പണ്ട് സ്കൂളിലെ സ്കോളർഷിപ്പ് പരീക്ഷയ്ക്കു പഠിക്കാൻ കിട്ടിയ വി ഗൈഡിൽ നിന്നു പരിചയപ്പെട്ടയാളാണ് സി അന്തപ്പായി. ഒ ചന്തു മേനോൻ അപൂർണമാക്കി നിർത്തിയിട്ടുപോയ ‘ശാരദാ’ എന്ന നോവൽ പൂരിപ്പിച്ച എഴുത്തുകാരൻ. ‘ശാരദാപൂരണം – സി അന്തപ്പായി’ എന്നു കാണാപ്പാഠം പഠിച്ചു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ പുസ്തകം ഒന്നു കൈ കൊണ്ടു തൊടാൻ പോലും ഭാഗ്യമുണ്ടായില്ല. നാട്ടിലെയും പഠിച്ച കോളജുകളിലെയും യൂണിവേഴ്സിറ്റി ക്യാംപസിലെയും ലൈബ്രറികളിലൊക്കെ അന്തപ്പായിയുടെ ശാരദാപൂരണം പരതിയെങ്കിലും കിട്ടിയില്ല.
1892 ഓഗസ്റ്റിലാണ് ‘ശാരദ’യുടെ ആദ്യത്തെ എട്ട് അധ്യായങ്ങൾ ഒന്നാം ഭാഗമായി ചന്തുമേനോൻ പ്രസിദ്ധീകരിക്കുന്നത്. സുഹൃത്ത് ഇ കെ കൃഷ്ണന്റെ നിർബന്ധമായിരുന്നു അതിനു കാരണം. അതേ വർഷം തന്നെ രണ്ടും മൂന്നും ഭാഗങ്ങൾ കൂടി പ്രസിദ്ധീകരിച്ച് നോവൽ പൂർത്തിയാക്കാനാകുമെന്ന് ആദ്യഭാഗത്തിന്റെ ആമുഖക്കുറിപ്പിൽ അദ്ദേഹം ആഗ്രഹിച്ചിരുന്നു; പക്ഷേ, അതു നടന്നില്ല. ഏഴു വർഷം കൂടി ജീവിച്ചിരുന്നെങ്കിലും പിന്നീടെഴുതിയത് രണ്ട് അധ്യായങ്ങളും അപൂർണമായ ഒരു അധ്യായവുമാണ്. അദ്ദേഹത്തിന്റെ മരണശേഷം, ജാമാതാവ് പാട്ടത്തിൽ നാരായണ മേനോന്റെ ഉത്സാഹത്തിൽ ഈ അധ്യായങ്ങൾ കൂടി ചേർത്ത് 1904-ൽ ‘ശാരദ’ പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷേ, അപ്പോഴും നോവൽ അപൂർണമായിത്തന്നെ തുടർന്നു.
ഈ അപൂർണതയിലും, ‘ഇന്ദുലേഖയെക്കാൾ വിശിഷ്ടമായ ഒരു നോവലാണു ശാരദ’ എന്നാണ് മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യർ ‘കേരള സാഹിത്യചരിത്ര’ത്തിൽ അഭിപ്രായപ്പെട്ടത്. അദ്ദേഹം തുടരുന്നു, ”അതിലെ കഥാഘടനയിൽ പരിണാമഗുപ്തി ഗ്രന്ഥകാരൻ നിഷ്‌കൃഷ്ട മായി പാലിച്ചിട്ടുള്ളതുകൊണ്ടു പിന്നീടുള്ള ഇതിവൃത്തഗതി എന്തെന്നു നിർണയിക്കുന്നത് അസാധ്യം തന്നെ. ശാരദ തന്നെയാണു നായിക. നായകൻ ആ വിലാസിനിയുടെ അമ്മാവന്റെ മകനായ കൃഷ്ണമേനോൻ ആയിരിക്കുമെന്ന് ഊഹിക്കുവാൻ മാർഗമില്ലാതെയില്ല. ‘ശാരദ’യിലെ ചില കഥാപാത്രങ്ങളെ ചന്തുമേനോൻ അത്യന്തം സജീവങ്ങളാക്കീട്ടുണ്ട്. വൈത്തിപ്പട്ടർ, കുണ്ടൻമേനോൻ, പുഞ്ചോലക്കരയിടത്തിൽ അച്ചൻ മുതലായവർ അനുവാചകന്മാരുടെ ഹൃദയഭിത്തികളിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകുന്നതല്ല. ‘ശാരദ’യിലെ ഭാഷയും ‘ഇന്ദുലേഖ’യിലേതിനെക്കാൾ ഒന്നുകൂടി മിനുസപ്പെട്ടിട്ടുണ്ട്. പാറവക്കിലന്മാർ, ജ്യോതിഷക്കാർ, ഒരുവക നോവലെഴുത്തുകാർ മുതലായവരെ ഗ്രന്ഥകാരൻ സ്വായത്തമായ ഭാവനയിലും ഫലിതത്തിലും ഭാഷയിലും കളിയാക്കീട്ടുണ്ട്.”
