കോളനിയാനന്തരചിന്തകൾ പ്രബലമായ ഒരു കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. വർത്തമാനകാലവ്യവഹാരങ്ങളിൽ എവിടെയൊക്കെ അധിനിവേശം സംഭവിക്കുന്നുവെന്നു നാം തിരിച്ചറിയുന്നുണ്ട്. എല്ലാ ഭൂതകാലസംഭവങ്ങളും ഈ പ്രത്യേക പരിപ്രേക്ഷ്യത്തിൽ നോക്കിക്കാണാൻ സാധിക്കും. ഇന്ത്യൻ ചരിത്രഗതിയെത്തന്നെ നിർണായകമായി സ്വാധീനിച്ചതാണ് 1653-ലെ കൂനൻകുരിശുസത്യം. അതു സംഘടിതപാശ്ചാത്യ ശക്തികളോടുള്ള, അവരുടെ അധിനിവേശപ്രവണതകളോടുള്ള എതിർപ്പിന്റെ പ്രകടരൂപമായിരുന്നു. ഈ കൂനൻകുരിശുസത്യത്തിന്റെ ചരിത്രഭൂമികയും അതിന്റെ ബഹുസ്വരതയാർന്ന ഭാവങ്ങളും ഇഴ വിടർത്തി പരിശോധിക്കുവാനുള്ള പരിശ്രമമാണ് ഈ ഗ്രന്ഥം.

ഭാരതത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഭൂവിഭാഗമാണു കേരളം. 1956-ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിക്കപ്പെട്ടതിനു ശേഷമാണു കേരളം എന്ന പേരു പ്രയോഗത്തിൽ വന്നത്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ മൂന്നു സംസ്ഥാനങ്ങളിൽ മലയാളഭാഷ സംസാരിച്ചിരുന്നവർ താമസിക്കുന്ന സ്ഥലം എന്നു ചുരുക്കത്തിൽ പറയാം. ക്രിസ്തുവർഷാരംഭം മുതൽത്തന്നെ ക്രൈസ്തവസമൂഹം ഇവിടെ നിലനിന്നിരുന്നു. എ.ഡി. 52-ൽ ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായ മാർതോമാശ്ലീഹാ ഇവിടെ വരികയും അദ്ദേഹത്തിൽ നിന്നു മാമ്മോദീസ സ്വീകരിക്കുകയും ചെയ്തു ക്രൈസ്തവവിശ്വാസികളായവരാണു തങ്ങളുടെ പൂർവികർ എന്നു വിശ്വസിക്കുന്നവരാണു കേരളീയരായ മാർത്തോമാക്രിസ്ത്യാനികൾ. എങ്കിലും, ക്രൈസ്തവവിശ്വാസം സ്വീകരിക്കുന്നതിനു മുമ്പുള്ള ജീവിതരീതികളാണ് അവർ പിന്നീടും പിന്തുടർന്നുപോന്നത്.

എ.ഡി. 345-ൽ മദ്ധ്യപൂർവദേശത്തു നിന്നു ക്‌നായി തൊമ്മന്റെ നേതൃത്വത്തിൽ കുടിയേറിപ്പാർത്ത ക്രൈസ്തവസമൂഹം ഇവിടെയുണ്ടായിരുന്ന മാർത്തോമാക്രിസ്ത്യാനികളെ മതപരമായും സാംസ്‌കാരികമായും സഹായിച്ചു. അങ്ങനെ ശക്തമായ ഒരു ക്രൈസ്തവസമൂഹമായി, ഇന്ത്യയുടെ സാംസ്‌കാരികനിലപാടുകൾക്ക് അനുസരണം നിലകൊള്ളാൻ ഇവർ പ്രാപ്തരായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന ക്രൈസ്തവരിൽ നിന്നു വളരെ വ്യത്യസ്തമായ സാമൂഹികാചാരങ്ങളും വ്യവഹാരശീലങ്ങളും ആരാധനാരീതികളുമാണ് ഈ സമൂഹത്തിൽ നില നിന്നിരുന്നത്.

