പണ്ട് നീലമലയ്ക്കടുത്തുള്ള കാട്ടിൽ ഒരാൾ പാർത്തിരുന്നു. അയാൾ കഠിനമായി അദ്ധ്വാനിച്ചെങ്കിലും ജോലി ഒരിക്കലും തീർന്നിരുന്നില്ല. അതുകൊണ്ട് ഒഴിവിനു വീട്ടിൽപ്പോകാൻ അയാൾക്കു സമയം കിട്ടിയില്ല.
ഒടുവിൽ മഞ്ഞുകാലം വന്നപ്പോൾ അയാൾക്കു വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു. കുട്ടികളുമൊന്നിച്ച്, തന്നെ വന്നു കാണാൻ അയാൾ ഭാര്യയ്‌ക്കെഴുതി.
അയാൾക്ക് രണ്ടു മക്കളുണ്ടായിരുന്നു: ചുക്കും ഗെക്കും.
അവർ അമ്മയുമൊന്നിച്ച് വളരെ വളരെ അകലെയുള്ള ഒരു വലിയ നഗരത്തിലായിരുന്നു താമസം. അതിലും നല്ലൊരു നഗരം ഭൂമുഖത്തില്ലതന്നെ.
രാവും പകലും ചുവന്ന നക്ഷത്രങ്ങൾ നഗരത്തിന്റെ ഗോപുരങ്ങളിന്മേൽ മിന്നിത്തിളങ്ങി.
നിസ്സംശയമായും മോസ്‌കോ എന്നായിരുന്നു അതിന്റെ പേർ.

തപാൽശിപായി കത്തുംകൊണ്ട് കോവണി കയറുമ്പോൾ ചുക്കും ഗെക്കും മൽപ്പിടുത്തത്തിൽ മുഴുകിയിരിക്കുകയായിരുന്നു. അതൊരു വാശിയേറിയ മൽപ്പിടുത്തമായിരുന്നുതാനും.
എന്തിനാണവർ മല്ലിട്ടതെന്ന് എനിക്കിപ്പോൾ ഓർമയില്ല. ചുക്ക് ഗെക്കിന്റെ തീപ്പെട്ടിക്കൂട് കൈയിലാക്കിയെന്നു തോന്നുന്നു. അതോ ഗെക്ക് ചുക്കിന്റെ കാലി പോളിഷ് ടിന്നും കൊണ്ട് കടന്നതാണോ എന്നു നിശ്ചയമില്ല.
അവർ അന്യോന്യം ഓരോ ഇടി കൈമാറി അടുത്തതിന് ഒരുങ്ങുമ്പോഴാണ് മണിയടിച്ചത്. അവർ സംഭ്രമത്തോടെ പരസ്പരം നോക്കി. അമ്മയാണെന്നാണു വിചാരിച്ചത്. അവർ മറ്റ് അമ്മമാരെപ്പോലെ ആയിരുന്നില്ല. മല്ലിടുന്നതിന് അമ്മ അവരെ ശകാരിക്കുകയോ അവരുടെ നേരെ ഒച്ചയെടുക്കുകയോ ചെയ്തിരുന്നില്ല. കുറ്റവാളികളെ ഒരു മണിക്കൂർ മുഴുവനും, ചിലപ്പോൾ രണ്ടു മണിക്കൂർ പോലും, ഒന്നിച്ചു കളിക്കാൻ അനുവദിക്കാതെ, വെവ്വേറെ മുറികളിലാക്കുമെന്നു മാത്രം.
അറുപതു മുഴുവൻ മിനിട്ടുകൾ ടിക് – ടിക് എന്നടിച്ചു കൊണ്ടു നീങ്ങിയാലേ ഒരു മണിക്കൂറാവൂ. രണ്ടു മണിക്കൂർ കഴിയാൻ അതിലും കൂടുതൽ സമയം വേണം.
അവരതുകൊണ്ട് വേഗം കണ്ണുനീർ തുടച്ചു കതകു തുറക്കാനോടി.
പക്ഷേ, വന്നത് അമ്മയായിരുന്നില്ല. എഴുത്തുംകൊണ്ട് തപാൽ ശിപായിയായിരുന്നു.
”അച്ഛന്റെ കത്താണ്!” അവർ ആർത്തുവിളിച്ചു. ”ഹുറാ! അച്ഛന്റെ കത്താണ്! അച്ഛൻ ഉടൻ വരുമായിരിക്കും!”