ചന്തുമേനോനെക്കുറിച്ചുള്ള ഉള്ളൂരിന്റെ വാക്കുകൾ അവസാനിക്കുന്നത് ഇങ്ങനെയാണ്, ”വാസനാസമ്പന്നനും കുശാഗ്രബുദ്ധിയുമായ ഈ മഹാത്മാവു ഭാഷാദേവിക്കു സമ്മാനിച്ചിട്ടള്ള ‘ഇന്ദുലേഖ’യും ‘ശാരദ’യും രണ്ട് അനർഘങ്ങളായ രത്‌നങ്ങൾ തന്നെയാണ്. അത്തരത്തിൽ അവയ്ക്കു സമീപമെങ്ങും ചെല്ലാവുന്ന ഗ്രന്ഥങ്ങൾ മലയാളത്തിൽ വേറെയില്ല. ഈ പാദങ്ങളിൽ ഊന്നി തലയുയർത്തിപ്പിടിച്ചു നിലകൊള്ളുന്ന ചന്തു മേനോന്റെ നിത്യയൗവനയും നിതാന്തസുഷമയുമായ സൽക്കീർത്തിക്കു വാട്ടമോ കോട്ടമോ ഒരു കാലത്തും തട്ടുന്നതല്ല.”
‘ശാരദ’യുടെ കഥ പൂർത്തിയാക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തത് രണ്ടു പേരാണ്- സി അന്തപ്പായിയും പയ്യംപെള്ളിൽ പി ഗോപാലപിള്ളയും. അന്തപ്പായി എഴുതിയ പൂരണം, ‘ശാരദാ (രണ്ടാം ഭാഗം)’ എന്ന പേരിൽ പുറത്തിറങ്ങുന്നത് 1914-ലാണ്. വീണ്ടും നാലു പതിറ്റാണ്ടുകൾക്കു ശേഷം ഗോപാലപിള്ളയുടെ ‘ശാരദ (പുതിയ രണ്ടാം ഭാഗം)’ 1957 ഡിസംബറിലും. ‘ആ പൂരണങ്ങൾ അവരുടേതാണ്, ചന്തുമേനോന്റേതല്ല’ എന്ന് ഉള്ളൂർ അവയുടെ ഉള്ളടക്കത്തെ വിലയിരുത്തിയിട്ടുണ്ടെങ്കിലും സാഹിത്യ ചരിത്രത്തിൽ ഈ കൃതികൾക്ക് പ്രാധാന്യമുണ്ട്; പ്രത്യേകിച്ച് സി അന്തപ്പായിയുടെ ആദ്യപൂരണത്തിന്.
വായനയുടെയും വരയുടെയും ചരിത്രത്തിൽ മുങ്ങിത്തപ്പി മുത്തുകളും കൊണ്ട് പൊങ്ങി വരുന്നതിൽ വിദഗ്ദ്ധയായ കവിത ബാലകൃഷ്ണനാണ് ഒടുവിൽ ശാരദാപൂരണം വായിക്കാൻ ഒരു വഴിയുണ്ടാക്കിയത്. ‘ശാരദാ – രണ്ടാം ഭാഗം’ എന്നു പേരിട്ട് 1914-ൽ ഇറങ്ങിയ ആദ്യപതിപ്പിന്റെ കോപ്പി കവിത സംഘടിപ്പിച്ചുതന്നു. 1892-ൽ ആദ്യ ഭാഗമിറങ്ങിയ ഒരു നോവലിന് 1914-ൽ വന്ന ഒരു പൂരണം 2024-ൽ വായിക്കുക എന്നത് ഒരു അത്യുഗ്രൻ അനുഭവമായിരുന്നു. മൂന്നാമതൊരു കാലത്തിരുന്ന് മുൻപുള്ള രണ്ടു കാലങ്ങളിലേക്കും രണ്ട് എഴുത്തുകാരിലേക്കും കയറിപ്പോവുക രസകരമായില്ലെങ്കിലേ അത്ഭുതമുള്ളു. ചന്തു മേനോന്റെ രണ്ടു കഥാപാത്രങ്ങൾ – ശങ്കര മേനോനും ശങ്കു വാരിയരും – തമ്മിലുള്ള സംഭാഷണത്തിനിടയ്ക്കു വച്ച് പതിനൊന്നാം അധ്യായം നിന്നുപോയിരിക്കുകയാണ്. ആ സംഭാഷണത്തിന്റെ തുടർച്ച എഴുതിക്കൊണ്ടാണ് സി അന്തപ്പായി തുടങ്ങിയിരിക്കുന്നത്.
