Don’t you know Yet? It is your light that lights the World.
-Jalal ad-Din Rumi
O
2019 ജൂൺ 16.
വെളുപ്പിനേയുള്ള വെറും തോന്നലിൽ നിന്നായിരുന്നു തുടക്കം; അല്ലാതെ വലിയ ആലോചനയോ അങ്കപ്പുറപ്പാടോ ഒന്നുമുണ്ടായിരുന്നില്ല. പകലങ്ങനെ പോയി. നാലു മണിനേരത്ത് ഫേസ്ബുക്ക് തുറന്ന് ഒരു പേജു തുടങ്ങി ഏറ്റവും പ്രിയപ്പെട്ട ആ ആധ്യാത്മികവിചാരം പകർത്തി:
ഞാൻ എപ്പോഴും ആലോചിക്കുന്ന ഒരു കാര്യമുണ്ട്: നമ്മൾ ഒരു ചായക്കടയിലോ തട്ടുകടയിലോ ഇരിക്കുമ്പോൾ നമുക്ക് മതമോ ജാതിയോ ഇല്ല. എല്ലാവരും ഒന്നിച്ച് ചായ കുടിക്കുന്നു, സംസാരിക്കുന്നു, പിരിയുന്നു. എന്നാൽ ദേവാലയങ്ങളിലേക്ക് പ്രവേശിക്കുന്നതോടെ നാം വേറെ വേറെയാവുന്നു. വ്യത്യസ്ത മതം, വ്യത്യസ്ത വിശ്വാസം, വ്യത്യസ്ത പ്രാർത്ഥനകൾ. ഇത് മാറി എല്ലാ മതക്കാരും ചായക്കടയിലേതുപോലെ തന്നെ ഒന്നിച്ചിരുന്ന് പ്രാർത്ഥിക്കുന്ന ഒരിടം എന്റെ സ്വപ്നമാണ്. എന്തുകൊണ്ട് നമുക്ക് ഒന്നിച്ചിരുന്ന് പ്രാർത്ഥിച്ചുകൂടാ?
-ബോബി ജോസ് കട്ടികാട്
അങ്ങനെയാണ് വെളിച്ചത്തിന്റെ വസ്ത്രമണിയിക്കുന്ന വാക്കുകളുമായി ‘പുലർവെട്ടം’ പാറിവീണത്. ആ പേര് നേരത്തെ മനസിലുണ്ടായിരുന്നതാണ്, ‘കൂട്ടും’ ‘അവളും’ കഴിഞ്ഞ് ചെയ്യണമെന്നു നിശ്ചയിച്ച പുസ്തകമായി. എന്നാലതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നില്ല.
‘സഞ്ചാരിയുടെ ദൈവ’ത്തിൽ നിന്നും ‘നിലത്തെഴുത്തി’ൽ നിന്നുമൊക്കെ പ്രിയപ്പെട്ട ഉദ്ധരണികൾ ഇതിലേക്ക് ചേർത്തുകൊണ്ട് ഞാനെന്റെ ദിവസങ്ങൾ ഉന്മേഷത്തോടെ ആരംഭിക്കാൻ തുടങ്ങി. ഇങ്ങനെയൊരു കുറുമ്പ് നടക്കുന്നുണ്ടെന്ന് എഴുത്തുകാരൻ അറിഞ്ഞത് പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ്. മെല്ലെ മെല്ലെ വെട്ടം അവിടെയും ചാഞ്ഞുവീണു. ഇന്നത്തെ മട്ടിലുള്ള പുലർവെട്ടം രൂപപ്പെട്ടുവന്നത് അങ്ങനെയാണ്; ഒപ്പം ബോബി ജോസ് കട്ടികാട് എന്ന പുതിയ എഴുത്തുകാരനും. പുതിയ എഴുത്തുകാരനെന്ന് അറിഞ്ഞുകൊണ്ട് പറഞ്ഞതാണ്. പുതിയ ഭാഷയും പുതിയ ചിന്തയും പുതിയ ഉന്മേഷവുമായി പ്യൂപ്പയിൽ നിന്നു പുറത്തുവരുന്ന മട്ടിൽ ചിറകു വിരിക്കുന്നയാളെ മറ്റെന്താണു വിളിക്കേണ്ടത്!
‘നീ സൂര്യനാണ്!’ ഈ പുസ്തകത്തിന്റെ പുറങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ബോബി ജോസ് കട്ടികാട് പലവട്ടം നിങ്ങളോടതു പറയും. കേൾക്കുമ്പോഴൊരു ആനന്ദമൊക്കെ തോന്നുമെങ്കിലും ഞാനൊരു സത്യം പറയട്ടെ; അത് അങ്ങനെയാവണമെന്നില്ല. പലപ്പോഴും, കണ്ണാടി കണ്മോളം നിലനിൽക്കുന്ന ഒരു അതിയാഥാർത്ഥ്യം മാത്രമാണത്. എളുപ്പമല്ല സൂര്യനാകൽ.
