ദൈവം എഴുതുന്ന കവിതയാണ് മഴ എന്നായിരുന്നു വിചാരം. വൃത്തങ്ങളുടെ ലക്ഷണങ്ങളൊക്കെ പഠിച്ചുതുടങ്ങിയ കാലമായിരുന്നതുകൊണ്ട് ആ വഴിക്കാണ് ഭാവന പോയത്. കാകളി വേണോ, അതോ മഞ്ജരിയോ എന്നൊക്കെ ആലോചിച്ച് ഒടുവിൽ രണ്ടാം പാദത്തിൽ രണ്ടക്ഷരം കൂടുതൽ ചേർക്കാമെന്നോ രണ്ടാം പാദം തന്നെ വേണ്ട എന്നോ ദൈവം തീരുമാനിക്കുന്ന കവിത. അപ്പോഴും താളം വിടാത്ത കവിത. അതിന്റെ വരികളിൽ ചിരിയും കണ്ണീരും കണക്കിനു കലർന്നിരിക്കുന്നു. വരികൾക്കിടയിൽ ജീവിതവും മരണവും തോളിൽ കൈയിട്ടു നടക്കുന്ന കൂട്ടുകാരാകുന്നു.

അനന്യവും അരൂപവുമായ ഈ മഹാരചനയ്ക്കു മുന്നിൽ ആനന്ദിച്ചും അത്ഭുതപ്പെട്ടും അമ്പരന്നും ചിലപ്പോഴൊക്കെ ഭയന്നും നിന്നിരുന്ന ഒരു ബാലനെ ഓർക്കുന്നു. അവനിപ്പോഴും ഉള്ളിലിരുന്ന് മഴയുടെ ഇരമ്പങ്ങൾക്ക് കാതോർക്കുന്നുണ്ട്. മഴനൂലുകൾ വന്നു കുളിരെ പൊതിയുന്നത് കൊതിക്കുന്നുണ്ട്. കിഴക്കേമലയുടെ അപ്പുറത്തു നിന്ന് പെയ്തുവരുന്ന മഴയെ തൊടാൻ വാതിൽ തുറന്ന് ഓടാറുണ്ട്.

മൺസൂൺ എന്ന മഴക്കാറ്റാണ് നമുക്കു മഴയും കൊണ്ടു വരുന്നത്. മഴ എല്ലാവർക്കുമുള്ളതാണെന്നു പറയാറുണ്ടെങ്കിലും മൺസൂൺ എല്ലാവരെയും നനയ്ക്കുന്നില്ല. ഇന്ത്യ, ദക്ഷിണപൂർവേഷ്യ, ദക്ഷിണചൈന, ജപ്പാൻ, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ… കഴിഞ്ഞു മൺസൂണിനു താല്പര്യമുള്ള ഇടങ്ങൾ. മറ്റു ദേശങ്ങളെ ഈ മഴക്കാറ്റ് തിരിഞ്ഞുനോക്കുന്നതേയില്ല. മിക്ക രാജ്യങ്ങളിലുമുണ്ട് ഒന്നാന്തരം കാടുകൾ. ഹിമാലയത്തെപ്പോലെ, മേഘങ്ങളെ തടഞ്ഞുനിർത്താൻ ശേഷിയുള്ള മഹാമേരുക്കളും വേറെയുണ്ട്. എന്നിട്ടും മൺസൂണിന്റെ കാരുണ്യം പെയ്യുന്നത് ഭൂഗോളത്തിലെ എത്രയോ ചെറിയൊരു പ്രദേശത്താണ്! എന്തുകൊണ്ടെന്നു ചോദിച്ചാൽ കൃത്യമായ ഉത്തരമുണ്ട്; നോവലിസ്റ്റും ശാസ്ത്രകാരനുമായ സി രാധാകൃഷ്ണന്റെ ലേഖനം വായിച്ചുപോകുമ്പോൾ അതു നിങ്ങളുടെ കണ്ണിൽപ്പെടും.

മഴ എല്ലാക്കാലത്തും മനുഷ്യർക്കു വിസ്മയമായിരുന്നു; പ്രപഞ്ചത്തോളം പഴക്കമുള്ള മഹാത്ഭുതം. ദൂരെയായിരിക്കുമ്പോൾ അതെപ്പോഴും മോഹിപ്പിക്കുന്നതാണ്. ഒരു വേനൽക്കാലം മുഴുവൻ നമ്മൾ മഴയ്ക്കായി ദാഹിച്ചിരിക്കുന്നു. മൺസൂൺദിനങ്ങളെ സ്വപ്നം കാണുന്നു. മഴനൂലുകളുടെ രാപ്പാട്ടുകൾക്ക് കാതോർക്കുന്നു. ഒടുവിലതു വരുമ്പോൾ, മെല്ലെ മെല്ലെ, ‘ഇതൊന്നു പോയിരുന്നെങ്കിൽ’ എന്ന് തോന്നിത്തുടങ്ങുന്നു. പിന്നെയാ തോന്നൽ കൊടിയ ആഗ്രഹമാകുന്നു. നനഞ്ഞ കുടകളെയും ചെളി നിറഞ്ഞ വഴികളെയും വെറുക്കുന്നു. ‘വാണ്ട്‌സ് റ്റു പ്ലേ’ എന്ന് പരിതപിക്കുന്നു.