മലയാളത്തിലെ ആദ്യകാലസാഹിത്യനിരൂപകരിൽ പ്രമുഖനും ആഖ്യായികാകാരനുമാണ് സി. അന്തപ്പായി എന്ന ചിറയത്തുവീട്ടിൽ തൊമ്മൻ അന്തപ്പായി. സരളവും ഫലിതമയവുമായ ശൈലിയിൽ ഗദ്യമെഴുതുന്നതിൽ സമർത്ഥനായിരുന്നു അദ്ദേഹം. സാഹിത്യത്തിലെ പ്രവണതകളെ പരിഹസിക്കുന്ന ‘നാലു പേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം’ എന്ന നോവൽ അതിനുദാഹരണമാണ്. സി അന്തപ്പായി എഴുതിയ ഭാഗത്തിന്റെ ആദ്യപതിപ്പു തന്നെയാണ് ഈ പതിപ്പിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ചന്തുമേനോൻ എഴുതിയ ഭാഗത്തിന്റെ ആദ്യപതിപ്പ് നിർഭാഗ്യവശാൽ ഞങ്ങൾക്ക് കണ്ടെത്താനായില്ല. അതുകൊണ്ട്, ലഭ്യമായിട്ടുള്ളതിലെ ഏറ്റവും പഴയ രണ്ടു പതിപ്പുകൾ ഒത്തുനോക്കിയാണ് ആ ഭാഗം ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നത്. ‘ശാരദ’യ്ക്ക് ഇങ്ങനെയൊരു പതിപ്പ് ഇതാദ്യമായാണ്; ഒ ചന്തു മേനോന്റെ അപൂർണമായ നോവലും അതിന്റെ പൂരണവും ചേർന്നുള്ള സമ്പൂർണ പതിപ്പ്.
ഈ രണ്ടു കാലങ്ങളെയും എഴുത്തുകാരെയും കവറിൽ കൊണ്ടുവരേണ്ടത് സാധാരണ ചെയ്യാറുള്ളതുപോലെ രണ്ടു പടം വച്ചിട്ട് പോരാ എന്നു തോന്നിയതുകൊണ്ട് അതിനു കൂട്ടു പിടിച്ചത് അക്ഷരങ്ങളെയാണ്. ഇരുവരുടെയും വാക്കുകൾ അവരവരുടെ കാലത്തെ ഫോണ്ടുകളിൽ കവറിൽ വയ്ക്കാൻ തീരുമാനിച്ചു. അന്തപ്പായിയുടെ ഒന്നാം പതിപ്പ് തന്നെ കിട്ടിയതുകൊണ്ട് അദ്ദേഹത്തിന്റെ ആമുഖത്തിൽ നിന്നുള്ള ഭാഗം സ്കാൻ ചെയ്ത് വൃത്തിയാക്കി വയ്ക്കുന്ന പണിയേ ഉണ്ടായിരുന്നുള്ളു. ചന്തു മേനോന്റെ ശാരദയുടെ ഒന്നാം പതിപ്പ് കണ്ടെത്താൻ കഴിയാഞ്ഞതുകൊണ്ട് ആ കാലത്തെ ഫോണ്ടിൽ ചന്തു മേനോന്റെ ആമുഖം നമ്മുടെ ഡിസൈനർ രാഹുൽ രാധാകൃഷ്ണൻ സൃഷ്ടിച്ചെടുത്തു.
‘നോവൽ സാഹിത്യം’ എന്ന പ്രശസ്തമായ കൃതിയിൽ എം. പി. പോൾ ‘ശാരദ’യെക്കുറിച്ച് എഴുതിയ വിശദമായ പഠനവും അനുബന്ധമായി ചേർത്തിട്ടുണ്ട്. ഭാഷാവിദ്യാർത്ഥികൾക്ക് ഇതു പ്രയോജനപ്പെടും. ‘ശാരദ’യുടെ, ചരിത്രത്തിൽ ആദ്യത്തെ സമ്പൂർണ പതിപ്പിലേക്ക് പ്രിയപ്പെട്ട വായനക്കാർക്കു സ്വാഗതം.
ശാരദ (സമ്പൂർണ പതിപ്പ്)
നോവൽ
ഒ ചന്തുമേനോൻ, സി അന്തപ്പായി
ഇന്ദുലേഖ പുസ്തകം