മികച്ചൊരു വായനക്കാരനായ ദേശമംഗലത്ത് അഷ്ടമൂർത്തി എനിക്കു സമ്മാനിച്ച പുസ്തകമാണ്, ‘വൈക്കിങ്’ പ്രസിദ്ധീകരിച്ച A Month in Sienna. 2017ൽ ആത്മകഥയ്ക്കുള്ള പുലിറ്റ്സർ സമ്മാനം നേടിയ ലിബിയൻ എഴുത്തുകാരൻ ഹിഷാം മതാർ ആണ് രചയിതാവ്. പലപ്പോഴും നമുക്ക് വായന അനേകം ലോകങ്ങളിലേക്കുള്ള ആലങ്കാരിക തീർത്ഥയാത്രയാകാം. പക്ഷേ, ഇറ്റലിയിലെ സിയെനായിലേക്ക് മഹത്തായ ചിത്രങ്ങൾ തേടിയുള്ള ഹിഷാം മതാറിന്റെ യഥാർത്ഥ യാത്രയുടെ അലങ്കാരങ്ങളില്ലാത്ത വിവരണമാണ് ഈ പുസ്തകം.

കേണൽ ഗദ്ദാഫിയുടെ കാലത്ത് ലിബിയയിലെ മതഭരണകൂടത്തിന്റെ വിചിത്രമായ ജനാധിപത്യപരീക്ഷണങ്ങൾക്കുള്ളിൽ തന്റെ അഭിപ്രായസ്വാതന്ത്ര്യം അടിയറ വയ്ക്കാതിരിക്കുകയും മറ്റൊരു രാജ്യത്ത് അഭയം തേടുകയും ചെയ്തയാളാണ് മതാറിന്റെ അച്ഛൻ. ഒളിവിൽ പാർത്ത കെയ്റോയിൽ നിന്നും ഒരു ദിവസം അദ്ദേഹം തട്ടിക്കൊണ്ടുപോകപ്പെട്ടു, ജയിലിലടയ്ക്കപ്പെട്ടു. ‘വെള്ളത്തിൽ വീണ ഉപ്പ്’ പോലെ അച്ഛൻ അപ്രത്യക്ഷനായതിനെക്കുറിച്ച് മതാർ എഴുതുന്നുണ്ട്. കാര്യകാരണങ്ങളില്ലാത്ത, മരിച്ചതിനു പോലും തെളിവില്ലാതെയുള്ള ആ വേർപാട് മകനിൽ ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ സൃഷ്ടിച്ചു.

വ്യക്തിജീവിതത്തിലെ ആ രാഷ്ട്രീയസന്ദർഭത്താൽ വേട്ടയാടപ്പെട്ടത്, മതാറിനെ നിരന്തരം പ്രഹേളികകളെ തേടുകയും നേരിടുകയും ചെയ്യുന്ന ഒരാളാക്കി. കലാചരിത്രം പ്രഹേളികകളുടെ ഖനിയാണല്ലോ. ‘നിങ്ങൾ നോക്കിനോക്കിയിരിക്കവേ ഒരു ചിത്രത്തിന് അപ്രതീക്ഷിതമായ വിധത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നു’വെന്ന്, മതാർ പറയുന്നു. ഇറ്റാലിയൻ നവോത്ഥാനചിത്രകലയുടെ വിവിധ നഗരകേന്ദ്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി, മതേതരവും പൗരജീവിതസംബന്ധവുമായ ഒട്ടനേകം ചിത്രങ്ങൾ ഉൾക്കൊള്ളുന്നതാണ് സീയന്നയിലെ മാസ്റ്റർപീസുകൾ. ആ നഗരമതിലിനപ്പുറമുളള ശ്മശാനത്തിലിരുന്ന്, വിലപിക്കാനൊരു കുഴിമാടം തന്നെയില്ലാത്ത ഒരു ദുഃഖിയാണ് താനെന്ന് മതാർ സ്വയം മനസ്സിലാക്കി. അവിടെയുള്ള ‘പലാസോ പബ്ലിക്കോ’യിൽ അംബ്രോഷിയോ ലോറെൻസെറ്റിയുടെ Allegory of Good Government എന്ന മ്യൂറലിൽ കാണുന്ന നീതിയുടെ അലിഗറി, നന്മയ്ക്ക് പാരിതോഷികവും തിന്മയ്ക്ക് ശിക്ഷയും നടപ്പാക്കുന്ന ചിത്രീകരണമുണ്ട്.

അതിൽനിന്നും മതാറിന്റെ മനോവ്യാപാരങ്ങൾ നേരെ കടക്കുന്നത് കാരവാജിയോയുടെ പ്രശസ്തമായ David and Goliath എന്ന പെയിന്റിങ്ങിലേക്കാണ്. കൊലപാതകക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട ചിത്രകാരൻ ദയ യാചിച്ചു വരച്ച ചിത്രമാണിത്. ശിക്ഷ നടപ്പാക്കുന്ന ഭരണകൂടങ്ങളുടെ ധാർമികത ഏവരും വാഴ്ത്തുന്നു. യഥാർത്ഥത്തിൽ ശിക്ഷിക്കപ്പെടുന്നവന്റെ അരിഞ്ഞു വേർപെടുത്തിയ തലയുടെ മുഖഭാവം അധികമാരും ശ്രദ്ധിക്കാറില്ല. പക്ഷേ, ഭരണകൂടങ്ങളുടെ ധാർമികതയെ സത്യത്തിലത് അലട്ടുന്നുണ്ടെന്ന നിരീക്ഷണത്തിലേക്ക് അതിസൂക്ഷ്മം മതാർ കടക്കുന്നത് ഈ പുസ്തകത്തിൽ വായിക്കാം.

യഥാർത്ഥത്തിൽ ഏറ്റവും മികച്ച കലാനിരൂപണം നടക്കുന്നത് ആഴത്തിൽ മുറിവേറ്റ ഒരു കാണിയുടെ ജീവിതത്തിലാണ്. മതാറിന്റെ പുസ്തകം ഹൃദയം മഥിക്കുന്ന വായനാനുഭവം പകരുന്നു.

A Month in Sienna
Hisham Mathar
Travel Memories
Viking