പി രാംകുമാർ എഴുതിയ എടത്തട്ട നാരായണൻ: പത്രപ്രവർത്തനവും കാലവും എന്ന പുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങൾ. ഒരു ഇന്ദുലേഖ പുസ്തകം.
സി രാധാകൃഷ്ണൻ
അറുപതുകളുടെ അവസാനം നക്‌സൽ പ്രസ്ഥാനത്തേക്കുറിച്ച് പല കഥകളും പ്രചരിച്ചപ്പോൾ യഥാർത്ഥ കഥകൾ തേടി എടത്തട്ട നാരായണന്റെ ‘പേട്രിയറ്റ്’ രംഗത്തിറങ്ങി. ബംഗാളിലെ നക്‌സൽ മേഖലകളിൽ ചെന്ന് നേരിട്ട് വാർത്തകൾ കൊടുക്കാൻ എടത്തട്ടതീരുമാനിച്ചു. പൊലീസിന്റെയും നക്‌സലുകളുടേയും നോട്ടപ്പുള്ളിയായി തീരാവുന്ന അപകടപരമായ ദൗത്യമായിരുന്നു.

അന്ന് ‘പേട്രിയറ്റി’ന്റെ റിപ്പോർട്ടറായിരുന്ന പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണനായിരുന്നു ഈ ദൗത്യം ഏറ്റെടുത്ത് ബംഗാളിലേക്ക് പോയത്. അദ്ദേഹം കനു സന്ന്യാലിനേയും ചാരു മജുംദാറിനേയും നേരിൽ കണ്ടു. അക്കാലത്ത് പ്രസ്ഥാനത്തിൽ ചേർന്ന ഒരു ബംഗാളി യുവാവുമായി അദ്ദേഹം അടുത്തു. കുറെക്കാലം പ്രസ്ഥാനത്തിനോടൊപ്പം കാടുകളിൽ കഴിഞ്ഞു. അവിടെ നിന്ന് പുറംലോകവുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഏറെനാൾ കഴിഞ്ഞിട്ടും യാതൊരു വാർത്തയും ലഭിക്കാതെയായപ്പോൾ അദ്ദേഹം കൊല്ലപ്പെടുകയോ പ്രസ്ഥാനത്തിൽ ചേരുകയോ ചെയ്തിരിക്കാമെന്ന് എടത്തട്ട അടക്കമുള്ളവർ കരുതി. അതിനിടയിൽ പോലീസിന്റെ പിടിയിലായ രാധാകൃഷ്ണനെ പത്രപ്രവർത്തകനാണെന്ന് മനസിലാക്കി ഡൽഹിയിലേക്ക് തിരിച്ചയച്ചു.
പിന്നീട് ‘പേട്രിയറ്റി’ൽ പുതുതായി ചേർന്ന ഒരു യുവാവായിരുന്നു നക്‌സൽ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നത്. രാധാകൃഷ്ണൻ അയാളുമായി സൗഹൃദത്തിലായി. ഏറെക്കാലത്തിനു ശേഷം ഈ യുവാവ് കേരളത്തിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ അദ്ദേഹത്തിന്റെ ഭാര്യയുടെ ചികിത്സയ്ക്കായി വന്നപ്പോൾ സി. രാധാകൃഷ്ണനെ കാണുകയുണ്ടായി. ജീവിതത്തിന്റെ അവസാനഘട്ടമായിരുന്ന ആ കാലത്ത് അദ്ദേഹം തന്റെ യഥാർത്ഥ പേരും കഥയും രാധാകൃഷ്ണനോട് വെളിപ്പെടുത്തി. പേര് അർജുൻ ഘോഷ്; രാധാകൃഷ്ണൻ പ്രസ്ഥാനത്തിനൊപ്പം കാടുകളിലായിരിക്കുമ്പോൾ പരിചയപ്പെട്ടത് ഇയാളെത്തന്നെ. ‘പേട്രിയറ്റി’ൽ ചേർന്ന സമയത്ത് പ്ലാസറ്റിക് സർജറി ചെയ്ത് മുഖച്ഛായ പാടേ മാറ്റിയിരുന്നതിനാൽ അടുത്തിടപഴകിയിട്ടു പോലും സി. രാധാകൃഷ്ണന് ആളെ മനസ്സിലായില്ല. പൊലീസിന്റെ ഭാഷയിൽ, ഒളിവിലായിരുന്ന, ഒരു പിടികിട്ടാപ്പുള്ളി! താൻ തന്നെ പ്രതിയായിരുന്ന കേസുകൾ ‘പേട്രിയറ്റി’നു വേണ്ടി റിപ്പോർട്ട് ചെയ്തതും ഇയാൾ തന്നെ! പൊലീസ് തിരിച്ചറിഞ്ഞതേയില്ല.