കേരളത്തിന്റെ മതരാഷ്ട്രീയസാമൂഹ്യഭാഷാചരിത്രങ്ങളിൽ നിർണായകമായ ഒരു കാലഘട്ടമാണു പതിനഞ്ചാം നൂറ്റാണ്ട്. 1498 മേയ് 17-നു പോർച്ചുഗീസ് നാവികനായ വാസ്‌കോ ഡ ഗാമ കോഴിക്കോടിനടുത്തു കാപ്പാട് എന്ന തുറമുഖത്ത് എത്തിച്ചേർന്നതു മുതൽ കേരളത്തിന്റെ മത/സാംസ്‌കാരികരംഗം നൂതനമായ പല മാറ്റങ്ങൾക്കും വിധേയമായി. അന്നുവരെ ഇന്ത്യയുമായുള്ള കച്ചവടത്തിൽ പ്രധാനികളായിരുന്ന അറബികളെ പുറന്തള്ളി പാശ്ചാത്യർ ഭാരതീയരുമായി വാണിജ്യത്തിലേർപ്പെട്ടതു വാസ്‌കോ ഡ ഗാമയുടെ വരവോടു കൂടിയാണ്. കച്ചവടലാക്കോടെ ഇവിടെ എത്തിയ പോർച്ചുഗീസ് മിഷനറിമാർ അധികം താമസിയാതെ തന്നെ കേരളത്തിന്റെ മത/രാഷ്ട്രീയ/സംസ്‌കാരികരംഗങ്ങളിൽ ആധിപത്യപരമായ ഇട പെടലുകളുമായി നിലയുറപ്പിച്ചു.

വാണിജ്യവികസനമായിരുന്നു പോർച്ചുഗീസുകാരുടെ അടിയന്തിരലക്ഷ്യമെങ്കിലും കാലക്രമേണ ഏതദ്ദേശീയ രാജാക്കന്മാരെ കീഴമർത്തി ഇന്ത്യയിൽ ഒരു സാമ്രാജ്യം സ്ഥാപിക്കാനുള്ള വലുതായ ആഗ്രഹം അവർക്കുണ്ടായി. സാമൂതിരി ഒരു ഭാഗത്തും കൊച്ചിരാജാവും കോലത്തിരിയും മറ്റു ചെറുകിട നാടുവാഴികളും മറുഭാഗത്തുമായി തമ്മിൽ നടന്നുകൊണ്ടിരുന്ന രൂക്ഷമായ മത്സരം, ഒരു ഹ്രസ്വകാലത്തേക്കെങ്കിലും പോർച്ചുഗീസുകാരുടെ സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള സാഹചര്യം അവർക്ക് ഒരുക്കി കൊടുത്തു. 1

ഇത്തരത്തിൽ കേരളത്തിന്റെ സാമൂഹിക/രാഷ്ട്രീയ ഇടങ്ങളിൽ ശക്തമായി ഇടപ്പെട്ട പോർച്ചുഗീസുകാർ കൊച്ചിരാജാവിന്റെ പരമ്പരാഗതശത്രുവായ സാമൂതിരിയുമായി രാഷ്ട്രീയപ്രതിരോധങ്ങളിൽ ഏർപ്പെട്ടു. കോഴിക്കോടു വച്ചു സാമൂതിരിയിൽ നിന്നു നേരിടേണ്ടി വന്ന നിഷേധാത്മക അനുഭവങ്ങളാണു യഥാർത്ഥത്തിൽ പോർച്ചുഗീസുകാർക്കു സാമൂതിരിയോട് അകൽച്ച ഉണ്ടാക്കിയത്. ഇതിന്റെ ഫലമായി കൊച്ചിരാജാവും പോർച്ചുഗീസുകാരും തമ്മിൽ സഖ്യമുണ്ടാവുകയും സാമൂതിരിയെ എതിരിടുകയും ചെയ്തു. മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക നാട്ടുരാജാക്കന്മാരും പോർച്ചുഗീസുകാർക്കു വലിയ പിന്തുണ നൽകിയിരുന്നതു കൊണ്ട് ഒന്നര നൂറ്റാണ്ടു കാലം അവർക്കു രാഷ്ട്രീയമായും വാണിജ്യപരമായും ആധിപത്യം ഉറപ്പിക്കുവാനും സാധിച്ചു.