ഇടവപ്പാതി പോയി മറയുമ്പോൾ വീണ്ടും തുടങ്ങുന്നു കാത്തിരിപ്പ്! കളിവള്ളമുണ്ടാക്കി മഴയിലൊഴുക്കിയ അവധിദിവസങ്ങളെ സ്‌നേഹിക്കുന്നു. പ്രഭാതത്തിൽ ചുരുണ്ടുമൂടിക്കിടന്ന് ഉറങ്ങാൻ പുതപ്പു വലിച്ചിടുന്ന കുളിരിന് കൊതിക്കുന്നു. അപ്പോഴേക്കും മൺസൂൺ പോയി ഹിമാലയത്തെ തൊട്ട് തുലാവർഷമായി മടങ്ങി വരുന്നു. നമ്മൾ പിന്നെയും വെറുക്കാൻ തുടങ്ങുന്നു… ഇഷ്ടത്തിന്റെയും ഇഷ്ടക്കേടിന്റെയും ആവർത്തിക്കുന്ന ചക്രം. കാതോർത്താൽ, ‘ജീവിതം ഒരു തമാശയല്ലേ’ എന്ന് മഴ നമ്മളോടു ചോദിക്കുന്നതു കേൾക്കാം.

ഇടവപ്പാതിയെന്ന് ഇവിടെയുള്ളവരും മൺസൂൺ എന്നു മറ്റുള്ളവരും വിളിക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ കാലു കുത്തുന്നത് ഏറെക്കുറെ ജൂൺ ഒന്നിനാണ്, അല്ലെങ്കിൽ അതിനടുപ്പിച്ച ദിവസങ്ങളിൽ. മൺസൂണിന്റെ മണം പിടിക്കുകയും അതിന്റെ വരവറിയിക്കുകയും ചെയ്യുന്നത് രാജ്യത്തെ കാലാവസ്ഥാ വകുപ്പിന്റെ പണിയാണ്. കഴിഞ്ഞ നൂറിലധികം വർഷങ്ങളായി അവരത് ഒരുവിധം വൃത്തിയായി ചെയ്യുന്നുമുണ്ട്. ബ്രിട്ടീഷുകാരാണതു തുടങ്ങിവച്ചത്. അതിന്റെ കണക്കുകൾ ഈ പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്.

കാലാവസ്ഥാവകുപ്പിന്റെ മഴമാപിനികൾ രേഖപ്പെടുത്തിയ കണക്കുകളുടെ അടിസ്ഥാനത്തിൽ മൺസൂൺ ഏറ്റവും നേരത്തെ മുഖം കാട്ടിയത് 1918-ലാണ്. മേയ് പതിനൊന്നിനു തന്നെ അക്കൊല്ലം കാലവർഷമെത്തി. മഴ ഇനിയും ആഴ്ചകളോളം ദൂരത്താണല്ലോ എന്നു പൊള്ളിയിരിക്കുമ്പോൾ അകവും പുറവും കുളിർപ്പിക്കുന്ന പുതുമഴയുടെ വരവ്. വായുഭഗവാന്റെ തോളിലേറിയുള്ള ആ എഴുന്നള്ളത്ത് കാണാൻ ഭാഗ്യം ചെയ്തവർ ഈ പുസ്തകം ഇപ്പോൾ വായിക്കുന്നവരിൽ ആരുമുണ്ടാകില്ലെന്നാണ് കരുതുന്നത്. ഇല്ല, ഉണ്ടാകാൻ ഒരു സാധ്യതയുമില്ല.

മൺസൂൺ ഏറ്റവും വൈകിയത് 1972-ലാണ്. അക്കൊല്ലം മഴ പിറന്നത് ജൂൺ പതിനെട്ടിനായിരുന്നു. ഇതേ ജൂൺ പതിനെട്ടിനാണ് ഞാനും ഭൂമിയിലെത്തിയത്. ഇടവം പാതിയാകുമ്പോൾ വരേണ്ട മഴ ആ മാസം മുഴുവനും തീർന്ന് മിഥുനം തുടങ്ങിയിട്ടും മാറി നിൽക്കുകയായിരുന്നു. അനന്തമെന്നു തോന്നിച്ചുകൊണ്ട് വേനലിന്റെ വിങ്ങൽ നീണ്ടു. ചൂട്, വരൾച്ച, ജലക്ഷാമം, ദുരിതമയദിനങ്ങൾ. അപ്പോഴാണ്, ലോമപാദന്റെ വരണ്ടുണങ്ങിപ്പോയ അംഗരാജ്യത്തേക്ക് ഋഷ്യശൃംഗനും മഴയും വന്നതുപോലെ, കാത്തിരിപ്പിനു നടുവിലേക്ക് ഞാനും മഴയും വന്നത്. വെറും യാദൃച്ഛികത; എങ്കിലും പറയാനൊരു രസം.

