കേരളത്തിന്റെ വടക്കു നിന്നൊരാൾ ഇന്ത്യയുടെ വടക്കെത്തി ദേശീയ പത്രപ്രവർത്തനത്തിലെ ഏറ്റവും വലിയ പേരുകളിൽ ഒന്നായ കഥയാണ് പി. രാംകുമാർ എഴുതിയ ‘എടത്തട്ട നാരായണൻ: പത്രപ്രവർത്തനവും കാലവും’. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും അതിന്റെ പേരിൽ ഒരു കടലാസുകഷണം പോലും സമ്മാനമായി കൈപ്പറ്റുകയും ചെയ്യാതിരുന്ന നിസ്വാർത്ഥനായ പോരാളി, സാക്ഷാൽ ജവഹർലാൽ നെഹ്റുവിനൊപ്പം പതിവായി ചായ – ചില നേരങ്ങളിൽ സ്മോളും – കുടിക്കുന്ന ചങ്ങാതി, ഇടതുപക്ഷാഭിമുഖ്യമുള്ള ലിങ്ക് വാരികയും പേട്രിയറ്റ് പത്രവും ഇംഗ്ലിഷിൽ തുടങ്ങി വിജയിപ്പിച്ച പത്രാധിപർ, ബിസിനസുകാരുടെയോ രാഷ്ട്രീയകക്ഷികളുടെയോ പിൻബലമില്ലാതെ ഡൽഹിയുടെ ഹൃദയത്തിൽ ലിങ്ക് ഹൗസ് എന്ന വലിയ പത്രമോഫീസ് പണി തീർത്ത സംരംഭകൻ… 1907 മുതൽ 1976 വരെയുള്ള ആ ജീവിതം ഒരു ബോളിവുഡ് സിനിമയെ അതിശയിക്കുന്നത്ര സംഭവബഹുലമായിരുന്നു. അതെ, ഒരു തകർപ്പൻ സിനിമയ്ക്ക് സ്കോപ്പുണ്ട് നോവൽ പോലെ രസം പിടിച്ചു വായിക്കാവുന്ന ഈ പുസ്തകത്തിൽ.

ഇന്ത്യയുടെ പത്രപ്രവർത്തന ചരിത്രത്തിൽ എടത്തട്ട നാരായണൻ എന്ന യുഗം അവസാനിക്കുമ്പോൾ എനിക്ക് വെറും നാലു വയസായിരുന്നു; പത്രം വായിക്കാൻ പോലും തുടങ്ങാത്ത ചെറിയ പ്രായം. തേഞ്ഞുപോയതാണെങ്കിലും എടത്തട്ടയേക്കുറിച്ച് പറയാൻ ‘യുഗം’ എന്നല്ലാതെ മറ്റൊരു വാക്കില്ല എന്നു മനസിലാക്കിവന്നപ്പോഴേക്കും പിന്നെയും രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞിരുന്നു. ആ സമയത്താണ് അന്നു പണിയെടുത്തിരുന്ന മാധ്യമസ്ഥാപനത്തിൽ രണ്ടു കസേരകൾക്കപ്പുറം ഇരിക്കുന്ന പി. രാംകുമാർ എടത്തട്ടയേക്കുറിച്ചുള്ള ഈ പുസ്തകത്തിന്റെ പണികൾ തുടങ്ങിയത്. അന്ന് അതൊരു കൗതുകമായേ തോന്നിയുള്ളു. എഴുതിയിട്ട കുറിപ്പുകൾ ഇടയ്ക്ക് രാം‍കുമാർ വായിക്കാൻ തന്നപ്പോഴാണ് ഇതൊരു ചെറിയ കളിയല്ല എന്നു ബോധ്യമായത്.

സാഹസികം എന്നല്ലാതെ വേറൊന്നും ഈ പ്രയത്നത്തെ വിശേഷിപ്പിക്കാൻ പറ്റിയ വാക്കല്ല. കാരണം, സംഭവബഹുലമായി ജീവിച്ചപ്പോഴും കാര്യമായ രേഖകളൊന്നും അവശേഷിപ്പിക്കാതെയാണ് എടത്തട്ട നാരായണൻ കടന്നുപോയത്. ‘ടൈംസ് ഓഫ് ഇന്ത്യ’യിലും ‘ശങ്കേഴ്സ് വീക്കിലി’യിലും ‘പേട്രിയറ്റി’ലുമൊക്കെയുള്ള കോളങ്ങളിലൂടെ ആയിരക്കണക്കിനു വായനക്കാരെ സ്വന്തമാക്കിയ എടത്തട്ട, ആത്മകഥ പോയിട്ട് മരുന്നിനൊരു പുസ്തകം പോലും എഴുതിയില്ല. ഇന്റർനെറ്റിൽ നല്ല ചിത്രങ്ങളോ വിക്കിപീഡീയയിൽ നല്ലൊരു ജീവചരിത്രക്കുറിപ്പോ കാണാൻ കിട്ടില്ല. അന്നും ഇന്നും ഇതുതന്നെ കഥ. മാത്രമല്ല, ആ തലമുറയിൽ പെട്ട പലരും അരങ്ങൊഴിഞ്ഞ് പോവുകയും ചെയ്തിരിക്കുന്നു.

എങ്കിലും, രാംകുമാർ ക്ഷീണമറിയാതെ പണിയെടുത്തു. എടത്തട്ട നാരായണന്റെ സമകാലികരെ അന്വേഷിച്ചെടുത്തും മറവിയിലാണ്ടുപോയ ചില പുസ്തകങ്ങളും ലേഖനങ്ങളും തിരഞ്ഞുപിടിച്ചുമൊക്കെയാണ് രാംകുമാർ ഈ പുസ്തകം പൂർത്തിയാക്കിയത്. ഒ വി വിജയനും എം പി നാരായണപിള്ളയും മുതൽ കാർട്ടൂണിസ്റ്റ് കുട്ടിയും ബാബു ഭാസ്കറും വരെയുള്ളവരുടെ ഓർമകൾ രാംകുമാർ ഇതിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എടത്തട്ടയ്ക്കൊപ്പം പേട്രിയറ്റിൽ ജോലി ചെയ്ത പ്രശസ്ത എഴുത്തുകാരൻ സി. രാധാകൃഷ്ണന്റെ ഓർമകൾ ആമുഖക്കുറിപ്പായി ചേർത്തിരിക്കുന്നു. പത്രപ്രവർത്തകർക്കും ചരിത്രാന്വേഷികൾക്കും ഒരു നിധിയായി ഈ പുസ്തകം അനുഭവപ്പെടും.

ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന എടത്തട്ടയുടെ ജീവിതം പ്രസിദ്ധീകരിക്കാനുള്ള ഭാഗ്യം മറ്റ് രണ്ടു പ്രസാധകരുടെ കൈകളിലൂടെ കടന്ന് ഇന്ദുലേഖയിൽ എത്തിയത് ഒരു നിയോഗമാണെന്നു തന്നെയാണ് സ്വപ്നയും ഞാനും വിചാരിക്കുന്നത്. Must-read എന്നു പറയാവുന്ന മറ്റൊരു പുസ്തകം കൂടി പ്രസിദ്ധീകരിക്കാൻ അങ്ങനെ ഇന്ദുലേഖയ്ക്ക് കഴിഞ്ഞു. രാംകുമാറിനു നന്ദി.

Order Nowഎടത്തട്ട നാരായണൻ: പത്രപ്രവർത്തനവും കാലവും
പി. രാംകുമാർ
ഇന്ദുലേഖ പുസ്തകം
2022