എടത്തട്ടയുടെ രഹസ്യപിന്തുണയോടെ നടന്ന ഈ സംഭവങ്ങളെല്ലാം അദ്ദേഹത്തിനു മാത്രമറിയാവുന്ന രഹസ്യങ്ങളായി അന്ന് ഒതുങ്ങി. സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവങ്ങളും നക്‌സൽ മേഖലയിലെ സ്വന്തം അനുഭവങ്ങളും ചേർത്താണ് ‘മുൻപേ പറക്കുന്ന പക്ഷികൾ’ എന്ന നോവൽ സി. രാധാകൃഷണൻ എഴുതിയത്. 1991ലെ വയലാർ അവാർഡ് നേടിയ ഈ വിഖ്യാതകൃതിയിലെ നായകൻ അർജുൻ, ഒളിവിലായിരുന്ന അർജുൻ ഘോഷ് തന്നെ. നോവലിൽ പരാമർശിക്കുന്ന പത്രമോഫിസ് ലിങ്ക് ഹൗസും, അതിലെ ‘കാർന്നോർ’ എന്ന് വിളിക്കുന്ന പത്രാധിപർ എടത്തട്ട നാരായണനും ആണ്.
ഒ വി വിജയൻ
ഒ.വി. വിജയൻ അറുപതുകളുടെ അവസാനത്തിൽ ‘പേട്രിയറ്റി’ലെ കാർട്ടൂണിസ്റ്റായിരുന്നു. വിജയൻ അനുഭവക്കുറിപ്പുകളിൽ എടത്തട്ടയെ ഓർമിക്കുന്നുണ്ട്: ”എടത്തട്ട നാരായണൻ ഇന്ത്യൻ പത്രരംഗത്തെ അതികായന്മാരിൽ ഒരാളായിരുന്നു. മുൻശണ്ഠിക്കാരൻ, തൊഴിൽ ദൗർബല്യങ്ങളോട് കഠിനമായ പുച്ഛം പുലർത്തി പോന്നവൻ. പ്രായാധിക്യത്തിലും തീവ്രാദ്ധ്വാനത്തിൽ ഊറ്റം കൊണ്ടവൻ. അത്തരമൊരു പത്രാധിപരുടെ കൂടെ പണിയെടുക്കുകയെന്ന വെല്ലുവിളി ഉല്ലാസപ്രദമായിരുന്നു.”

പക്ഷേ, വിജയന്റെ ബോധ്യങ്ങളും എടത്തട്ടയുടെ പ്രവർത്തനങ്ങളും പലപ്പോഴും ചേരുന്നുണ്ടായിരുന്നില്ല. ‘കോൺഗ്രസിലെ പുരോഗമനവാദികളെന്ന ഗുളികന്മാരെ ആശ്രയിച്ച് ചുളുവിൽ സോഷ്യലിസം നടപ്പാക്കാനുള്ള ഒരു ഹീനഫലിതത്തിന്റെ തുടക്കമായിരുന്നു പേട്രിയറ്റിന്റെ പ്രകാശനമെന്ന് മനസ്സിലാക്കാൻ ഏറെനാൾ വേണ്ടി വന്നില്ല’ എന്നാണ് ഒ.വി. വിജയൻ അതേക്കുറിച്ച് എഴുതിയത്. വിജയൻ തുടരുന്നു:
”ഈ ഗുളികന്മാരായിരുന്നു കൃഷ്ണമേനോനും പട്‌നായിക്കും കെ.ഡി. മാളവ്യയും പ്രതാപ്‌സിങ് കെയ്‌റോണുമൊക്കെ. ഇന്ത്യൻ സോഷ്യലിസത്തിന്റെ മെലോഡ്രമാറ്റിക് നടൻ, വർത്തകപ്രമാണി, അഴിമതിക്കാരൻ, പ്രാദേശികചട്ടമ്പി- മുന്നണിയുടെ നെടുംതൂണുകൾ വിചിത്രമായ ഈ ഇനങ്ങളിൽ പെട്ടു. തുടക്കം മുതലേ ഇവരിൽ ആവേശം കൊള്ളാൻ ഞാൻ കൂട്ടാക്കാതെയായി. സഹപ്രവർത്തകരുമായുള്ള സംഭാഷണങ്ങളിൽ ഞാൻ ഇവരെ പരിഹസിക്കാൻ മുതിർന്നു. പ്രതിബദ്ധത നടിക്കുന്ന ഒരു പറ്റം ‘വിശ്വാസികളുടെ’ നടുക്ക് എന്റെ അന്യവൽക്കരണം പൂർണമായി. ഞാനെന്താണെന്നത് എന്റെ സഹപ്രവർത്തകർക്ക് ഒരു കടങ്കഥയായി. ലളിതമായ എന്റെ വിമതവാസനകളിൽ അവർ ഗൂഢാലോചനകൾ കണ്ടെത്തി.
