുന്നിലൂടെ റോഡുവരാനുള്ള നീക്കത്തിന് ആക്കം കൂട്ടിക്കൊണ്ട് സാര്‍ പദ്ധതികള്‍ തുടര്‍ന്നു! ഒടുവില്‍ റോഡുമായി.
സാറിന്റെ സേവനങ്ങള്‍ കാണാനും ഇതെല്ലാം വെളിച്ചത്തു കൊണ്ടുവന്ന് വേണ്ടും വിധം ആദരിപ്പിക്കാനും അന്ന് ഏഷ്യാനെറ്റും കൈരളിയുമൊന്നുമില്ലായിരുന്നു എന്ന് സ്മരിച്ചുകൊള്ളട്ടെ! എങ്കിലും ചുരുങ്ങിയത് ഒരദ്ധ്യാപക അവാര്‍ഡെങ്കിലും പുള്ളിയെ മിസ് ചെയ്തു! വാകമരത്തിനു കീഴെ പുതിയ ഷെഡുകള്‍ വരികയും പുതിയ കെട്ടിടങ്ങള്‍ കൊടുങ്കാറ്റൊന്നുമില്ലാതെ പഴയതിനേക്കാള്‍ മുന്നേ പൊളിയുകയും ചെയ്തു. പഴയ ക്ലാസ് മുറികള്‍ കുളമാകുകയും പൊട്ടിയ ആസ്‌ബസ്റ്റോസ് കഷണങ്ങള്‍ക്കിടയിലൂടെ പെയ്ത മഴയില്‍ ആ കുളങ്ങള്‍ നിറഞ്ഞ് കൊതുകുകള്‍ മുട്ടയിട്ട് അര്‍മാദിക്കുകയും ചെയ്യുമ്പോള്‍ പുതിയൊരു സേവനത്തിന് മുന്‍കൈയെടുക്കാനാകാത്തവിധം ഉണ്ണിത്താന്‍ സാറെന്ന വന്മരം ഇലകൊഴിച്ച് ഉണങ്ങാന്‍ തുടങ്ങിയിരുന്നു.
"അടിച്ച വഴിയേ പോയില്ലെങ്കില്‍ പോണവഴിയേ അടിക്കുക" എന്ന പോളിസിയില്‍ വീട്ടുകാര്‍ പഠിപ്പിച്ച് ഒരു വഴിയാക്കിക്കഴിഞ്ഞിരുന്ന ഞാന്‍, ജീവിതത്തിന്റെ നിര്‍ത്താതെയുള്ള ഓട്ടത്തിനിടക്കെപ്പോഴോ അമ്മയെക്കാണാന്‍ വീട്ടില്‍ തിരികെച്ചെന്ന ഒരു ദിവസം...അമ്മ പറഞ്ഞാണറിഞ്ഞത്...സാറിന് സുഖമില്ല!
അദ്ദേഹത്തിന്റെ കര്‍മ്മസാക്ഷാത്കാരമായ ചെമ്മണ്‍പാതയിലൂടെ ചെമ്പരത്തിപ്പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന ആ വീട്ടിലേക്ക് ഞാന്‍ ചെന്നു. കണ്ണുകളില്‍ വിരിയാന്‍ വിഷമിക്കുന്ന ചിരിയുമായി ജാനമ്മടീച്ചര്‍ എന്നെ സ്വീകരിച്ചു. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ ഗുരുകുലത്തിലേക്ക് ഞാന്‍ തലകുമ്പിട്ട് കയറിച്ചെന്നു... അകത്തെ മുറിയില്‍ ആയുര്‍വേദതൈലങ്ങളുടെ അസഹ്യഗന്ധങ്ങളില്‍ മയങ്ങി ആ വന്‍വൃക്ഷം തളര്‍ന്നുപോയിരിക്കുന്നു. കര്‍മ്മനൈരന്തര്യത്തിന്റെ തിരുശേഷിപ്പുകളായി ഒരു ഹൃദയവും കുറേ അവയവങ്ങളും തടിക്കട്ടിലില്‍ നിരന്നുകിടപ്പുണ്ട്...
"ദാണ്ടേ..ഹരി..!" ടീച്ചര്‍ പതിയെ വിളിച്ചു. ആ പഴയകട്ടിക്കണ്ണടയൊന്നനക്കി അദ്ദേഹം എന്നെ നോക്കി. സ്നേഹപൂര്‍ണ്ണമായ ചില അനക്കങ്ങള്‍ ഞാന്‍ കണ്ടു. എന്റെ കണ്ണുകള്‍ അപ്പോഴേക്കും നിറയാന്‍ തുടങ്ങിയിരുന്നു..(ഇപ്പോള്‍ ഇതെഴുതുമ്പോഴും..!) നട്ടെല്ലിലൂടെ കാര്‍ന്നുകയറിപ്പോകുന്ന കര്‍ക്കിടകക്കാലുകള്‍ തെളിഞ്ഞ നിഴല്‍ചിത്രങ്ങളുടെ ഒരു കെട്ട് ടീച്ചര്‍ എടുത്തുകൊണ്ടുവന്നു. അതില്‍ എനിക്കൊന്നും കാണാനില്ലെങ്കിലും വെറുതേ മറിച്ചുനോക്കി.
സേവനം കൊണ്ട് ആതുരമായ ഹൃദയത്തിന്റെ വിങ്ങലുകള്‍ക്ക് മതിലിനപ്പുറത്തുനിന്നും വരുന്ന സ്കൂള്‍ ബഹളങ്ങള്‍ മാത്രമായിരിക്കുന്നു ആശ്വാസം! അധികം നില്‍ക്കാതെ, ആ പാദങ്ങളെ സ്പര്‍ശിച്ച് ഞാന്‍ പടിയിറങ്ങി. കാലമേറെച്ചെല്ലും മുന്‍പേ "ഹോ..ഹോ..ഹോ.." വിളികളില്ലാതെ അദ്ദേഹവും!
ഇപ്പോള്‍ ഓര്‍മ്മകളുടെ നീണ്ട വരാന്തയുടെ അങ്ങേയറ്റത്ത് അഴുക്കുപുരണ്ട ഷര്‍ട്ടുമിട്ട് അദ്ദേഹം നിവര്‍ന്നു നില്‍ക്കുന്നു. സ്നേഹം ആവോളം വിളമ്പിയ ആ ശബ്ദം ചെറിയ മുഴക്കമായി എനിക്കിപ്പോഴും കേള്‍ക്കാം...
"എല്ലാവര്‍ക്കും കിട്ടിയാ..?!!"
"കിട്ടി സാര്‍! പക്ഷേ ഞങ്ങള്‍ ഒന്നും തിരിച്ചുതന്നില്ലല്ലോ?!"
ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണോ
ഗുരുര്‍ ദേവോ മഹേശ്വരാ
ഗുരുര്‍ സാക്ഷാത് പരബ്രഹ്മാ
തസ്മൈ ശ്രീ ഗുരവേ നമ:

2 Comments:
ഞാനും എന്റെ കുട്ടികാലം ഓര്‍ത്തു പോയി ഇത് വായിച്ചപ്പോള്‍. എന്റെ നിര്‍മല ടീച്ചറെ ഓര്‍ത്തു ഞാന്‍. ഒരികല്‍ എങ്ങിലും പോയി അവരെ കാണാന്‍ ഒരു അവസരം കിട്ടിരുനെങ്ങില്‍.
really good one :) touching
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME