ദൈവവുമായി പിണങ്ങിയിരിക്കുന്ന ഒരു അമ്മായി. പള്ളിയിൽ പോകാറില്ല, അത്രയ്ക്കു പരിഭവത്തിലാണ്. സന്ധ്യാപ്രാർത്ഥനയുടെ നേരത്തു പോലും തിരുഹൃദയത്തിന്റെ രൂപത്തിനു പുറം തിരിഞ്ഞേ ഇരിക്കൂ. ആണ്ടിലൊരിക്കലാണ് പള്ളിയിൽ പോകുന്നത്. അല്ല, ക്രിസ്മസിനല്ല, ഈസ്റ്ററിനുമല്ല. ദുഃഖവെള്ളിയാഴ്ച. ശരിക്കും ഒരാൾ മരിച്ചുകിടക്കുന്നതുപോലെ തോന്നിക്കുന്ന യേശുവിന്റെ ഒരു കൊത്തുരൂപം അന്നു വെള്ള പുതപ്പിച്ച് പള്ളിയിൽ കിടത്തിയിരിക്കും. അമ്മായി അടുത്തു പോയി വെറുതെ നോക്കി നിൽക്കും. ഒരേയൊരു ദിവസം അവർ ഒരേ തൂവൽപ്പക്ഷികളാവുകയാണ്.
പിന്നെയൊരു കഥാപാത്രം, ഇപ്പോഴും അജ്ഞാതമായ ഏതോ ഒരു കാര്യത്തിന്റെ പേരിൽ ജനിച്ച നാട്ടിൽ നിന്ന് എന്നേക്കുമായി വിട്ടുപോന്ന അപ്പൂപ്പനാണ്. അപ്പൂപ്പനെ തേടി ഒരു ബന്ധു മാത്രമാണ് ഈ ദേശത്തേക്കു വരുന്നത്. അപ്പൂപ്പൻ ഏതോ രാജ്യത്തെ സേനാപതി ആയിരുന്നെന്നും അവിടുത്തെ അപ്ഡേറ്റ്സുമായി വരുന്ന ചാരനാണ് ഈ വരുന്നതെന്നും കുട്ടികൾ രഹസ്യം പറയുന്നുണ്ട്. കാരണം, എപ്പോൾ വന്നാലും അവർ രഹസ്യമായി മുറിയടച്ചിട്ടാണ് സംസാരിക്കുന്നത്. അങ്ങനെ ഒരു ദിവസം ചാരന്റെ വരവിൽ ആ സംസാരം പുറത്തെ പുളിഞ്ചുവട്ടിലായിരുന്നു, അതു രാത്രി കടന്ന് പിന്നെയും നീണ്ടു. രാത്രി അവർ ഭക്ഷണം പോലും കഴിക്കുന്നില്ല. പിറ്റേന്ന് അപ്പൂപ്പൻ പണിക്കു പോകുന്നില്ല, എല്ലാത്തിനോടും വെറുതെ കലഹിക്കുകയും ചെയ്യുന്നു. അതിനടുത്ത നാളിൽ പുതിയൊരു ശീലം ആരംഭിക്കുകയാണ്, എല്ലാ പ്രഭാതത്തിലും പള്ളിയിലേക്കുള്ള പോക്ക്. മരണം വരെ അതു തുടർന്നു.
ഇനിയൊരു നാട്ടുകാരനുണ്ട്. ട്യൂഷൻ കഴിഞ്ഞ് രാത്രിയിൽ വീടുകളിലേക്കു മടങ്ങുന്ന പെൺകുട്ടികളുടെ പിന്നാലെ കൂടി എന്നതാണ് അയാൾ ചെയ്യുന്ന അപരാധം. അയാളെ ഒന്നു വിരട്ടി കാര്യമവസാനിപ്പിക്കാനുള്ള നടപടികൾ വൈകിയില്ല. സ്വാഭാവികമായും, കായികമായുള്ള കൈകാര്യത്തിനു ശേഷമാണ് നയപരമായ ചോദ്യങ്ങൾ.
“നീയെന്താണിങ്ങനെ?”
“നിങ്ങൾ പത്രമൊന്നും വായിക്കാറില്ലേ?”
“പത്രത്തിൽ എന്താണ്?”