മതപ്രവർത്തനങ്ങളും കച്ചവടനീക്കങ്ങളുമായി കടന്നുവന്ന ഈ വിദേശ മിഷനറിമാർ എല്ലാവരും തന്നെ കേരളത്തിന്റെ വ്യവഹാരഭാഷയുടെ വളർച്ചയിൽ നിർണായകമായ പങ്കുവഹിച്ചു. സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്കു ക്രിസ്തുമതതത്ത്വങ്ങൾ പറഞ്ഞുകൊടുക്കുക എന്ന ലക്ഷ്യത്തോടു കൂടി കേരളത്തിലെത്തിയ മിഷനറിമാർ ആശയവിനിമയത്തിനു വേണ്ടി സാധാരണക്കാരന്റെ ഭാഷ കൈവശപ്പെടുത്തുവാൻ ഒരുങ്ങി. ഭാഷാപഠനത്തിനു മിഷനറിമാർ തുനിഞ്ഞിറങ്ങിയെങ്കിലും ആവശ്യമായ വ്യാകരണപുസ്തകങ്ങളോ നിഘണ്ടുക്കളോ മറ്റ് അനുബന്ധ സഹായസാമഗ്രികളോ അവർക്ക് ഇവിടുത്തെ ഭാഷയിൽ നിന്നു ലഭിച്ചില്ല. മലയാളഭാഷയുടെ ഈ കുറവു മനസ്സിലാക്കിയ മിഷനറിമാർ അധികം വൈകാതെ തന്നെ വ്യാകരണഗ്രന്ഥങ്ങളും നിഘണ്ടുക്കളും നിർമിക്കാൻ ആരംഭിച്ചു. തികഞ്ഞ ഭാഷാസ്‌നേഹികളും ഭാഷാശാസ്ത്രജ്ഞരും ആയിരുന്ന അവർ മലയാളഭാഷയുടെ പ്രത്യേകതകളറിഞ്ഞു പാശ്ചാത്യമാതൃകയിലുള്ള സഹായകഗ്രന്ഥങ്ങൾ രചിച്ചു. ഇതിനെ ‘പാതിരി മലയാളം’ എന്ന ലേബലിൽ പുച്ഛിച്ചു തള്ളാറുണ്ടെങ്കിലും മലയാളഗദ്യസാഹിത്യത്തിന്റെ പരിവർത്തനഘട്ടത്തെ ത്വരിതപ്പെടുത്താൻ ഈ കൃതികൾക്കു കഴിഞ്ഞിട്ടുണ്ട്.

മതപ്രചരണലക്ഷ്യത്തോടെ നടത്തപ്പെട്ട ഈ സംരംഭങ്ങളിൽ വിപ്ലവകരമായ ഒരു മഹാസാദ്ധ്യതയും കൂടിയുണ്ടായിരുന്നു. സമൂഹത്തിന്റെ അധഃസ്ഥലത്തെ ലാക്കാക്കിയായിരുന്നു അവരുടെ ഈ സംരംഭങ്ങൾ. മനുഷ്യജീവിതത്തിന്റെ ചലനാത്മകതയാണ് ഭാഷയുടെ വളർച്ചയ്ക്കുള്ള വളവും ജലവും എന്ന സത്യം തത്ത്വത്തിലല്ലെങ്കിലും ഫലത്തിൽ ഈ പാതിരിമാർ പ്രയോഗക്ഷമമാക്കി. ഏതോ ത്രിശ്ശങ്കുസ്വർഗത്തിൽ നിന്ന ആട്ടക്കഥാകാരന്റേയും ചമ്പുകാരന്റേയും മലയാള സംസ്‌കൃതത്തിൽ നിന്നു വ്യതിരിക്തവും കേരളത്തിന്റെ മണ്ണിന്റെ മണം ഉൾക്കൊള്ളുന്നതുമായ ഒരു മലയാളഭാഷയ്ക്ക് ഈ പാതിരിമാർ അടിത്തറ പാകി. പരമാവധി വികസ്വരവും ആശയപ്രകാശനത്തിനു സമർത്ഥവുമായ നിരവധി വിദേശഭാഷകളിൽ അവ ഗാഹമുണ്ടായിരുന്ന ഇവർ കേരളീയജീവിതത്തിൽ നിന്നു പെറുക്കിയെടുത്ത പദങ്ങളെക്കൊണ്ടാണ് ഈ പുത്തൻ മലയാളത്തിന്റെ അടിത്തറ കെട്ടിയത്. ചരിത്രപരമായി നോക്കുമ്പോൾ മതപ്രചരണവും പ്രവർത്തനവും അതിനുള്ള പ്രായോഗിക പരീക്ഷണശാലയായിരുന്നു. 2

