ഞാൻ കണ്ടതിൽ ഏറ്റവും ധീരനായ പത്രാധിപരാണ് എടത്തട്ട നാരായണൻ. എല്ലാ അർത്ഥത്തിലും അദ്ദേഹം പത്രത്തിന്റെ അധിപനായിരുന്നു. എന്നാലത് ഒരു തേർവാഴ്ചയായിരുന്നുമില്ല. തന്റെ ലളിതജീവിതം ഒരു സമഗ്രദർശനത്തിന്റെ ആവിഷ്‌ക്കാരമാക്കി തീർക്കുകയാണ് അദ്ദേഹം ചെയ്തത്. അങ്ങനെ ഒരാൾ ഇനി ഈ ഭൂമിയിൽ ഒരു പത്രാധിപരായി ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല; പത്രാധിപന്മാർ വെറും പ്രൊഫഷണലുകളായി മാറിക്കഴിഞ്ഞതിനാൽ വിശേഷിച്ചും.
കേന്ദ്രസർക്കാരിലെ ജോലി ഉപേക്ഷിച്ച് ഞാനൊരു പത്രപ്രവർത്തകനായത് ലോകഗതിയെ എനിക്കാവും വിധം സ്വാധീനിക്കാൻ അതിലൂടെ കൂടുതലായി സാധിക്കുമെന്ന വിശ്വാസത്തിലായിരുന്നു. ‘സയൻസ് ടുഡെ’ എന്ന മാസികയ്ക്ക് ജന്മം നൽകി വളർത്തിയ, മൂന്നു കൊല്ലത്തിനിടയിൽ എനിക്ക് മനസ്സിലായി, ‘ടൈംസ് ഓഫ് ഇന്ത്യ’ പോലുള്ള വൻ വ്യവസായപത്രങ്ങൾ എന്നെ ഉപയോഗിക്കുകയല്ലാതെ മറ്റൊന്നും സംഭവിക്കാനില്ലെന്ന്. അവരെന്നെ ഉപയോഗിക്കുക ലാഭമുണ്ടാക്കാനാണ്, ലോകം നന്നാക്കാനല്ല.
എന്റെ ജീവിതത്തിലെ രണ്ടാമത്തെ മോഹഭംഗമായിരുന്നു അത്. ശാസ്ത്രഗവേഷണം നമ്മുടെ നാട്ടിൽ നടപ്പില്ലാക്കാര്യമാണെന്ന തിക്താനുഭവമായിരുന്നു ആദ്യത്തേത്. ഇനി എന്തു ചെയ്യണം എന്നറിയാതെ ഉഴറുമ്പോഴാണ് ഓർക്കാപ്പുറത്ത് എടത്തട്ടയെ കണ്ടുമുട്ടുന്നത്. ഒരു പത്രപ്രവർത്തകസമ്മേളനത്തിൽ വച്ചായിരുന്നു ആ കൂടിക്കാഴ്ച.
പത്രസ്വാതന്ത്ര്യത്തേക്കുറിച്ച് അന്ന് അദ്ദേഹം നടത്തിയ പ്രഭാഷണം ഇന്നും ഞാൻ ഓർക്കുന്നു. ഒരു മുഖവുരയും കൂടാതെ അദ്ദേഹം എന്നോട് ചോദിച്ചു, “എന്റെ കൂടെ കൂടുന്നോ?”
അഷ്ടിക്കു വകയില്ലാത്ത ഒരു ചെറുപത്രം. ഇടതുപക്ഷത്തോടൊപ്പമാണ് ചേർന്നു നിൽക്കുന്നത്. എനിക്കാണെങ്കിൽ പക്ഷമില്ല. അക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കമന്റ്: “ഭൂമധ്യരേഖയിൽ കഴിയുന്നവർക്കും സ്വാഗതം!”
ഉദ്ദേശിച്ചതിലേറെ സ്വാതന്ത്ര്യം എനിക്ക് കിട്ടി. രാവിലെ എഡിറ്റോറിയൽ മീറ്റിങ്ങിൽ ആരേത് വിഷയം എഴുതണമെന്ന് തീരുമാനിക്കുമ്പോൾ ഒരു കീഴ്‌വഴക്കമുണ്ടായിരുന്നു. അഭിപ്രായം തുറന്നു പറയാം. സംഭവത്തേക്കുറിച്ച് സത്യസന്ധമായി സംസാരിക്കാം. അതിന്റെ ന്യായാന്യായങ്ങൾ അവതരിപ്പിക്കാം. പത്രത്തിന്റെ പൊതു നിലപാട് എന്തെന്ന കാര്യം രണ്ടാമതേ വരൂ. എനിക്ക് ഒരിക്കലും നിരാശനാകേണ്ടി വന്നില്ല. യുക്തികൾ കേട്ട് അദ്ദേഹം പറഞ്ഞ വിധികളോട് ഒരിക്കലെങ്കിലും വിയോജിപ്പുണ്ടായിരുന്നതായി ഓർമയില്ല.