അവർ സന്തോഷം കൊണ്ട് സോഫയിൽ ചാടാനും കുത്തി മറിയാനും തുടങ്ങി. കാരണം, മോസ്‌കോ ലോകത്തിൽവച്ച് ഏറ്റവും നല്ല നഗരമാണെങ്കിൽപ്പോലും അച്ഛൻ ഒരു കൊല്ലം മുഴുവൻ അടുത്തില്ലാത്തപ്പോൾ മോസ്‌കോ പോലും രസമില്ലാത്ത ഇടമായെന്നു വരും.
അവരുടെ ഉദ്വേഗത്തിനും ആഹ്ലാദത്തിനുമിടയ്ക്ക് അമ്മ വന്നത് അവരറിഞ്ഞില്ല.
തന്റെ മിടുക്കന്മാരായ രണ്ടു മക്കളും മലർന്നു കിടന്ന് കൂവി വിളിച്ചുകൊണ്ട് ഭിത്തിയിൽ കാലിട്ടടിക്കുന്നതു കണ്ട് അവർ അത്ഭുതപ്പെട്ടു. കുട്ടികളുടെ ചവിട്ടിന്റെ ശക്തികൊണ്ട് സോഫയുടെ മുകളിൽ തൂക്കിയിരുന്ന ചിത്രങ്ങൾ ഇളകുകയും ഘടികാരത്തിലെ സ്പ്രിംഗ് മൂളുകയും ചെയ്തു.
പക്ഷേ, അവരുടെ ആഹ്ലാദപ്രകടനത്തിനുള്ള കാരണമറിഞ്ഞപ്പോൾ അമ്മ അവരെ ശകാരിച്ചില്ല.
പകരം അവർ കുട്ടികളെ സോഫയിൽ നിന്നും താഴെയിറക്കി, ഫർ കോട്ട് വേഗം ഊരിമാറ്റി കത്തു വായിക്കാനിരുന്നു. മുടിയിൽ പറ്റിയിരുന്ന ഹിമശകലങ്ങൾ കുടഞ്ഞുകളയാൻ പോലും അവർ മിനക്കെട്ടില്ല. അവ ഇതിനകം ഉരുകിക്കഴിഞ്ഞിരുന്നു. അമ്മയുടെ ഇരുണ്ട പുരികങ്ങളുടെ മുകളിൽ അവ മുത്തുകൾ പോലെ തിളങ്ങി.

*

കത്തുകൾ സന്തോഷപ്രദമോ സങ്കടകരമോ ആകാമെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണല്ലോ. അതുകൊണ്ടാണ് അമ്മ കത്തു വായിച്ചുകൊണ്ടിരുന്നപ്പോൾ ചുക്കും ഗെക്കും അവരുടെ മുഖം ശ്രദ്ധയോടെ നോക്കിക്കൊണ്ടിരുന്നത്.
ആദ്യം അമ്മ നെറ്റി ചുളിച്ചു. അവരും നെറ്റി ചുളിച്ചു. പിന്നീട് അമ്മ പുഞ്ചിരിച്ചു. അപ്പോൾ എഴുത്ത് സന്തോഷപ്രദമായ ഒന്നാണെന്നർഥം.
”നിങ്ങളുടെ അച്ഛൻ വരുന്നില്ല,” കത്തു മാറ്റിവച്ചിട്ട് അമ്മ പറഞ്ഞു. ”അദ്ദേഹത്തിനു പിടിപ്പതു ജോലിയുള്ളതു കൊണ്ട് ഇങ്ങോട്ട് വരാൻ പറ്റില്ല.”
ചുക്കും ഗെക്കും അമ്പരന്ന് പരസ്പരം നോക്കി. അപ്പോൾ ആ കത്ത് അങ്ങേയറ്റം സങ്കടകരമായ ഒന്നാണെന്നു വന്നിരിക്കുന്നു.
ഒരു നിമിഷത്തിനകം അവർ ചുണ്ടു കൂർമ്പിക്കാനും മൂക്കു ചീറ്റാനും അമ്മയുടെ നേരെ ദേഷ്യത്തോടെ നോക്കാനും തുടങ്ങി. അമ്മയാണെങ്കിൽ എന്തുകൊണ്ടോ പുഞ്ചിരിച്ചുകൊണ്ടിരുന്നു.