ഭാഷയുടെ കാര്യത്തിൽ നിർണായകസംഭാവനകൾ നൽകിയ ഈ മിഷണറിമാർ പക്ഷേ, കേരള സംസ്‌കാരത്തിൽ വളർന്നുവന്ന ക്രൈസ്തവാദ്ധ്യാത്മികതയെ യഥാർത്ഥത്തിൽ ഉൾക്കൊള്ളാൻ അശക്തരായിരുന്നു. ആർഷഭാരതസംസ്‌കാരത്തിൽ വളർന്നുവന്ന ഇവിടുത്തെ ക്രൈസ്തവസമൂഹത്തെ ഒരിക്കലും അംഗീകരിക്കാനോ അവരുടെ ആചാരാനുഷ്ഠാനങ്ങളെ സമഭാവനയോടെ വീക്ഷിക്കാനോ ഇവർക്കു കഴിഞ്ഞില്ല. സത്യസഭയിൽ നിന്നു മാറിപ്പോയി തെറ്റായ ആചാരാനുഷ്ഠാനങ്ങളിൽ മുഴുകി ജീവിക്കുന്നവർ എന്ന രീതിയിലാണു പാശ്ചാത്യമിഷനറിമാർ മാർത്തോമാ ക്രിസ്ത്യാനികളെ കരുതിയത്.
പോർച്ചുഗീസുകാരുടെ മതപരമായ നയം ഉദാരമോ സംസ്‌കാരാധിഷ്ഠിതമോ ആയിരുന്നില്ല. അവർ അങ്ങേയറ്റത്തെ മതഭ്രാന്തന്മാരും സെന്റ് തോമസ് ക്രിസ്ത്യാനിമാരുൾപ്പെടെ അന്യമതസമുദായങ്ങളോടുള്ള പെരുമാറ്റത്തിൽ സങ്കുചിതമനസ്‌കരും ആയിരുന്നു. 3

അന്ധമായ മതനയം കൈമുതലായിരുന്ന ഇവർ ഇവിടെയുണ്ടായിരുന്ന മാർത്തോമാക്രിസ്ത്യാനികളെ പല തരത്തിൽ പീഡിപ്പിക്കുകയും തങ്ങളുടെ സംരക്ഷണാധികാരത്തിലേക്കു കൊണ്ടുവരാൻ അവിരാമം പരിശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ക്രിസ്തുവിനെ അറിയുന്നുണ്ടെങ്കിലും ക്രിസ്തുമതതത്ത്വങ്ങൾ ശരിയായ രീതിയിൽ ഉൾക്കൊള്ളാത്ത ജനവിഭാഗം, ദീർഘകാലമായി പാഷണ്ഡതയിൽ ജീവിക്കുന്നവർ എന്നെല്ലാമാണു പാശ്ചാത്യമിഷനറിമാർ മാർത്തോമാക്രിസ്ത്യാനികളെക്കുറിച്ചു ചിന്തിച്ചിരുന്നത്.
തങ്ങൾ പരിചയിച്ചുപോന്ന ക്രൈസ്തവമാതൃകയിൽ നിന്ന് അന്യമായതൊന്നും ക്രൈസ്തവമാകയില്ലെന്നും ക്രൈസ്തവമതസമൂഹങ്ങളെല്ലാം പാശ്ചാത്യസമൂഹമാതൃകയിലായിരിക്കണമെന്നും അവർ ആത്മാർത്ഥമായി വിശ്വസിച്ചു. കുരിശുയുദ്ധങ്ങളും മാർട്ടിൻ ലൂതർ തുടങ്ങിവച്ച മതനവീകരണപ്രസ്ഥാനവും പാശ്ചാത്യക്രൈസ്തവസമൂഹത്തിൽ സൃഷ്ടിച്ച പ്രകമ്പനങ്ങൾ ഒന്നു പ്രത്യേകമാണെന്നും അവയിലൊന്നും ഉൾപ്പെടാത്ത നസ്രാണിസമൂഹത്തെ കേരളത്തിന്റെ സവിശേഷ സാമൂഹിക സാഹചര്യത്തിൽ ഉൾക്കൊള്ളണമെന്നും മിഷണറി വ്യഗ്രതയുള്ള പോർച്ചുഗീസുകാർക്കു മനസ്സിലായില്ല. രാജാവിന്റെ മതം പ്രജകളുടെയും മതം എന്ന മട്ടിലുള്ള ഏകതാനവും അതികേന്ദ്രീകൃതവുമായ പാശ്ചാത്യ മതരാഷ്ട്രീയപ്രവർത്തനങ്ങളിൽ നിന്നു വ്യത്യസ്തമായിരുന്ന കേരളത്തിലെ ബഹുഭാവസമൂഹത്തിൽ നസ്രാണികളുടെ പാശ്ചാത്യീകരണം മതകൊളോണിയലിയസമായി കലാശിച്ചു. 4