‘ടൈംസി’ൽ നിന്ന് പഠിച്ചത് പ്രൊഫഷണൽ ജേണലിസമായിരുന്നു. എടത്തട്ടയുടെ കൂടെ നിന്ന് പഠിച്ചത് ധാർമിക ജേണലിസം. ഏത് അധികാരിയേയും അധികാരത്തേയും പേടിക്കാനില്ല എന്ന പാഠമാണ് മുഖ്യം. പറയുന്നത് ശരിയായിരിക്കണം, അത്രയേ വേണ്ടൂ.
പത്രസ്ഥാപനത്തിന്റെ മുകളിലെ രണ്ട് മുറിയുള്ള ഒരു അപ്പാർട്ട്‌മെന്റിലായിരുന്നു അദ്ദേഹത്തിന്റെ വാസം. വളരെ ലളിതമായി സജ്ജീകരിച്ച രണ്ട് മുറികൾ. ഒന്നിൽ ഒരു കട്ടിലും കിടക്കയും. മറ്റേതിൽ ഒരു എഴുത്തുമേശയും ബാക്കിയെല്ലായിടത്തും പുസ്തകങ്ങളും. ഭക്ഷണം കാന്റീനിൽ നിന്നു മാത്രം. ജീവിതച്ചെലവുകൾക്ക് എടുക്കുന്നതല്ലാതെ ശമ്പളമില്ല. വെളുത്ത കാലുറയും ഷർട്ടും സ്ഥിരം വേഷം. ജോലിക്കാരെല്ലാം തറവാട്ടിലെ അംഗങ്ങളാണ്. ആർക്കും ഏതു നേരവും കാരണവരെ കാണാം. എന്താവശ്യവും പറയാം. നിയമമോ ലാഭമോ നോക്കിയല്ല സഹായം, ആവശ്യം നോക്കിയാണ്. ചെറുതായി കീറിയ തുണ്ടുകടലാസിലെ കൈപ്പടക്കുറിപ്പാണ് നിയമനത്തിനും നിഷ്‌കാസനത്തിനും പേയ്‌മെന്റിനും ഉത്തരവ്. ചുവടെ രണ്ടക്ഷരം, ‘EN’.
ജോലിയോടും സ്ഥാപനത്തോടും കൂറില്ലായ്മ മാത്രമാണ് അക്ഷ്യന്തവ്യമായ അപരാധം. മോഷണം പരമാപരാധം. ബാക്കിയെല്ലാം താരതമ്യേന നിസ്സാരം.
ഈ ഭൂമിയിൽ ഒരു മഹാവിപ്ലവം എന്തായാലും വരുമെന്ന് അദ്ദേഹം കരുതി. ചൈനയിലെ ലോങ് മാർച്ചിൽ മാവോവിനോടൊപ്പം പങ്കെടുത്ത ആളായിരുന്നു. ആ മഹാവിപ്ലവത്തിന് ആക്കം കൂട്ടാൻ കഴിവതു ചെയ്യുകയായിരുന്നു ലക്ഷ്യം. ജനായത്തത്തെ അതിനായി പാകപ്പെടുത്താനുളള ഉപാധിയാക്കാൻ സാധിക്കുമെന്നു കൂടി വിശ്വസിച്ചു.
മനുഷ്യപ്രശ്‌നങ്ങൾ സരളങ്ങളാണ് എന്ന് എപ്പോഴും പറയും. സങ്കീർണമായ പദാവലിയോ ദുരൂഹങ്ങളായ സിദ്ധാന്തങ്ങളോ ഒക്കെ അദ്ദേഹത്തെ അസ്വസ്ഥനാക്കും. വിശക്കുന്നവന് അപ്പം, നഗ്‌നന് തുണി, തല ചായ്ക്കാൻ കിടപ്പാടം, ചെയ്യാൻ തൊഴിൽ, അവശതയെങ്കിൽ സഹായം. ഇത്രയും കഴിഞ്ഞേ ഏതു മഹത്തായ ആദർശവും പ്രസക്തമാവൂ. ഇത്രയെങ്കിലും ചെയ്യാൻ ഒരു ഭരണകൂടത്തിനു കഴിയുന്നില്ലെങ്കിൽ അതിനു നിലനിൽക്കാൻ അവകാശമില്ല. എല്ലാവർക്കും ഈ കാര്യങ്ങൾ ലഭ്യമാണെങ്കിൽ പിന്നെ പാരമ്പര്യത്തേക്കുറിച്ച് സംസാരിക്കാം. ഏതു മഹത്തായ തത്വശാസ്ത്രവും പഠിപ്പിക്കാം.