കമ്യൂണിസ്റ്റ് പാർട്ടി പിളരുന്ന കാലമായിരുന്നു. ഈ പിളർപ്പിൽ കൈകടത്തുകയെന്നതായിരുന്നു ‘പേട്രിയറ്റി’ന്റെ പ്രധാന ചുമതലകളിലൊന്ന്. ഈ ഉപജാപത്തിനു വേണ്ടി കാർട്ടൂണുകൾ വരയ്ക്കാൻ ഞാൻ തയാറായില്ല. ചൈനയേയും മാവോവിനേയും ഒരു പരിധി വരെ വിമർശിക്കാൻ മുതിർന്നെങ്കിലും, മാവോവിന്റെ വിമതമാർക്‌സിസത്തെ ഗൗരവത്തോടെ വീക്ഷിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ആദ്യം ഞാനൊരു ഇടതു കമ്യൂണിസ്റ്റാണെന്നും, പിന്നെ ഒരു മാവോയിസ്റ്റാണെന്നുമുള്ള കുശുകുശുപ്പുകൾ കൊണ്ട് എന്റെ പത്രമാഫീസ് നിറഞ്ഞു.
ആയിടക്ക് ‘പേട്രിയറ്റി’ലെ തൊഴിലാളിയൂണിയൻ സമരം തുടങ്ങാൻ നിശ്ചയിച്ചു. ‘വിശ്വാസി’കൾ സമരത്തിനെതിരെ ഒരു കൂട്ടു പ്രതിജ്ഞയിൽ ഒപ്പുവച്ചു. പത്രത്തിന്റെ ചേരികളിൽ നിന്ന് എന്നോ ഉൾവലിഞ്ഞു കഴിഞ്ഞിരുന്ന ഞാൻ ഈ സമരനിശ്ചയമോ കൂട്ടുപ്രതിജ്ഞയോ അറിഞ്ഞതേയില്ല. ഇനിയങ്ങോട്ടുള്ള കാര്യങ്ങൾ ഫലിതമധുരമാണ്. പണിമുടക്കിന്റെ സംഘാടകരിലൊരാൾ ഞാനാണെന്ന നിഗമനത്തിൽ പ്രത്രാധിപരെത്തിച്ചേർന്നു; ഞാനെന്ന മാവോയിസ്റ്റ് സംഘർഷകാരി. ഇതോർത്ത് പലപ്പോഴും ഞാൻ ചിരിച്ചുപോയിട്ടുണ്ട്. എന്നാൽ ഈ തെറ്റിദ്ധാരണ എന്റെ ജോലിനഷ്ടത്തിൽ കലാശിച്ചു. ജോലിനഷ്ടമെന്ന് അതിനെ വിവരിക്കുന്നതും ശരിയല്ല. ഒരു ലോബി പത്രത്തിൽ നിന്ന് പിരിഞ്ഞ് വീണ്ടും മുഖ്യധാരയിലേക്ക് തിരിച്ചുപോകാനുള്ള സാധ്യത അതെന്റെ മുമ്പിൽ തുറന്നിട്ടു. തൊഴിൽപരമായ അഭിവൃദ്ധിയുടെ തുടക്കം.
പേട്രിയറ്റിലുള്ള ക്യാബിനിലിരുന്നുകൊണ്ട് എന്റെ വിപ്ലവമൗഢ്യത്തെയോർത്ത് വിഡ്ഢിച്ചിരി ചിരിച്ചുതീർത്ത ഞാനും കൂമൻകാവിലെ വിപ്ലവകാരിയായ നൈസാമലിയും ഉടപ്പിറപ്പുകളായിരുന്നു.
കൂമൻകാവിലെ ‘വിപ്ലവം’ തകർന്നില്ലായിരുന്നെങ്കിൽ ഷെയ്ഖിന്റെ ഖാലിയാർ പിറവിയെടുത്തിരിക്കില്ലായിരുന്നു. ഒരു ഫലിത പ്രതിവിപ്ലവത്തിന്റെ കുറ്റം ചാർത്തി എന്നെ പിരിച്ചുവിട്ടില്ലായിരുന്നുവെങ്കിൽ ഖസാക്കിന്റെ തിരുത്തിയെഴുത്ത് പിന്നെയും നീണ്ടുപോകുമായിരുന്നു. ഇതിഹാസസൃഷ്ടിയിൽ സഹകരിച്ചവരിൽ എടത്തട്ട നാരായണനുള്ള സ്ഥാനം നിസ്സാരമല്ല.” ‘ഇതിഹാസത്തിന്റെ ഇതിഹാസ’ത്തിൽ വിജയൻ എഴുതി നിർത്തുന്നു.
എടത്തട്ട നാരായണൻ: പത്രപ്രവർത്തനവും കാലവും
പി. രാംകുമാർ
ഇന്ദുലേഖ പുസ്തകം
2022