ധാരാളം ക്രൂരപ്രവൃത്തികൾ ചെയ്തിരുന്ന പോർച്ചുഗീസുകാർ പൊതുജനങ്ങളുടെ അപ്രീതി സമ്പാദിക്കുന്നതിൽ മിടുക്കരായിരുന്നു. അതിരുകടന്ന സ്വജനപക്ഷപാതക്കാരായിരുന്ന ഇവർ നിയമപാലനത്തിലോ ധാർമികബോധത്തിലോ തീരെ താല്പര്യം പ്രകടിപ്പിക്കാത്തവരായിരുന്നു. ഇവരുടെ ഭരണഫലമായി രാഷ്ട്രീയ അനൈക്യം പൂർണമാവുകയും സാമൂഹികജീവിതം തകരുകയും ചെയ്തു.

പോർച്ചുഗീസുകാർ കേരളീയജനങ്ങളുടെ വിശ്വാസവും പിന്തുണയും ഒരു കാലത്തും നേടിയിരുന്നില്ല. പോർച്ചുഗീസുദ്യോഗസ്ഥന്മാരുടെയും ഈ നാട്ടുകാരായ സ്ത്രീകളുടെയും മിശ്രവിവാഹത്തിന്റെ അടിസ്ഥാനത്തിൽ അവർ ഏർപ്പെടുത്തിയ ‘സങ്കരസങ്കേതങ്ങൾ’ പോർച്ചുഗീസുകാരും ഇന്ത്യക്കാരും വെറുത്ത ഒരു ജനവർഗത്തെ ജനിപ്പിക്കുന്നതിനേ സഹായകമായുള്ളു. 5

വിദേശീയരുടെ ആധിപത്യപ്രവണതയെ നേരിടാനുള്ള ശ്രമമാണു യഥാർഥത്തിൽ 1653-ൽ കൂനൻകുരിശുസത്യത്തിലൂടെ സാധ്യമായത്; വിദേശീയരുടെ മുഷ്‌കിനും അധികാരപ്രമത്തതയ്ക്കും എതിരായ ഒരു സമരരീതി. എന്നാൽ, അതിനെ തീർത്തും മതപരം മാത്രമായ നീക്കമാക്കാനുള്ള പരിശ്രമത്തിലാണു ചരിത്രകാരന്മാരും മറ്റു പണ്ഡിതരും ഏർപ്പെട്ടത്. മതപരമായും സാംസ്‌കാരികമായും വിദേശീയർ നടത്തുന്ന അധിനിവേശപ്രവണതയെയാണ് ഇതുവഴി മാർത്തോമാക്രിസ്ത്യാനികൾ ചോദ്യം ചെയ്തത്. മാത്രമല്ല, പാരമ്പര്യത്തിനും പൈതൃകത്തിനും എതിരായി പ്രവർത്തിക്കുന്ന വൈദേശികനിലപാടുകൾക്കെതിരെ, സ്വാതന്ത്ര്യത്തിനും തനിമയ്ക്കും വേണ്ടിയുള്ള പോരാട്ടമായിരുന്നു 1653-ൽ മട്ടാഞ്ചേരിയിൽ നടന്നത്. മതപരമായ അധിനിവേശം മാത്രമായി ഇത്തരം വൈദേശിക ഇടപെടലുകൾ വായിക്കുമ്പോഴും അതു സാംസ്‌കാരിക അധിനിവേശത്തിന് ഉത്തമ ഉദാഹരണമായിട്ടാണു ചരിത്രത്തിൽ നിലകൊള്ളുന്നത്.
ഏതു ചരിത്രസംഭവത്തിനും പല തലങ്ങളും പല മാനങ്ങളും ഉണ്ടാകും. അവയെ വിവിധ തരത്തിലും രീതിയിലും സമൂഹത്തിനുവേണ്ടി വ്യാഖ്യാനിക്കുകയും ഗ്രഹിക്കുകയും (Polyhedron intelligibility) 6 ചെയ്യാം.