വ്യക്തിജീവിതത്തിൽ നേരസ്ഥതയും ധാർമികതയും പുലർത്താത്ത നേതാക്കളെ അവർ എത്ര വലിയവനായാലും നഖശിഖാന്തം എതിർക്കും. ഭീഷണികളുടെ മുന്നിൽ നെട്ടനെയുള്ള ആ നിൽപ്പ് കാണേണ്ട കാഴ്ചയാണ്! പ്രതിലോമശക്തികളുടെ ഭീഷണി ഒരിക്കൽ പത്രത്തിൽ ഒരു വിഭാഗം ജീവനക്കാരുടെ സമരം വരെ ഏർപ്പാടാക്കി. ഒരിക്കലും നടപ്പിലാക്കാനാവില്ലെന്നു തീർച്ചയുള്ള സേവനവേതന പരിഷ്‌ക്കാരങ്ങളാണ് സമരനേതാക്കൾ മുന്നോട്ടു വച്ചത്. സമചിത്തതയോടെ അദ്ദേഹം ആ സമരത്തെ നേരിട്ടു. തികഞ്ഞ ആന്റിക്ലൈമാക്‌സായി ആ സമരത്തിന്റെ പര്യവസാനം.
അദ്ദേഹം എല്ലാ ജീവനക്കാരുടേയും ഒരു യോഗം വിളിച്ചു കൂട്ടി. സമരസമിതി ആവശ്യപ്പെട്ടതിന്റെ ഇരട്ടി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചെന്നു മാത്രമല്ല, സ്ഥാപനം ജീവനക്കാരുടെ പൊതുസ്വത്തായി മാറ്റുകയും ചെയ്തുകളഞ്ഞു! വർധിച്ച വേതനവും ആനുകൂല്യങ്ങളും നൽകാൻ ജോലിക്കാരുടെ പ്രതിനിധികൾക്ക് മുൻതൂക്കമുള്ള ഡയറക്ടർ ബോർഡ് മാർഗം കാണണം. എന്നിട്ട് താൻ പിരിഞ്ഞു പോകുന്നതായി പ്രഖ്യാപിച്ചു. പിറ്റേന്നു കണ്ടത്, സമരം സംഘടിപ്പിച്ചവരേക്കൊണ്ട് മറ്റു ജീവനക്കാർ രാജിയെഴുതിച്ച് അദ്ദേഹത്തെ ഏൽപ്പിക്കുന്നതും പിരിഞ്ഞു പോകരുതെന്ന് അപേക്ഷിക്കുന്നതുമായ കാഴ്ചയാണ്. ആരുടേയും രാജി അദ്ദേഹം സ്വീകരിച്ചില്ല, വിരമിച്ചുമില്ല. സ്ഥാപനം പൊതുസ്വത്തായി തുടർന്നു. ഉള്ളതുകൊണ്ട് എല്ലാവർക്കും ഓണം പോലെ കഴിയാമെന്ന പഴയ രീതി തിരികെ നിലവിൽ വരുകയും ചെയ്തു.
അതിമനോഹരമായി ഇംഗ്ലീഷിലെഴുതാൻ കഴിയുമായിരുന്നു അദ്ദേഹത്തിന്. ആ എഴുത്തിന്റെ ശൈലി എനിക്ക് സ്വയം രൂപപ്പെടുത്താൻ ഉതകി. ധൈര്യവും സ്ഥൈര്യവുമാണ് അദ്ദേഹം എന്നെ പഠിപ്പിച്ച രണ്ടു കാര്യങ്ങൾ. മുഴുവനായി അറിഞ്ഞേ പ്രതികരിക്കാവൂ എന്ന ബാലപാഠവും പഠിപ്പിച്ചു. ജീവിക്കുന്നെങ്കിൽ ആണായി ജീവിക്കണം എന്ന് സ്വജീവിതം കൊണ്ട് തെളിയിച്ചു. അദ്ദേഹത്തിനോടൊപ്പം കഴിയാൻ കിട്ടിയ അവസരം എനിക്ക് മനുഷ്യനിലുള്ള വിശ്വാസവും ആദർശബോധവും തിരികെ നൽകി. വാത്സല്യത്തിന്റെ മാധുര്യം തന്നു.
(ഇന്ദുലേഖ പ്രസിദ്ധീകരിച്ച എടത്തട്ട നാരായണൻ: പത്രപ്രവർത്തനവും കാലവും എന്ന പുസ്തകത്തിലെ ആമുഖലേഖനം.)
എടത്തട്ട നാരായണൻ: പത്രപ്രവർത്തനവും കാലവും
പി. രാംകുമാർ
ഇന്ദുലേഖ പുസ്തകം
2022