എന്നാൽ സൂര്യപ്രകാശത്തിൽ തെളിയാനും പൂനിലാവ് ഭൂമിയുടെ മീതെ പൊഴിക്കാനും അത്ര പ്രയാസമൊന്നുമില്ല. അതിനു സൂര്യനാകണമെന്നുതന്നെയില്ല. വെളിച്ചത്തിനു നേരെ നിൽക്കാനുള്ള വിചാരമുണ്ടായാൽ ഏതു പാറയ്ക്കും പ്രകാശിക്കാം; വിളങ്ങുന്ന ചന്ദ്രനാണ് സാക്ഷി. ചെറിയ സ്വിച്ച് ഇട്ട് ബൾബ് തെളിയിക്കുന്നത്ര ലളിതം; മൂലമറ്റത്തെ മഹായന്ത്രം തിരിച്ച് വൈദ്യുതി പിഴിയുന്ന പെടാപ്പാടൊന്നുമില്ല. 🙂 ഇനിയും വിശ്വാസമാകാത്തവർക്കുവേണ്ടി സർ ആർതർ കോനൻ ഡോയലിന്റെ സാക്ഷിമൊഴിയുണ്ട് പച്ച ഇംഗ്ലിഷിൽ: ”It may be that you are not yourself luminous, but that you are a conductor of light.” ഹോംസ് വാട്‌സണോടു പറയുന്നതാണ്.
കയറിയാൽപ്പിന്നെ കടശിയിലേ ഇറങ്ങൂ എന്ന സൈക്കിൾ യജ്ഞക്കാരന്റെ വാശിയിൽ പുലർവെട്ടം വായിച്ചടയ്ക്കരുത്. ദിവസം രണ്ടു പുറം മതി. പിന്നെ ആ വെളിച്ചത്തിൽ, രാക്കിടക്കയിലേക്കു പോകുംവരെയുള്ള നിമിഷങ്ങളെ എങ്ങനെ പ്രകാശഭരിതമാക്കാമെന്നു മാത്രം ആലോചിക്കുക.
‘സാരമില്ല’ എന്ന് പുറത്തു തട്ടാം.
‘എന്റേതാണ്’ എന്നു ചേർത്തുപിടിക്കാം.
‘മാപ്പ്’ എന്നു മന്ത്രിക്കാം.
‘വരൂ’ എന്നു മന്ദഹസിക്കാം.
‘ഞാനുണ്ട്’ എന്നു ധൈര്യപ്പെടുത്താം.
‘ഭയങ്കര ഇഷ്ടമാണ്’ എന്ന് ഓമനിക്കാം…
അങ്ങനെ ആലോചിച്ചു പോകുമ്പോൾ, പ്രകാശത്തേക്കുറിച്ചുള്ള ചിന്ത പോലും എത്ര പ്രസാദാത്മകമാണെന്ന് വെളിച്ചം കിട്ടും. ഒടുവിൽ, നിങ്ങളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്, നിങ്ങൾ ഒരു സൂര്യനാവുക തന്നെ ചെയ്തുവെന്നും വരാം.
”ദിവി സൂര്യസഹസ്രസ്യ ഭവേദ്യുഗപദുത്ഥിതാ
യദി ഭാഃ സദൃശീ സാ സ്യാദ്ഭാസസ്തസ്യ മഹാത്മനഃ”
എന്നു ഭഗവദ്ഗീതയിൽ സഞ്ജയൻ പറയുന്നത് ഓർമ്മ വരുന്നു.
സഹസ്ര സൂര്യപ്രഭയിൽ പ്രപഞ്ചം വിസ്മയം പൂണ്ടു നിൽക്കാൻ പോകുന്ന ആ പുലരിയിൽ, നീയും കൂടി ഒരു സൂര്യനാകേണ്ടതുണ്ടെന്ന് എന്നേയും നിങ്ങളേയും ഓർമ്മിപ്പിച്ചുകൊണ്ട്
ഒരുപാട് സ്‌നേഹത്തോടെ
ടോം ജെ. മങ്ങാട്ട്
പുലർവെട്ടം (3 ഭാഗം)
ബ്രദർ ജൂണിപ്പർ
ബോബി ജോസ് കട്ടികാട്, ഫ്രെഡ് മക്‍കാർത്തി
ഇന്ദുലേഖ പുസ്തകം