ഇത്തരത്തിൽ ചരിത്രസംഭവങ്ങളെ – പ്രത്യേകിച്ച് ഉദയംപേരൂർ സൂനഹദോസ്, കൂനൻകുരിശുസത്യം എന്നീ സംഭവങ്ങളെ – കേവലം മതപരമായ വിഭാഗീയത സൃഷ്ടിച്ച സംഭവങ്ങൾ എന്ന പതിവു രീതിയിൽ നിന്നു വ്യത്യസ്തമായി വിലയിരുത്താനാണ് ഈ പുസ്തകത്തിൽ ശ്രമിക്കുന്നത്. അധിനിവേശത്തിനെതിരായി മാർത്തോമാക്രിസ്ത്യാനികൾ നടത്തിയ ധീരമായ പോരാട്ടമായിരുന്നു കൂനൻകുരിശുസത്യം. ഈ ചരിത്രപ്രതിഭാസത്തെ വസ്തുനിഷ്ഠമായി നോക്കിക്കാണാനുള്ള ശ്രമം ഈ ഗ്രന്ഥം നടത്തുന്നു. മാർത്തോമാക്രിസ്ത്യാനികളുടെ സംസ്‌കാരം, തനിമ, ആരാധനാഭാഷ, പാരമ്പര്യങ്ങൾ എന്നിവ തകർത്ത സംഭവമായി ഉദയംപേരൂർ സൂനഹദോസിനെയും സാംസ്‌കാരികാധിനിവേശത്തിനെതിരായുള്ള പോരാട്ടമായി കൂനൻകുരിശുസത്യത്തെയും വായിക്കാൻ ശ്രമിക്കുകയാണ്.

അടിക്കുറിപ്പുകൾ
1. ശ്രീധരമേനോൻ എ., കേരള ചരിത്രം, സാഹിത്യ പ്രവർത്തക കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കോട്ടയം, 1973, പേ. 263.
2. ബാലകൃഷ്ണൻ പി.കെ, ചന്തുമേനോൻ ഒരു പഠനം, ഡി.സി. ബുക്‌സ്, കോട്ടയം, 2012.
3. ശ്രീധരമേനോൻ എ., കേരള ചരിത്രം, സാഹിത്യ പ്രവർത്തക കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കോട്ടയം, 1973, പേ. 281.
4. സ്‌കറിയാ, സക്കറിയാ (എഡി.), ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം, 1994, (ഉപോദ്ഘാതം, പേ. 7).
5. ശ്രീധരമേനോൻ എ., കേരള ചരിത്രം, സാഹിത്യ പ്രവർത്തക കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കോട്ടയം, 1973, പേ. 282
6. ക്ലാസിക്കൽ ഗ്രീക്കിൽ നിന്നാണ് Polyhedron എന്ന വാക്കു വരുന്നത്. Poly എന്നാൽ many എന്നും hedron എന്നാൽ base or seat എന്നുമാണ് അർത്ഥം. The Polyhedron of intelligibility emerged from Foucault’s idea of ‘eventalization’ (Foucault, 1991). Eventalization means rediscovering the conections, encounters, supports, blockages plays of forces, strategies and so on which at a given moment establish what subsequently counts as being self-evident universal and necessary (Focault, 1991, P 76).

Order Nowകൂനൻ കുരിശു സത്യം
ഡോ. ഷീബ സി വി
ഇന്ദുലേഖ പുസ്തകം
2019