”അദ്ദേഹം വരുന്നില്ല,” അവർ പറഞ്ഞു, ”പക്ഷേ, നമ്മൾ അങ്ങോട്ടു ചെന്നു കാണണമെന്നാണ് പറയുന്നത്.”
അതു കേൾക്കേണ്ട താമസം, ചുക്കും ഗെക്കും സോഫയിൽ നിന്നു ചാടിയിറങ്ങി.
”എന്തൊരു മനുഷ്യൻ!” അമ്മ നെടുവീർപ്പെട്ടു. ”വന്നു കാണണം, എന്നു പറയാൻ എളുപ്പമാണ്. ഇതു കേട്ടാൽത്തോന്നും ഒരു ട്രാമിൽ കയറി അങ്ങു പോയാൽ മതിയെന്ന്.”
”അതുതന്നെ!” ചുക്ക് ഇടയ്ക്കു കയറി പറഞ്ഞു. ‘വരണം’ എന്ന് അച്ഛൻ പറഞ്ഞാൽ നാം ഉടൻ പുറപ്പെടണം.”
”നീ ഒരു വിഡ്ഢിയാണ്,” അമ്മ പറഞ്ഞു. ”അവിടെ എത്താൻ ആയിരമല്ല, പിന്നെയും ഒരു ആയിരം കിലോമീറ്റർ കൂടി തീവണ്ടിയിൽ സഞ്ചരിക്കണം. അതും കഴിഞ്ഞ് തൈഗയിലൂടെ ഹിമവണ്ടിയോടിച്ചു പോകണം. ആ തൈഗയിലാണെങ്കിൽ ചെന്നായയുടേയോ കരടിയുടേയോ മുമ്പിൽ ചെന്നു പെടുമെന്ന് തീർച്ചയാണ്. കൊള്ളാം! എന്തൊരു കൂത്ത്! നിങ്ങൾതന്നെ ഒന്നാലോചിച്ചു നോക്കിൻ.”
പക്ഷേ, ചുക്കും ഗെക്കും അതേപ്പറ്റി ഒരു നിമിഷനേരം പോലും ആലോചിക്കാൻ തയാറായില്ല. ആയിരമല്ല, ഒരു ലക്ഷം കിലോമീറ്റർ സഞ്ചരിക്കാൻ തങ്ങൾ ഒരുക്കമാണെന്ന് അവർ പറഞ്ഞു. അവർക്ക് ഒന്നിനേയും ഭയമില്ല. ധൈര്യശാലികളാണവർ. ഇന്നലെയല്ലേ എവിടുന്നോ വന്നുകയറിയ ഒരു മുഷ്‌ക്കൻ പട്ടിയെ അവർ മുറ്റത്തുനിന്നും കല്ലെറിഞ്ഞ് ഓടിച്ചത്?
അവർ ചിലച്ചുകൊണ്ട് കൈവീശുകയും കാലുകൊണ്ട് നിലത്ത് ആഞ്ഞുചവിട്ടുകയും അവിടെല്ലാം തുള്ളിച്ചാടി നടക്കുകയും ചെയ്തു. അമ്മ അതെല്ലാം ശ്രദ്ധിച്ചുകൊണ്ട് അനങ്ങാതിരിക്കുക മാത്രമേ ചെയ്തുള്ളു. പെട്ടെന്ന് അവർ പൊട്ടിച്ചിരിച്ച് കുട്ടികളെ വാരിയെടുത്ത് വട്ടത്തിൽ കറക്കി ഒടുവിൽ സോഫയിലിട്ടു.
നമ്മൾ തമ്മിൽ പറയുകയാണെങ്കിൽ, അവർ വാസ്തവത്തിൽ അത്തരമൊരു കത്തുതന്നെയാണ് ഏറെനാളായി പ്രതീക്ഷിച്ചു കൊണ്ടിരുന്നത്. തമാശ ഇഷ്ടമായിരുന്നതുകൊണ്ട് അവർ ചുക്കി നേയും ഗെക്കിനേയും ‘പിരി കേറ്റി’ എന്നു മാത്രം.

Order Nowചുക്കും ഗെക്കും
അർക്കാദി ഗൈദാർ
ഇന്ദുലേഖ പുസ്തകം
2019