മഴയോടുള്ള തീരാത്ത ഇഷ്ടം ഒന്നിച്ചുള്ള ആ വരവിൽ തുടങ്ങിയതായിരിക്കണം. ഈ പുസ്തകം ആ ഇഷ്ടത്തിൽ നിന്നുണ്ടായി വന്നതാണ്. മഴ പെയ്യുന്ന ഓർമകൾ, മഴയുടെ കഥയും കവിതയും ചരിത്രവും ശാസ്ത്രവും തിരയുന്ന ലേഖനങ്ങൾ, കാവ്യശകലങ്ങൾ, കഥാഭാഗങ്ങൾ ഇതൊക്കെ ചേർന്നതാണ് ‘മഴക്കാലം’. മഴയുടെ രസമനുഭവിപ്പിക്കുകയും രഹസ്യങ്ങളന്വേഷിക്കുകയും ചെയ്യുന്ന പുസ്തകം. മഴയെക്കുറിച്ച് ഇത്തരമൊരു പുസ്തകം മലയാളത്തിൽ ആദ്യമാണ്.

‘ഈ പുസ്തകത്തിന്റെ ഓരോ താളിലും മഴയുടെ രാഗം കേൾക്കാം. പല കാലങ്ങളുടെ, ജീവിതങ്ങളുടെ അനുഭവങ്ങളിലൂടെ തുള്ളികളായി പെയ്തിറങ്ങി, പിന്നെയൊരു കൈത്തോടായി, പാഞ്ഞൊഴുകുന്ന പുഴയായി, ആർത്തിരമ്പുന്ന ആഴിയുടെ ആത്മാവു തേടുന്ന മഴ. മഴയെക്കുറിച്ച് ഇത്രമേൽ ഹൃദ്യമായൊരു പുസ്തകം മലയാളത്തിൽ ഇതാദ്യമാണ്’ എന്ന് ആദ്യപതിപ്പ് വന്നപ്പോൾ കേരള കൗമുദി എഴുതിയിരുന്നു. ‘മഴക്കാല’ത്തെ കൃത്യമായി നിർവചിക്കുന്ന വരികളാണത്.

2005-ലാണ് ‘മഴക്കാലം’ ആദ്യമായി പുറത്തിറങ്ങുന്നത്. പിന്നെയതിന് പല പതിപ്പുകൾ കൂടിയുണ്ടായി. ഓരോ പതിപ്പിലും കൂട്ടലുകളും കുറയ്ക്കലുകളും നടക്കുകയും പുസ്തകത്തിന് പുതിയ ഭാവങ്ങൾ ലഭിക്കുകയും ചെയ്തുകൊണ്ടിരുന്നു. മുൻ പതിപ്പുകളിലുണ്ടായിരുന്ന അഞ്ജലി മേനോൻ, തുളസി കക്കാട്, ബിനീഷ് മള്ളൂശേരി, സിന്ധു വർഗീസ് എന്നിവരെടുത്ത സുന്ദരമായ മഴഫോട്ടോകൾ ഓർക്കുന്നു. ഇപ്പോൾ ഏഴാം പതിപ്പിൽ എത്തിയിരിക്കുകയാണ്. ആദ്യപതിപ്പിൽ കവറിലുണ്ടായിരുന്ന വാൻഗോഗിന്റെ പ്രശസ്തമായ പെയിന്റിങ് – ബ്രിഡ്ജ് ഇൻ ദ് റെയിൻ – ഈ പതിപ്പിൽ തിരിച്ചെത്തിയിട്ടുണ്ട്; അതുപോലെ ടി എൻ സുബോധ്കുമാറിന്റെ മഴ തൊട്ടെടുക്കുന്ന ചിത്രങ്ങളും.

1972 ജൂൺ പതിനെട്ടിനു പിറന്ന എല്ലാ ‘ഋശ്യശൃംഗൻ’മാർക്കു മായി ‘മഴക്കാലം’ വീണ്ടും സമർപ്പിക്കുന്നു.

Order Nowമഴക്കാലം – മഴയുടെ രസവും രഹസ്യങ്ങളും
എഡിറ്റർ: ടോം ജെ മങ്ങാട്ട്
സമാഹാരം
ഇന്ദുലേഖ പുസ്തകം
2025