“ട്യൂഷനെടുക്കുന്ന സാറിന്റെ വീടിനും അവസാനത്തെ കുട്ടിയുടെ വീടിനുമിടയിൽ മൂന്നു കാവ്, രണ്ടു മൈതാനം, രണ്ടു കള്ളുഷാപ്പ്, എട്ടു കലുങ്ക്. എനിക്കു പേടിയാ അവർ വീടുകളിലെത്തുമോന്ന്.”
“അതിനു നിന്റെ കുട്ടികളൊന്നുമല്ലല്ലോ!”
“എന്റെ കുട്ടികളല്ലേ?”
നമുക്കൊരു വിധത്തിലും പിടി തരാത്ത മനുഷ്യരിങ്ങനെ വരിവരിയായി കണ്ണുകൾക്കു മുന്നിലൂടെ കടന്നുപോവുകയാണ്. ‘വെറുമൊരോർമ തൻ കുരുന്നുതൂവൽ’ എന്നാണ് പുസ്തകത്തിനു പേര്. അല്ല, നോവൽ എന്നല്ല പുറത്തെഴുതിയിരിക്കുന്നത്; ഓർമ എന്നാണ്. പക്ഷേ, നമുക്ക് ഓർമ വരുന്നത് മക്കോണ്ടോയാണെന്നു മാത്രം. തുമ്പോളി എന്ന ദേശത്തെയും അവിടുത്തെ മനുഷ്യരെയും മനുഷ്യരാണെന്നുറപ്പിക്കാൻ പാടു പെടുന്ന കുഞ്ഞുങ്ങളെയും ബോബി ജോസ് കട്ടികാട് വാക്കുകളിൽ കൊത്തിയിടുമ്പോൾ നമുക്കു ചിലപ്പോഴെങ്കിലും തോന്നുന്നത് മക്കോണ്ടോ ലളിതമായ ഒരു ഭാവനയാണ് എന്നായിരിക്കും. അത്രയ്ക്കധികം മാന്ത്രികത മുറ്റിയ മനുഷ്യരുടെ ചുവടുകൾ തുമ്പോളിയുടെ മണൽപ്പുറങ്ങളിൽ മറഞ്ഞും തെളിഞ്ഞും കിടക്കുന്നു.
ഭാഷയിലുമുണ്ട് മാന്ത്രികത. ‘പള്ളിക്കൂടത്തിലേക്കുള്ള വഴിയാണ് പള്ളിക്കൂടത്തേക്കാൾ നല്ലത്’ എന്നു വായിക്കുമ്പോഴും ‘നാടോടിക്കൂട്ടങ്ങളെ കാണുമ്പോൾ പുഴയോരത്തെത്തിയ താറാക്കുഞ്ഞിനെപ്പോലെ എന്തോ ഒന്ന് ഉള്ളിലനങ്ങുന്നു’ എന്നറിയുമ്പോഴുമൊക്കെ വാക്കുകൾ, മാന്ത്രികൻ കുഴലിലിട്ട കാട്ടുകമ്പിൽ പൂക്കൾ വിരിയുന്നതുപോലെ, വസന്തമായി മാറുന്നു.
ഇപ്പോൾ പല വട്ടം വായിച്ചുറപ്പിച്ചതിനു ശേഷം, ആദ്യവായനയിൽത്തന്നെ തോന്നിയ ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം – ഈ പുസ്തകത്തിന്റെ സൃഷ്ടി നടത്തിയത് വെറുതെ ഒരു ഓർമയെഴുത്തുകാരനല്ല; ഇതൊരു ഓർമപ്പുസ്തകവുമല്ല. ഇതിങ്ങനെ ആയിരുന്നില്ല പുറത്തിറക്കേണ്ടിയിരുന്നത്. മണ്ണിലേക്ക് ജീവനൂതി മനുഷ്യനെയുണ്ടാക്കുന്ന വിരുത് ഈ പുസ്തകത്തിൽ കാണാം. തുമ്പോളിയിലെ ചൊരിമണലൽ നിന്ന് പുതിയ മനുഷ്യർ ചിരിച്ചും കരഞ്ഞും ഉയിർക്കൊള്ളുന്നു.
ബഷീറിനെ വെറുതെ ഓർത്തുകൊണ്ട് നിർത്തട്ടെ.
വെറുമൊരോർമ തൻ കുരുന്നുതൂവൽ
ഓർമ
ബോബി ജോസ് കട്ടികാട്
ഡി സി ബുക്സ്